വഴക്കാളിക്കുട്ടികളെ നേരെയാക്കാം; ഇതാ 5 വഴികൾ
വീട്ടിൽ ഒരു കാരണവുമില്ലാതെ എല്ലാവരോടും വഴക്കിടുന്ന ചില കുട്ടികളുണ്ട്. ചെറിയ ചില പിടിവാശികൾക്ക് പോലും വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ തല്ലിപ്പൊട്ടിക്കുന്നവരുമുണ്ട്. വഴക്കാളിക്കുട്ടിയെന്ന് പേരിട്ട് അവനെയോ അവളെയോ മാറ്റി നിർത്തേണ്ട. അവരുടെ പ്രശ്നങ്ങൾ ചിലപ്പോൾ നിസ്സാരമായിരിക്കാം. അത് കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്നുള്ള സ്നേഹവും കരുതലും എല്ലാം കൊണ്ട് പരിഹരിക്കാവുന്നതേ ഉള്ളൂ. എത്ര ശാസിച്ചാലും എന്തുചെയ്താലും ശരിയാകില്ല എന്ന് പറഞ്ഞ് എന്തിനാണ് നമ്മുടെ കുട്ടികളെ വിട്ടുകളയുന്നത്. ഇതാ പിടിവാശിക്കാരെ മിടക്കന്മാരാക്കാൻ അഞ്ച് വഴികൾ.
ചെറുപ്പത്തിലേ മര്യാദകൾ
ചെറുപ്പം മുതലേ കുട്ടികളിൽ മര്യാദ എന്തെന്ന് പറഞ്ഞ് പഠിപ്പിക്കണം. ചെറിയ കാര്യങ്ങളാണെങ്കിൽ പോലും ക്ഷമ ചോദിക്കാനും നന്ദി പറയാനുമെല്ലാം അവർ പഠിക്കണം. ഇത് അവരെ വിനയവും മര്യാദയും ഉള്ള നല്ല കുട്ടികളാക്കും. ഇനി മര്യാദ എന്തെന്ന് അറിയാം എന്നിരുന്നിട്ടും സ്വഭാവത്തിൽ അത് പകർത്താതിരിക്കുന്നവരെ സ്നേഹത്തോടെ അടുത്തുവിളിച്ച് മര്യാദ എന്തെന്ന് പറഞ്ഞുകൊടുക്കണം. ‘കുട്ടിയായിരുന്നപ്പോൾ വാവയായിരുന്നു ഏറ്റവും നല്ല കുട്ടി, ഇപ്പോഴും നല്ല കുട്ടി തന്നെ എങ്കിലും ഏറ്റവും നല്ല കുട്ടിയാകേണ്ടേ എന്നൊക്കെ ചോദിച്ച് പ്രോത്സാഹിപ്പിക്കണം.
അനുഗ്രഹങ്ങളും ഭാഗ്യങ്ങളും
ജീവിത സൗകര്യങ്ങളും കളിപ്പാട്ടങ്ങളും ആണ് അനുഗ്രഹങ്ങൾ എന്നു വിശ്വസിക്കുന്ന നമ്മുടെ കുട്ടികളെ അവയെക്കാൾ അനുഗ്രഹമായി മറ്റു പലതുമുണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കണം. നമ്മുടെ അനുഗ്രഹങ്ങളും ഭാഗ്യങ്ങളും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തണം. അത് അവരെ ഉയർന്ന മൂല്യങ്ങളിൽ ജീവിക്കാൻ പ്രോത്സാഹിപ്പിക്കും. നല്ല ജീവിതം തന്നതിന്, വീടും വീട്ടുകാരെയും തന്നതിന് ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം എന്ന് പറഞ്ഞ് പഠിപ്പിക്കാം.
കേൾവിക്കാരാക്കണം
കുട്ടികളുടെ അടുത്ത് അന്നന്നത്തെ ദിവസത്തിന്റെ വിശേഷങ്ങളെല്ലാം ചോദിക്കണം. അവർ പറയുമ്പോൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണം. എന്നിട്ട് മറ്റുള്ളവരുടെ ഒരു ദിവസം എങ്ങനെ എന്ന് ഏറ്റവും അടുപ്പമുള്ളവരോട് ചോദിച്ച് മനസ്സിലാക്കാൻ അവരോടും പറയണം. ക്ഷമാശീലവും ശ്രദ്ധയും വർധിപ്പിക്കാൻ ഇത് സഹായിക്കും. മറ്റുള്ളവരോട് കരുതൽ ഉണ്ടാകാനും ഇത് അവരെ സഹായിക്കും. അവരെ ശ്രദ്ധാലുക്കളാക്കൂ. അവരുടെ ലോകം വലുതാകട്ടെ.
പണത്തിന്റെ മൂല്യമറിയട്ടെ
വീട്ടിലെ വരുമാനത്തെക്കുറിച്ചും വരവു ചെലവുകളെക്കുറിച്ചും കുട്ടികളോടെന്തുപറയാനാണ് എന്തു ചിന്തിക്കേണ്ട. മുടക്കുന്ന പണം നമ്മുടെ കഷ്ടപ്പാടിന്റെ വിലയാണെന്നത് പറയാതെ പറയണം അവരോട്. അനാവശ്യമായി പണം ചെലവഴിക്കരുതെന്നും പറയണം.
കൈത്താങ്ങാകണം
സങ്കടമനുഭവിക്കുന്നവരെ സഹായിക്കാൻ എന്നും തൽപരരായിരിക്കണം അവർ. അത് മാതാപിതാക്കൾവേണം പറഞ്ഞു മനസ്സിലാക്കാൻ. നമ്മളാൽ കഴിയും വിധം മറ്റുള്ളവർക്ക് സഹായം ചെയ്ത് കൊടുക്കണം എന്ന് കുട്ടികളെ പഠിപ്പിക്കണം. നന്മ ചെയ്യുമ്പോൾ നമ്മുടെ വ്യക്തിത്വം ഉയരുമെന്നും അവരെ ബോധ്യപ്പെടുത്തണം.
കടപ്പാട് – വനിത