http://www.manoramaonline.com/

വന്ധ്യത: കാര്യവും കാരണവും

വിവാഹം കഴിഞ്ഞ് നാലുവർഷമായിട്ടും കുട്ടികളായില്ലെന്ന പ്രശ്നവുമായാണ് സുമുഖനായ ആ യുവാവ് എത്തിയത്. 32 വയസായിരുന്നു പ്രായം. ബീജങ്ങളുടെ എണ്ണക്കുറവാണ് പ്രശ്നമെന്നും അയാൾക്കറിയാമായിരുന്നു. വിശേഷങ്ങൾ കൂടുതൽ ചോദിച്ചറിഞ്ഞപ്പോൾ ഒരു മെഡിക്കൽ റപ്രസെന്റേറ്റീവാണെന്നു മനസ്സിലായി. മണിക്കൂറുകളോളം പതിവായി ബൈക്കിൽ യാത്രചെയ്യേണ്ടി വരാറുണ്ട്. ഏതാണ്ട് എഴുവർഷമായി ഇതേ ജോലിതന്നെയാണ് ചെയ്യുന്നത്.

ദുശീലങ്ങളിൽ പുകവലി മാത്രമേ ഉള്ളൂവെന്നും അയാൾ പറഞ്ഞു. ചില സാധാരണ മരുന്നുകൾ നൽകി. ഒപ്പം രണ്ട് ഉപദേശങ്ങളും. കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും ബൈക്ക് യാത്ര അവസാനിപ്പിക്കുക. പുകവലി നിർത്തുക. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അയാൾക്കു ഫലം കിട്ടി. പിന്നീടയാൾ കാണാനെത്തിയത് ഭാര്യ ഗർഭണിയാണെന്ന വാർത്തയുമായാണ്.

മാറിയ ജീവിത ശൈലി
മാറുന്ന ജീവിത രീതിയും ജീവിത ശൈലിയും വന്ധ്യതയ്ക്ക് ഏതു വിധത്തിൽ കാരണമാകുന്നുവെന്ന സൂചിപ്പിക്കാനാണ് ഈ സംഭവം ഓർത്തത്. ഈ മാറ്റം നമ്മുടെ നാട്ടിലെ മാത്രം പ്രശ്നമല്ല. അന്തരീക്ഷമലിനീകരണം മുതൽ ഭക്ഷണത്തിൽ വന്ന മാറ്റങ്ങൾ വരെ അതിനു കാരണമാകാം. കഴിഞ്ഞ അരനൂറ്റാണ്ടിൽ പുരുഷന്റെ ബീജത്തിന്റെ ഗുണനിലവാരത്തിൽ കാര്യമായ കുറവു വന്നിട്ടുണ്ടെന്ന് ഏകദേശം തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചൂടു കൂടിയാൽ
ഗർഭാവസ്ഥയിൽ വൃഷണത്തിന്റെ സ്ഥാനം വയറിനുള്ളിലാണ്. 17—ാമത്തെ ആഴ്ചയിൽ അതു താഴേക്ക് വരാൻ തുടങ്ങുകയും 30—ാമത്തെ ആഴ്ചയിൽ അതു വൃഷണസഞ്ചിയിൽ എത്തുകയും ചെയ്യുന്നു.

വൃഷണത്തിന്റെ താപനില ശരീരത്തെക്കാൾ മൂന്നു നാലു ഡിഗ്രി സെൻറീഗ്രേഡ് താഴെയാണ്. വൃഷണത്തിന് ഒരു സെക്കൻഡിൽ ഏകദേശം ആയിരം ബീജങ്ങൾ ഉണ്ടാക്കാൻ പ്രാപ്തിയുണ്ട്. പക്ഷേ, വൃഷണസഞ്ചിയുടെ ചൂട് കൂടുമ്പോൾ ബീജോൽപാദനം കുറഞ്ഞ് ഉൽപാദനശേഷിയെ ബാധിക്കാം. പുരുഷന്റെ ഇന്നത്തെ പല ജീവിതശൈലിയും വൃഷണസഞ്ചിയുടെ താപനിലക്രമീകരണത്തെ ബാധിക്കുന്നുണ്ട്.

ആഴ്ചയിൽ 300 കിലോമീറ്ററിൽ കൂടുതൽ സൈക്കിൾ ഉപയോഗിക്കുന്നവരിൽ ബീജത്തിന്റെ രൂപഘടനയിൽ കാര്യമായ വ്യത്യാസം കാണുന്നതായി പഠനങ്ങളുണ്ട്. ഇതു വൃഷണങ്ങൾ സൈക്കിൾ സീറ്റിൽ ഉരസുകയും അമരുകയും അതോടൊപ്പം തന്നെ വൃഷണസഞ്ചിയിലെ ചൂടു കൂടുന്നതു കൊണ്ടുമാകാം.

ബൈക്ക് ഓടിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഇന്ന് ഏറെ. യാത്രക്കിടയിൽ സംഭവിക്കുന്ന ആഘാതങ്ങൾക്കു പുറമേ തുടർച്ചയായ ഉരസലും വൃഷണത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെയിലേറ്റ് ചൂടുപിടിച്ച ബൈക്കിന്റെ സീറ്റിൽ പതിവായി ഇരുന്ന് യാത്രചെയ്യേണ്ടി വരുന്നതും ബീജത്തിന് പ്രതികൂലമാണ്. വളരെ നേരം തുടർച്ചയായുള്ള ബൈക്ക് യാത്ര. ഒഴിവാക്കാനായില്ലെങ്കിൽ ഇടയ്ക്ക് ഇടവേളകൾ നൽകുകയും വേണം.

തുടർച്ചയായ ഇരിപ്പും ഡ്രൈവിങും
കാറിൽ രണ്ടു മണിക്കൂർ ഇരുന്നാൽ വൃഷണസഞ്ചിയുടെ ചൂട് നാലു ഡിഗ്രി കൂടുമെന്നു കണക്കാക്കിയിട്ടുണ്ട്. ദിവസവും മൂന്നു മണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കുന്നവർക്ക് കുട്ടികൾ ഉണ്ടാവാൻ താമസം നേരിടാറുണ്ട്.

ഡ്രൈവിങ് തൊഴിലാളികളുടെ സന്താനോൽപാദശേഷി കുറയുന്നതായി കണ്ടുവരുന്നു. ഇതു വൃഷണസഞ്ചിയുടെ ചൂട് കൂടുന്നതുകൊണ്ടു മാത്രമല്ല. ഇന്ധനമലിനീകരണം, ശബ്ദം, വൈബ്രേഷൻ, മാനസികസമ്മർദം, ഇവയെല്ലാം അവരെ ബാധിക്കുന്നുണ്ട്.

മണിക്കൂറുകളോളം ഓഫീസിലും മറ്റും തുടർച്ചയായി ഇരിക്കുന്നവർക്കും കരുതൽ വേണം. പ്രത്യേകിച്ചും വന്ധ്യതാ പ്രശ്നം സംശയിക്കപ്പെടുന്നവർ ഒന്നോ രണ്ടോ മണിക്കൂറിന്റെ ഇടവേളകളിൽ നിൽക്കുന്നതും നടക്കുന്നതും നല്ലതാണ്.

ലാപ് ടോപ് ഉപയോഗിക്കുമ്പോൾ
ആധുനിക തലമുറകളുടെ സന്തതസഹചാരിയാണ് ലാപ്ടോപ്. പലരും ഇത് അക്ഷരാർഥത്തിൽ മടിയിൽ തന്നെ വച്ചാണ് ഉപയോഗിക്കുന്നത്. ലാപ്ടോപ്പിനുള്ളിലെ താപനില 70 ഡിഗ്രി സെൻറിഗ്രേഡാണ്.

അമേരിക്കയിലെ ശാസ്ത്രജ്ഞന്മാർ 29 ചെറുപ്പക്കാരിൽ ഒരു മണിക്കൂർ ലാപ്ടോപ് മടിയിൽവച്ച് വൃഷണസഞ്ചിയിലുണ്ടാകുന്ന താപവ്യതിയാനത്തെക്കുറിച്ചു പരീക്ഷണം നടത്തുകയുണ്ടായി. ഒരു മണിക്കൂറിനുശേഷം ലാപ്ടോപ്പിന്റെ അടിവശം 40 ഡിഗ്രി ചൂടായി. വൃഷണസഞ്ചിയിലെ ചൂട് ലാപ്ടോപ് ഉപയോഗിക്കാത്ത വരെക്കാളും ഒരു ഡിഗ്രി ഫാരൻ ഹീറ്റ് കൂടുതലായിരുന്നു.

ഈ പരീക്ഷണം സൂചിപ്പിക്കുന്നത് അനങ്ങാതെ ഇരിക്കുന്നതും ലാപ്ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കുന്നതും ബീജോൽപാദനത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ്. പേര് ലാപ്ടോപ് എന്നാണെങ്കിലും അതു മടിയിൽ വെച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

പുകവലിയും മദ്യപാനവും
ഇവ രണ്ടും വന്ധ്യതാപ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്. പുരുഷന്മാരിൽ നേരിട്ടുള്ള പുകവലി പ്രശ്നം സൃഷ്ടിക്കുമ്പോൾ പരോക്ഷമായി പുക ശ്വസിക്കുന്ന സ്ത്രീയും വന്ധ്യതാ പ്രശ്നങ്ങളിലേക്കു നീങ്ങാം. ബീജസംഖ്യയും അതിന്റെ ചലനശേഷിയും കുറഞ്ഞിരിക്കുന്നവരിൽ പുകവലി കൂടിയുണ്ടെങ്കിൽ വന്ധ്യതാ സാധ്യത ഇരട്ടിയാകും. മദ്യത്തിന്റെ ശരീരത്തിലെ സാന്നിധ്യം ബിജത്തിന്റെ നാശത്തിന് കാരണമാകുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. വന്ധ്യതാ ചികിത്സാ സമയത്ത് മദ്യം തീർത്തും ഒഴിവാക്കുകതന്നെ വേണം.

വണ്ണം കൂടുമ്പോൾ
നമ്മുടെ മാറിയ ജീവിത ശൈലിയുടെ ഉൽപ്പന്നമാണു മിക്കവരിലുമുള്ള അമിതവണ്ണം. സ്ത്രീകളിലെ വണ്ണക്കൂടുതലും പ്രത്യുൽപാദനശേഷിയിലുള്ള വ്യതിയാനങ്ങളും ശാസ്ത്രലോകത്തിന് അറിവുള്ള കാര്യമാണ്. പക്ഷേ, പുരുഷന്റെ കാര്യത്തിൽ ഈ അറിവ് പൂർണമല്ല.

അടുത്തകാലത്തുണ്ടായ പല പഠനങ്ങളും ഈ കുറവുകൾ നികത്തിയിട്ടുണ്ട്. വണ്ണക്കൂടുതലുള്ള പുരുഷന്മാരിൽ വന്ധ്യതയുടെ നിരക്കു കൂടുതലാണ്. ഇവരുടെ ബീജ പരിശോധനയിലും എണ്ണത്തിലും വേഗതയിലും രൂപഘടനയിലുമെല്ലാം കുറവുകൾ ഉണ്ട്.

വണ്ണമുള്ള പുരുഷന്മാരിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കുറയുകയും ഈസ്ട്രജൻ എന്ന സ്ത്രീഹോർമോൺ കൂടുതലാകുന്നതായും തെളിഞ്ഞിട്ടുണ്ട്. ഈ ഹോർമോൺ വ്യതിയാനമാണ്, ബീജോൽപാദത്തെ ബാധിക്കുന്നത്. അതുപോലെതന്നെ ശരീരത്തിൽ പ്രവേശിപ്പിച്ചിട്ടുള്ള അന്തരീക്ഷമലിനീകരണ വിഷാംശങ്ങൾ പുറത്തുകളയുന്നതിനുള്ള ശേഷിക്കുറവും വണ്ണമുള്ളവരിൽ കാണാറുണ്ട്. ഇതും ബീജോൽപാദനത്തെ ബാധിക്കാം.

ഇവർ കൂടുതൽ സമയം അനങ്ങാതിരിക്കുന്നവരാണ്. ഇവർക്ക് അടിവയറിലും തുടയിലും അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്നതിനാൽ വൃഷണസഞ്ചിയിലെ താപനില കൂടാനും കാരണമാകുന്നു. വണ്ണമുള്ളവരിൽ ഉദ്ധാരണ വൈകല്യങ്ങൾ ഇരട്ടിയോളം കൂടുതലുമാണ്.

പുരുഷഹോർമോണിന്റെ കുറവു കൂടാതെ ക്രമേണ ഉയർന്ന കൊളസ്ട്രോൾ, രക്താതിമർദം മുതലായ അസുഖങ്ങളും ഉദ്ധാരണപ്രശ്നങ്ങൾക്കു കാരണമാകാം. ഈ കൂട്ടർ മറ്റു പുരുഷന്മാരെ അപേക്ഷിച്ചു കുറവായി ലൈംഗിവേഴ്ചയിൽ ഏർപ്പെടുന്നവരായി കണ്ടിട്ടുണ്ട്. ഈ പറഞ്ഞ കാരണങ്ങളെല്ലാം വന്ധ്യതയിലേക്കു നയിക്കാം. വണ്ണമുള്ളവർ 10 ശതമാനം ഭാരം കുറയ്ക്കുമ്പോൾ ഉദ്ധാരണ പ്രശ്നങ്ങൾ അടക്കം കുറയുന്നതായി കാണാം.

മൊബൈൽ കുഴപ്പക്കാരാനോ?
സെൽഫോണുകളിൽ നിന്നുള്ള വികിരണങ്ങൾ പെയ്സ്മേക്കർ പോലുള്ള ഉപകരണങ്ങളെ ബാധിക്കുന്നതു കൂടാതെ ശരീരത്തിൽ ബയോളജിക്കൽ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്നതാണ്. ബീജോൽപാദനവും സെൽഫോൺ ഉപയോഗവും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാനായി പല പരീക്ഷണങ്ങളും വിദേശരാജ്യങ്ങളിൽ നടന്നിട്ടുണ്ട്.

അത്തരത്തിലൊരു പഠനത്തിൽ വന്ധ്യതാചികിത്സയ്ക്കു വന്ന 365 പുരുഷന്മാരെയാണ് തെരഞ്ഞെടുത്തത്. രണ്ടു മണിക്കൂറിൽ കൂടുതൽ പാൻറിന്റെ പോക്കറ്റിലോ, ബെൽറ്റിലോ, സെൽഫോൺ പ്രവർത്തിച്ചതിൽ ബീജത്തിന്റെ എണ്ണം കുറഞ്ഞതായി കണ്ടു. കൂടുതൽ സമയം ഉപയോഗിച്ചവരിൽ ഈ വ്യത്യാസം കൂടുതലായിരുന്നു. ഈ ഒരു പരീക്ഷണം കൊണ്ട് സെൽഫോൺ ഉപയോഗം പുരുഷവന്ധ്യതയുണ്ടാക്കുമെന്നു തീരുമാനിക്കാൻ കഴിയുകയില്ലെങ്കിലും വന്ധ്യതയുള്ളവർ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടതാണ്.

തൊഴിലും വന്ധ്യതയും
ഹോട്ടലുകളിലെ അടുക്കളകൾ, സിറാമിക് വ്യവസായങ്ങൾ, വ്യവസായശാലകളിലെ ബോയിലർ മുറികൾ, കപ്പലിലെ എഞ്ചിൻ മുറികൾ, ബേക്കറികളിലെ ഓവൻ ഈ സ്ഥലങ്ങളിലെ ചൂട് അവിടെ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ബീജോൽപാദനം കുറയാൻ കാരണമാകാറുണ്ട്.

വെൽഡിങ് ജോലിക്കാരിൽ ചൂട് കൂടാതെ രാസവസ്തുക്കൾ, ശബ്ദം, ലോംഹാംശങ്ങൾ എന്നിവയും ബീജോൽപാദനത്തെ ബാധിക്കാം. പെയിൻറ് വ്യവസായശലകളിൽ ജോലി ചെയ്യുന്നവരിലും പെയിൻറ് പണിക്കാരിലും ശരീരത്തിൽ ഈയത്തിന്റെ (ന്ത൹)്ര അംശം കൂടാറുണ്ട്. അവരിൽ ബീജത്തിന്റെ എണ്ണം, ചലനശേഷി, ജീവിതദൈർഘ്യം കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കീടനാശിനി ഫാക്ടറികളിൽ ജോലി ചെയ്യുന്നവരിലും ബീജത്തിന്റെ എണ്ണത്തിലും പ്രവർത്തനത്തിലും കുറവുകൾ കാണുന്നുണ്ട്.

OTHER STORIES
© Copyright 2016 Manoramaonline. All rights reserved.