× ഹോം ഇ–പൂക്കളം കുട്ടിമാവേലി

സ്മൃതിരഥങ്ങളിൽ ഒരു പൊന്നോണം കൂടി

എഴുമാവിൽ രവീന്ദ്രനാഥ്



ഉത്സവങ്ങളിൽ ഏറിയ പങ്കും കൃഷിയുമായി ബന്ധപ്പെട്ടവയാണ്. ഓണം, വിഷു, പത്താമുദയം, ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി തുടങ്ങി എല്ലാ പ്രധാന ഉത്സവങ്ങള്‍ക്കും ഒരു ഗ്രീൻ ടച്ച് ഉള്ളതായി നമുക്കു കാണാനാവും. വിത്തിടീൽ, വിളവെടുപ്പ്, കാർഷികായുധങ്ങളും, പൂജ, കന്നുകാലികളെ ആദരിയ്ക്കൽ, വിപണനമേളകൾ എന്നിങ്ങനെ ഓരോ ഉത്സവത്തിനും ഓരോ ലക്ഷ്യമുണ്ട്.

അതുപോലെതന്നെ ഉത്സവങ്ങളുടെ പ്രധാന ആഘോഷകേന്ദ്രങ്ങൾ ഗ്രാമങ്ങളായിരുന്നു. കാർഷികമേഖല എന്നതിനാലാവാം ഗ്രാമങ്ങൾക്ക് അത്രയേറെ പ്രസക്തി വന്നത്. മൂവായിരത്തി ഇരുന്നൂറുഗ്രാമങ്ങളും പതിനോരായിരത്തി എഴുന്നൂറു കരകളും ചേർന്ന പതിന്നാലു നാടുകളായി പരിലസിച്ചിരുന്ന ഒരു മഹത്തായ ഗ്രാമീണ സംസ്കൃതിയാണു നമ്മുടെ നാടിന്റേത്. വലിയൊരു കാര്‍ഷിക സംസ്കാരം മലയാളക്കരയ്ക്കപ്പുറത്തേയ്ക്കു വരെ പടർന്നിരുന്നു. ആയതിനാൽ നമ്മുടെ ഓണവും വിഷുവുമൊക്കെ നമ്മോടു ചേർന്നു കിടക്കുന്ന കർണ്ണാടകത്തിന്റെയും തമിഴ്നാടിന്റെയും ആന്ധ്രയുടെയും ഭാഗങ്ങളിൽ പണ്ടുമുതൽക്കേ ആഘോഷിച്ചുവന്നിരുന്നു.

കർക്കടകമെത്തും മുമ്പേ കർഷകർ ഓണയൊരുക്കം തുടങ്ങും. ഓണവിഭവങ്ങളായ വാഴക്കുല, ചേന, കുമ്പളങ്ങ, മത്തങ്ങ, വെണ്ടയ്ക്ക, തക്കാളിക്ക, കോവയ്ക്ക, പയർ, വഴുതനങ്ങ, തുടങ്ങിയവയെല്ലാം ഇവിടെത്തന്നെ വിളയിച്ചെടുക്കുകയായിരുന്നു പതിവ്. മുരിങ്ങയ്ക്ക മാത്രമേ മലയാളക്കരയിൽ ഉൽപാദിപ്പിക്കാത്തതായുള്ളു. ക്യാരറ്റും, ബീറ്റ്റൂട്ടും, കോളിഫ്ലവറും, കാബേജുമൊന്നും നമ്മുടെ മെനുവിലെ ഇനങ്ങളേ ആയിരുന്നില്ല. ഓണമാഘോഷിക്കുവാനായി മത്തനും ചേനയും വാഴക്കുലകളുമായി നമ്മുടെ നാട്ടിൽ നിന്നും കാളവണ്ടികൾ തമിഴകത്തേക്കും അവിടെ നിന്ന് വെണ്ടയ്ക്കയും പലവ്യഞ്ജനങ്ങളും നിറച്ച വണ്ടികൾ മലയാള നാട്ടിലേക്കും നീങ്ങുന്നതിന്റെ വിവരണം പ്രാചീന തമിഴ്കൃതിയായ മാങ്കുടി മരുതൈനായകരുടെ മധുരൈക്കാഞ്ചിയിൽ ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. ഏതാണ്ട് ആയിരത്തിലേറെ വർഷങ്ങൾക്കു മുമ്പു രചിച്ച ഈ കൃതിയിലെ കേരളത്തിൽ നിന്നും എത്ര വിഭിന്നമാണ് ഇന്നത്തെ നമ്മുടെ നാട്?

എല്ലാം തമിഴകത്തുനിന്നും എന്ന അവസ്ഥ ഇവിടെ ഉണ്ടായി. ഇന്നു വീണ്ടും നാമൊരു മടക്കയാത്രയിലേക്കാണ്. കൃഷിവകുപ്പും നമ്മുടെ കാർഷിക പ്രസിദ്ധീകരണങ്ങളും നൽകി വരുന്ന അവബോധത്തിന്റെ ഫലമായി കരനെൽകൃഷി മുതൽ മട്ടുപ്പാവിലെ പച്ചക്കറികൃഷി വരെ ഇന്നു വ്യാപകമായിരിക്കുന്നു. തരിശുഭൂമികളിലും സ്കൂൾ കോമ്പൗണ്ടുകളിലുമിന്ന് കാർഷിക സമൃദ്ധി യാഥാർത്ഥ്യമാക്കിയിരിക്കുന്നു.

മിഥുനത്തിൽത്തന്നെ തടം കോരിയും വാരമെടുത്തും ഓണവിളകൾക്കുള്ള ചുറ്റുവട്ടങ്ങൾ ഒരുക്കപ്പെടുന്നു. കർക്കടകത്തിലെ പിള്ളേരോണമാവുമ്പോഴേക്ക് ചേനയും മത്തനുമൊക്കെ വിളവെടുപ്പു തുടങ്ങും. ചിങ്ങമെത്തുമ്പോഴേക്കും മറ്റുള്ള പച്ചക്കറികളെല്ലാം പറിയ്ക്കാൻ തയ്യാർ. സ്വന്തവും പാട്ടത്തിനെടുത്തതുമായ കൃഷിയിടങ്ങളില്‍ പച്ചപ്പു വിരിയ്ക്കുന്നതിൽ കർഷകർ മത്സരം തന്നെയാണ്. അത്തം മുതൽ ഉത്തൃട്ടാതി വരെ മലയാളികളുടെ അടുക്കളകളെ സമൃദ്ധമാക്കാൻ കർഷകർ എല്ലുമുറിയെ പണിയെടുത്താലല്ലേ പറ്റൂ. എന്തു കൃഷി ചെയ്താലും അതെല്ലാം വിറ്റുപോകും വിപണിയാണ് ഓണത്തിന്റേത്. വലിയങ്ങാടികൾ, ചെറിയങ്ങാടികൾ, നാട്ടങ്ങാടികൾ, വഴിവാണിഭം എന്നിങ്ങനെ ഇരുപതിനായിരത്തിലേറെ വിപണികളിലൂടെയാണ് ഓണം സജീവമാകുന്നത്.

ഇവിടൊക്കെ കാർഷിക വിഭവങ്ങൾ മാത്രമല്ല, വസ്ത്രങ്ങൾ, കരകൗശലവസ്തുക്കൾ, ഗൃഹോപകരണങ്ങൾ എന്നിങ്ങനെ ഉൽപന്നങ്ങളുടെ വൈവിധ്യമാണ്. വിപണികളിലേക്ക് വ്യാപാരികളെ ആകർഷിക്കുവാൻ ‘നീട്ടുകൾ’ നൽകുന്ന സമ്പ്രദായം രാജഭരണകാലത്തു നിലവിലിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാപാരികളുടെ സാന്നിദ്ധ്യം ഇവിടെ പ്രാചീനകാലം മുതൽക്കേ സജീവമായിരുന്നതായി റൂറൽ മാർക്കറ്റിങ്ങ് എന്ന ഗ്രന്ഥത്തില്‍ കാണാം. തമിഴ്നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ വിളിക്കാതെ തന്നെ വിരുന്നെത്തുന്ന അതിഥികളായിരുന്നു.

പൂരം നാളിലും ഉത്രം നാളിലുമാണ് കാർഷികവിപണി ഉണരുക. ഗ്രാമീണച്ചന്തകളും താൽക്കാലികച്ചന്തകളും അന്നു തുടങ്ങുകയായി. അത്തക്കോപ്പിനായി ഉത്രച്ചന്തയെന്നു ഒരു ചൊല്ലുണ്ട്. അത്തം നാളാണല്ലോ പൂവിളിയുയരുന്നത്. അന്നുമുതൽ കുഞ്ഞോണം തുടങ്ങുകയായി. വയലുകളിൽ നിന്നും കാളവണ്ടികളുടെ നിർത്താത്ത ഒഴുക്കാണ് വിപണികളിലേക്ക്. ഉൽപന്നങ്ങളുടെ അളവെടുക്കാൻ സ്ഥലം പ്രവൃത്തികാരുടെ (വില്ലേജ് ഓഫീസർ) നിർദ്ദേശാനുസരണം കോൽക്കാരും ശിപായിമാരും കൃഷിയിടങ്ങളിലും വിപണിയിലും സജീവം. അന്നന്നത്തെ കണക്കുകൾ പ്രവൃത്തികാർ വഴി തഹസിൽദാർക്കും എത്തണം. അവ ജില്ല (മണ്ഡപത്തിൻ വാതിൽ) തിരിച്ച് സംസ്ഥാനത്തെ മുളകുമടിശ്ശീലക്കാര്യക്കാർക്കെത്തണം (വാണിജ്യവകുപ്പുമേധാവി) എവിടെങ്കിലും പോരായ്മകളുണ്ടെങ്കിൽ അതു നികത്താനാണീ നടപടി. വിവരങ്ങൾ ക്രോഡീകരിച്ച് മഹാരാജാവിനു മുന്നിലെത്തിക്കുന്നതു ദിവാനാണ്. കാർഷികോൽപന്നങ്ങൾ മിച്ചമുള്ള സ്ഥലത്തുനിന്നും കുറവുള്ളിടത്തേക്ക് എത്തിച്ച് ഓണം കേമമാക്കാനുള്ള സർക്കാർ നടപടിയ്ക്ക് ഇതു തുടക്കമിടുന്നു. അത്തം മുതൽ ഉത്രാടം വരെ ഓണവിശേഷങ്ങൾ മഹാരാജാവിനു ബ്രീഫ് ചെയ്തുകൊണ്ടേയിരിക്കണം.

കർഷകർക്ക് ഉൽപന്നം വിറ്റു കിട്ടുന്ന പണത്തോടൊപ്പം ചിങ്ങച്ചിട്ടി എന്നൊരേർപ്പാടുകൂടി നിലനിന്നിരുന്നു. വിശ്വസ്തരായ കണക്കപ്പിള്ളമാർ നടത്തുന്ന ഓണച്ചിട്ടികൾ വട്ടമെത്തുന്നതു ചിങ്ങത്തിലാണ്. പണം കൂടാതെ അരിച്ചിട്ടിയും നടത്തിവന്നിരുന്നു. ഇത് ചില വ്യാപാരികളുടെ നേതൃത്വത്തിലായിരുന്നു. പ്രതിമാസമോ വാരമോ നൽകുന്ന അരി ചിങ്ങത്തിൽ ‘പൊലിയ്ക്കുന്നു’. അരിക്കണക്കു തീർത്ത് വീടുകളില്‍ സമൃദ്ധി ഉറപ്പാക്കാന്‍ വ്യാപാരികളും കർഷകരും തമ്മിലുള്ള ഈ പാരസ്പര്യം സഹായിച്ചിരുന്നു.

പൂക്കളമൊരുക്കാന്‍ വിപണികളെ തേടേണ്ട അവസ്ഥ പണ്ടില്ലായിരുന്നു. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്തമരങ്ങൾ കാണാം’ എന്നതായിരുന്നു അവസ്ഥ. പൂക്കളത്തിന്റെ നാഥനായ താമരയ്ക്കു വേണ്ടി ഗ്രാമങ്ങള്‍ തോറും കുളങ്ങൾ. പിന്നെ അരളി, തെറ്റി, നന്ത്യാർവട്ടം, ജമന്തി, മന്ദാരം, കൊങ്ങിണി, ചെമ്പരത്തി, മുല്ല, പിച്ചകം, രാജമല്ലി, വാടാമുല്ല എന്നിങ്ങനെ അമ്പതിൽപ്പരം പൂക്കൾ. കാട്ടുചെടികളും നാട്ടുചെടികളും വീട്ടുചെടികളും പൂത്തുലഞ്ഞു നിൽക്കുകയാണ് ഓണത്തെ വരവേൽക്കാൻ. പൂജയ്ക്കെടുക്കാത്ത പൂക്കളെല്ലാം പൂക്കളങ്ങൾക്കു പഥ്യമാണ്. ഹനുമാൻ കിരീടി, കാക്കപ്പൂവ്, കോളാമ്പിപ്പൂവ്, പെരുവലം തുടങ്ങി നിരവധി പുഷ്പങ്ങൾ ഈ ഗണത്തിലുണ്ട്. ഒന്നു ശ്രദ്ധിക്കേണ്ടതുണ്ട്. പനിനീർപ്പൂക്കളെ പൂക്കളങ്ങളിൽ പണ്ടുമുതൽക്കേ ഉപയോഗിച്ചിരുന്നില്ല.

വിവിധ തരം പച്ചിലകൾ പൂക്കളങ്ങള്‍ക്കു ചന്തം ചേർക്കാൻ പണ്ടു മുതൽ ഉപയോഗിച്ചു വന്നിരുന്നു. ചാണകം മെഴുകിയ പൂക്കളങ്ങളിൽ ബേസ് ആയി ഓണഞാണ്ട എന്ന ഓണപ്പുല്ലു വിരിയ്ക്കും. അതിനു മദ്ധ്യത്തിലാവും താമരപ്പൂവിന്റെ സ്ഥാനം. പിന്നെ പച്ചിലകൾ പച്ചവർണ്ണത്തിനായാണ് കളങ്ങളിലുപയോഗിച്ചിരുന്നത്. തുളസി, കരിങ്കൂവളം, പന്നൽച്ചെടി, കല്യാണപ്പച്ച തുടങ്ങിയവയായിരുന്നു ഈ ഇലകൾ. ബുധനാഴ്ചകളിൽ പച്ചനിറത്തിനു പ്രാമുഖ്യം നൽകണമെന്നായിരുന്നു ചട്ടം. ബുധദശയുടെ വർണ്ണം പച്ചയും രത്നം മരതകവുമാണെന്ന് ജ്യോതിഷികൾ വിധിച്ചിട്ടുള്ളത് ഇത്തരത്തിൽ സ്മരണീയമാണ്.

അങ്ങനെ സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം പടിവാതിൽക്കലെത്തി. ഗൃഹാതുരത്വമുണർത്തുന്ന തിരുവോണം നമുക്കു മുമ്പിൽ. ഹരിതാഭമായ ഗതകാലസ്മൃതികളോടെ ഓണത്തെ നമുക്കു വരവേൽക്കാം. നമുക്കു വേണ്ടതെല്ലാം നാം തന്നെ വിളയിച്ചെടുത്തിരുന്ന ആ നല്ലകാലം എത്രയും വേഗം സംജാതമാവട്ടെ എന്നു പ്രത്യാശിക്കാം.

© Copyright 2017 Manoramaonline. All rights reserved....