article_image

മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും അവതരിപ്പിക്കുന്ന ചുറ്റുവട്ടം റസിഡന്റ്സ് അസോസിയേഷൻ അവാർഡ്സ് 2023 മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസ് പ്രതിനിധി കെ. സയിദ് മുഹമ്മദ്, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോഓർഡിനേറ്റർ ജോവി എം.തേവര, മലയാള മനോരമ തിരുവനന്തപുരം ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ് എന്നിവർ സമീപം.

മാലിന്യ സംസ്കരണവും ലഹരിമരുന്നും പ്രധാന വെല്ലുവിളികൾ: മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം∙ മാലിന്യസംസ്കരണവും മയക്കുമരുന്നും കേരളം നേരിടുന്ന രണ്ടു പ്രധാന വെല്ലുവിളികളാണെന്നു തദ്ദേശ–എക്സൈസ് മന്ത്രി എം.ബി.രാജേഷ്. മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ചുറ്റുവട്ടം അവാർഡ് 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യം പൊതുയിടങ്ങളിൽ വലിച്ചെറിയൽ, മയക്കുമരുന്ന് ഉപയോഗം എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണം കുട്ടികളിൽനിന്ന് തുടങ്ങണം. അതിനു റസിഡൻസ് അസോസിയേഷനുകൾക്ക് പ്രധാന പങ്കുവഹിക്കാനാകും. ഏതു കുട്ടിയും മയക്കുമരുന്നിന് അടിമയായി തീരാമെന്ന ഭീഷണി നിലനിൽക്കുന്നു. മദ്യ, ലഹരി ഉപയോഗത്തിൽ കേരളം രാജ്യത്ത് മുന്നിലല്ല എങ്കിലും മുൻപത്തേക്കാൾ ഉപയോഗം കൂടുന്നു. ഈ വിപത്തിനെ തടയാൻ വീടുകളിൽ സന്ദേശം എത്തിക്കാൻ കഴിയണം.

ഉറവിട മാലിന്യസംസ്ക്കരണം എല്ലാ റസിഡൻസ് അസോസിയേഷനും ഉറപ്പാക്കണം. മാലിന്യം വലിച്ചെറിയുന്നത് അവകാശമായി കണക്കാക്കുന്ന രീതിക്ക് മാറ്റമുണ്ടാകണം. മനുഷ്യ വിസർജ്യം തെരുവിൽ തള്ളുന്നതുപോലെ അപരിഷ്കൃതമാണ് മാലിന്യം തെരുവിൽ വലിച്ചെറിയുന്നതും. വീടുകളിൽ കിച്ചൺ ബിൻ സ്ഥാപിച്ചാൽ ഉറവിടത്തിൽ മാലിന്യം സംസ്കരിക്കാൻ കഴിയും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ സർക്കാർ ബോധവൽക്കരണത്തോടൊപ്പം നിയമനടപടികളും കർശനമാക്കുകയാണ്. കേരളത്തിൽ അവശേഷിക്കുന്ന അതിദരിദ്രരെ ആ അവസ്ഥയിൽനിന്നും 2025ഓടെ മോചിപ്പിക്കാൻ ദാരിദ്ര്യത്തിന്റെ കാരണങ്ങൾ കണ്ടെത്തിയുള്ള മൈക്രോപദ്ധതികൾ നടപ്പിലാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു.

പൂർണമായും വിശപ്പുരഹിത സമൂഹമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഈ പദ്ധതിയിൽ മനോരമ ഓൺലൈനുമായി കൈകോർത്തതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർ‌മാൻ എം.പി.അഹമ്മദ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു. കൃത്യമായി നികുതിയടയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നമ്മൾ ബോധവാന്മാരാകണം. നികുതി രാജ്യത്തിന്റെ പ്രധാന വരുമാനസ്രോതസ്സാണ്. നികുതിവെട്ടിപ്പു തടയാനും നികുതിയടയ്ക്കേണ്ടതിനെപ്പറ്റി പുതിയ തലമുറയ്ക്കു മാർഗനിർദേശം നൽകാനും റസിഡന്റ്സ് അസോസിയേഷനുകൾക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസ് പ്രതിനിധി കെ.സയിദ് മുഹമ്മദ്, മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ്, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ ഓർഡിനേറ്റർ ജോവി എം.തേവര എന്നിവർ പങ്കെടുത്തു. റജിട്രേഷനുള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. മാലിന്യമുക്ത കേരളം, സ്ത്രീശാക്തീകരണം, ഉത്തരവാദിത്തമുള്ള നികുതിദായകൻ, യുവജനങ്ങൾക്കായുള്ള പദ്ധതികൾ, വിശപ്പ് രഹിത സമൂഹം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയാണ് മത്സരം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്നതാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും സമ്മാനം ലഭിക്കും. പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല വിജയികൾക്കും സമ്മാനങ്ങളും പ്രശംസാ പത്രങ്ങളും നൽകും. റജിസ്ട്രേഷന് സന്ദർശിക്കുക– Registration Form