ആരോഗ്യമുള്ള കുഞ്ഞ് പിറക്കാൻ?

ആരോഗ്യമുള്ള കുഞ്ഞ് പിറക്കുകയെന്നത് ഏതു മാതാപിതാക്കളുടെയും സ്വപ്നമാണ്. വൈകല്യങ്ങളുള്ള കുട്ടികൾ പിറന്നാൽ ചില മാതാപിതാക്കളുടെ ജീവിതത്തിൽ നിരാശ നിഴലിക്കും. ചിലർ വിധിയെ പഴിക്കുമ്പോൾ മറ്റു ചിലർ തങ്ങളുടെ കുഞ്ഞിനെ ചേർത്തു പിടിച്ചു മുന്നോട്ടു പോകുന്നു. രണ്ടാമതൊരു കുട്ടിയെക്കുറിച്ചു പോലും ചിന്തിക്കാതെ ജീവിക്കാൻ തീരുമാനിക്കുന്നവരാണ് ഭുരിപക്ഷവും. ശരിയായ ചികിൽസ തേടിയാൽ ജനിതക വൈകല്യമില്ലാത്ത കുഞ്ഞുങ്ങളെ ഗർഭം ധരിക്കാനുള്ള മാർഗങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിലുണ്ട്. ജനിതക വൈകല്യങ്ങളുളള കുട്ടികളുമായി ചികിൽസ തേടുന്ന മാതാപിതാക്കൾ വളരെയേറെയാണ്. പലരും കുട്ടികളെ ആശുപത്രകളിൽ കൊണ്ടു വരികയും എന്തെങ്കിലും ചികിൽസയുണ്ടോയെന്ന് തിരിക്കുകയും ചെയ്യും. കുട്ടികളെ ചികിൽസിച്ചു ഭേദമാക്കാമെന്ന ധാരണയും ചിലർ വച്ചു പുലർത്തുന്നു. ജനിച്ച കുട്ടികൾക്ക് മതിയായ പരിചരണം നൽകാമെന്നല്ലാതെ യാതൊരു ചികിൽസയും നിലവില്ലല്ലെന്ന സത്യം പലരും മനസ്സിലാക്കുന്നില്ല. മാതാപിതാക്കൾക്ക് ജനിതക വൈകല്യമുണ്ടെങ്കിൽ സ്വഭാവികമായും അത് അടുത്ത തലമുറയിലേക്ക് പകരും. വൈകല്യമുള്ള കുട്ടിയുടെ ജനിതകം പഠനവിധേയമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മാതാപിതാക്കളുടെ ജനിതകവും പരിശോധനയ്ക്ക് വിധേമാക്കി മതിയായ മുൻകരുതലുകൾ എടുക്കാം.

നേരത്തെ കണ്ടെത്താം, നിരാശ ഒഴിവാക്കാം
ജനിതക ചികിൽസയിൽ കൗൺസലിങ്ങിനു വളരെ പ്രധാന്യമുണ്ട്. ദമ്പതികളും ഡോക്ടറും ജനിതക വിദഗ്ധനും ചേർന്നൊരു തുറന്ന ചർച്ചയാണിത്. ചികിൽസ തേടിെത്തിയിരിക്കുന്ന ദമ്പതികളുടെ ആരോഗ്യപ്രശ്നങ്ങൾ, കുടുംബാരോഗ്യ ചരിത്രം എന്നിവ വിശദമായി ചോദിച്ചു മനസ്സിലാക്കുന്നു. ജനിതക വൈകല്യമുള്ള കുട്ടിയുണ്ടെങ്കിൽ കുട്ടിയുടെ ആരോഗ്യ നിലവാരം കൂടി ഗൗരവത്തോടെ പരിഗണിക്കുന്നു. ചികിൽസയുടെ ദൈർഘ്യവും വെല്ലുവിളികളും ദമ്പതികളെ പറഞ്ഞ് മനസ്സിലാക്കി രണ്ടാം ഘട്ടമായ സ്ക്രീനിങ്ങിനു തയാറാക്കുകയാണ് ചെയ്യുന്നത്.

ക്രോമസോം കൊണ്ടുള്ളതും ജീൻ വ്യത്യാസം കൊണ്ടുളളതും എന്നിങ്ങനെ ജനിതക വൈകല്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. മൂന്നോ അതിലധികമോ തവണ ഗർഭമലസിയ രോഗികൾക്ക് ക്രോമസോമൽ ടെസ്റ്റിങ്ങാണ് ഒന്നാമത്തെ പരിശോധന. പുരുഷന്റെയാണോ സ്ത്രീയുടെയാണോ ക്രോമസോമിനു തകരാറെന്ന് പരിശോധനയിലൂടെ മാത്രമേ വിലയിരുത്താൻ കഴിയു. സാധാരണയായി ഒരു സെല്ലിൽ 46 ക്രോമസോം നമ്പറുകൾ കാണേണ്ടതാണ്. ക്രോമസോമിന്റെ ആകൃതിയിലും (Structure) എണ്ണത്തിലുമുള്ള വ്യത്യാസം ഗർഭധാരണത്തെ സാരമായി ബാധിക്കും. പരിശോധനയിലൂടെ തകരാറ് കണ്ടെത്തിയാൽ അനുയോജ്യമായ ചികിൽസ തിരഞ്ഞെടുക്കാം. നൂതന സാങ്കേതികവിദ്യകൾ വഴി ജനിതക വൈകല്യങ്ങൾ കണ്ടെത്തി ഭ്രൂണത്തിന് ജനിതക വൈകല്യങ്ങളില്ലെന്ന് ഉറപ്പാക്കി ഉദരത്തിൽ നിക്ഷേപിച്ചു രണ്ടാമത്തെ കുട്ടിക്ക് ജനിതക വൈക്യങ്ങളില്ലെന്ന് ഉറപ്പാക്കാം.

OTHER STORIES
© Copyright 2018 Manoramaonline. All rights reserved.