രക്തസമ്മർദ്ദം കുറയ്ക്കാം; ഹൃദയത്തെ സംരക്ഷിക്കാം

കേരളത്തിലെ ജനങ്ങളില്‍ 12%ത്തോളം പേർക്ക് രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ മൂലമുള്ള തകരാറുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറിവരുന്ന ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം അറിവിലൂടെ 
ഹൃദയത്തിൽ നിന്നു ധമനികള്‍ വഴിയാണ് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചേരുന്നത്. മിനിട്ടിൽ 70 തവണയോളം ഹൃദയം രക്തം പമ്പ് ചെയ്ത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നു. രക്തം ധമനികളിലൂടെ പ്രവഹിക്കുമ്പോള്‍ അതിന്റെ ഭിത്തിയിൽ ഏല്പിക്കുന്ന സമ്മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം. ഹൃദയം ശക്തിയായി രക്തം പമ്പ് ചെയ്യുമ്പോള്‍ (സങ്കോചിക്കുമ്പോൾ‍) ധമനികളിലെ സമ്മര്‍ദ്ദം 120 മില്ലിമീറ്റര്‍ മെര്‍ക്കുറി വരെ ഉയരും. ഹൃദയം വികസിക്കുമ്പോള്‍ അഥവാ പമ്പ് ചെയ്യാതെ വിശ്രമിക്കുമ്പോള്‍ 80 മില്ലിമീറ്റര്‍ മെര്‍ക്കുറി ആയി കുറയും. 

ഇതാണ് ഡോക്ടര്‍മാര്‍ 120/80 മില്ലീമീറ്റര്‍ മെര്‍ക്കുറി രക്തസമ്മര്‍ദ്ദമായി അവരുടെ കുറിപ്പുകളിൽ എഴുതുന്നത്. ഈ സമ്മര്‍ദ്ദത്തോടു കൂടി രക്തം പ്രവഹിക്കുന്നത് കൊണ്ടാണ് തലച്ചോറിനും പേശികള്‍ക്കും കരളിനും ശരീരത്തിലെ ഓരോ കോശത്തിനും രക്തവും അതുവഴി പ്രാണവായുവും മറ്റു പോഷകങ്ങളും ലഭ്യമാകുന്നത്. 

രക്ത സമ്മര്‍ദ്ദത്തിന്റെ നില 
120/80 മില്ലിമീറ്റര്‍ എന്ന അളവ് നാം വിശ്രമിക്കുമ്പോള്‍ മാത്രമുള്ള സമ്മര്‍ദ്ദമാണ്. വേഗം നടക്കുക, ഓടുക, പടി കയറുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പേശികളിൽ ധാരാളം രക്തം എത്തിക്കണമെന്നുണ്ടെങ്കിൽ ഹൃദയം വേഗത്തിലും, ശക്തിയിലും രക്തം പമ്പ് ചെയ്യേണ്ടിവരും. ഹൃദയമിടിപ്പ് കൂടുന്നതിനോടൊപ്പം രക്ത സമ്മര്‍ദ്ദം 120/80-ൽ നിന്നും 160/90 വരെ കൂടുകയും ചെയ്യ‌ും. 

വായന, ചിന്ത, പ്രഭാഷണം, രചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിലേക്ക് കൂടുതൽ രക്തം വേണ്ടിവരും. സിനിമ, ടെലിവിഷന്‍ തുടങ്ങിയവ കാണുമ്പോള്‍ പോലും നമ്മുടെ രക്ത സമ്മര്‍ദ്ദം കൂടുന്നതായി കാണാം. ഇവ സാധാരണ ജീവിതത്തിൽ തന്നെ അവശ്യ സന്ദര്‍ഭങ്ങളിൽ കാണപ്പെടുന്ന രക്ത സമ്മര്‍ദ്ദത്തിന്റെ വ്യതിയാനങ്ങളാണ്. 

രക്തസമ്മര്‍ദ്ദം ഒരു രോഗമാകുമ്പോള്‍ 
കേരളത്തിലെ ഏകദേശം 12% പേരിലും വിശ്രമിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടുന്നതായി കാണപ്പെടുന്നു.ഇതു രക്തസമ്മര്‍ദ്ദം എന്ന രോഗമാണ്. വിശ്രമ വേളകളിൽ രക്തസമ്മര്‍ദ്ദം 120/80 മില്ലിമീറ്റര്‍ മെര്‍ക്കുറിയിലധികമായി ഉയരുന്നുവെങ്കിൽ അതിനെ രോഗമായി കണക്കാക്കണം. രണ്ടു മൂന്നു ദിവസങ്ങള്‍ ഇടവിട്ട് പരിശധിക്കുമ്പോള്‍ മൂന്നു തവണയെങ്കിലും ഇങ്ങനെ കാണപ്പെട്ടാൽ രോഗമാണെന്ന് നിശ്ചയിക്കാം. 140/90 മില്ലിമീറ്റര്‍ മെര്‍ക്കുറി എന്ന അളവിൽ കൂടുതലായി കാണുമ്പോഴാണ് വിദഗ്ദ്ധ ചികിത്സ വേണ്ടി വരുന്നത്. 

പ്രധാന ചികിത്സാവിധികള്‍ 
ശരീരഭാരം നിയന്ത്രിക്കുക, പുകവലി,മദ്യപാനം എന്നിവ ഒഴിവാക്കുക, ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മരുന്നുകള്‍ ശരീരത്തിനു പ്രയോജപ്പെടണമെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങള്‍ പാലിച്ചേ മതിയാകൂ. രക്തസമ്മര്‍ദ്ദം 120/80 നും 140/90 നും മധ്യേ നിലനിര്‍ത്തുക എന്നതാണ് ചികിത്സയുടെ ഉദ്ദേശം. മരുന്നും അതിന്റെ അളവും ഓരോ രോഗിയിലും വ്യത്യാസപ്പെട്ടിരിക്കും. നിരന്തര പരിശോധനകളിലൂടെ മാത്രമേ മരുന്നു നിര്‍ണ്ണയം സാധ്യമാകൂ. മരുന്നിന്റെ അളവ് നിശ്ചയിച്ചു കഴിഞ്ഞാൽ അതു മുടങ്ങാന്‍ പാടില്ല. എന്നാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ മരുന്നിന്റെ അളവ് നിയന്ത്രിക്കാം. ശരീര ഭാരം കൂടാതെ നോക്കുക, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ നൂറ്റാണ്ടിൽ ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച മികച്ച നേട്ടങ്ങളിൽ ഒന്നാണ് രക്ത സമ്മർദത്തെ ഒഴിവാക്കാനായി പാർശ്വഫലങ്ങൾ  അധികമില്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുവാന്‍ സാധിച്ചത്. 

സര്‍വസാധാരണയായി കാണപ്പെടുന്ന ഈ രോഗം ചികിത്സിച്ച് ഭേദമാക്കാനും ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനും സാധിക്കും. 

ഡോ. ജി വിജയരാഘവന്‍ 
െഹഡ് ഓഫ് കാര്‍ഡിയോളജി,
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം & വൈസ് ചെയർമാൻ കിംസ് ഗ്രൂപ്പ് 

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.