ജെഫി ജോസ്

അധ്യായം ഒന്ന്

വാവയെ രക്ഷിച്ച പറക്കും മനുഷ്യൻ

“ഫ്യൂച്ചർ അവഞ്ചേഴ്സ്.... അസംബിൾ!”

മെസേജ് ലഭിച്ചയുടൻ അജ്മല്‍ തന്റെ ബേബി സ്കൂട്ടറെടുത്ത് ഇറങ്ങി.

അപാർട്ട്മെന്റിന്റെ ഗേറ്റിനടുത്തെത്തിയപ്പോൾ റോഡിനപ്പുറത്തു നിന്ന് ഭാസിയും ബേബി സ്കൂട്ടർ ചവിട്ടി വരുന്നു.

അവർ ഒരുമിച്ച് ദിയയുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി.

“ക്രിസ്റ്റി എവിടെ?” അജ്മൽ ചോദിച്ചു.

“ഓ! അവൾ എപ്പോഴും ലേറ്റല്ലേ?” ഭാസി പറഞ്ഞു.

തൊട്ടു തൊട്ടു നിൽക്കുന്ന നാല് അപാർട്ട്മെന്റ് സമുച്ചയങ്ങളിലാണ് അജ്മൽ, ഭാസി, ക്രിസ്റ്റി, ദിയ എന്നിവർ താമസിക്കുന്നത്. നാലുപേരും ഒരു സ്കൂളിലാണ്. അജ്മലും ദിയയും എട്ടാംക്ലാസിലാണ്. ഭാസിയും ക്രിസ്റ്റിയും ഏഴിലും. സ്കൂൾ ബസിൽ നാലുപേരും ഒരുമിച്ചേ ഇരിക്കൂ.

ഞായറാഴ്ച കാർട്ടൂൺ ചാനൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വാക്കി ടോക്കിയിൽ ദിയയുടെ മെസേജ് വന്നത്.

“എന്തിനായിരിക്കും പെട്ടെന്ന് വരാൻ പറഞ്ഞത്?” അജ്മലും ഭാസിയും അതാലോചിച്ചു കൊണ്ട് സ്കൂട്ടർ കൈയ്യില്‍ പിടിച്ച് ലിഫ്റ്റിൽ കയറി. അജ്മൽ 6 അമർത്തി. ലിഫ്റ്റിന്റെ ഡോര്‍ രണ്ടു വശത്തു നിന്നുമായി അടയുന്നതിനു മുൻപ് പെട്ടെന്ന് ഒരാൾ അതിനിടയിൽ ഷൂസിട്ട കാൽ വച്ചു. ഡോർ വീണ്ടും തുറന്നു.

അയാളുടെ മുഖം കണ്ടതും കുട്ടികൾ ഒന്ന് ഭയന്നു. അയാൾ ലിഫ്റ്റിൽ കയറി 11 അമർത്തി. ഭാസി പേടിച്ചു നിൽപ്പാണ്. അയാൾ അല്ലാതെ ആരെങ്കിലും 11 അമർത്തിയാൽ ഷോക്കടിക്കുമെന്ന് അവൻ കേട്ടിട്ടുണ്ട്.

അജ്മൽ അയാളുടെ വേഷം ശ്രദ്ധിച്ചു. ടീഷർട്ടിൽ ‘i’ എന്നെഴുതിയിരിക്കുന്നു.

ആറാം നിലയിലെത്തിയപ്പോൾ ലിഫ്റ്റ് തുറന്നു. അവർ പെട്ടെന്ന് പുറത്തിറങ്ങി ദിയയുടെ ഫ്ലാറ്റിലേക്കോടി. അജ്മൽ ലിഫ്റ്റിലേക്ക് തിരിഞ്ഞു നോക്കി.

അവരെത്തന്നെ നോക്കിക്കൊണ്ട് നിന്ന അയാളുടെ മുമ്പിലായി ലിഫ്റ്റിന്റെ ഡോറുകൾ വന്നടഞ്ഞു. അതോടെ അവർ ഓട്ടം നിർത്തി.‌‌

“ഞാൻ പറഞ്ഞിട്ട് നീ വിശ്വസിച്ചില്ലല്ലോ. ഇപ്പോ ഉറപ്പായില്ലേ?” അജ്മൽ പറഞ്ഞു.

“എന്ത്?” ഭാസി കിതച്ചുകൊണ്ട് ചോദിച്ചു.

“അയാളുടെ ഡ്രസിൽ i എന്നെഴുതിയിരിക്കുന്നത് കണ്ടില്ലേ. i ഫോർ illuminatti.” അജ്മല്‍ പറഞ്ഞു.

“ആർ യു ഷുവർ?” ഭാസി ഡോറിൽ സീക്രട്ട് കോഡിൽ മുട്ടി.

ക്രിസ്റ്റിയും ദിയയും ഡോർ തുറന്നു. ക്രിസ്റ്റി നേരത്തേയെത്തിയിരിക്കുന്നത് കണ്ട് ഭാസിക്ക് അത്ഭുതം.

“എന്തിനാ പെട്ടെന്ന് വരാൻ പറഞ്ഞത്?” അജ്മല്‍ ചോദിച്ചു.

“പറയാം.” ദിയ അമ്മയുടെ മൊബൈലെടുത്തു.

“അച്ഛയും അമ്മയും എവിടെ?” ഭാസി ചോദിച്ചു.

“അച്ഛ പുറത്തു പോയി. അമ്മ താഴത്തെ ഫ്ലോറിൽ ഉണ്ട്. സീ ദിസ്.” ദിയ ഒരു വീഡിയോ അവരെ കാണിച്ചു. ‘റിയൽ അവഞ്ചേഴ്സി’ന്റെ ഒരു ടിക്ടോക് വീഡിയോ ആണ്.

“സോ കൂൾ. ഇവരിതെപ്പോ ചെയ്തു?” ഭാസി ചോദിച്ചു.

“അറിയില്ല, ഇവർ മാത്രമല്ല. വീ അവഞ്ചേഴ്സ്, അൾട്ടിമേറ്റ് അവഞ്ചേഴ്സ്, അവഞ്ചേഴ്സ് കഞ്ഞിക്കുഴി അങ്ങനെ എല്ലാവരും ടിക്ടോക് വീഡിയോസ് ചെയ്യുന്നുണ്ട്. നമ്മള്‍ ‘ഫ്യൂച്ചർ അവഞ്ചേഴ്സ്’ മാത്രം ഒന്നും ചെയ്തിട്ടില്ല.” ദിയ പറഞ്ഞു.

ദിയയുടെ കുഞ്ഞനിയൻ അവരുടെയടുത്തേക്ക് നടന്നു വന്നു. അവന്റെ കൈയ്യിൽ സ്പൈഡർമാന്റെ ഒരു പാവയുണ്ട്. രണ്ടു വയസ്സുള്ള അവൻ അവരെ നോക്കി ചിരിച്ച് അടുത്ത മുറിയിലേക്കോടി.

“I have an idea. ഇപ്പോൾ മൊബൈലും ഉണ്ടല്ലോ. നമുക്ക് ഒരു വീഡിയോ ചെയ്യാം. ലിഫ്റ്റിന്റെ മുമ്പിൽ വച്ച് ചെയ്യാം. കമോൺ.” അജ്മൽ പറഞ്ഞു.

“അപ്പോൾ വാവയോ?” ക്രിസ്റ്റി ചോദിച്ചു.

“അവൻ ഇവിടെയിരുന്ന് കളിച്ചോളും. നമുക്ക് വേഗം വരാം.” ദിയ ഫോണെടുത്ത് നടന്നു.

വാതിൽ തുറന്ന് നാലുപേരും പുറത്തിറങ്ങി. വാതിൽ അടഞ്ഞ ശബ്ദം കേട്ട് ദിയ പെട്ടെന്ന് ഞെട്ടി.

“അയ്യോ! ഞാൻ കീ എടുത്തില്ല. ഡോർ ലോക്കായി.” ദിയ വാതിൽ തുറക്കാൻ ശ്രമിച്ചു.

അജ്മലും ഭാസിയും അവളെ മാറ്റി വാതിൽ തുറക്കാൻ നോക്കി. നോ രക്ഷ. ഫ്ലാറ്റിനകത്ത് വാവ തനിച്ച്. ദിയ കരയാൻ തുടങ്ങി.

ക്രിസ്റ്റി താഴത്തെ ഫ്ലോറിലുള്ള ദിയയുടെ അമ്മയെ വിളിക്കാൻ ഓടി. അജ്മലും ഭാസിയും ലോക്കിൽ തൂങ്ങിപ്പിടിച്ചിട്ടും ഇടിച്ചിട്ടും അത് തുറന്നില്ല.

ഫ്ലാറ്റിനകത്ത് വാവ ബാൽക്കണിയിലേക്കുള്ള സ്ലൈഡിങ് ഡോർ തള്ളിത്തുറന്നു. ചിരിച്ചു കൊണ്ട് അവൻ ബാൽക്കണിയിലേക്ക് നടന്നു. അവന്റെ കൈയ്യിലെ പാവ റെയ്‌ലിങ്ങിനിടയിലൂടെ താഴേക്കു വീണു. കമ്പികൾക്കിടയിലൂടെ അവൻ താഴേക്ക് എത്തിച്ചു നോക്കി.

“അയ്യോ! ദേ ഒരു കുഞ്ഞ്!” ഗേറ്റിനടുത്ത് നിന്നൊരാൾ മേലേക്ക് ചൂണ്ടി ഒച്ചവച്ചു. പെട്ടെന്ന് ആളുകൾ കൂടി. ഒച്ചയും ബഹളവുമായി. എല്ലാവരും മുകളിലേക്ക് നോക്കി നിൽപ്പാണ്. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സക്കറിയയും ഓടിയെത്തി.

“ആരെങ്കിലും പൊലീസിനെയും ഫയർഫോഴ്സിനെയും വിളിക്കൂ.” അയാൾ ലിഫ്റ്റിനു കാത്തുനിൽക്കാതെ ആറാംനിലയിലേക്കോടി.

ദിയയുടെ അമ്മ ഓടിയെത്തി. പക്ഷേ അവരുടെ കൈയ്യിൽ താക്കോലില്ല. ഡോർ തള്ളിത്തുറക്കാൻ നോക്കിയിട്ട് നടക്കാതെ അവർ ദിയക്ക് ഒരു തല്ലും വച്ചു കൊടുത്തു.

അജ്മലും ഭാസിയും താഴത്തെ ഫ്ലോറിലേക്കോടി. സ്റ്റെയർകേസിൽ വച്ച് സക്കറിയ അവരെയിടിച്ച് വീണു. “അയ്യോ എന്റെ നടു പോയേ” അയാൾ കരഞ്ഞു.

ദിയയുടെ ഫ്ലാറ്റിന്റെ തൊട്ടുതാഴത്തെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു. ബാൽക്കണിയിൽ ഒരു അപ്പൂപ്പൻ മുകളിലേക്ക് നോക്കി നിൽക്കുന്നു. അജ്മലും ഭാസിയും അപ്പൂപ്പന്റെ അടുത്തെത്തി മുകളിലേക്ക് നോക്കി. അവർക്ക് വാവയെ കാണാൻ വയ്യ. വാവ താഴോട്ട് എത്തിച്ചു നോക്കി. അവന്റെ പാവ കാണാനില്ല. അവൻ റെയിലിങ്ങിന്റെ കമ്പിയിൽ കാൽ കയറ്റിവച്ചു. അതിൽ പിടിച്ചു കയറാൻ നോക്കി.

താഴെ നിന്നവർ ഉറക്കെ അലറി. ചിലർ ഫോണെടുത്ത് വീഡിയോ റെക്കോർഡ് ചെയ്തു.

അപകടം കൺമുന്നിൽ, കൈയ്യെത്താ ദൂരത്ത്...

പെട്ടെന്ന് പതിനൊന്നാം നിലയിൽ നിന്ന് ഒരു രൂപം പുറത്തേക്ക് ചാടി. താഴെ നിന്നവർക്ക് അത് വിശ്വസിക്കാനായില്ല.

അതാ ഒരാൾ! അയാൾ പറക്കുന്നു!

ഫ്ലൈബോർഡിൽ അയാൾ മെല്ലെ താഴേക്കിറങ്ങി. അയാള്‍ ആറാം നിലയിലെ ബാൽക്കണിയിലെത്തി.

തൊട്ടു താഴത്തെ നിലയിൽ നിന്ന അജ്മലും ഭാസിയും അത് കണ്ടു. ‘i’ എന്ന ടീഷർട്ട് ധരിച്ചയാൾ! ഒരു ബോർഡിൽ കാലുറപ്പിച്ച് അയാൾ ദാ നിൽക്കുന്നു.

അയാളെ കണ്ട് വാവ ചിരിച്ചു. അയാൾ വാവയെ ബാൽക്കണിയിൽ നിന്നും പൊക്കിയെടുത്തു. എന്നിട്ട് മെല്ലെ താഴേക്ക് പറന്നിറങ്ങി.

അജ്മലും ഭാസിയും അത് കണ്ട് അന്തംവിട്ടു നിന്നു. അയാളും വാവയും നിലത്തിറങ്ങി. ഒരു സ്ത്രീ പെട്ടെന്ന് കൊച്ചിനെ കൈയ്യിലെടുത്തു.

അയാള്‍ ഫ്ലൈബോർഡിൽ നിന്നിറങ്ങി ഒന്നും മിണ്ടാതെ അതുമെടുത്ത് അകത്തേക്ക് നടന്നു.

അമ്മയും സക്കറിയയും താഴേക്ക് ഓടിയെത്തി. അമ്മ വാവയെ കൈയ്യിലെടുത്തു. ഈ നടന്ന പുകിലൊന്നുമറിയാതെ അവൻ രണ്ട് പല്ല് കാട്ടി ചിരിച്ചു.

വൈകിട്ട് അജ്മലും ഭാസിയും ക്രിസ്റ്റിയും ദിയയും അവരുടെ സീക്രട്ട് പ്ലേസിൽ ഒത്തുകൂടി. ക്രിസ്റ്റിയുടെ കൈയ്യിൽ അവളുടെ അമ്മയുടെ മൊബൈലുണ്ടായിരുന്നു. അതിലെ ഒരു വീഡിയോ നാലുപേരും ഇരുന്നു കണ്ടു.

‘ബാൽക്കണിയിലെ കുഞ്ഞിനെ രക്ഷിച്ച പറക്കും മനുഷ്യൻ’ – ആ വീഡിയോ വൈറൽ ആയിരുന്നു.

“കണ്ടോ, ഇലുമിനാറ്റിയുടെ സൂപ്പർ പവർ. അവർക്ക് പറക്കാൻ പറ്റും!” അജ്മൽ പറഞ്ഞു.

മറ്റൊരു നഗരത്തിൽ ഒരാൾ ആ വീഡിയോ പലവട്ടം കണ്ടു. അയാളുടെ മൊബൈലിലേക്ക് ഒരു മെസേജ് വന്നു.

“Yes

Confirmed.

It's SHANK.”

(തുടരും)