കുട്ടികളെ വളർത്താൻ എന്തിന് കൈക്കൂലി?

നല്ല മാര്‍ക്ക് മേടിച്ചാൽ കിടിലൻ സൈക്കിൾ, ടോയ് കാർ, ഐസ്ക്രീം, പുത്തനുടുപ്പ്, ചോക്ലേറ്റ് ...... ഇങ്ങനെ പോകുന്നു മാതാപിതാക്കളുടെ വാഗ്ദാനങ്ങളുടെ നീണ്ട നിര. പറഞ്ഞാൽ കേൾക്കാനും മാർക്കു വാങ്ങാനും ഭക്ഷണം കഴിപ്പിക്കാനും പോലും കുട്ടികൾക്ക് കൈക്കൂലി കൊടുക്കേണ്ട ഗതികേടിലാണ് പല മാതാപിതാക്കളും. കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇതൊക്കെ മാതാപിതാക്കൾ തന്നെയാണ് സമ്മതിച്ച് കൊടുക്കുന്നതും. വാഗ്ദാനങ്ങളും സമ്മാനങ്ങളുമൊന്നുമില്ലാതെ കുട്ടികളെ എങ്ങനെ വളർത്താെമന്ന് നോക്കാം.

ചെയ്തു കാണിക്കാം– പച്ചക്കറി കഴിക്കിന്നില്ലെന്നാണോ കുട്ടിയെ കുറിച്ചുള്ള നിങ്ങളുടെ പരാതി. നിങ്ങൾ അതൊന്നു കഴിച്ച് കാണിക്കാം. നിങ്ങളെയാണ് അവർ അനുകരിക്കുന്നത്. അവരുടെ റോൾ മോഡൽ നിങ്ങളാണെന്ന ഒാർമ വേണം .ചെറുപ്രായത്തിൽ തന്നെ ശീലിപ്പിക്കാം. അവരെ അനുനയിപ്പിക്കാൻ ഐസ്ക്രീം, ചോക്ലേറ്റ് തുടങ്ങിയ കൈക്കൂലികൾ ഇനി വേണ്ടേ വേണ്ട....

അവർക്കുള്ള സമ്മാനം അത് നിങ്ങൾ തന്നെയാണ് – സമ്മാനമായി വിഡിയോ ഗെയിം, ടി വി കാണാൻ അനുവദിക്കുക തുടങ്ങിയവയ്ക്കു പകരമായി നിങ്ങളുമൊപ്പം ഒരു റൈഡോ, എന്തെങ്കിലും കളികളോ, അല്ലെങ്കിൽ ഒരു ദിവസം മുഴുവൻ നിങ്ങൾക്കൊപ്പം അടിച്ചുപൊളിക്കാൻ എന്തങ്കിലും പ്ലാൻ ചെയ്യാം. അവരത് ശരിക്കും ആസ്വദിക്കുമെന്നതിൽ സംശയമില്ല.

ആഹാരം സമ്മാനമാകരുത് – മധുര പലഹാരങ്ങളും മറ്റും സമ്മാനമായി നൽകാതിരിക്കാം. അത് ആഹാരവുമായി അനാരോഗ്യകരമായ ഒരു ബന്ധമുണ്ടാകാൻ കാരണമാകും.

റിസൽറ്റ് നോക്കാതെ പരിശ്രമത്തെ അംഗീകരിക്കാം – എന്തിനും ഒന്നാമനാകുകയെന്നല്ല കാര്യം, അവരുടെ അതിലേയ്ക്കുള്ള പരിശ്രമത്തെ അംഗീകരിക്കുക. അവൻ വരച്ച ചിത്രം നല്ലതാവണമെന്നില്ല, പക്ഷേ അതിനായി അവനെടുത്ത പ്രയത്നത്തെ അംഗീകരിച്ചേ മതിയാകൂ.

ആക്രോശം വേണ്ടന്നേ – ശാന്തമായി വേണം അച്ചടക്കത്തെ കുറിച്ച് പറയാൻ. ആക്രോശിച്ചു കൊണ്ടാവരുത് അവരെ അച്ചടക്കം പഠിപ്പിക്കേണ്ടത്. വികാരങ്ങളെ മാനേജ് ചെയ്യാൻ നിങ്ങളാണ് അവർക്ക് മാതൃക.

വ്യായാമം ഒരുമിച്ച് ചെയ്യാം– ആദ്യം എന്തിനാണ് വ്യായാമം ചെയ്യുന്നതെന്ന് പറയാം. എന്നിട്ട് നിങ്ങൾ ചെയ്തു നോക്കിയിട്ട് അത് എത്ര നല്ലതാണെന്ന് അവരെ മനസിലാക്കാം. അതവര്‍ക്ക് പ്രചോദനമാകും. ഇനി ഒരുമിച്ചാകാം വ്യായാമം.

പാചക പഠനം ഇനി ഈസി – പാചകം െചയ്യാൻ മടിയാണോ അവർക്ക്. വഴിയുണ്ട്. ചെറിയ പാചക മത്സരങ്ങൾ തന്നെ നടത്താം. അവരുണ്ടാക്കിയതാകട്ടെ അന്നത്തെ അത്താഴത്തിന്. ഇതവരെ ആത്മവിശ്വാസമുള്ളവരാക്കും. അല്പം മുതിർന്ന കുട്ടികൾക്ക് വേണം ഈ ടാസ്ക് നൽകാൻ.

ആഞ്ജാപിക്കേണ്ട – അത് ചെയ്യൂ ഇത് ചെയ്യൂ എന്ന് ആഞ്ജാപിക്കാതെ, അമ്മയ്ക്ക് ഒരു സഹായം ചെയ്യാമോ എന്നൊന്ന് ചോദിച്ചു നോക്കൂ. ടപ്പേന്ന് കാര്യം നടക്കുന്നത് കാണാം.