ഡാർക്ക് ഫാന്റസി കുക്കീസ് കൊണ്ടു സ്വാദിഷ്ടമായ ഒരു അവിൽ ഉണ്ട.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും രുചി.
ചേരുവകൾ
- ഡാർക്ക് ഫാന്റസി കുക്കീസ് - 8 എണ്ണം
- ചുവന്ന അവിൽ - 1.5 കപ്പ്
- ശർക്കര - 1/4 കപ്പ്
- ഉണക്ക തേങ്ങാപ്പൊടി - 1/2 കപ്പ്
- ഏലക്ക പൊടി - 1 ടീസ്പൂൺ
- അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി - 1/4 കപ്പ്
- നെയ്യ് - 2 ടീസ്പൂൺ
- പാൽ - 2-3 ടീസ്പൂൺ
തയാറാക്കുന്ന വിധം
2 ടീസ്പൂൺ നെയ്യ് ചൂടായിവരുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പ് ചേർത്തു കൊടുക്കുക. 1 മിനിറ്റിനു ശേഷം ഉണക്ക മുന്തിരിയും ചേർത്തു വറുത്തെടുക്കാം. ചെറിയ മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് അവിൽ ഇടുക. നല്ല പൊടി ആയിട്ട് പൊടിച്ചെടുക്കുക. വീണ്ടും മിക്സിയുടെ ജാറിൽ 6 ഡാർക്ക് ഫാന്റസി കുക്കീസ് പൊട്ടിച്ചിട്ട്, 2 ടീസ്പൂൺ പാൽ ഒഴിച്ചു കൊടുക്കുക. നന്നായിട്ടൊന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കുക.
ഒരു മിക്സിങ് ബൗളിലേക്ക് പൊടിച്ചുവച്ച അവിൽ, ഡാർക്ക് ഫാന്റസി മിക്സ് ഇടുക. നന്നായിട്ട് ഇളക്കി കൊടുക്കുക. ഇതിലേക്ക് ഉണക്ക തേങ്ങാപ്പൊടി, ശർക്കര പൊടി, ഏലക്കാ പൊടി എന്നിവ ഇട്ടുകൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കാം. നെയ്യിൽ റോസ്റ്റ് ചെയ്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇതിലേക്കു ചേർത്തു യോജിപ്പിക്കാം. ലേശം മിക്സ് കൈയിൽ എടുത്ത് അത് ഉരുട്ടി എടുക്കാം. നന്നായിട്ട് അമർത്തി കൊടുക്കുക.
ഇത് ഡെസിക്കേറ്റഡ് കോക്കനട്ട് പൊടിയിൽ മുക്കിയെടുക്കാം. രണ്ട് തരത്തിൽ അവിൽ ഉണ്ട കഴിക്കാം. എല്ലാം തയാറാക്കിയ ശേഷം അരമണിക്കൂർ ഫ്രിജിൽ വയ്ക്കാം നല്ല ടേസ്റ്റിയാണ്. ക്രഞ്ചിയായിട്ട് കഴിക്കാൻ താൽപര്യമുള്ളവർക്ക് 2 ഡാർക്ക് ഫാന്റസി കുക്കീസ് പൊടിച്ചിട്ട് ഉണ്ട ആക്കുന്നതിനു തൊട്ടു മുൻപ് ചേർത്തു കൊടുക്കാം.