യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ഓൾട്ടോ
സന്തോഷ്
ചെറുതായാലും വലുതായി വരാം എന്നതിനുദാഹരണമാണ് പുതിയ ഓൾട്ടോ. വലുപ്പം മാത്രമേ കുറവുള്ളൂ. വലിയ കാറിലുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളും ഓൾട്ടോയിലുമെത്തി. ചെറിയ കാർ മതി, സൗകര്യങ്ങളിലൊന്നും വിട്ടുവീഴ്ചയ്ക്കില്ലെന്നു തീരുമാനിക്കുന്നവർക്കാണ് ഇനി ഓൾട്ടോ.
ഓൾട്ടോ ചരിതം ഓൾട്ടോ പാരമ്പര്യം 1979 ൽ ജപ്പാനിൽ തുടങ്ങുന്നു. എന്നാൽ ആഗോള തലത്തിലും ഇന്ത്യയിലും വ്യത്യസ്തമാണ് ഈ ചെറുകാറിന്‍റെ ചരിത്രം. ഇന്ത്യയിൽ നാമിന്നു വിളിക്കുന്ന ഓൾട്ടോ വന്നത് 2000 ലാണ്. പക്ഷേ 1983 ൽ ഇന്ത്യയിൽ ആദ്യമിറങ്ങിയ മാരുതി ആഗോള വിപണിയിലെ ആദ്യ തലമുറ ഓൾട്ടോയായിരുന്നുവെന്ന് പലർക്കുമറിയില്ല; ജപ്പാനിൽ നിന്നുള്ള ഇറക്കുമതി. 1986 ൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാരംഭിച്ച രണ്ടാം തലമുറയും ഓൾട്ടോ തന്നെ. എന്നാൽ നാലാം തലമുറ രാജ്യാന്തര ഓൾട്ടോ ഇന്ത്യയിൽ സെൻ എന്ന പേരിലാണ് അവതരിപ്പിച്ചത്. 1998 ൽ രാജ്യാന്തര തലത്തിൽ അഞ്ചാം തലമുറ ഓൾട്ടോ ജനിച്ചു. ഇതേ കാർ 2000 ൽ ഇന്ത്യയിലും വന്നു; ഓൾട്ടോയായിത്തന്നെ. പിന്നെ വന്നത് ഏഴാം തലമുറയാണ്. ഇന്ത്യയിലെ പേര് എ സ്റ്റാർ. എട്ട്, ഒൻപത് തലമുറ ഓൾട്ടോകൾ ഇന്ത്യയിൽ ജനിച്ചില്ല. ചൂടപ്പം പോലെ വിറ്റിരുന്ന 800 അങ്ങനെ തന്നെ വളരെക്കാലം ഇന്ത്യയിൽ ഓടി.
അജയ്യൻ ഈ ഓള്‍ട്ടോ പേരു മാറി ഇന്ത്യയിൽ അവതരിച്ച ഓൾട്ടോകളെല്ലാം നിന്നു പോയെങ്കിലും ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഓൾട്ടോ യാത്ര തുടരുന്നു. ഇന്നേ വരെ ഇറങ്ങിയത് 45 ലക്ഷത്തിനടുത്ത് കാറുകൾ. ജനിച്ച വർഷം തൊട്ട് ഇന്നു വരെ ഏറ്റവുമധികം വിൽപനയുള്ള അഞ്ചു കാറുകളുടെ പട്ടികയിൽ നിന്നു താഴെപ്പോയിട്ടില്ല. ഇപ്പോഴിതാ മികവിന്റെ മൂന്നാം തലമുറ. 22 കൊല്ലത്തെ ആയുസ്സിനിടിൽ 16 കൊല്ലവും വിൽപനയിൽ ഒന്നാം സ്ഥാനം അലങ്കരിച്ച അതേ ജനുസ്സ്...
ചൽ പഡി... ഓടിത്തുടങ്ങി... പുതിയ ഓള്‍ട്ടോ വരും മുമ്പേ ഓടിത്തുടങ്ങി എന്നാണ് മാരുതി പറഞ്ഞു വയ്ക്കുന്നത്; ചൽ പഡി, അതാണ് പരസ്യവാചകം... ഏതാണ്ടെല്ലാ പുതുതലമുറ മാരുതികളും പങ്കിടുന്ന ഹാർട്ടെക് പ്ലാറ്റ്ഫോമിൽ ജനിക്കുന്ന ആദ്യ ഓൾട്ടോ. സാങ്കേതിക മികവിനു പുറമെ സുരക്ഷിതത്വവും ആധുനികതയും ഈ പ്ലാറ്റ്ഫോമിനൊപ്പം ഓൾട്ടോയിലുമെത്തി.
ചെറുപ്പം, മാന്യത, മൈലേജ്... പുതിയ ഓള്‍ട്ടോയുടെ നിർവചനം ലളിതമാണ്. ആദ്യ കാർ എന്ന നിലയിലും വീട്ടിലെ രണ്ടാമത് കാർ എന്ന നിലയിലും ശോഭിക്കണം. വില കുറവായതു കൊണ്ട് സുരക്ഷിതത്വമോ ഫിനിഷോ ഭംഗിയോ സൗകര്യങ്ങളോ തെല്ലും കുറയരുത്. മൈലേജും പരിപാലന ചെലവും കുറഞ്ഞിരിക്കണം. ഡ്രൈവിങ് അനായാസമായിരിക്കണമെന്നു മാത്രമല്ല സുഖകരവുമാകണം. ഇതെല്ലാമാണ് ഓൾട്ടോ കെ 10.
രൂപഗുണം ലാളിത്യം പഴയ വാഹനത്തിൽനിന്ന് ഒരു പാനൽ പോലും നിലനിർത്തിയിട്ടില്ല. എന്നാൽ ലാളിത്യമെന്ന ഓൾട്ടോ ഫിലോസഫി മിഴിവാർന്നു നിൽക്കുന്നു. മുൻവശത്തിന് ഒഴുക്കൻ ചേല്. വലിയ ഹണി കോംബ് ഗ്രിൽ. വശങ്ങളിലും പിൻഭാഗത്തും അദ്ഭുതങ്ങളില്ല. പ്രായോഗികത. അലോയ് വീൽ ഒരു മോഡലിനുമില്ല. ഉള്ളിലെ പ്ലാസ്റ്റിക് ഘടകങ്ങൾക്കും സീറ്റിനുമൊക്കെ നല്ല നിലവാരം. വലിയ കാറുകളെ അനുസ്മരിപ്പിക്കുന്ന ഡാഷ് ബോർഡ് രൂപകൽപന. 7 ഇഞ്ച് സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇഗ്‌നിസിലും മറ്റുമുള്ള തരം സ്റ്റിയറിങ്, സ്റ്റിയറിങ് മൗണ്ടഡ് നിയന്ത്രണങ്ങൾ.
കെ സീരീസ് കൂതിപ്പ് 1.0 ലീറ്റർ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എൻജിന്‍. മൂന്നു സിലണ്ടർ എൻജിന്റെ കരുത്ത് 66.62 പിഎസ്. 89 എൻഎം ടോർക്ക്. എന്തായാലും ഇതൊരു കുഞ്ഞിക്കാറല്ലേയെന്ന പുച്ഛം ആദ്യ കിലോമീറ്ററുകൾ പിന്നിടുമ്പോഴേ ആവേശമായി മാറും. ശബ്ദവും വിറയലും ബുദ്ധിമുട്ടുകളുമില്ലാതെ കുതിക്കുകയാണ്. കിലോമീറ്റർ 80 പിന്നിടുന്ന ശബ്ദമുന്നറിയിപ്പ് കിട്ടുമ്പോഴാണ് വേഗം അത്ര കടന്നുവെന്ന ബോധ്യമുണ്ടാകുന്നത്. അതിമനോഹരമായി ട്യൂൺ ചെയ്ത എൻജിൻ. ചെറിയ കാറാണെന്ന ബോധവും ഡ്രൈവറിലുണ്ടാക്കുന്നില്ല. എജിഎസ് ഗിയർബോക്സും തെല്ലും ‘ലാഗി’ല്ലാതെ പ്രവർത്തിക്കുന്നു. ഓട്ടമാറ്റിക്കിന് 24.90 കി മിയും മാനുവലിന് 24.39 കി മിയും മൈലേജ്.
സുരക്ഷയിൽ മായമില്ല കരുത്തുള്ള ഹാർടെക് പ്ലാറ്റ്ഫോം, ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, റിവേഴ്സ് സെൻസർ, സ്പീഡ് സെൻസിങ് ലോക്ക് തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഓൾട്ടോയിലുമെത്തി. എല്ലാത്തിനുമുപരി ബോഡിഷെൽ കൂടുതൽ ശക്തവുമായിട്ടുണ്ട്.
ആറു നിറങ്ങൾ, രണ്ടു സ്റ്റൈലിങ് മുന്നു പുതിയ നിറങ്ങൾ. സിസ്‌ലിങ് റെഡ്, സ്പീഡി ബ്ലൂ, എർത്ത് ഗോൾഡ്. സ്പോർട്ടിനെസിനു മുൻതൂക്കമുള്ള ഇംപാക്ടോ, പ്രീമിയം പരിവേഷമേകാൻ ഗ്ലിൻറോ എന്നിങ്ങനെ രണ്ടു സ്റ്റൈലിങ്. ഇതിനു പുറമെ ഓരോ ഉപഭോക്താവിനും പഴ്സനലൈസ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
വില സ്റ്റാൻഡേർഡ് 3.99 ലക്ഷം രൂപ, എൽഎക്സ്ഐ 4.82 ലക്ഷം രൂപ, വിഎക്സ് ഐ 4.99 ലക്ഷം രൂപ, വിഎക്സ്ഐ പ്ലസ് 5.33 ലക്ഷം രൂപ, വിഎക്സ്ഐ എജിഎസ് 5.49 ലക്ഷം രൂപ, വിഎക്സ്ഐ പ്ലസ് എജിഎസ് 5.83 ലക്ഷം രൂപ.
എന്തിന് ഓൾട്ടോ ദൈനംദിന ഉപയോഗങ്ങൾക്ക് ഒതുക്കമുള്ള കാർ, ആവശ്യത്തിനു ശക്തിയും സ്മൂത്ത് പ്രകടനവും, നന്നായി പ്രവർത്തിക്കുന്ന എജിഎസ് ഗിയർ, മികച്ച മൈലേജ്, കുറഞ്ഞ വില, കുറഞ്ഞ സർവീസ് ചാർജ്, മാന്യമായ രൂപവും ഉൾവശവും, സുരക്ഷിതം... ഇത്രയൊക്കെ പോരേ?