എങ്ങനെയാണ് ചന്ദ്രനിലേക്കുള്ള മൂന്നാം ചന്ദ്രയാന്റെ യാത്ര?
എന്താണ് ചന്ദ്രയാൻ 2നെ അപേക്ഷിച്ച് 3ന്റെ പ്രത്യേകതകൾ?
എത്തിക്കുന്നതിങ്ങനെ:
എങ്ങനെയാണ് ചന്ദ്രനിലേക്കുള്ള മൂന്നാം ചന്ദ്രയാന്റെ യാത്ര?
എന്താണ് ചന്ദ്രയാൻ 2നെ അപേക്ഷിച്ച് 3ന്റെ പ്രത്യേകതകൾ?
പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും റോവറും ചേർന്ന ചന്ദ്രയാൻ 3 പേടകം ഭൂമിക്കു ചുറ്റും ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിച്ചു . 5 ഘട്ടങ്ങളിലായി ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ ഭ്രമണപഥം ഉയർത്തുകയാണ് ആദ്യം ചെയ്തത്– ജൂലൈ 15ന്. പിന്നീട് ജൂലൈ 17, 18, 20, 25 തീയതികളിലും ഭ്രമണപഥം ഉയർത്തി. ഭൂമിയോട് ഏറ്റവും അടുത്ത് (പെരിജി) 170 കിലോമീറ്ററും ഏറ്റവും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതായിരുന്നു ഈ ഭ്രമണപഥം. ഓഗസ്റ്റ് 1ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പേടകം മാറി. ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിച്ചു. അവിടെ ദീർഘവൃത്താകൃതിയിൽ തുടങ്ങി വ്യാസം കുറച്ചുകൊണ്ടു വന്ന് 4 ഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തിക്കൊണ്ടു വന്നു. ഓഗസ്റ്റ് ആറിനായിരുന്നു ആദ്യ താഴ്ത്തൽ. ഓഗസ്റ്റ് 9, 14, 16 തീയതികളിലും ഭ്രമണപഥം താഴ്ത്തി. ചന്ദ്രോപരിതലത്തിന് 100 കി.മീ. ഉയരത്തിലെത്തിയപ്പോൾ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം മാറി.
ലാൻഡറും അതിനകത്തെ റോവറും പ്രൊപ്പൽഷൻ മൊഡ്യൂളും ഒരുമിച്ചു ചേർത്താണ് ചന്ദ്ര ഭ്രമണപഥത്തിൽ എത്തിയത് . ചന്ദ്രോപരിതലത്തിൽനിന്ന് 100 കി.മീ. അകലെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡറും റോവറും ഉൾപ്പെട്ട ഭാഗം വേർപെട്ടു . തുടർന്ന് മൊഡ്യൂൾ ചന്ദ്രനെ ചുറ്റുന്നു , ലാൻഡറും റോവറും ഉപരിതലത്തിലേക്കിറങ്ങും. ചന്ദ്രയാൻ പേടകത്തിന് ആകെ ഭാരം 3900 കിലോഗ്രാം. ഒത്ത ഒരു ഏഷ്യൻ ആണാനയുടെ ശരാശരി ഭാരം.
ചന്ദ്രയാൻ 3 ദൗത്യത്തെ ബഹിരാകാശത്തേക്കു വഹിച്ചത് അത്യാധുനിക റോക്കറ്റായ എൽവിഎം 3 എം4. ഇന്ത്യയുടെ ഏറ്റവും വലിയ ക്രയോജനിക് എൻജിനായ സി20 ആണ് ഇതിലുള്ളത്.
ഓഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപ്പെട്ടു. ഓഗസ്റ്റ് 18നും തുടർന്നുള്ള ദിവസങ്ങളിലും ചന്ദ്രന്റെ കൂടുതൽ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാൻഡറിനെ മാറ്റി.
ഭൂമിയിൽനിന്ന് വ്യത്യസ്തമായി ചന്ദ്രനില്‍ ഭൂഗുരുത്വബലം മാറിമറിയുന്നതിനാല്‍ അതിന് ആനുപാതികമായി ത്രസ്റ്ററുകൾ ജ്വലിപ്പിച്ച്, പേടകത്തെ മുകളിലേക്ക് തള്ളി വേഗത കുറയ്ക്കും. രണ്ട് ത്രസ്റ്റർ എൻജിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചായിരിക്കും ഇത്. ആവശ്യമെങ്കില്‍ 4 ത്രസ്റ്റർ എൻജിനുകൾ ഉപയോഗിക്കാനാകും. സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാൻ ശ്രമിക്കും. ഇത് 3 മീറ്റർ വേഗത്തിലായാലും തകരാതിരിക്കാൻ കരുത്തുറ്റ കാലുകളാണ് ഇത്തവണ ലാൻഡറിൽ. സെൻസറുകൾ ഉപയോഗിച്ച് ചന്ദ്രന്റെ ഗുരുത്വബലം മനസ്സിലാക്കി, ലേസർ ഡോപ്ലർ വെലോസിറ്റി മീറ്ററിന്റെ സഹായത്തോടെ വേഗനിയന്ത്രണം. ലാൻഡ് ചെയ്യാനുള്ള സ്ഥലം കൃത്യമായി സ്കാൻ ചെയ്തെടുത്ത് എല്ലാം അനുകൂലമായാൽ ലാൻഡിങ്.
സോഫ്റ്റ് ലാൻഡിങ് വിജയകരമായാൽ ഇനി റോവറിന്റെ ഊഴം. ലാൻഡിങ്ങിനിടെ ഉയർന്ന പൊടി താഴാനുള്ള കാത്തിരിപ്പ്. ശേഷം, 6 ചക്രങ്ങളുള്ള റോവർ റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക്. ഭൂമിയിലെ 14 ദിവസമാണ് റോവറിന്റെ ആയുസ്സ്. ആ നാളുകളിലെല്ലാം വിവിധ പരീക്ഷണങ്ങൾ നടത്തും. പ്രൊപ്പൽഷൻ മൊഡ്യൂളിലും ലാൻഡറിലും റോവറിലുമായി 7 പരീക്ഷണ ഉപകരണങ്ങളാണുള്ളത്. റോവർ ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡറിലേക്കും അവിടെനിന്ന് കൺട്രോൾ സെന്ററായ ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലേക്കും അയയ്ക്കും. ആവശ്യമെങ്കിൽ ചന്ദ്രയാൻ 2ന്റെ ഓർബിറ്ററിലേക്ക് ലാൻഡറിൽ നിന്നുള്ള വിവരങ്ങൾ അയച്ചും ആശയവിനിമയം നടത്താനാകും. ചന്ദ്രയാൻ 3 ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതോടെ, ആ നേട്ടം കൈവരിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ.