സ്തനാർബുദം; മാറിടം സംരക്ഷിച്ചുള്ള ശസ്ത്രക്രിയ എങ്ങനെ, അറിയേണ്ടത്

ഡോ. ടി. എസ്. സുബി

‘ഏറ്റവും കുറച്ചു ചെയ്യുന്നതാണ് ഏറ്റവും മികച്ച രീതി’ മാറിട സംരക്ഷണ ശസ്ത്രക്രിയയുടെ രത്ന ചുരുക്കം ഇതാണ്. കാൻസറിന്റെ ചികിത്സാഫലത്തെ ബാധിക്കാതെ തന്നെ മാറിടത്തിന്റെ ആകാരവും ഭംഗിയും നിലനിർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

വിശദമാക്കാം.

സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് രണ്ടു ഭാഗങ്ങൾ ആണ് ഉള്ളത്.


1. മാറിടത്തിലെ മുഴനീക്കം ചെയ്യുക

2. കക്ഷത്തിലെ കഴലകൾ അഥവാ ലിംഫ് ഗ്രന്ഥികൾ നീക്കം ചെയ്യുക.

കാൻസറിന് മറ്റൊരു ചികിത്സയും ഇല്ലാതിരുന്ന കാലത്ത്, രോഗികൾക്ക് സർജറി മാത്രമേ ആശ്രയമുണ്ടായിരുന്നുള്ളൂ. മാറിടവും അതിന് താഴെയുള്ള മസിലുകളും കക്ഷത്തിലെ എല്ലാ ലിംഫ് ഗ്രന്ഥികളും നീക്കം ചെയ്യുന്ന വളരെ പ്രാകൃതമായ സർജറി ആയിരുന്നു അത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വന്ന ഈ ചികിത്സാ രീതി മൂലം രോഗികൾ ഒരുപാട് കഷ്ടത അനുഭവിച്ചിരുന്നു. 1980 കളിലോ മറ്റോ ആയി മാറിടവും കക്ഷത്തിലെ കഴലകളും മാത്രം നീക്കം ചെയ്യുന്ന രീതി നിലവിൽ വന്നു.

മാറിടത്തിലെ ചെറിയ മുഴകൾക്ക് എന്തിന് മാറിടം നീക്കം ചെയ്യണം, ആ മുഴ മാത്രം നീക്കം ചെയ്താൽ പോരെയെന്ന് സ്വാഭാവികമായും ചില ചിന്തകൾ ഉയർന്നു വന്നു. എന്നാൽ അങ്ങനെ ചെയ്തപ്പോൾ സ്തനങ്ങളിൽ തന്നെ പിന്നീട് വീണ്ടും അർബുദം വരുന്നതായി കണ്ടു. എന്നാൽ പിന്നെ, ട്യൂമർ നീക്കം ചെയ്ത് ബാക്കി ഭാഗത്തേക്ക് റേഡിയേഷൻ നടത്തിയാൽ, ഈ സാധ്യത തടയാൻ കഴിയില്ലേ എന്നായി ചിന്ത. റേഡിയേഷൻ ചികിത്സയിൽ വന്ന വൻ മാറ്റങ്ങൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാക്കി. അങ്ങനെ ചെയ്തപ്പോൾ മാറിടം പൂർണമായും നീക്കം ചെയ്യുന്നതിന് തുല്യമായ റിസൾട്ട് കിട്ടി.

അതായത് മാറിടം പൂർണമായി നീക്കം ചെയ്യുന്നതിനു തുല്യമാണ് ട്യൂമർ മാത്രം നീക്കം ചെയ്ത് പിന്നീട് റേഡിയേഷൻ നടത്തുന്നത്!

ഇത് വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. ഇന്ന് സ്തനാർബുദത്തിനായി ഏറ്റവും കൂടുതലായി ചെയ്യപ്പെടുന്നത് മാറിട സംരക്ഷണ ശസ്ത്രക്രിയയാണ് എന്ന് പറയുമ്പോൾ ചിത്രം വ്യക്തമാണ്. അനേക വർഷങ്ങളുടെ പരിശ്രമമാണ് ചുരുങ്ങിയ വാക്കുകളിൽ എഴുതിയത്.

മാറിടം മുഴുവൻ നീക്കം ചെയ്താലും ചില രോഗികൾക്ക് ( ട്യൂമർ 5 cm മുകളിൽ വലിപ്പം, കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിൽ കാൻസറിന്റെ സാന്നിധ്യം) പിന്നീട് റേഡിയേഷൻ വേണ്ടി വന്നേക്കാം എന്ന് ഓർക്കുക.

എല്ലാവർക്കും മാറിട സംരക്ഷണ ശസ്ത്രക്രിയ സാധ്യമാണോ?

ഉത്തരം: അല്ല

ഒരു പാട് കാര്യങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഈ രീതി സാധ്യമാണോ എന്ന് തീരുമാനിക്കുന്നത്. സർജന്റെയും റേഡിയോളജി ഡോക്ടറുടെയും ഒരുമിച്ചുള്ള പരിശ്രമം ഇതിന് ആവശ്യമാണ്.

മാറിടത്തിൽ ഒന്നിലധികം ഭാഗങ്ങളിൽ ട്യൂമർ ഉളളവർ, പല ഭാഗങ്ങളിൽ കാത്സ്യം തരികൾ കാണപ്പെടുന്നവർ, സർജറിക്ക് ശേഷം പതോളജി റിപ്പോർട്ട് പ്രകാരം ട്യൂമർ ഇനിയും അവശേഷിക്കുന്നു എന്ന് ഞങ്ങൾ സംശയിക്കുന്നവർ - ഇവരിൽ ഇത് സാധ്യമല്ല. ഇത്തരം ചില കാര്യങ്ങളിൽ തീർച്ച വരുത്താൻ ചിലരിൽ ഓപ്പറേഷന് മുൻപ് MRI സ്കാൻ കൂടി നടത്താറുണ്ട്.

ഗർഭകാലത്ത്, പ്രത്യേകിച്ച്, ആദ്യ മൂന്നു മാസങ്ങളിൽ സ്തനാർബുദം കണ്ടെത്തുന്നവർക്ക് ഈ ചികിത്സ സാധ്യമല്ല. കാരണം ഇവർക്ക് റേഡിയേഷൻ കൊടുക്കാൻ കഴിയില്ല. ചില സന്ദർഭങ്ങളിൽ ട്യൂമറിന്റെ വലുപ്പം കുറയ്ക്കാൻ കീമോതെറാപ്പി കൊടുത്ത ശേഷം മാറിട സംരക്ഷണ സർജറി നടത്താറുണ്ട്.

ഓർക്കുക, പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ അവയവ സംരക്ഷണ ശസ്ത്രക്രിയയിലൂടെ മാറിടം നിലനിർത്താനുള്ള സാധ്യത വർധിക്കുന്നു.

Stories