http://www.manoramaonline.com/

മാറുന്ന പെൺമനസ്

മുൻപൊക്കെ കാലമെത്തിയിട്ടും ഗർഭം ധരിക്കാതെ വന്നാൽ സ്ത്രീക്കു നേരെ സമൂഹം പുരികം ചുളിച്ചിരുന്നു. ഇന്ന് ആ കാഴ്ചപ്പാട് പാടേ മാറി വന്ധ്യതയെ സ്ത്രീയും പുരുഷനും ഒരുപോലെ കാണുകയും ചികിത്സയ്ക്കൊരുങ്ങുകയും ചെയ്യുന്നു. പത്തുവർഷം മുമ്പ് വെറും പത്തു ശതമാനമായിരുന്നു കേരളത്തിലെ വന്ധ്യതാനിരക്ക്. ഇപ്പോൾ അത് 20 ശതമാനമാണ്. മുൻകാലങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ചികിത്സയ്ക്കെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ മുമ്പത്തെക്കാൾ വർധനവുണ്ട്.

സ്ത്രീവന്ധ്യതയ്ക്കു പിന്നിൽ രോഗാവസ്ഥകൾ മാത്രമാണു കാരണമെന്നു പറയാനാകില്ല. രോഗാവസ്ഥകളെക്കാൾ ഇന്നു മുന്നിട്ടു നിൽകുകന്നത് ഗൗരവകരമായ നിരവധി സാമൂഹ്യകാരണങ്ങളാണ്. അതായത് വന്ധ്യത എന്ന നിർഭാഗ്യവഴിയിലൂടെ ചില യുവതികളെങ്കിലും മനപൂർവം നടക്കുന്നു എന്നു ചുരുക്കം.

തിരയുന്നു പങ്കാളിയെ
നല്ല വിദ്യാഭ്യാസം, തുടർന്ന് നല്ല ജോലി. പെൺകുട്ടികളുടെ സ്വപ്നങ്ങൾ ഇങ്ങനെയൊക്കെയാണ്. വിവാഹത്തിനു മൂന്നാംസ്ഥാനമേ അവർ നൽകുന്നുള്ളൂ. കൂടുതൽ ജോലി ചെയ്താൽ കൈ നിറയെ ശമ്പളം ജോലിയിലും ടാർഗറ്റുകളിലും കുരുങ്ങിക്കിടക്കുകയാണവരുടെ ജീവിതം. മുപ്പതിലേക്കു കടക്കുമ്പോഴും വിവാഹത്തിനു സമയമായില്ല, പങ്കാളിയെ കാത്തിരിക്കുകയാണ്... എന്നാണ് ഇവരുടെ ന്യായീകരണം. മുപ്പതുകളുടെ ആദ്യമെത്തുമ്പോഴാകും വിവാഹം. മിക്കവാറും രണ്ടു പേരും രണ്ടു ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരാകും. രണ്ടു രാജ്യങ്ങളിൽ പോലുമാകാം ജീവിതം. അപൂർവമായി കൂടിക്കാഴ്ചകൾ. വർഷത്തിൽ ഒരു മാസം അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ. ദമ്പതികൾ ഒരുമിക്കുന്ന സമയം വളരെ വിരളം. ജോലിയുടെ ക്ഷീണം ലൈംഗികതയെയും ബാധിക്കുന്നു. ലൈംഗികത സമയബന്ധിതമാകുന്നു. ഉടനെ കുഞ്ഞ് വേണ്ട എന്നതാകും ഇവരുടെ തീരുമാനം. ഇത്തരം തീരുമാനങ്ങൾക്കിടെ സ്ത്രീയുടെ പ്രായം മുപ്പതിനു മുകളിലാകുന്നു. അവർ വന്ധ്യതാപ്രശ്നങ്ങളിലേയ്ക്കു മെല്ലെ നടന്നടുക്കുകയായി.

കുഞ്ഞ്... ഉടനെ വേണ്ട
കുഞ്ഞുണ്ടാകുന്നതിനെക്കാൾ പ്രാധാന്യം ഞാൻ നൽകുന്നതു എന്റെ പ്രോജക്റ്റിനാണ്. എെ ടി യുവത്വത്തിന്റെ കഥ പറഞ്ഞ ഋതു എന്ന സിനിമയിൽ എടെി പ്രോജക്റ്റ് കോ ഓർഡിനേറ്റർ ആയ സ്ത്രീ കഥാപാത്രത്തിന്റെ വാക്കുകളാണിത്. ഇന്നത്തെ മിക്ക പ്രഫഷണൽ പെൺകുട്ടികളുടെയും വാക്കുകളാണ് അവരുടേത്. നേരത്തേ വിവാഹിതരാകുന്ന പ്രൊഫഷണൽ പെൺകുട്ടികളിലും പ്രശ്നങ്ങളുണ്ട്. സാമ്പത്തികമായി സുരക്ഷിതരാകാനും വീടു സ്വന്തമാക്കാനുമെല്ലാമുള്ള നെട്ടോട്ടത്തിനിടയിൽ അവർ കുഞ്ഞ് ഉടനെ വേണ്ട എന്നു തീരുമാനിക്കുന്നു. 32—ാം വയസിൽ വിവാഹം കഴിച്ച് മൂന്നുവർഷം കഴിഞ്ഞു മതി കുഞ്ഞ് എന്ന തീരുമാനത്തിലെത്തുമ്പോൾ അവരറിയാതെ വന്ധ്യത എന്ന പ്രതിസന്ധി ഉടലെടുക്കുകയായി.

താളം തെറ്റുന്നു
രാത്രികളിൽ തുടരെ മണിക്കൂറുകളോളം ജോലി ചെയ്യുന്ന പെൺകുട്ടികളുടെ ശരീരത്തിലെ ജൈവചക്രത്തിനു താളം തെറ്റുന്നു. ഇതേത്തുടർന്ന് ഹോർമോൺ അസംതുലിതാവസ്ഥ ഉണ്ടാകുന്നു. അങ്ങനെ ആർത്തവചക്രത്തിനും അണ്ഡവിസർജനത്തിനും ക്രമം തെറ്റുന്നു. വന്ധ്യതയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്.

ബീജബാങ്കുകളുടെ കാലം
ലൈംഗികബന്ധത്തിനു സമയമില്ലാത്തതിനാൽ തന്റെ ബീജങ്ങൾ ബീജബാങ്കിലേൽപ്പിച്ചിരിക്കുകയാണ് ഒരു എടെി പ്രൊഫഷണൽ. കുഞ്ഞുങ്ങളുണ്ടാകാനുള്ള അദ്ദേഹത്തിന്റെ പദ്ധതി ഇങ്ങനെയാണ്. ഭാര്യയുടെ ഒവുലേഷൻ സമയത്ത് ബീജങ്ങൾ എെ യു എെ എന്ന കൃത്രിമഗർഭധാരണരീതിയിലൂടെ (ഇൻട്രാ യൂട്രിൻ സെമിനേഷൻ) ഗർഭപാത്രത്തിൽ പ്രവേശിപ്പിക്കുക. ഇത്തരമൊരു പ്രവണത വ്യാപകമായാൽ എന്തായിരിക്കും സ്ഥിതി? ഓവുലേഷൻ അഥവാ അണ്ഡവിസർജനം ഓരോ സ്ത്രീയിലും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും പ്രകടമാകുന്നത്. ഈ രീതി പൂർണഫലപ്രാപ്തിയിലെത്തും എന്നു പറയാനാകില്ല. ഫലമോ അമ്മയാകാനുള്ള മോഹത്തിലേക്കു ദൂരമേറുന്നു. പങ്കാളിയുടെ അണ്ഡവിസർജന സമയത്തു മാത്രം ലൈംഗികതയ്ക്കു സമയം കണ്ടെത്തുന്ന യുവാക്കളുണ്ട്. ഗർഭംസംബന്ധിച്ച ആശങ്കകൾ മൂലം ഫലപ്രദമായ ലൈംഗികത സാധ്യമാകാതെ പോകുന്നു.

തകരുന്ന മൂല്യങ്ങൾ
പുതിയ സംസ്കാരത്തിലേയ്ക്കു ചേക്കേറിയ പെൺകുട്ടികളിൽ ഒരു നല്ല ശതമാനത്തിനും വിവാഹപൂർവ ലൈംഗികത പുതുമയല്ല എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. പ്രോജക്റ്റ് പാർട്ടികൾക്കായി നഗരത്തിലെ ചില ഇടങ്ങളിൽ പുതിയ കൂട്ടുകാർക്കൊപ്പം രാത്രി പങ്കിടുന്ന പെൺകുട്ടികളും വിരളമല്ല. അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന എെ ടി പ്രഫഷണൽ പെൺകുട്ടികൾ മാത്രമാണ് ഇത്തരം ജീവിതം നയിക്കുന്നത് എന്നു പറയാനാകില്ല. നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുണ്ടാകാം ഇത്തരം ഉദാഹരണങ്ങൾ.

നോ പ്രോബ്ലം
ഒരു ചവറ്റുകുട്ട നിറയെ ഉപയോഗിച്ച ഗർഭനിരോധനോപാധികൾ— കേരളത്തിനു പുറത്ത് ഒരു പ്രമുഖ എടെി കേന്ദ്രത്തിന്റെ പരിസരത്തു കണ്ട കാഴ്ചയാണ്. ഗർഭനിരോധന ഉറകളുടേയും ഗർഭനിരോധന ഗുളികകളുടെയും ഉപയോഗം നമ്മുടെ കൗമാരക്കാരുടെ ഇടയിലും സുപരിചിതമാകുകയാണ്. വിവാഹപൂർവ ലൈംഗികത, ധാരാളം പങ്കാളികൾ, വിവാഹേതരബന്ധങ്ങൾ, ഗർഭമലസിപ്പിക്കലുകൾ, ലൈംഗികശുചിത്വക്കുറവ് ഇവയെല്ലാം സ്ത്രീയുടെ പ്രത്യുത്പാദന അവയവങ്ങളിൽ അണുബാധ (പെൽവിക് ഇൻഫക്ഷൻ)യുണ്ടാക്കും. ഇങ്ങനെ അണുബാധയുണ്ടാകുന്നതു ഭാവിയിൽ വന്ധ്യത കാരണമാകാം. പുതിയ തലമുറയിലെ ചില പെൺകുട്ടികളെങ്കിലും ലൈംഗിക വൈകൃതങ്ങളോടും താത്പര്യം പുലർത്തുന്നവരാണ്. അസ്വാഭാവിക ലൈംഗിക വൈകൃതമാർഗങ്ങൾ അവരുടെ പ്രത്യുൽപാദന വ്യവസ്ഥയിൽ തകരാറുണ്ടാക്കാം.

പുകവിലയും മദ്യവും
നമ്മുടെ മെട്രോനഗരങ്ങളിൽ മദ്യത്തിനൊപ്പം പുകവലിയും ഹരമാക്കിയ യുവതികളുണ്ട്. ഈ ശീലങ്ങൾ സ്ത്രീയുടെ അണ്ഡാശയത്തിലെ രക്തപ്രവാഹം കുറയാനിടയാക്കും. മാത്രമല്ല, ജനിതകവ്യതിയാനത്തിനും അസ്വാഭാവികരൂപഘടനയുള്ള കുട്ടികൾ ജനിക്കാനും കാരണമാകും.

വന്ധ്യത എന്ന ആശങ്ക
വന്ധ്യതാനിരക്ക് ഉയരുന്നു എന്നു പറയുന്നതിനു പിന്നിൽ കുറച്ചെങ്കിലും ആശങ്കയുടെ നിരക്കുമുണ്ട്. നേരായ വിധത്തിൽ ലൈംഗികബന്ധം പുലർത്താതിരുന്നിട്ടു വന്ധ്യതയാണെന്നു പറയുന്ന ന്യൂനപക്ഷമുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള ഭയവും ആശങ്കകളുമാകാം ഇവിടെ തടസമാകുന്നത്. മാനസികഎക്യെവും പരസ്പരമുള്ള മനസിലാക്കലും ഈ പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.

ഇതിന് അനുബന്ധമായി പറയാവുന്ന ഒരു ഉദാഹരണമുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം ചെയ്തയയ്ക്കുന്ന ഒരു സമുദായത്തിൽ നിന്നുള്ള ദമ്പതികൾ. 19—ാം വയസിലാണ് ആ പെൺകുട്ടി വിവാഹിതയായത്. മൂന്നുമാസം കഴിഞ്ഞപ്പോൾ ഭർത്താവ് ഭാര്യയെും കൂട്ടി ഗൈനക്കോളജിസ്റ്റിനെ കാണാനെത്തി. ഭാര്യ ഗർഭിണിയാകുന്നില്ല എന്നതാണു സങ്കടം. ഇത്തരം ആശങ്കകളും കാണാം.

അണ്ഡവിസർജനം
28 ദിവസം ആർത്തവചക്രമുള്ള 95 ശതമാനത്തോളം സ്ത്രീകളിലും ആർത്തവം തുടങ്ങി 12 മുതൽ 15 ദിവസത്തിനിടയിലായിരിക്കും അണ്ഡവിസർജനം നടക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതകാലത്ത് 500 പ്രാവശ്യമാണ് അണ്ഡവിസർജനം നടക്കുന്നത്. ഇങ്ങനെ ഓരോ തവണയും പുറത്തു വരുന്ന അണ്ഡത്തിന്റെ ആയുസ് 12 മുതൽ 24 മണിക്കൂറാണ്. ചില സ്ത്രീകളിൽ ആർത്തവചക്രം 35 ദിവസമായിരിക്കാം. അവരിൽ അണ്ഡവിസർജന തീയതി വ്യത്യാസപ്പെടും. അതുകൊണ്ടു തന്നെ അണ്ഡവിസർജനദിനങ്ങൾ നോക്കി കൃത്യമായി ബന്ധപ്പെടൽ എപ്പോഴും പ്രായോഗികമല്ല.

കുഞ്ഞുവേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾ ആർത്തവം അവസാനിക്കുന്ന ദിവസം മുതൽ അടുത്ത ആർത്തവംവരെയുള്ള ദിവസങ്ങളിൽ തുടരെ ബന്ധപ്പെടേണ്ടതാണ്. അതിനു സാധിക്കുന്നില്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബന്ധപ്പെടണം. ഓവുലേഷൻ കിറ്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ അണ്ഡവിസർജനതീയതി കൃത്യമായി മനസിലാക്കാമെന്നു ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാൽ ഈ കിറ്റ് അത്ര പ്രയോജനപ്രദമാണെന്നു തെളിഞ്ഞില്ല.

OTHER STORIES
© Copyright 2016 Manoramaonline. All rights reserved.