ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചികിത്സ ലഭിക്കാതെ അനിയന്ത്രിതമായി തുടര്‍ന്നാൽ അത് ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ജീവിതം ദുഷ്കരമാക്കുകയും ചെയ്യും. ഹൃദയാഘാതത്തിനും മാരകമായ മസ്തിഷ്ക, വൃക്ക രോഗങ്ങള്‍ക്കും കാരണമാകാവുന്നു ഈ രോഗം അറിഞ്ഞ് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഉണ്ടാകാവുന്ന ചില രോഗങ്ങള്‍
രക്തധമനികള്‍ക്കുണ്ടാകുന്ന തകരാറുകള്‍
രക്തധമനികള്‍ സാധാരണയായി വളരെ മാര്‍ദ്ദവമുള്ളതും ഇലാസ്തിക ശേഷി ഉള്ളതുമാണ്. രക്തം സുഗമമായി ഒഴുകുവാന്‍ തക്ക വഴുക്കലുള്ള ഈ രക്തധമനികള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിൽ തകരാറിലാകും. രക്തധമനികളിലെ കോശങ്ങള്‍ തകരാറിലാകുന്നതോടൊപ്പം അവയുടെ ഭിത്തികള്‍ക്ക് കട്ടി കൂടുകയും കൊഴുപ്പ് അടിഞ്ഞ് വ്യാസം കുറയുകയും ചെയ്യും. ശരീരത്തിനു വേണ്ടത്ര രക്തം കിട്ടാതെ വരുമ്പോള്‍ നെഞ്ചുവേദന, ഹൃദയാഘാതം, വൃക്കകള്‍ക്ക് തകരാര്‍, പക്ഷാഘാതം എന്നിവ ഉണ്ടാകാം. കുറേക്കാലം ഈ അവസ്ഥ ചികിത്സ കിട്ടാതെ തുടര്‍ന്നാൽ രക്തധമനികള്‍ പൊട്ടി ആന്തരിക രക്തസ്രാവത്തിലേക്ക് അത് വഴി തെളിച്ചേക്കാം.
ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യുന്ന ഹൃദയം രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ കൂടുതൽ ശക്തിയായി പ്രവര്‍ത്തിച്ച് തകരാറിലാകുവാനുള്ള സാധ്യത കണ്ടുവരുന്നു. രക്തസമ്മര്‍ദ്ദം കാരണം ഹൃദയത്തിന് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു രക്തയോട്ടം കുറയുകയും അങ്ങനെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ട് ഹൃദയാഘാതത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. അതുപോലെ തന്നെ ഹൃദയത്തിന്റെ ഇടത് ഭാഗം കൂടുതലായി പ്രവര്‍ത്തിച്ച് ഹൃദയ പേശികള്‍ക്ക് കട്ടി കൂടി കാലക്രമേണ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഹൃദയത്തെ പോലെ തന്നെ തലച്ചോറിനും പ്രവര്‍ത്തിക്കാനാവശ്യമായ രക്തം കിട്ടേണ്ടതാണ്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ രക്തസമ്മര്‍ദ്ദം താങ്ങാനാവാതെ പൊട്ടുകയും അതുവഴി ആന്തരിക രക്തസ്രാവവും തുടർന്ന് പക്ഷാഘാതവും ഉണ്ടാകുന്നു.
ചെറിയ പ്രായത്തിൽ തുടങ്ങുന്ന രക്തസമ്മര്‍ദ്ദം കാലക്രമേണ തലച്ചോറിലെ രക്തക്കുഴലുകള്‍ തകരാറിലാക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളായ ഓര്‍മ്മശക്തി, സംസാരിക്കുവാനുള്ള കഴിവ്, ചിന്താശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളുടെ പ്രവര്‍ത്തനത്തെയും തകരാറിലാക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം വൃക്കകളിലേക്ക് രക്തം എത്തിക്കുകയും, പുറത്തേക്ക് കൊണ്ടു പോകുകയും ചെയ്യുന്ന രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ശുദ്ധീകരണ പ്രക്രിയ നടക്കാതെ ശരീരത്തിൽ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
കണ്ണിന് രക്തം എത്തിക്കുന്ന വളരെ ചെറിയ രക്തക്കുഴലുകള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിൽ പൊട്ടുകയും കണ്ണിനുള്ളിൽ രക്തസ്രാവം, കാഴ്ചക്കുറവ്, തുടങ്ങിയ പല നേത്രരോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ലൈംഗിക ശേഷിക്കുറവും മറ്റ് അനുബന്ധ രോഗങ്ങളും ഉണ്ടാകാം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം മൂത്രത്തിലെ കാത്സ്യത്തിന്റെ അളവ് കൂടുകയും അതിന്റെ ഫലമായി ശരീരത്തിൽ കാത്സ്യം കുറയുകയും എല്ലുകള്‍ക്ക് ബലക്ഷയവും പൊട്ടലും ഉണ്ടാകുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കൂര്‍ക്കംവലി, ഉറക്കക്കുറവ് മുതലായ രോഗങ്ങളും കാണപ്പെടുന്നു.
ഡോ. പത്മജ എന്‍ പി
സീനിയര്‍ കണ്‍സൽട്ടന്റ് കാര്‍ഡിയോളജി,
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം