2013 ലെ ഓണക്കാലത്തു നല്ലപാഠം വിദ്യാർഥികൾ ഒരുക്കിയ നന്മയോണം പ്രവർത്തനങ്ങളെ പരാമർശിച്ച ് ചലച്ചിത്രതാരം മോഹൻലാൽ അദ്ദഹത്തിന്റെ
ബ്ലോഗിൽ കുറിച്ചത്.
കേരളത്തിലെ സ്‌കൂൾ കുട്ടികൾ ഈ ഓണത്തെ നന്മയോണമാക്കി ആഘോഷിച്ചപ്പോൾ അവർക്കൊപ്പം അതിൽ പങ്കുചേരാൻ പറ്റാതെപോയതിന്റെ സങ്കടത്തിലാണു
ഞാൻ. ചെന്നൈയിൽ സിനിമാ ജോലികൾക്കിടെ, മലയാള മനോരമയിലൂടെയാണു നല്ലപാഠത്തിന്റെ നന്മമുഖം ഞാനറിഞ്ഞത്.
പകുത്തു നൽകുന്നതിലെ നന്മയ്‌ക്ക് നല്ലപാഠം വഴി നമ്മുടെ കുട്ടികൾ പുതിയൊരു മുഖം നൽകി. പങ്കുവയ്‌ക്കുമ്പോഴുണ്ടാകുന്ന ഓണമാണ് ഏറ്റവും നല്ല ഓണം.
ഈ ഓണത്തിന് എത്രയോ പാവപ്പെട്ടവരുടെ വീടുകളിലും മനസുകളിലുമാണ് കൂടുതൽ നിറവും ഭംഗിയും സ്വാദും കോടിയുടെ മണവുമെല്ലാം ഉണ്ടായത്.
കൊടുക്കുക എന്നതാണു ലോകത്തിലെ ഏറ്റവും മഹത്തായ കല. ബാക്കി കലകൾ പോലും അതിന്റെ ബാക്കിയാണ്. ഒരു വലിയ ഗുരു സംഗീതം ശിഷ്യനു
കൊടുക്കുകയാണ് ചെയ്യുന്നത്. അനുഗ്രഹം പോലും കൊടുക്കുകയാണ്. കൊടുക്കുക എന്ന വാക്കിലുള്ള നന്മ നമ്മുടെ കുട്ടികൾ കണ്ടും കേട്ടും അറിയണം.
എന്തും വിട്ടുകൊടുക്കാനുള്ളൊരു മനസ്സ് കുട്ടികൾക്ക് ഉണ്ടാകണം. പണ്ട് അതുണ്ടായിരുന്നു. ഇപ്പോൾ ചെറിയൊരു കളിപ്പാട്ടംപോലും പങ്കുവയ്‌ക്കാൻ
പഠിപ്പിക്കാതെ നാം കുട്ടികളെവളർത്തുന്നു.
വീട്ടിൽനിന്നു കൊണ്ടുവന്ന ഭക്ഷണം കൂട്ടുകാർക്കായി പങ്കുവയ്‌ക്കാതെ ഒരു ദിവസംപോലും എന്റെ സ്‌കൂൾ ജീവിതം കടന്നുപോയിട്ടില്ല.
കൊണ്ടുവരാനില്ലാത്തവർ ആരാണെന്നുപോലും അറിയില്ല. കാരണം, അവർക്കെല്ലാം പങ്കു കിട്ടിയിരിക്കും. പട്ടത്തിന്റെ നൂലു വാങ്ങിയിരുന്നതുപോലും
ഓരോരുത്തരും പോക്കറ്റിലെ കാശു പങ്കുവച്ചാണ്. സ്വന്തമായി ആർക്കും പട്ടമില്ലായിരുന്നു. എല്ലാ പട്ടവും എല്ലാവരുടേതുമായിരുന്നു.
കുട്ടിക്കാലത്തു മാത്രമേ പങ്കുവയ്‌ക്കുന്നതു പഠിപ്പിക്കാനാകൂ. അതു പഠിക്കുന്നതോടെ ജീവിതത്തിലെ എത്രയോ വലിയ പ്രശ്‌നങ്ങളിൽനിന്നാണു കുട്ടികൾ
രക്ഷപ്പെടുന്നത്. നല്ലപാഠത്തെക്കുറിച്ചു ഞാൻ എന്റെ ബ്ലോഗിൽ എഴുതിയിരുന്നു. അതിപ്പോഴും അവിടെക്കാണും.
സത്യത്തിൽ ആരും പാവപ്പെട്ടവരില്ല. ഓരോരുത്തരുടെയും ധനം അവരുടെ കഴിവുകളാണ്. പങ്കുവച്ച ഓരോ കുട്ടിയും കൂടുതൽ ധനവാനായിരിക്കുന്നു.
കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും നല്ലപാഠം നന്മയോണത്തിൽ ഞാനും പങ്കെടുത്തേനെ. നന്മയുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും
നിറമുള്ള നന്മപ്പൂക്കളമിട്ട കുട്ടികൾക്കെല്ലാം എന്റെ അഭിനന്ദനങ്ങൾ. ഒപ്പം, നന്മ നിറഞ്ഞ ഓണാശംസകളും!