സംഭവബഹുലം പതിനഞ്ചാം വയസ്, അറിയണം ഈ 10 കാര്യങ്ങൾ!
കുട്ടികളുടെ ഒാരോ വളർച്ചാ കാലഘട്ടവും ഒാരോ തരത്തിൽ പ്രത്യേകതയുള്ളതാണ്. കുഞ്ഞ് ആണാണെന്നറിയുമ്പോൾ മിക്ക മാതാപിതാക്കളുടേയും സന്തോഷത്തിന് അതിര് കാണില്ല, എന്നാൽ വളർന്ന് വരുംതോറും അവരുടെ കുറുമ്പ് കൂടിക്കൂടി വരുന്നത് കാണാം. അതില വളരെ പ്രധാനപ്പെട്ട കാലമാണ് പതിനഞ്ചാം വയസ്സ്. ഇതാ മാതാപിതാക്കൾ അറിയാൻ 10 കാര്യങ്ങൾ
ടപ്പേന്നാ പൊക്കം വച്ചത്– മെലിഞ്ഞ് ഇത്തിരിപൊന്ന ചെക്കനാ, ദേ എന്ത്് പെട്ടന്നാ ആറടിക്കാരനായത്! പിന്നെ കരുത്തുറ്റ കൈകളും കാലുകളും അവർക്കു തന്നെ തങ്ങളുെട ശരീരത്തോട് മതിപ്പുണ്ടാകാൻ കാരണമാകും.
അലങ്കോലമായ മുറി– മിക്ക അമ്മമാരും പറയുന്നതാണിത്. അവൻ വന്ന് കേറിക്കഴിഞ്ഞാൽ ഷൂസ് ഒരിടത്ത് സോക്സ് വേറൊരിടത്ത് ബാഗ് ഏതെങ്കിലും മൂലയിൽ കാണും. പിന്നെ അവരുെട ബാത്ത് റൂമിൻറെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം.
ശരീരദുർഗന്ധം – ഈ പ്രായക്കാരിലെ ഒരു പ്രത്യേകതയാണിത്. അതിനവരെ കുറ്റം പറയല്ലേ. ഇവരുടെ ശരീരത്തിൽചില പ്രത്യേക ഹോർമോണുകളുടെ പ്രവർത്തനഫലമാണ് വിയര്‍പ്പ് മണം. ശരീരം വൃത്തിയായി സൂക്ഷിക്കുക നല്ല ബോഡി സ്പ്രേ ഉപയോഗിക്കുക എന്നിവ മാത്രമാണിതിന് പരിഹാരം.
ആ ശാന്ത സ്വഭാവം എവിടെപ്പോയി? – ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ദേഷ്യപ്പടാൻ തുടങ്ങും. വികാരങ്ങൾക്ക് പെട്ടന്നിവർ അടിമപ്പെടും, അതിപ്പോ ദേഷ്യമായാലും സങ്കടമായാവും അനുകമ്പയായാലും. അതിനും കാരണക്കാർ ഹോർമോണാണേ.
ബന്ധങ്ങൾക്ക് പുത്തൻ മാനങ്ങൾ– അതിപ്പോ ആൺക്കുട്ടികളോടായാലും പെൺക്കുട്ടികളോടായാലും പുതിയ തലത്തിലുള്ള ബന്ധങ്ങൾ ഉടലെടുക്കും. ബന്ധങ്ങൾക്ക് ഇവർക്കിടയിൽ വളരെ വിലയുണ്ടാകും. കൂട്ടുകാരെയൊന്നും കുറ്റം പറയാൻ സമ്മതിക്കുകയേയില്ലിവർ.
ഇത്രയൊക്കെ കഴിച്ചിട്ടും മെലിഞ്ഞ് തന്നെ – വളർച്ചയുടെ ഈ ഘട്ടത്തിൽ നന്നായി ആഹാരം കഴിക്കും ഈ കൂട്ടർ. പക്ഷേ എത്രയൊക്കെ കഴിച്ചാലും ഒട്ടിയ കവിളും മെലിഞ്ഞ ശരീരവും ഇവരുെട പൊതുവായ പ്രത്യകതയാണ്.
കൈയ്യിൽ ഫോണില്ലാതെ കാണാനാവില്ല– ചെവിയിൽ മൊബൈൽ ഫോണുമായി ജനിച്ചത് പോലെയാ ഇവർ. ഫുൾടൈം ഫോണിലാ കളി, വഴക്ക് പറഞ്ഞാൽ പിന്നെത്തെ കാര്യം പറയാതിരിക്കുകയാ ഭേദം.
പരീക്ഷണങ്ങളുടെ പ്രായം– പുരുഷനായോ എന്ന് ചോദിച്ചാൽ ആയി, എന്നാൽ പുരുഷനോളം പക്വത എത്തിയിട്ടുമില്ല. എന്തും നേരിടാനും എന്തും പരീക്ഷിക്കാനും തോന്നുന്ന ഈ കാലം മാതാപിതാക്കൾക്ക് എന്നും തലവേദന തന്നെയാണ്.
അവരായി മാറുന്ന കാലം– സ്വന്തമായി ഒരു വ്യക്തിത്വം രൂപപ്പെടാൻ തുടങ്ങും, അവരുടേയായ സ്വഭാവവിശേഷങ്ങളും പ്രത്യേകതകളും പ്രതിഫലിക്കാൻ തുടങ്ങും . പൂർണവ്യക്തിയായി സ്വന്തം അഭിപ്രായങ്ങൾ ഒക്കെ ഈ കാലത്ത് ഉണ്ടാകും.
എന്നാലും അവൻ നിങ്ങളുടെ പഴയ കുട്ടി– എന്തൊക്കെ മാറ്റങ്ങളും ശാരീരിക വളർച്ചകളും ഉണ്ടായാലും മനസുകൊണ്ട് ഇന്നും അവൻ നിങ്ങളുടെ ഈ കൊച്ചു കുട്ടി തന്നെയാണ്.