പുതിയ രൂപത്തിൽ മാരുതി സുസുക്കി ഓൾട്ടോ കെ10
മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ ഹാച്ച് ബാക്ക് ഓള്‍ട്ടോ കെ10 പുതുരൂപത്തില്‍ ഉപഭോക്താക്കളിലേക്ക്. രൂപകല്‍പനയിലും പ്രകടനത്തിലും ആധുനിക സൗകര്യങ്ങളിലും സുരക്ഷയിലുമെല്ലാം കാലത്തിന് അനുസരിച്ച മാറ്റം വരുത്തിക്കൊണ്ടാണ് മാരുതി സുസുക്കി പുതിയ ഓള്‍ട്ടോ കെ10 അവതരിപ്പിച്ചിരിക്കുന്നത്. 2000ൽ മാരുതി അവതരിപ്പിച്ച ഓള്‍ട്ടോ നാലു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വില്‍പനയുള്ള കാറായി മാറി. പുതിയ മോഡലിന്റെ വരവോടെ ഇന്ത്യക്കാരുടെ ജനപ്രിയ കാറായ ഓൾട്ടോ കെ10 വീണ്ടും വിപണിയില്‍ സജീവമാവുകയാണ്.
രൂപകല്‍പന ആധുനിക സൗകര്യങ്ങളോടെ ടെക് സാവിയായ ഉപഭോക്താക്കളെ കൈയിലെടുക്കാൻ വേണ്ടതെല്ലാം പുതിയ ഓൾട്ടോയിലുണ്ട്, എന്നാൽ ഓൾട്ടോയുടെ അടിസ്ഥാന തത്വങ്ങൾ നില നിർത്തിയിരിക്കുന്നു. മുന്‍ മോഡലുകളെ അപേക്ഷിച്ച് സ്‌പേഷ്യസായ ഇന്റീരിയറാണ് പുതു മോഡലിന്. യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കൊപ്പം പ്രായോഗികത കൂടി കണക്കിലെടുത്തുള്ളതാണ് കെ10ന്റെ ഡിസൈന്‍.
എൻജിന്‍ പുതുതലമുറ കെ സീരീസ് പെട്രോള്‍ എൻജിനാണ് പുതിയ കെ10ന് നല്‍കിയിരിക്കുന്നത്. 49 കിലോവോട്ടില്‍ 5500 ആര്‍പിഎം ശേഷിയുള്ള എൻജിന് 89 എൻഎം 3500 ആര്‍പിഎമ്മാണ് ടോര്‍ക്ക്. 998 സിസിയാണ് എൻജിന്റെ ശേഷി. ഓട്ടോമാറ്റിക് പതിപ്പിൽ എജിഎസ് സാങ്കേതികവിദ്യയും നല്‍കിയിരിക്കുന്നു. ലീറ്ററിന് 24.9 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി നല്‍കുന്ന വാഗ്ദാനം.
ആധുനിക സൗകര്യങ്ങള്‍ ഒരുപിടി ആധുനിക സൗകര്യങ്ങളും പുതിയ ആള്‍ട്ടോ കെ 10ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ സ്മാര്‍ട്ട്‌ഫോണ്‍ നാവിഗേഷന്‍, വോയിസ് കമാന്റ്, സിറ്റിയറിങ് മൗണ്ടഡ് കൺട്രോൾ, കാബിന്‍ എയര്‍ ഫില്‍റ്റര്‍, റിമോട്ട് കീ ലെസ് എന്‍ട്രി എന്നിവയെല്ലാം പുതു ഫീച്ചറുകളില്‍ ചിലതാണ്.
സുരക്ഷ പുതിയ ഓള്‍ട്ടോ കെ 10ല്‍ സുരക്ഷയ്ക്ക് മാരുതി വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പതിനഞ്ചിലേറെ സുരക്ഷാ സൗകര്യങ്ങളാണ് ഈ വാഹനത്തിലുള്ളത്. മുന്നില്‍ എയര്‍ ബാഗുകള്‍, പ്രത്യേകം ഡിസൈന്‍ ചെയ്ത സീറ്റ് ബെല്‍റ്റുകള്‍, എബിഎസ് വിത്ത് ഇബിഡി, പിന്നില്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിങ്ങനെ നിരവധി സുരക്ഷാ സൗകര്യങ്ങള്‍ ഈ ചെറുകാറിലുണ്ട്.
വില 3.99 ലക്ഷം രൂപ മുതലാണ് ഓള്‍ട്ടോ കെ10ന്റെ വില ആരംഭിക്കുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള മോഡലിന് 5.83 ലക്ഷം നല്‍കേണ്ടി വരും. ഓട്ടോമാറ്റിക് വകഭേദത്തിന്റെ വില 5.49 ലക്ഷത്തിലാണ് ആരംഭിക്കുന്നത്