മറ്റു ജീവികളുടെ കോശങ്ങളിൽ അതിക്രമിച്ചുകയറി അവയിൽ രോഗങ്ങളുണ്ടാക്കാൻ ശേഷിയുള്ള സൂക്ഷ്മമായ ജനിതകപദാർഥങ്ങളാണ് വൈറസുകൾ. അപരജീവികളുടെ കോശങ്ങളിൽ കയറിക്കൂടിയാൽ മാത്രമേ ഇവയ്ക്ക് ജീവന്റെ ലക്ഷണം കാണിക്കാനും സ്വയം പെരുകാനും സാധിക്കൂ. വൈറസുകളെ സൂക്ഷ്മജീവികളായാണ് (Microorganisms) പലരും കണക്കാക്കുന്നത്. എന്നാൽ, സൂക്ഷ്മമായ അർഥത്തിൽ അവ ജീവികളല്ല. ജീവലോകത്തിൽ (Living Kingdom) അവയെ ഉൾപ്പെടുത്താനും കഴിയില്ല! അതിനാൽ ജീവനുള്ളവയ്ക്കും ഇല്ലാത്തവയ്ക്കും ഇടയിലാണ് വൈറസുകളുടെ സ്ഥാനം. ജലദോഷം, ചിക്കൻപോക്സ്, പ്ലേഗ്, പോളിയോ, ഡെങ്കി, എബോള, കോവിഡ് 19 തുടങ്ങിയ രോഗങ്ങൾ പരത്തുന്ന വിവിധയിനം വൈറസുകളെ ശക്തമായ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാനാകൂ.
മനുഷ്യനിൽ ജലദോഷപ്പനി മുതൽ സാർസ്, മെർസ്, കോവിഡ് –19 തുടങ്ങിയ രോഗങ്ങൾക്കു വരെ കാരണമാകുന്ന ഒരിനം വൈറസാണിത്. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ആക്രമിക്കും. ദേഹം നിറയെ ‘ക്രൗണ്‍’ അഥവാ കിരീടത്തിലേതു പോലെ ഉയർന്നു നിൽക്കുന്ന പ്രോട്ടീൻ മുനകളുള്ളതുകൊണ്ടാണ് കൊറോണ വൈറസിന് ആ പേരു ലഭിച്ചത്.
2019 നവംബറിൽ ചൈനയിൽ കണ്ടെത്തിയ പുതിയ ഇനം കൊറോണ വൈറസിന് ആദ്യം നൽകിയ പേരാണ് നോവൽ (പുതിയ) കൊറോണ വൈറസ്.
ജനിതക വസ്തുവായ ആർഎൻഎയ്ക്കു ചുറ്റും നേർത്ത പ്രോട്ടീൻ സ്തരംകൊണ്ടു മൂടിയതാണ് കൊറോണ വൈറസിന്റെ ഘടന. മൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുന്നതിനിടെ ചിലപ്പോൾ വൈറസുകളുടെ ജനിതക ഘടനയിൽ മാറ്റം വന്നേക്കാം. കാലങ്ങളെടുത്തു സംഭവിക്കുന്ന ആ മാറ്റമാണ് ജനിതക തിരുത്തൽ അഥവാ Genetic Mutation.
വെരുകുകളിൽ കഴിഞ്ഞിരുന്ന കൊറോണ വൈറസിനു ജനിതക തിരുത്തൽ സംഭവിച്ച് രൂപപ്പെട്ട സാർസ് കോവ് 1 വൈറസ് (Severe Acute Respiratory Syndrome Coronavirus 1) 2003ൽ ലോകത്തിന്റെ പല ഭാഗങ്ങളിലും പരത്തിയ രോഗമാണ് സാർസ്. ചൈനയിൽനിന്നായിരുന്നു ഈ വൈറസിന്റെയും തുടക്കം. 2012ൽ മധ്യ പൗരസ്ത്യ ദേശത്തു പടർന്ന രോഗമാണ് മെർസ്. ഒട്ടകങ്ങളിൽനിന്നു ജനിതക തിരുത്തൽ സംഭവിച്ച് മനുഷ്യരിലേക്കും പടർന്നതാണ് മെർസ് അഥവാ Middle East Respiratory Syndrome വൈറസ്.
മനുഷ്യനെ ആക്രമിക്കുന്ന ഏഴിനം കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 229 ഇ (ആൽഫ), എൻഎൽ63 (ആൽഫ), ഒസി 43(ബീറ്റ), എച്ച്കെയു1 (ബീറ്റ) എന്നിവ മനുഷ്യനിലെ ജലദോഷപ്പനിക്ക് ഉൾപ്പെടെ കാരണമാകുന്നതാണ്. മറ്റു മൃഗങ്ങളിലിരുന്നു സ്വയം ജനിതക തിരുത്തലുകൾ വരുത്തി മനുഷ്യശരീരത്തിലേക്കു പടർന്നവയാണു ശേഷിക്കുന്ന മൂന്നെണ്ണം– സാർസ് കോവ് 1, മെർസ്, സാർസ് കോവ് 2. 2019 നവംബറിൽ ചൈനയിൽ കണ്ടെത്തിയ വൈറസിന്റെ പേരാണ് സാർസ് കോവ് 2 (Severe Acute Respiratory Syndrome Coronavirus 2). സാർസ് കോവ് 1 വൈറസിനോട് ജനിതക ഘടനയിൽ ഏറെ സാമ്യമുണ്ട് സാർസ് കോവ് 2ന്. അതിനാലാണു ഇന്റർനാഷനൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് ഇതിനു സമാനമായ പേര് നൽകിയത്.
ചൈനയിൽ 2019ൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസായ സാർസ് കോവ് 2 പരത്തുന്ന രോഗത്തിന്റെ പേരാണ് കോവിഡ് 19 (Corona Virus Disease 2019)
മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളെ വിശേഷിപ്പിക്കുന്നതാണിത്. സാർസ് കോവ് 2 വൈറസ് ഏതു മൃഗത്തിൽനിന്നാണു മനുഷ്യരിലെത്തിയതെന്നു കണ്ടെത്താനായിട്ടില്ല. സാർസ് കോവ് 1 പടർന്നത് വെരുകിൽനിന്നും മെര്‍സ് പടന്നത് ഒട്ടകത്തിൽനിന്നുമായിരുന്നു. മനുഷ്യരിൽനിന്നു മൃഗങ്ങളിലേക്കും ചിലപ്പോൾ ഈ രോഗം പടരും. ന്യൂയോർക്കിലെ ഒരു മൃഗശാലയിലെ കടുവയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ആന്ത്രാക്സ്, പേവിഷ ബാധ, പന്നിപ്പനി, മലേറിയ തുടങ്ങിയവയെല്ലാം സൂനോട്ടിക്ക് (Zoonotic Disease) രോഗങ്ങളാണ്.
പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ചുള്ള രോഗങ്ങൾ, ആരോഗ്യാപ്രശ്നം എന്നിവയുടെ കാരണം, പാറ്റേൺ, വിതരണം, നിയന്ത്രണം തുടങ്ങിയവ വിശകലനം ചെയ്തു പഠിക്കുന്ന വൈദ്യശാസ്ത്രശാഖ
രാജ്യാന്തര തലത്തിൽ ആരോഗ്യ കാര്യങ്ങളിൽ കാര്യക്ഷമമായ ഇടപെടലും ഗവേഷണവും ബോധവൽക്കരണവും ലക്ഷ്യമിട്ട് 1948 ഏപ്രിൽ 7ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിൽ രൂപീകരിച്ച ഏജൻസി. ജനീവ ആസ്ഥാനമായുള്ള സംഘടയുടെ നിലവിലെ തലവൻ ടെഡ്രോസ് ആദാനം. ഡിസംബർ 31നാണ് കോവിഡിനെപ്പറ്റി ചൈന ആദ്യമായി ഡബ്ല്യുഎച്ച്ഒയെ അറിയിക്കുന്നത്. ജനുവരി 30ന് ലോകത്ത് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
കൊറോണവൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം പ്രകടിപ്പിക്കുന്നതു വരെയുള്ള കാലമാണ് ഇൻക്യുബേഷൻ പീരിയഡ്. 2–14 ദിവസം വരെയാണ് പുതിയ കൊറോണ വൈറസിന്റെ ഇൻക്യുബേഷൻ പീരിയഡ്.
ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ നഗരത്തിലെ ഹ്വാനൻ സീഫൂഡ് മാർക്കറ്റിലാണ് ആദ്യമായി സാർസ് കോവ് 2 വൈറസിനെ കണ്ടെത്തിയത്. വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിയിലൂടെയാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസും റിപ്പോർട്ട് ചെയ്യുന്നത്.
ലോകമാകെയോ ഒരു പ്രദേശത്താകെയോ ബാധിക്കുംവിധം പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ അത് ആദ്യം ബാധിച്ചയാളെ വിശേഷിപ്പിക്കുന്നത് പേഷ്യന്റ് സീറോ എന്നാണ്; ഇൻഡെക്സ് പേഷ്യന്റ് എന്നും വിളിക്കാം. ആദ്യമായി ഇത്തരമൊരു രോഗം രേഖപ്പെടുത്തുമ്പോൾ അതിനെ ഇൻഡെക്സ് കേസ് എന്നും വിളിക്കാം.
ചില വിഭാഗങ്ങളിൽ അല്ലെങ്കിൽ പ്രത്യേക മേഖലകളിൽ ചില രോഗങ്ങൾ എല്ലായിപ്പോഴും നിലനിൽക്കുന്നതാണ്. ഉദാഹരണത്തിന് പനിയും ജലദോഷവും. അവ നമുക്ക് എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. വളരെ കുറഞ്ഞ തോതിലാണ് ഈ രോഗങ്ങൾ പ്രശ്നമാകാറുള്ളതും. അത്തരം രോഗങ്ങളാണ് എൻഡമിക് ഡിസീസസ്.
സാധാരണ ഒരിടത്തു കാണാത്ത രോഗം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട് ഒട്ടേറെപ്പേരിലേക്ക് അതിവേഗം പടരുന്നതാണ് എപിഡെമിഡ് അഥവാ പകർച്ചവ്യാധി. ഇത് ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ചു മാത്രം സംഭവിക്കുന്നതാണ്. ചൈനയിൽ ജനുവരി മധ്യത്തോടെയാണ് കോവിഡ് പകർച്ചവ്യാധിയുടെ തലത്തിലേക്കെത്തുന്നത്. കോവിഡിനെ പകർച്ചവ്യാധി പട്ടികയിൽ കേരളവും ഉള്‍പ്പെടുത്തിയതോടെ അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പിന് ഏതു കടുത്ത നടപടിയും സ്വീകരിക്കാനുള്ള വഴിയുമൊരുങ്ങി.
ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലേക്കും ഒരു രോഗം അതിവേഗം പടരുമ്പോൾ അതിനെ ഡബ്ല്യുഎച്ച്ഒ പാൻഡെമിക് അഥവാ മഹാമാരിയായി പ്രഖ്യാപിക്കുന്നു. പുതിയൊരു വൈറസ് കാരണമായിരിക്കാം മിക്കവാറും ഇത്തരം രോഗം പടരുന്നത്. അവയെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യർക്കില്ലാത്തതിനാൽ എളുപ്പം പടരുകയും ചെയ്യും. നൂറിലേറെ രാജ്യങ്ങളിലേക്കു പടർന്നതോടെ 2020 മാർച്ച് 12നാണ് ഡബ്ല്യുഎച്ച്ഒ കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്.
പകർച്ചവ്യാധിയോടു ചേർത്തുവയ്ക്കാം ഇതിനെ, ഒരു കാര്യത്തിലൊഴികെ– ഒരു പ്രത്യേക പ്രദേശത്തു പെട്ടെന്നു രോഗം പൊട്ടിപ്പുറപ്പെടുന്നതാണു ഔട്ട്ബ്രേക്ക്. ഉദാഹരണത്തിന് കോവിഡ് രോഗം ചൈനയിലെ വുഹാനിൽ ഡിസംബർ അവസാനമാണു പൊട്ടിപ്പുറപ്പെടുന്നത്. ഒട്ടേറെ പേർ പ്രത്യേകതരം ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലേക്കു കൂട്ടത്തോടെ എത്തിയതിനെത്തുടർന്നായിരുന്നു ചൈനീസ് സർക്കാർ വിഷയം ഗൗരവത്തോടെയെടുത്തത്. വുഹാനിൽനിന്ന് രോഗം വൈകാതെതന്നെ രാജ്യം മുഴുവൻ പകർച്ചവ്യാധിയായി (എപ്പിഡെമിക്) പടരുകയും ചെയ്തു.
വൈറസ് എവിടെനിന്നു വന്നുവെന്നറിയാതെ ഒരാൾക്കു രോഗം ബാധിക്കുകയും അതു മറ്റുള്ളവരിലേക്കു പടരുകയും ചെയ്യുമ്പോഴാണ് സാമൂഹിക വ്യാപനമായി (Community Spread) കണക്കാക്കുന്നത്. വിദേശ സന്ദർശനം നടത്താതെയും രോഗികളുമായി ഇടപഴകാതിരിക്കുകയും ചെയ്തിട്ടും ചിലർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഉറവിടം അറിയാത്ത വിധം വൈറസ് ബാധയേൽക്കുകയും പടരുകയും ചെയ്യുമ്പോഴാണു സാമൂഹിക വ്യാപനം തിരിച്ചറിയുന്നത്.
ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ചു അപ്രതീക്ഷിതമായി വന്‍തോതില്‍ ഒരു രോഗമോ മോശം ആരോഗ്യാവസ്ഥയോ റിപ്പോർട്ട് ചെയ്യുമ്പോൾ അതിനെ ക്ലസ്റ്റർ എന്നു വിളിക്കാം. ആ മേഖലയിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവരിലായിരിക്കും കൂട്ടത്തോടെ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടാവുക. മേഖലയെ ഡിസീസ് ക്ലസ്റ്റർ എന്നും വിളിക്കും. വൻതോതിൽ രോഗം റിപ്പോർട്ട് ചെയ്താൽ അതിനെ ‘ഔട്ട്ബ്രേക്ക്’ ആയി പരിഗണിക്കും. ഏതെങ്കിലും സ്ഥലത്ത് 10 കോവിഡ് ബാധിതരുണ്ടെങ്കിൽ അതിനെ ഒരു ക്ലസ്റ്ററായാണ് നിലവിൽ ഇന്ത്യയിൽ കണക്കാക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ക്ലസ്റ്റര്‍ കേന്ദ്രീകരിച്ചുള്ള കോവിഡാണു കണ്ടെത്തിയതെന്നും ഏപ്രിൽ രണ്ടാം വാരം ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിരുന്നു. മേഖല തിരിച്ചുള്ള കോവിഡ് പ്രതിരോധത്തെ ക്ലസ്റ്റർ ലെവൽ പ്രതിരോധമെന്നാണു വിളിക്കുക. ഇവിടെ കർശന നിയന്ത്രണ–പ്രതിരോധ നടപടികളായിരിക്കും സ്വീകരിക്കുക. പത്തനംതിട്ട, ആഗ്ര, ഭിൽവാഡ, മുംബൈ, ജിബി നഗർ, ഈസ്റ്റ് ഡൽഹി എന്നിവിടങ്ങളിൽ ക്ലസ്റ്റർ ലെവൽ പ്രതിരോധം ഫലപ്രദമായെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
കോവിഡ് 19ന്റെ പ്രധാന രോഗലക്ഷണങ്ങളായ പനി, വരണ്ട ചുമ, ശ്വാസതടസ്സം തുടങ്ങിയവ വ്യക്തമായി പ്രകടിപ്പിക്കുന്നവരാണ് സിംപ്റ്റമാറ്റിക് (Symptomatic Patients) രോഗികൾ. രോഗം ബാധിച്ചിട്ടും രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗികളാണ് അസിംപ്റ്റമാറ്റിക് (Asymptomatic).
പകർച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള അടച്ചുപൂട്ടലാണ് ലോക്ഡൗൺ. ഇതു പ്രഖ്യാപിക്കുന്ന രാജ്യത്തിന്റെ എല്ലാ അതിർത്തികളും അടയ്ക്കും. ജനം താമസസ്ഥലത്തുതന്നെ തുടരണം. പ്രത്യേക അനുമതിയോടെ മാത്രമേ പുറത്തിറങ്ങാനാകൂ. പൊതു ഗതാഗതം നിലത്തലാക്കും. വ്യോമ–റെയിൽ–ജല മാർഗമുള്ള യാത്രകളെല്ലാം അവസാനിപ്പിക്കും. അവശ്യ സർവീസുകളും സ്ഥാപനങ്ങളും മാത്രമേ പ്രവർത്തിക്കൂ. പകർച്ചവ്യാധി നിയന്ത്രണ വിധേയമായാൽ മാത്രം സർക്കാർ തലത്തിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കും. ഇന്ത്യയിൽ മാർച്ച് 24നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.
കോവിഡിനെത്തുടർന്നു യുഎസിൽ പലയിടത്തും ഷെൽട്ടർ ഇൻ പ്ലേസ് പ്രഖ്യാപിച്ചിരുന്നു. ഒരു പ്രദേശത്താകെയുള്ളവർ നിശ്ചിത കാലത്തേക്കു വീടുകളിലോ കെട്ടിടങ്ങളിലോ തുടരണമെന്നു നിർദേശിക്കുന്നതാണിത്. രോഗത്തിന്റെ സാമൂഹിക വ്യാപനം തടയാൻവേണ്ടിയുള്ള ശ്രമമാണിത്, ഒപ്പം ജനത്തിന്റെ സുരക്ഷ ഉറപ്പാക്കാനും. യുഎസിനു പിന്നാലെ മറ്റു രാജ്യങ്ങളും ഈ രീതി സ്വീകരിച്ചിരുന്നു. രാസവസ്തുക്കൾ അന്തരീക്ഷത്തിൽ കലരുമ്പോഴും വെടിവയ്പ്, ബോംബാക്രമണം തുടങ്ങിയവ സംഭവിക്കുമ്പോഴും ഷെൽട്ടർ ഇൻ പ്ലേസ് നിർദേശം നൽകാറുണ്ട്.
വീട്ടിലിരുന്ന് ഓഫിസ് ജോലി ചെയ്യുന്ന രീതി. ഐടി കമ്പനികളിലൂടെയാണ് ഇത് വ്യാപകമായത്. കോവിഡ് കാലത്തെ ലോക്ഡൗണിനെത്തുടർന്ന് പലരും വീടുകളിൽ തുടരാൻ നിർബന്ധിതരായപ്പോൾ ഒട്ടേറെ കമ്പനികൾക്കു സഹായകരമായത് ഡബ്ല്യുഎഫ്എച്ച് എന്നറിയപ്പെടുന്ന വർക്ക് ഫ്രം ഹോം രീതിയാണ് (വർക്കിങ് ഫ്രം ഹോം എന്നും അറിയപ്പെടും)
ഒരു പ്രത്യേക മേഖലയിൽ 10 കോവിഡ് ബാധിതരുണ്ടെങ്കിൽ അതിനെ ഒരു ക്ലസ്റ്ററായാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. ഇത്തരം ക്ലസ്റ്ററുകൾ കൂടുതലുള്ള സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കും. കോവിഡ് ബാധിതർ കുറവും മരണനിരക്കു കൂടുതലുമുള്ള സ്ഥലങ്ങളെയും ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തും. കേന്ദ്രം ഏപ്രിൽ ആദ്യവാരം പുറത്തിറക്കിയ പട്ടികയിൽ കേരളത്തിൽനിന്ന് കാസർകോടും പത്തനംതിട്ടയും കോവിഡ് വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഹോട്സ്പോട്ട് പട്ടികയിലുണ്ടായിരുന്നു. ഇവിടങ്ങളിൽ രോഗികളുടെ എണ്ണമല്ല, രോഗവ്യാപന സാധ്യതയുടെ രൂക്ഷതയായിരുന്നു പ്രധാന മാനദണ്ഡം. കോവിഡ് ഹോട്സ്പോട്ടുകൾ സംബന്ധിച്ച തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കും അധികാരമുണ്ട്.
കോവിഡ് വ്യാപനമനുസരിച്ച് ഇന്ത്യയിൽ ഓരോ ജില്ലകളെയും മേഖലകളെയും പ്രത്യേകം സോണുകളായി തിരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളാണുള്ളത്. രോഗികളുടെ എണ്ണം, രോഗം ഇരട്ടിക്കുന്നതിന്റെ തോത്, പരിശോധനയുടെ തോത്, നിരീക്ഷണ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റെഡ് സോൺ തീരുമാനിക്കുക. കഴിഞ്ഞ 21 ദിവസത്തിനിടെ ഒരാൾക്കു പോലും രോഗം സ്ഥിരീകരിക്കാത്ത ജില്ലയാണ് ഗ്രീൻ സോണിലുണ്ടാവുക. ഗ്രീൻ, റെഡ് സോണുകളിൽപ്പെടാത്തവയെല്ലാം ഓറഞ്ച് ആയി രേഖപ്പെടുത്തും. റെഡ് സോണായ ജില്ലയിൽത്തന്നെ മുനിസിപ്പൽ അതിർത്തിക്കു പുറത്ത് 21 ദിവസത്തിനിടെ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ ആ പ്രദേശം ഓറഞ്ച് വിഭാഗത്തിൽപ്പെടും. ഓറഞ്ച് ജില്ലകളിൽ 21 ദിവസത്തിനിടെ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ ആ പ്രദേശങ്ങൾ ഗ്രീൻ വിഭാഗത്തിൽപ്പെടും. ഓറഞ്ച്, ഗ്രീൻ സോണുകളുടെ മാറ്റം സംബന്ധിച്ചു സംസ്ഥാന സർക്കാരിനു തീരുമാനമെടുക്കാം. റെഡ് സോൺ കേന്ദ്രം നിർദേശിച്ചതു പ്രകാരംതന്നെ തുടരണം.
കോവിഡ് രോഗികളെ കണ്ടെത്തിയ ചില സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കാറുണ്ട്. ഹോട്സ്പോട്ടുകളാണ് പ്രധാനമായും ഇത്തരം സോണുകളായി മാറ്റാറുള്ളത്. ഇത്തരം സോണുകളിൽ വീടുകൾക്കു പുറത്തിറങ്ങാൻ പോലും അനുവാദമുണ്ടാകില്ല. അവശ്യസേവനത്തിന് പൊലീസിന്റെ സഹായം ഉറപ്പാക്കും. വൈറസിന്റെ ഉറവിടം അറിയാത്ത സാഹചര്യത്തിലായിരിക്കും മിക്കവാറും കണ്ടെയ്ൻമെന്റ് സോണാക്കുക. പ്രാദേശികവും അതുവഴി മറ്റിടങ്ങളിലേക്കുമുള്ള വൈറസ് വ്യാപനം ഫലപ്രദമായി തടയുന്നതിനാണ് ഈ വഴി സ്വീകരിക്കുന്നത്. സജീവമായ കോവിഡ് രോഗികൾ, േമഖലയിലെ വ്യാപനം, അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വ്യാപനത്തിനുള്ള സാധ്യത തുടങ്ങിയവ പരിഗണിച്ചാണ് ജില്ലാ ഭരണകൂടങ്ങൾ ഇത്തരം സോണുകള്‍ നിശ്ചയിക്കുന്നത്. വ്യാപനം നിയന്ത്രണവിധേയമായാൽ കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളിലും ഇളവ് വരും.
വിദേശത്തുനിന്നു തിരികെയെത്തുകയോ കോവിഡ് രോഗലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യുമ്പോൾ പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ കഴിയുന്നതാണ് ക്വാറന്റീൻ. ഇങ്ങനെ കഴിയുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടാകില്ല, ചിലപ്പോൾ ലക്ഷണങ്ങളുമുണ്ടാകില്ല. ജാഗ്രതയുടെ ഭാഗമായി സ്വീകരിക്കുന്ന നടപടിയാണിത്. കുടുംബാംഗങ്ങളുമായി സമ്പർക്കമില്ലാതെ മാറിക്കഴിയുന്നതിന് സെൽഫ് ക്വാറന്റീൻ എന്നും പേരുണ്ട്. കേരളത്തിൽ 28 ദിവസം വരെയാണ് ക്വാറന്റീൻ നിർദേശിച്ചിരുന്നത്.
കോവിഡ് സ്ഥിരീകരിച്ചവരെ മറ്റുള്ളവരില്‍നിന്നു മാറ്റിപ്പാർപ്പിക്കുന്നതാണ് ഐസലേഷൻ. കേരളത്തിൽ കോവിഡ് ബാധിച്ചവർക്കായി ആശുപത്രികളിലാണ് ഐസലേഷൻ സൗകര്യമൊരുക്കിയത്. രോഗം ഭേദമാകുന്നതുവരെ ഇവിടെ തുടരണം.
ലോക്ഡൗൺ നിയന്ത്രണങ്ങൾ കുറയ്ക്കുന്നതോടെ ജനങ്ങളുടെ ഇടപെടലുകൾ സ്വാഭാവികമായും വർധിക്കും. തുടർന്ന്, രോഗം പടരുന്നതിന്റെ വേഗവും വർധിച്ചേക്കാം. ഈ ഘട്ടത്തിൽ വയോധികരിലും മറ്റു രോഗങ്ങൾ ഉള്ളവരിലുമാണ് കോവിഡ് പടരാനും തീവ്രമാകാനും കൂടുതൽ സാധ്യത. വയോധികരെയും രോഗികളെയും ( 60 വയസ്സ് കഴിഞ്ഞവരും അർബുദം, ഹൃദ്രോഗം, കരൾ രോഗം, ശ്വാസകോശ രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവ ബാധിച്ചവരും വലിയ ശസ്ത്രക്രിയകൾക്കു വിധേയരാവയരും) പൂർണമായി ക്വാറന്റീനിൽ ആക്കുകയും രോഗവ്യാപന സാധ്യത കുറവുള്ള, ആരോഗ്യമുള്ള യുവാക്കളെ പുറത്തിറക്കുകയും ചെയ്യുന്നതിനെയാണ് റിവേഴ്സ് ക്വാറന്റീൻ എന്നു വിളിക്കുന്നത്. ദൈനംദിന ജോലികളും ജനങ്ങളുടെ ജീവിതസാഹചര്യങ്ങളും മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുകയാണ് റിവേഴ്സ് ക്വാറന്റീൻ വഴി ലക്ഷ്യമിടുന്നത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് നമ്മുടെ സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ സമ്പൂർണ ലോക്ഡൗൺ അധികകാലം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇവിടെയാണ് റിവേഴ്സ് ക്വാറന്റീനിന്റെ പ്രസക്തി.
കോവിഡ് ഹോട്ട്സ്പോട്ട് മേഖലകളിലും ഹൈ റിസ്ക് കാറ്റഗറികളിലും ഉള്പെടുന്നവരുടെ സ്രവസാംപിള്‍ റാന്‍ഡമായി ശേഖരിച്ച് സമൂഹവ്യാപന സാധ്യതകള്‍ പരിശോധിക്കുന്നതിനാണ് സെന്റിനല്‍ സര്‍വെയ്ലന്‍സ് നടത്തുന്നത്. ഇതുവഴി രോഗികളുമായി അടുത്തിടപഴകാൻ സാധ്യതയുള്ളവരുടെയും രോഗസാധ്യത ഏറ്റവുമധികമുള്ളവരുടെയും സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ കഴിയും. ഫീല്‍ഡ് ജോലിയില്‍ വ്യാപൃതരായിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍, കമ്യൂണിറ്റി കിച്ചന് തൊഴിലാളികള്‍, നഴ്സുമാര്‍, പാരാമെഡിക്കൽ സ്റ്റാഫ്, ഹോം ഡെലിവറിക്കാർ, ആശ വർക്കർമാർ, പോസിറ്റിവ് കേസുമായി ഇടപെട്ട ജനപ്രതിനിധികള്‍, അതിഥി തൊഴിലാളികൾ, സമൂഹത്തില്‍ നിരന്തരം ഇടപെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാംപിളുകളാണ് പ്രധാനമായും ശേഖരിക്കുക. ആശുപത്രികളിൽ ഒപി ചികിത്സയ്ക്കു വരുന്നവരിൽ പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെയും ആവശ്യമെങ്കില്‍ പരിശോധിക്കും. വിവരങ്ങള്‍ മറയ്ച്ചു വയ്ക്കുമായിരുന്ന ആളുകളെയും സെന്റിനല്‍ സര്‍വെയ്ലന്‍സിലൂടെ കണ്ടെത്താന്‍ കഴിയും.
വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കു പുറമേ സമൂഹത്തില്‍ ആര്‍ക്കെങ്കിലും കോവിഡ് 19 രോഗബാധയുണ്ടോ എന്നറിയുന്നതിനായി പൊതുജനങ്ങളില്‍ നിന്നും സാംപിൾ ശേഖരിക്കുന്നതാണിത്. പൊലീസുകാർ, ആരോഗ്യ പ്രവർത്തകർ, പൊതുജനവുമായി കൂടുതൽ ഇടപഴകുന്നവർ തുടങ്ങിയവരെല്ലാം ഓഗ്മെന്റഡ് (വലിയ അളവിലുള്ള) സാംപിൾ ടെസ്റ്റിങ്ങിൽ ഉൾപ്പെടും. കൂടുതൽ പേരിലേക്ക് ടെസ്റ്റിങ് വ്യാപിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ആരെയെല്ലാം ഈ ടെസ്റ്റിങ്ങിൽ ഉൾപ്പെടുത്തണമെന്ന് അധികൃതർക്കു തീരുമാനിക്കാം.
ഒരു വലിയ മേഖലയിലുള്ള ഒട്ടേറെ പേരിലേക്ക് രോഗം എത്തിക്കാൻ വിധം ശരീരത്തിൽ വൈറസ് നിറഞ്ഞയാളെ വിളിക്കുന്ന പേര്. ഇവരിൽനിന്ന് ഒട്ടേറെ മേഖലകളിലേക്കു വൈറസ് പരക്കാനിടയാകും. യൂറോപ്യൻ സന്ദർശനം കഴിഞ്ഞെത്തിയ, 70 വയസ്സുള്ള സിഖ് മതാചാര്യൻ, ഒട്ടേറെ ഗ്രാമങ്ങൾ സന്ദർശിച്ചതിലൂടെ കോവിഡ് പടർന്നത് പഞ്ചാബിൽ വലിയ വാർത്തയായിരുന്നു.
കോവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനായി ആരോഗ്യ പ്രവർത്തകർ നടത്തുന്ന ശ്രമം. ഇവരെ കണ്ടെത്തി ക്വാറന്റീനിലാക്കുന്നതോടെ രോഗപ്പകർച്ച തടയാനാകും. രോഗലക്ഷണമുള്ളവർക്ക് സ്രവ പരിശോധനയും നടത്തും
കോവിഡ് ബാധിച്ചവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത് (Droplet transmission). ഏകദേശം ഒരു മീറ്റർ വരെ ഈ സ്രവം എത്തും. അതിനാൽ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഒരു മീറ്റർ വരെ അകലം പാലിച്ചാൽ കോവിഡ് പകരുന്നത് ഒരു പരിധിവരെ തടയാം. ഇത്തരത്തിൽ കോവിഡ് പടരാതിരിക്കാൻ പൊതു ഇടങ്ങളിലുൾപ്പെടെ സുരക്ഷിത അകലം പാലിക്കുന്നതിനെയാണ് സോഷ്യൽ ഡിസ്റ്റൻസിങ് (Social Distancing) എന്നു വിളിക്കുന്നത്.
പ്രത്യേക തെർമൽ സ്ക്രീനിങ് ക്യാമറ ഉപയോഗിച്ച് ഓരോരുത്തരുടെയും ശരീരോഷ്മാവ് അളക്കാവുന്ന സംവിധാനം. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങി വൻതോതിൽ ജനമെത്തുന്നയിടത്ത് പനിയും മറ്റുമുള്ളവരെ ഈ ക്യാമറ വഴി സ്കാൻ ചെയ്ത് എളുപ്പം കണ്ടെത്താനാകും.
ഇന്ത്യയിൽ ഒരു രോഗത്തെ പ്രഖ്യാപിത ദുരന്തമാക്കി (Notified Disaster) ഉത്തരവ് പുറപ്പെടുവിച്ചാൽ ചെലവുകൾക്കുള്ള തുക വിവിധ സംസ്ഥാനങ്ങൾക്കു ദുരന്ത നിവാരണ ഫണ്ടിൽനിന്നെടുക്കാം.
സാധാരണ 2, 3 അടരുകളായുള്ളതാണ് സർജിക്കൽ മാസ്ക് അഥവാ ഫെയ്സ് മാസ്ക്; നീല, പച്ച തുടങ്ങിയ നിറങ്ങളിൽ ലഭിക്കുന്നവ. രോഗമോ/ രോഗമെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ളവരാണ് ഇതു പ്രധാനമായും ഉപയോഗിക്കേണ്ടത്. രോഗഭീഷണിയില്ലാത്ത സാധാരണക്കാർക്ക് തുണികൊണ്ടും മറ്റുമുള്ള മാസ്കുകള്‍ ഉപയോഗിക്കാം.
ആരോഗ്യ പ്രവർത്തകർക്കായുള്ള സുരക്ഷാ മാസ്കുകളിൽ പ്രധാനപ്പെട്ടതാണ് എൻ95 അഥവാ റെസ്പിരേറ്റർ (N എന്നാൽ Not resistant to oil) മുഖത്ത് അമർന്നിരിക്കുന്ന ഈ മാസ്കിന് വായുവിലെ 95% വരുന്ന സൂക്ഷ്മ വസ്തുക്കളെയും അരിച്ചുമാറ്റാൻ ശേഷിയുണ്ട്. ഇവ ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ശ്വാസം എടുക്കാൻ അൽപം പ്രയാസം നേരിടാം. അതിനാൽ കൂടുതൽ നേരം തുടർച്ചയായി ഇതുപയോഗിക്കാനാകില്ല. ആരോഗ്യപ്രവർത്തകർക്കും രോഗികളെ നേരിട്ടു പരിചരിക്കുന്നവർക്കുമാണ് എൻ 95 നിർദേശിച്ചിരിക്കുന്നത്.
കോവിഡ് പോലുള്ള രോഗം ബാധിക്കുന്നവർക്കു ശക്തമായ ശ്വാസതടസ്സം നേരിടാറുണ്ട്. സ്വയം ശ്വാസമെടുക്കാൻ പോലുമാകാതെ ബുദ്ധിമുട്ടുമ്പോൾ കൃത്രിമ ശ്വാസത്തിനായി ലഭ്യമാക്കുന്ന ജീവൻ രക്ഷാ ഉപകരണമാണ് വെന്റിലേറ്റർ. ശ്വാസകോശത്തെ വികസിപ്പിച്ച് ആവശ്യത്തിന് ഓക്സിജൻ എത്തിക്കുകയാണ് ഈ ഉപകരണം ചെയ്യുക. സ്വയം ശ്വസിക്കാൻ രോഗി പ്രാപ്തനാകുന്നതോടെ വെന്റിലേറ്റർ മാറ്റും. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ പല രാജ്യങ്ങളിലും ആവശ്യത്തിനു വെന്റിലേറ്റർ ലഭിക്കാത്തതു വാർത്തയായിരുന്നു.
ഒരു രോഗം പടരുമ്പോൾ വിവിധ പ്രതിരോധ നടപടികളിലൂടെ അതിന്റെ വ്യാപനത്തെ കുറച്ചുകൊണ്ടു വരുന്നതിനെ ചാർട്ടിലൂടെ വിശദീകരിക്കുന്നതാണിത്. കോവിഡിന്റെ കാര്യത്തിലാണെങ്കിൽ ആവശ്യത്തിനു പ്രതിരോധ നടപടി സ്വീകരിച്ചും കൈകൾ ശുചിയായി കഴുകിയും സാമൂഹിക അലകം പാലിച്ചുമെല്ലാം രോഗവ്യാപനം തടയാം. യുഎസിലെ സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സിഡിസി) ചാർട്ടിനു രൂപം നൽകിയത്. പകർച്ചവ്യാധി, മഹാമാരി തുടങ്ങിയ സമയങ്ങളിലെ പ്രവർത്തനങ്ങളെയും സ്ഥിതിവിശേഷങ്ങളെയും സാമ്പത്തിക അവസ്ഥയെയുമെല്ലാം വിശദീകരിക്കാൻ ആരോഗ്യ–സാമ്പത്തിക–സാമൂഹിക വിദഗ്ധർ ഉൾപ്പെടെ ‘ഫ്ലാറ്റനിങ് ദ് കർവിന്റെ’ സഹായം തേടിയതോടെയാണ് ചാർട്ട് പ്രശസ്തമായത്.
ഇന്ത്യയിൽ ബയോമെഡിക്കൽ ഗവേഷണ രംഗത്തെ ഏറ്റവും ഉന്നതസ്ഥാപനമാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ). കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ആരോഗ്യ ഗവേഷണ രംഗത്ത് രാജ്യാന്തരതലത്തിൽതന്നെ പ്രശസ്തമാണ്. കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യ രംഗത്തെ ഭീഷണികൾക്കുള്ള പരിഹാരം തേടി വിവിധ സംസ്ഥാനങ്ങളിലെ ഗവേഷണങ്ങളെ ഏകോപിപ്പിക്കുന്നതും ഐസിഎംആറാണ്.
ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികൾ ശരീരത്തെ ആക്രമിച്ച് രോഗം വരുത്തിയാൽ അവയെ പ്രതിരോധിക്കാൻ ആന്റിബയോട്ടിക്കുകൾ കൊണ്ടു സാധിക്കും. എന്നാൽ, വൈറസുകളെ ആന്റിബയോട്ടിക്കുകൾ കൊണ്ട് പ്രതിരോധിക്കാനാകില്ല. ഇതിനായി ഉപയോഗിക്കുന്ന പ്രതിരോധമരുന്നാണ് വാക്സിൻ. വൈറസുകൾക്കെതിരേ പ്രതിരോധം തീർക്കാൻ ശരീരത്തിനു നൽകുന്ന രോഗാണുക്കളെയോ ജൈവസംയുക്തങ്ങളെയോ ആണ് വാക്സിനുകൾ എന്ന് പറയുന്നത്. വാക്സിൻ നൽകുമ്പോൾ ശരീരത്തിന്റെ പ്രതിരോധസംവിധാനം അതിനോട് വേണ്ടരീതിയിൽ പ്രതികരിച്ച് പ്രതിരോധം തീർക്കും. എങ്ങനെയാണ് ആ വാക്സിനോട് പ്രതികരിച്ചതെന്ന കാര്യം ശരീരം ഓർമയിൽ സൂക്ഷിക്കുകയും ചെയ്യും. പിന്നീട് എപ്പോഴെങ്കിലും അത്തരം വൈറസുകൾ ശരീരത്തിൽ കയറിപ്പറ്റിയാൽ നേരത്തെ അവയെ തുരത്തിയ ഓർമവച്ച് അതേ രീതിയിൽത്തന്നെ അവയെ ഓടിക്കുന്നു. വൈറസ് വാക്സിനുകൾ പലതരമുണ്ട്. നിഷ്ക്രിയ വൈറസുകൾ (Inactivate Virus) ആണ് അവയിലൊന്ന്. രാസവസ്തുക്കൾ, ചൂട്, റേഡിയേഷൻ എന്നിവകൊണ്ട് നശിപ്പിക്കപ്പെട്ട വൈറസുകളെത്തന്നെ അവയുടെ ജീവനുള്ള വൈറസുകളെ കൊല്ലാൻ ഉപയോഗിക്കുന്നു. പോളിയോ വാക്സിനാണ് ഉദാഹരണം. നേർപ്പിച്ച വൈറസുകളാണ് മറ്റൊരിനം വാക്സിനേഷനുകൾ. അനുയോജ്യമായ കാലാവസ്ഥയിലും സാഹചര്യങ്ങളിലും വളർത്തുന്ന വൈറസുകളുടെ ശക്തി കുറച്ച ശേഷം വാക്സിനേഷനായി മാറ്റുന്നു. ഉദാഹരണം മഞ്ഞപ്പനി വാക്സിൻ.
പുതിയ മരുന്നുകളോ വാക്സിനോ മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ചതിനു ശേഷം മനുഷ്യരിൽ പരീക്ഷിക്കുന്നതാണ് ക്ലിനിക്കൽ ട്രയൽ. എത്രത്തോളം ഫലപ്രദവും സുരക്ഷിതവുമാണു മരുന്നെന്നറിയാൻ ഓരോരുത്തരുടെയും അനുമതിയോടെ നടത്തുന്ന പരീക്ഷണമാണിത്. ലബോറട്ടറി പരിശോധനകളും മൃഗങ്ങളിലെ പരീക്ഷണവും (ആനിമൽ ടെസ്റ്റിങ്) ഉൾപ്പെട്ട പ്രീ–ക്ലിനിക്കൽ ടെസ്റ്റിങ് വിജയകരമായി പൂർത്തിയാക്കിയാലാണ് ക്ലിനിക്കൽ ട്രയലിന് അനുമതി ലഭിക്കുക.
തുടരെത്തുടരെ ‘ജനിതക സ്വഭാവം’ മാറ്റുന്നുവെന്നതാണ് കൊറോണ പോലുള്ള ആർഎന്‍എ വൈറസുകളുടെ പ്രശ്നം. ഒരു ജനിതക സ്വഭാവം പഠിച്ച് ഗവേഷകർ മരുന്ന് തയാറാക്കുമ്പോഴേക്കും അതു മാറിയിട്ടുണ്ടാകും. പുതിയ കൊറോണ വൈറസിലും പല തവണ ജനിതക തിരുത്തലുകൾ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവയുടെ ജീനോം സീക്വൻസിങ് ഗവേഷകർക്കു മുന്നിലുള്ള വലിയ വെല്ലുവിളിയാകുന്നത്. ഒരു വൈറസിനെ രൂപപ്പെടുത്തുന്ന എല്ലാ ജീനുകളും ചേർന്നതാണ് ഒരു ജീനോം. ഈ ജീനോമിനോ അതിന്റെ ഭാഗങ്ങൾക്കോ സംഭവിക്കുന്ന മാറ്റങ്ങളാണു ഗവേഷകർ പുതിയ വാക്സിൻ കണ്ടെത്തുന്നതിനു മുൻപു തിരിച്ചറിയേണ്ടത്. ഒരു ജീനിലെ ന്യൂക്ലിയോടൈഡുകളുടെ സീക്വൻസ് തയാറാക്കുന്നതിനെയാണ് ജീനോം സീക്വൻസിങ് എന്നുവിളിക്കുന്നത്. എ, ബി,സി,ഡി...അക്ഷരങ്ങൾ പോലെയാണത്. ആർഎൻഎയുടെയോ ഡിഎൻഎയുടേയോ അടിസ്ഥാന ഘടകമാണ് ന്യൂക്ലിയോടൈഡുകൾ.
കയറു പിരിച്ചതു പോലെ രണ്ടു നാരുകളായാണ് (strand) ഡിഎൻഎയുടെ രൂപം. എന്നാൽ ഒരൊറ്റ നാരിനാലാണ് ആർഎൻഎ രൂപപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഗവേഷകർ ഇപ്പോഴും ജീനോം സീക്വൻസിങ് നടത്തിക്കൊണ്ടിരിക്കുന്ന ആർഎൻഎ വൈറസായ ഇൻഫ്ലുവൻസ വൈറസിന്റെ കാര്യമെടുക്കാം. പരസ്പരം ചേർന്നിരിക്കുന്ന ന്യൂക്ലിയോടൈഡ് ചെയിനുകളാലാണ് ഇവയുടെ ആർഎൻഎ രൂപപ്പെട്ടിരിക്കുന്നത്. ഇവയെ കോഡ് ചെയ്തിരിക്കുന്നതാകട്ടെ എ, സി, ജി, യുഎന്നീ അക്ഷരങ്ങളാലും. അഡനിൻ, സൈറ്റസീൻ, ഗ്വാനീൻ, യുറേസിൽ എന്നീ നൈട്രജൻ ബേസുകളെയാണ് ഈ അക്ഷരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ അഡനിൻ, ഗ്വാനിൻ, സൈറ്റോസിൻ, തൈമീൻ എന്നിവയാണ് ഡിഎൻഎയിൽ കാണപ്പെടുന്നത്. ആർഎൻഎയിൽ തൈമീനു പകരം കാണപ്പെടുന്നതാണ് യുറേസിൽ.
ഇങ്ങനെ ഓരോ വൈറസ് ജീനിലെയും ന്യൂക്ലിയോടൈഡുകളുടെ കൂടിച്ചേരൽ (composition) പ്രത്യേകതരത്തിലായിരിക്കും. ഇതിനെ മറ്റു വൈറസുകളുടേതുമായി താരതമ്യം ചെയ്താണ് അവ തമ്മിലുള്ള ജനിതക വ്യത്യാസം മനസ്സിലാക്കുന്നത്. ഇവിടെയാണ് ജീനോം സീക്വൻസിങ്ങിന്റെ പ്രസക്തിയും. വൈറസുകളുടെ ജീനോമിലെ ഓരോ ജീനിലും ന്യൂക്ലിയോടൈഡുകൾ എങ്ങനെ കൂടിച്ചേർന്നിരിക്കുന്നു എന്നു കണ്ടെത്തുന്നതാണ് ജീനോം സീക്വൻസിങ്. അഡനിൻ, ഗ്വാനിൻ, സൈറ്റോസിൻ, യുറേസിൽ തുടങ്ങിയവയുടെ ശ്രേണീകരണം എന്നു പറയാം.
വൈറസിന്റെ ജീനോമിലെ മൊത്തം ജീനുകളുടെ ശ്രേണീകരണം നടത്തുന്നതാണ് ഫുൾ ജീനോം സീക്വൻസിങ്. ഏകദേശം 13,500 വാക്കുകൾ ചേർന്നതാണ് ഈ സീക്വന്‍സിങ്. ഈ സീക്വൻസിലെ മാറ്റം നോക്കിയാണ് വൈറസുകൾക്ക് തിരുത്തൽ (മ്യൂട്ടേഷൻ) സംഭവിച്ചോയെന്നു മനസ്സിലാക്കുന്നത്.
വൈറസുകളിലെ ജനിതക തിരുത്തൽ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. വൈറസുകളുടെ പുറത്തുള്ള പ്രോട്ടീനുകളുടെ രൂപമാറ്റവും ഈ തിരുത്തലിലൂടെ സംഭവിക്കും. അങ്ങനെയാണ് പുതിയ ജീവികളിലെ കോശങ്ങളിലെ പ്രോട്ടീനുകളുമായി ബന്ധം സ്ഥാപിക്കാന്‍ വൈറസ് പ്രോട്ടീനുകൾക്കു സാധിക്കുന്നത്.
അമിനോആസിഡുകളുടെ ശ്രേണിയാലാണ് ഈ പ്രോട്ടിനുകൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ഈ അമിനോ ആസിഡുകളിലുണ്ടാകുന്ന മാറ്റമാണ് എത്രമാത്രം ശക്തമായി ഇവ മറ്റുള്ളവയിലേക്കു പടരും എന്നു നിശ്ചയിക്കുന്നത്. പൊതുവായുള്ള ഇൻഫ്ലുവൻസ എ, ബി വൈറസുകളിൽ എട്ട് ജീൻ സെഗ്മെന്റുകളാണുള്ളത്. ഇവയ്ക്കുള്ളിലാണ് ഒരു മനുഷ്യ ശരീര കോശത്തെ ആക്രമിക്കേണ്ടത് എങ്ങനെയാണെന്നും പുതിയ വൈറസുകളെ ഉൽപാദിപ്പിക്കേണ്ടതിനെക്കുറിച്ചുമുള്ള ‘നിർദേശങ്ങൾ’ ഉളളത്.
ഒട്ടകങ്ങളെ മാത്രം ആക്രമിച്ചിരുന്ന കൊറോണ വൈറസുകൾക്കു ജനിതക തിരുത്തൽ സംഭവിച്ച് അവ മനുഷ്യരിലേക്കും പടർന്നതാണ് മെർസ്. വെരുകുകളെ മാത്രം ആക്രമിച്ചിരുന്നവയ്ക്ക് തിരുത്തൽ സംഭവിച്ചതാണ് സാർസ് കോവ് 1 വൈറസ്. ഇതെല്ലാം വൈറസുകളുടെ പുറത്തുള്ള പ്രോട്ടീനുകൾക്ക് ജനിതക തിരുത്തൽ സംഭവിച്ചപ്പോൾ സാധ്യമായതാണ്. സാർസ് കോവ് 2 വൈറസ് എവിടെനിന്നാണു വന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈറസിന്റെ ജീനോം സീക്വൻസ് കണ്ടെത്തിയാൽ അവയ്ക്കു സമാനമായ വൈറസുകൾ ഏതെല്ലാം ജീവികളിലുണ്ടെന്നു കണ്ടെത്താനാകും. അതുവഴി ഏതു ജീവിയിൽനിന്നാണു പുതിയ കൊറോണ വൈറസ് പടർന്നതെന്നും തിരിച്ചറിയാം. ഒപ്പം വാക്സിൻ നിർമാണത്തിലും നിർണായക കണ്ടെത്തലാകും അത്.
പ്രതിരോധ മരുന്ന് വികസിപ്പിക്കും വരെ കോവിഡ് ചികിത്സയിൽ ഫലപ്രദമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതോടെ പ്രചാരം നേടിയ മരുന്ന്. 1934ൽ കണ്ടുപിടിച്ച ഇത് 1947 മുതലാണു മലേറിയയ്ക്കെതിരെ ഉപയോഗിക്കാൻ തുടങ്ങിയത്. മുൻപു സാർസ് രോഗത്തിനെതിരെ മരുന്ന് ഫലം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൊറോണ വൈറസിന് ആക്രമിക്കാൻ കഴിയാത്ത വിധം മനുഷ്യ കോശങ്ങളെ സംരക്ഷിക്കാൻ മരുന്നിനു സാധിക്കുമെന്നാണു നിഗമനം. ആവശ്യക്കാരേറിയതോടെ, ഈ മരുന്നിനെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാനാകാത്ത വിധം ഷെഡ്യൂൾ എച്ച്–1 വിഭാഗത്തിൽ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നു.
രോഗമോ ശാരീരിക പ്രശ്നങ്ങളോ ഉണ്ടാകാൻ കാരണമാകുന്ന വസ്തുക്കളിൽനിന്ന് ആരോഗ്യ പ്രവർത്തകനു സംരക്ഷണം നൽകാൻ ഉപയോഗിക്കുന്നവയാണ് പിപിഇ അഥവാ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ. കോവിഡ് പ്രതിരോധ രംഗത്തുള്ളവർക്ക് സർക്കാർ മാർഗനിർദേശമനുസരിച്ച് ഗോഗിൾസ് (കണ്ണട), ഫെയ്സ് ഷീൽഡ് (മുഖാവരണം), മാസ്ക്, ഗ്ലൗസ്, ഗൗൺ, തല മറയ്ക്കാനുള്ള കവർ, ഷൂ കവർ എന്നിവയാണു പിപിഇയായി നിശ്ചയിച്ചിരിക്കുന്നത്. വൈറസ് പിടിപെടാൻ സാധ്യതയേറെയുള്ള (ഹൈ റിസ്ക്) വിഭാഗത്തിലെ ആരോഗ്യപ്രവർത്തകർ ഇവയെല്ലാം ധരിക്കണം.
കോവിഡ് രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നത് സ്രവ പരിശോധനയിലൂടെയാണ്. രോഗമുണ്ടെന്നു സംശയിക്കുന്നവരുടെ തൊണ്ടയും മൂക്കും വഴിയാണ് സ്രവം ശേഖരിക്കുന്നത്; ചിലപ്പോൾ ശ്വാസകോശത്തിൽനിന്നും. ഇത് പ്രത്യേക താപനിലയിൽ സൂക്ഷിച്ച് ലാബിലെത്തിക്കും. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറൈസ് ചെയിൻ റിയാക്ഷൻ എന്ന ആർടി–പിസിആർ ടെസ്റ്റിന്റെ സഹായത്തോടെയാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക.
കോവിഡ് 19 ബാധിച്ച രോഗിയുടെ ശരീരത്തിൽനിന്നെടുക്കുന്ന സ്രവത്തിൽ മനുഷ്യശരീര കോശങ്ങളും വൈറസിന്റെ ജനിതക വസ്തുക്കളും മറ്റ് സൂക്ഷ്മജീവികളുമുണ്ടാകും. കോശങ്ങളിൽ മനുഷ്യന്റെ അടിസ്ഥാന ജനിതക വസ്തുവായ ഡിഎൻഎ ഉണ്ടായിരിക്കും. എന്നാൽ കൊറോണ വൈറസിന്റെ ശരീരത്തിൽ റൈബോന്യൂക്ലിക് ആസിഡാണ് (വൈറൽ ആർഎൻഎ) ജനിതക വസ്തു. ഡിഎൻഎ രണ്ട് നിരകളിലായി ‘ഏണിപ്പടി’ പോലെയാണെങ്കിൽ അതിന്റെ ഒരു വരി എടുത്തുകളഞ്ഞാൽ ലഭിക്കുന്നതാണ് ആർഎൻഎയുടെ രൂപം.
വൈറസിന്റെ ആർഎൻഎയെ പൊതിഞ്ഞ് ഒരു ന്യൂക്ലിയോ ക്യാപ്സിഡ് പ്രോട്ടീൻ സ്തരമുണ്ടാകും. മറ്റ് പ്രോട്ടീനുകളും ഈ സ്തരത്തിൽ കാണാം. കോശത്തിനകത്തെത്തി സ്വയം ഇരട്ടിക്കാൻ വൈറസിനെ സഹായിക്കുന്നത് ഈ പ്രോട്ടീനുകളാണ്. ഇവയുടെ ഉൽപാദനത്തിനു വേണ്ട നിർദേശങ്ങള്‍ നൽകുന്നത് വൈറസിന്റെ ആർഎൻഎയിലെ ജീനോമുകളാണ്. ഈ ജീനോമുകളെ തിരിച്ചറിയുകയെന്നതാണ് കോവിഡ് ടെസ്റ്റുകളുടെ ലക്ഷ്യം. വൈറസിന്റെ പെരുകലിനു സഹായകരമായ ന്യൂക്ലിയോ ക്യാപ്സിഡ് പ്രോട്ടീനുകളുടെ ഉൽപാദനത്തിനുവേണ്ട നിർദേശങ്ങൾ നൽകുന്നത് എൻ ജീനാണ്. ഇവയെ കണ്ടെത്തണമെങ്കിൽ ആവശ്യത്തിന് വൈറൽ ആർഎൻഎ സാംപിളിലുണ്ടായിരിക്കണം. എന്നാൽ സ്രവത്തിൽനിന്നു മിക്കവാറും അതു ലഭിക്കില്ല. ഈ സാഹചര്യത്തിൽ എൻ ജീനുകളുടെ എണ്ണം കൂട്ടുന്നതിനു (amplify) ചെയ്യുന്ന പ്രക്രിയയാണ് റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറൈസ് ചെയിൻ റിയാക്ഷൻ. റിവേഴ്സ് ട്രാൻസ്ക്രിപ്റ്റൈസ്, ടാക്ക് ഡിഎൻഎ പോളിമറൈസ് എന്നീ എൻസൈമുകളാണ് ഇതിന് ഉപയോഗിക്കുന്നത്. പോളിമറൈസ് ചെയിൻ റിയാക്ഷൻ പ്രക്രിയയിലൂടെ തെർമൽ സൈക്ലർ എന്ന ഉപകരണം വഴി വൈറൽ ആൻഎൻഎയുടെ ഡിഎൻഎ കോപ്പിയുണ്ടാക്കുന്നതിന് പലതവണ ആംപ്ലിഫിക്കേഷൻ നടത്തും. തെർമൽ സൈക്ലറിൽനിന്നു ലഭിക്കുന്ന വിവരം അപഗ്രഥിച്ചാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്. എന്നാൽ വളരെ പെട്ടെന്നുതന്നെ ഡിജിറ്റലായി വൈറസിനെ കണ്ടെത്താനുപയോഗിക്കുന്നതാണ് റിയൽ ടൈം പിസിആർ അഥവാ ക്യുപിസിആർ. ഡിജിറ്റൽ പിസിആർ എന്നും പേരുണ്ട്. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറൈസ് ചെയിൻ റിയാക്ഷൻ കഴിഞ്ഞു ലഭിക്കുന്ന സാംപിളിൽ ഫ്ലൂറസെന്റ് ഡൈ ഉപയോഗിച്ച് ഡേറ്റ ക്യുപിസിആർ മെഷീൻ വഴി അപഗ്രഥിച്ച് പെട്ടെന്നുതന്നെ വൈറൽ ആർഎൻഎയെ കണ്ടെത്താം. ഇതിനെ റിയൽ ടൈം ആർടി പിസിആർ എന്നും വിളിക്കുന്നു.
കൊറോണവൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ പ്രതിരോധിക്കാൻ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം രക്തത്തില്‍ ആന്റിബോഡി ഉൽപാദിപിക്കും. വൈറസ് ശരീരത്തിലെത്തിയാൽ ദിവസങ്ങൾക്കകം ആന്റിബോഡി നിർമിച്ചു തുടങ്ങും. രോഗബാധിതന്റെ രക്തത്തിൽ കൊറോണ വൈറസിനെ നേരിടാൻ ഉൽപാദിപ്പിക്കപ്പെടുന്ന ഈ ആന്റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു നടത്തുന്ന ഫലനിർണയമാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്. അതിവേഗത്തിൽ (30 മിനിറ്റിനകം) കോവിഡ് രോഗനിർണയം സാധ്യമാക്കുന്ന പരിശോധനയാണിത്. ഐജിഎം (IgM) ആന്റിബോഡിയുണ്ടെങ്കിൽ രോഗം ഇപ്പോഴുമുണ്ടെന്നും (പോസിറ്റിവ്) ഐജിജിയും ഐജിഎമ്മും ഉണ്ടെങ്കിൽ (IgG+IGM) രോഗം ഭേദമായെന്നും (നെഗറ്റിവ്) കരുതാവുന്നതാണ്. വൈറസ് ഉണ്ടോയെന്ന പ്രാഥമിക പരിശോധന മാത്രമാണിത്. ഏതുതരം വൈറസിനെയും കണ്ടെത്താൻ ആദ്യം ചെയ്യുന്ന പരിശോധനയാണിത്. ഇന്ത്യയിൽ എൻഎബിഎൽ (National Accreditation Board for Testing and Calibration Laboratories) അംഗീകാരമുള്ള ലബോറട്ടറികളിൽ സർക്കാർ അനുമതിയോടെ മാത്രം നടത്താനാകുന്ന ഈ പരിശോധനയ്ക്കു ഗവ. ഡോക്ടറുടെ കുറിപ്പടി നിർബന്ധമാണ്. എന്നാൽ കൊറോണ വൈറസിന്റെ സ്ഥിരീകരണത്തിന് റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറൈസ് ചെയിൻ റിയാക്ഷൻ ടെസ്റ്റ് തന്നെ വേണം.
കോവിഡ് ബാധിച്ചു രോഗമുക്തി നേടിയവരുടെ രക്തത്തിലെ, വൈറസിനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡി ഉപയോഗിച്ചു ചികിത്സിക്കുന്ന രീതിയാണു കോൺവാലസെന്റ് പ്ലാസ്മ ചികിത്സ. രോഗമുക്തി നേടിയവരുടെ പ്ലാസ്മ ശേഖരിച്ച് മറ്റൊരു രോഗിക്കു നല്കുമ്പോള് അതിലുളള ആന്റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു രോഗി പോകുന്നതു തടയുകയും ചെയ്യും.
കോവിഡ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കൈ സോപ്പിട്ടു ശുചിയായി കഴുകുക എന്നതാണ്. സോപ്പില്ലെങ്കിൽ സാനിട്ടൈസർ ഉപയോഗിക്കാം. 60 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയിരിക്കുന്ന സാനിട്ടൈസറുകൾ മികച്ച അണുനാശിനിയാണ്.
കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പ് നടപ്പാക്കിയ ക്യാംപെയ്ൻ. ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരുന്ന വൈറസിന്റെ ‘ചങ്ങലക്കണ്ണി’ മുറിക്കാനുള്ള പ്രതിരോധ നടപടികളാണ് ക്യാംപെയ്ന്റെ ഭാഗമായി നടപ്പിലാക്കിയത്– നേരായ രീതിയിൽ സോപ്പും സാനിട്ടൈസറും ഉപയോഗിച്ചു കൈ കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങിയവ ഉദാഹരണം.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് ആരോഗ്യസേവനം ലഭ്യമാക്കാൻ കേന്ദ്ര സര്‍ക്കാർ രൂപം നൽകിയ മൊബൈൽ ആപ്ലിക്കേഷൻ. നാഷനൽ ഇൻഫർമേറ്റിക്സ് സെന്റർ രൂപം നൽകിയ ഈ ആപ് ഇന്ത്യയിലെ കോവിഡ് വ്യാപനം ട്രാക്ക് ചെയ്യാനും എവിടെയെല്ലാം ഭീഷണിയുണ്ടെന്ന് അറിയിക്കാനും ബോധവൽകരണം നടത്താനുമാണു പ്രധാനമായും ഉപയോഗിക്കുന്നത്. ജിപിഎസ്, ബ്ലൂടൂത്ത് സംവിധാനങ്ങൾ ഉപയോഗിച്ച് കോവിഡ് മേഖലകൾ സംബന്ധിച്ച മുന്നറിയിപ്പു നൽകാനും കോവിഡ് രോഗികളുമായി ഇടപഴകുന്നതു തടയാനും സഹായിക്കുന്നു. സർക്കാർ–സ്വകാര്യ ജീവനക്കാർ ഉൾപ്പെടെ നിർബന്ധമായും ആപ് ഡൗൺലോഡ് ചെയ്യണമെന്നു കേന്ദ്ര നിർദേശമുണ്ട്. മലയാളം ഉൾപ്പെടെ 12 ഭാഷകളിൽ നിലവിൽ ലഭ്യം.
വൈറസ്, ബാക്ടീരിയ, ഫംഗൈ തുടങ്ങിയവയും സമാനമായ മറ്റു ജൈവ വിഷവസ്തുക്കളും കൃത്രിമമായി ഉൽപാദിപ്പിച്ച്, ഒരു പ്രത്യേക മേഖലയിലോ ലോകമെമ്പാടോ രോഗം പരത്തണമെന്ന ലക്ഷ്യത്തോടെ പ്രയോഗിക്കുമ്പോഴാണ് അതു ജൈവായുധമായി മാറുന്നത്. മറ്റുള്ളവരെ കൊലപ്പെടുത്താനും വിളകളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം നശിപ്പിക്കാനും ഇതുപയോഗിക്കാം. ആന്ത്രാക്സ് രോഗാണുക്കളെ ഇത്തരത്തിൽ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ബയോ ടെററിസം എന്ന വാക്കുതന്നെ ഇതുമായി ബന്ധപ്പെട്ടു രൂപപ്പെട്ടിട്ടുണ്ട്. പുതിയ കൊറോണ വൈറസ് ചൈന രൂപം നൽകിയ ജൈവായുധമാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.