ഓൾട്ടോ കെ10നെ വ്യത്യസ്തനാക്കുന്നതെന്ത്? അറിയാം ഈ 5 കാര്യങ്ങൾ

ഇന്ത്യന്‍ ചെറുകാര്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായ മാരുതി സുസുക്കി ഒരിക്കല്‍ കൂടി കച്ചകെട്ടിയിറങ്ങുകയാണ്. ഇക്കുറി മാരുതി ഓള്‍ട്ടോ കെ 10 ആണ് അവരുടെ തുറുപ്പു ചീട്ട്. മൂന്നാം തലമുറയില്‍ പെട്ട ഓള്‍ട്ടോ കെ10 ഇക്കഴിഞ്ഞ 18ന് മാരുതി സുസുക്കി വിപണിയിലെത്തിച്ചുകഴിഞ്ഞു. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പിന്‍വലിച്ച ഓള്‍ട്ടോ കെ 10 രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം അടിമുടി മാറിയാണ് എത്തുന്നത്. എന്തൊക്കെയാണ് ഈ ചെറുകാറിന്റെ അഞ്ച് പ്രധാന സവിശേഷതകളെന്നു നോക്കാം.

വില ഓള്‍ട്ടോ 800നും എസ് പ്രസോക്കും ഇടയില്‍ ഓള്‍ട്ടോ കെ 10ന്റെ ബേസ് വേരിയന്റിന് 3.99 ലക്ഷം രൂപയാണ് മാരുതി സുസുക്കി ഇട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സൗകര്യങ്ങളുള്ള വിഎക്‌സ്‌ഐ എഎംടി വേരിയന്റിന് 5.84 ലക്ഷം രൂപയാകും. വിലയുടെ കാര്യത്തില്‍ മാരുതി സുസുക്കിയുടെ ആള്‍ട്ടോ 800നും(3.39 ലക്ഷം മുതല്‍ 4.45 ലക്ഷം വരെ)എസ് പ്രസോക്കും(4.25 ലക്ഷം- 5.99 ലക്ഷം വരെ) ഇടയിലാണ് ആള്‍ട്ടോ കെ 10ന്റെ സ്ഥാനം. ആള്‍ട്ടോ 800നേക്കാള്‍ 60,000 രൂപ കൂടുതലും എസ് പ്രസോയേക്കാള്‍ 25,000രൂപ കുറവുമാണ് കെ 10ന്.

സെലേറിയോ ലുക്ക് 3,350 മില്ലി മീറ്റര്‍ നീളവും 1,490 മില്ലി മീറ്റര്‍ വീതിയും 1,520 മില്ലി മീറ്റര്‍ ഉയരവും 2,380 മില്ലീമീറ്റര്‍ വീല്‍ബേസുമാണ് കെ 10നുള്ളത്. ഓള്‍ട്ടോ 800നേക്കാള്‍ 85 മില്ലിമീറ്റര്‍ നീളവും 45 മില്ലീമീറ്റര്‍ ഉയരവും 20 മില്ലീമീറ്റര്‍ വീല്‍ബേസിന്റെ നീളവും കൂടുതലുണ്ട് കെ 10ന്. മുന്‍ തലമുറയേക്കാള്‍ കൂടുതല്‍ വളഞ്ഞ ഡിസൈനാണ് ഓള്‍ട്ടോ കെ 10ന്. അതുകൊണ്ടുതന്നെ സെലേറിയോയുടെ ഡിസൈനുമായാണ് കെ 10ന്റെ പുതിയ മോഡലിന് സാമ്യത കൂടുതല്‍. വശങ്ങള്‍ കൂടുതല്‍ നിരപ്പേറിയതാണ്. പിന്നില്‍ നിന്നാണ് കെ 10ന് സെലേറിയോയുമായുള്ള സാമ്യത കൂടുതലുള്ളത്.

പുതിയ ഡാഷ്‌ബോര്‍ഡ് മാറ്റങ്ങളില്‍ ഡാഷ്‌ബോര്‍ഡിനും കെ 10 പ്രാധാന്യം നല്‍കിയിട്ടുണ്ട്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാനം. സെലേറിയോയിലും എസ് പ്രസോയിലുമുള്ള അതെ സൗകര്യമാണിത്. വശങ്ങളിലെ വെള്ളി നിറത്തില്‍ മാത്രമാണ് മാറ്റമുള്ളത്. സ്റ്റിയറിങ് വീല്‍, ഉള്ളിലെ ഡോര്‍ ഹാന്‍ഡില്‍, സൈഡ് എ.സി എന്നിവക്കും സെലേറിയോയുമായി സാമ്യതയുണ്ട്. പവര്‍ വിന്‍ഡോ ബട്ടണും സെലേറിയോയുമായും എസ് പ്രസോയുമായും സാമ്യതയുണ്ട്. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ, സ്മാര്‍ട്ട്ഫോണ്‍ നാവിഗേഷന്‍, ഓഡിയോ വോയ്സ് കണ്‍ട്രോളുള്ള സ്റ്റിയറിങ്, കാബിന്‍ എയര്‍ ഫില്‍റ്റര്‍, റിമോട്ട് കീ ലെസ് എന്‍ട്രി എന്നിവയെല്ലാം പുതിയ കെ 10ന്റെ ഫീച്ചറുകളില്‍ ചിലതാണ്.

പുത്തന്‍ കെ സീരീസ് എൻജിൻ പുതു തലമുറ കെ സീരീസ് പെട്രോള്‍ എൻജിനാണ് പുതിയ കെ10ന് നല്‍കിയിരിക്കുന്നത്. 1.0 ലിറ്റര്‍ 67 എച്ച്പിയുള്ള K10C എൻജിന്‍ തന്നെയാണ് സെലേറിയോയിലും എസ് പ്രസോയിലുമുള്ളത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് സ്പീഡ് സംവിധാനമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ജെറ്റ് സാങ്കേതികവിദ്യ കെ 10ന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നുണ്ട്. മാനുവല്‍ വെര്‍ഷന് ലിറ്ററിന് 24.39 കിലോമീറ്ററും ഓട്ടോമാറ്റിക് വെര്‍ഷന് 24.90 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ക്വിഡും എസ് പ്രസോയും എതിരാളികള്‍ ഓള്‍ട്ടോ കെ 10ന്റെ പ്രധാന എതിരാളി റെനോ ക്വിഡാണ്. വില കൂടുതല്‍ ക്വിഡിനും ഇന്ധനക്ഷമത കൂടുതല്‍ കെ 10നുമാണ്. നീളത്തിലും വീതിയിലും ക്വിഡിന് മുന്‍തൂക്കമുണ്ടെങ്കില്‍ ഉയരം ക്വിഡിനേക്കാളുണ്ട് കെ 10ന്. ഏതാണ്ട് ഒരേ പോലുള്ള എൻജിനുകളാണ് ഇരു വാഹനങ്ങള്‍ക്കുമുള്ളത്. പുറത്തു നിന്നുള്ളതിനേക്കാള്‍ മാരുതി സുസുക്കിയില്‍ നിന്നു തന്നെ ശക്തമായ മത്സരം കെ 10നേരിടുന്നുണ്ട്. കെ 10ന് നോക്കാന്‍ വന്ന ഉപഭോക്താക്കള്‍ ഓള്‍ട്ടോയിലേക്കും എസ് പ്രസോയിലേക്കും മാറാനുമുള്ള സാധ്യതയുണ്ട്. പണത്തിന് കൂടുതല്‍ മൂല്യം നല്‍കുന്ന ആള്‍ട്ടോയും കാബിന്‍ സ്‌പേസിലടക്കം വിശാലതയുള്ള എസ് പ്രസോയുമാണ് സ്വന്തം കമ്പനിയിലെ കെ 10ന്റെ എതിരാളികള്‍.

© Copyright 2022 Manoramaonline. All rights reserved.