ആന്‍ജിയോപ്ളാസ്റ്റിയും സ്റ്റെന്റും

ഹൃദയത്തിനു രക്തവും ഓക്സിജനും എത്തിക്കുന്ന രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുമ്പോഴാണ് സാധാരണയായി ഹൃദയാഘാതം ഉണ്ടാകുന്നത്. ആന്‍ജിയോഗ്രാം എന്ന എക്സറേ സാങ്കേതിക വിദ്യയിലൂടെ ഡോക്ടര്‍ക്ക് രോഗിയുടെ ഹൃദയത്തിലെ രക്തക്കുഴലുകളിലൂടെയുള്ള രക്തയോട്ടം നിര്‍ണ്ണയിക്കാന്‍ സാധിക്കും. ഹൃദയധമനികളിലെ തടസ്സങ്ങള്‍ എത്രത്തോളം അപകടമാണെന്നു കണ്ടെത്തുന്നതോടൊപ്പം ഹൃദയമിടിപ്പ്, ഹൃദയ വാൽവുകളുടെ പ്രവര്‍ത്തനം എന്നിവയും പരിശോധിക്കാന്‍ സാധിക്കും.

കൊറോണറി ആന്‍ജിയോപ്ളാസ്റ്റി
കൊറോണറി ആന്‍ജിയോപ്ളാസ്റ്റി എന്നാൽ നിങ്ങളുടെ ഹൃദയത്തിലെ ഒന്നോ അതിലധികമോ ചെറിയ ആര്‍ട്ടറികള്‍ തുറക്കുന്ന പ്രക്രിയ ആണ്. ഒരു കത്തീറ്റര്‍ (നീണ്ട്, കനം കുറഞ്ഞ ട്യൂബ്) രക്തധമനിയിലേക്ക് കടത്തുകയും അതു ഹൃദയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നടക്കുന്ന സമയത്ത് കത്തീറ്ററിന്റെ അറ്റത്തുള്ള നേരിയ ബലൂണ്‍ വീര്‍പ്പിക്കുകയും അത് പ്ളാക്കിനെ രക്തധമനിയുടെ ഭിത്തിയിലേക്ക് അമര്‍ത്തുകയും ചെയ്യുന്നു. ഇത് രക്തധമനി തുറക്കപ്പെടുന്നതിനും ഹൃദയപേശികളിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നു.

കൊറോണറി സ്റ്റെന്റ്
സ്റ്റെന്റ് എന്നാൽ ഒരു നേരിയ സ്റ്റെയിൻലെസ് സ്റ്റീൽ വല അഥവാ ട്യൂബ് ആണ്. പ്ളാക്ക് ഉള്ള സ്ഥലത്ത് സ്റ്റെന്റ് ഉറപ്പിച്ച് രക്തധമനിയെ തുറന്നു വയ്ക്കാന്‍ സഹായിക്കുന്നു.

ആശുപത്രി വിട്ടതിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
∙ ആശുപത്രി വിട്ട ശേഷവും ഡോക്ടറുടെ എല്ലാ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിക്കുക.
∙ കത്തീറ്റര്‍ കാലിലൂടെയാണ് കടത്തുന്നതെങ്കിൽ സമനിലത്തു കൂടി ചെറിയ ദൂരം നടക്കാം. എന്നാൽ പടികള്‍ കയറുന്നതും ഇറങ്ങുന്നതും കഴിവതും ഒഴിവാക്കുക. കുറച്ചുദിവസത്തേക്ക് കഠിനമായ ജോലികള്‍ ചെയ്യുന്നതും വാഹനം ഓടിക്കുന്നതും ഒഴിവാക്കുക.
∙ കത്തീറ്റര്‍ കൈത്തണ്ടയിലൂടെയാണ് കടത്തുന്നതെങ്കിൽ കത്തീറ്റര്‍ കടത്തിയ കൈ ഉപയോഗിച്ച് 4 കിലോയിൽ കൂടുതൽ ഭാരം വരുന്ന വസ്തുക്കള്‍ ഉയര്‍ത്താന്‍ പാടില്ല. അതുപോലെ തന്നെ കൈ ശക്തിയായി വലിക്കുകയോ തള്ളുകയോ ചെയ്യരുത്.
∙ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതു വരെ നീന്തരുത്.
∙ ആന്‍ജിയോപ്ളാസ്റ്റിക്കു ശേഷം കുറഞ്ഞത് ഒരാഴ്ചത്തേക്ക് ഡ്രൈവ് ചെയ്യാന്‍ പാടില്ല
∙ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ജോലിക്ക് പോയി തുടങ്ങുക
∙ ആരോഗ്യകരമായ ലൈംഗിക ജീവിതം ഹൃദയ സംബന്ധമായ രോഗത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന്റെ ഒരു പ്രധാന ഭാഗമാണ്. സാവധാനത്തിൽ പങ്കാളിയുമായി ചര്‍ച്ച ചെയ്യുക.
∙ കുളിക്കുമ്പോള്‍ കത്തീറ്റര്‍ കടത്തിയ സ്ഥലം രൂക്ഷത കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് സാവധാനം വൃത്തിയാക്കുക. ഈര്‍പ്പം കാരണം അണുബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാൽ ഒരു ടവ്വൽ ഉപയോഗിച്ച് നന്നായി ഒപ്പി ഉണക്കുക. കത്തീറ്റര്‍ കടത്തിയ ഭാഗത്ത് പൗഡറോ ലോഷനോ പുരട്ടുകയോ തിരുമ്മുകയോ ചൊറിയുകയോ ചെയ്യരുത്. നീരോ ചുവപ്പോ കണ്ടാൽ ഡോക്ടറെ സമീപിക്കുക.

ഡോ. രമേഷ് നടരാജന്‍
സീനിയര്‍ കണ്‍സൽട്ടന്റ് കാര്‍ഡിയോളജി,
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.