ഐഎസ്ആർഒ ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യം. നിർമിച്ചത് ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിൽ. പേടകത്തിൽ 13 പേലോഡ്. ലക്ഷ്യമിടുന്നത്: ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ജലത്തിന്റെ സാന്നിധ്യം, ചാന്ദ്രമണ്ണിന്റെയും പാറകളുടെയും രാസഘടന, ധാതുക്കൾ, ജലകണികകൾ തുടങ്ങിയവയെക്കുറിച്ചുള്ള പഠനം; ചന്ദ്രോപരിതലത്തിലുള്ള ഹീലിയം 3 നിക്ഷേപം അളക്കൽ.
പേടകത്തെ വഹിച്ചത് ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റ് എംകെ ത്രീ (മാർക്ക് 3) എം1. 4000 കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റിന്റെ വിളിപ്പേര് ‘ഐഎസ്ആർഒയുടെ ബാഹുബലി’. ഇതു യാത്രയുടെ മൂന്നു ഘട്ടത്തിൽ ഉപയോഗിച്ചത്:
പേടകത്തിലെ ഓർബിറ്ററിൽ നിന്ന് ലാൻഡർ സെപ്റ്റംബർ രണ്ടിനു ബഹിരാകാശത്ത് ‘ബന്ധം’ വിച്ഛേദിച്ചു. ഓർബിറ്റർ ചന്ദ്രനെ ഒരു വർഷത്തിലേറെ വലംവയ്ക്കും. ഇതിലെ പരീക്ഷണ ഉപകരണങ്ങൾ:
ചന്ദ്രയാൻ 2ന്റെ സുപ്രധാനഭാഗം. ആയുസ്സ് ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം). ബെംഗളൂരുവിലെ ബൈലാലുവിലുള്ള ഇന്ത്യൻ ഡീപ് സ്പെയ്സ് നെറ്റ്‌വർക്കുമായും (ഐഡിഎസ്എൻ) ഓർബിറ്ററുമായും റോവറുമായും ബന്ധം പുലർത്തും. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ സ്മരണയിൽ വിക്രം എന്നു പേര്. ചന്ദ്രയാൻ ഒന്നിലെ മൂൺ ഇംപാക്റ്റ് പ്രോബ് ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നു. എന്നാൽ ചന്ദ്രയാൻ 2 ലാൻഡറിന് നാലു കാലിൽ പറന്നിറങ്ങുന്ന ‘സോഫ്റ്റ് ലാൻഡിങ്’ രീതിയാണ്.
പ്രഗ്യാനെന്നാൽ സംസ്കൃതത്തിൽ ‘അറിവ്’ എന്നർഥം. ചന്ദ്രയാൻ–1ൽ റോവർ ഉണ്ടായിരുന്നില്ല. 6 ചക്രം; സെക്കന്റിൽ 1 സെന്റിമീറ്ററാണ് റോവറിന്റെ സഞ്ചാരം, ആകെ 500 മീ. സഞ്ചരിക്കാനുള്ള ശേഷി. ചന്ദ്രോപരിതലത്തിൽ 150– 200 മീ. വരെ സഞ്ചരിക്കും. ആയുസ്സ് ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം). പ്രവർത്തനം സൗരോർജത്തിൽ. ലാൻഡറുമായി മാത്രം ആശയവിനിമയം. ചന്ദ്രോപരിതല ഘടനയെക്കുറിച്ച് ആഴത്തിലുള്ള പഠനം ലക്ഷ്യം.
ജൂലൈ 22നു ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം അഞ്ചു തവണ പേടകത്തിന്റെ ഭൂഭ്രമണപഥം ഉയർത്തൽ നടന്നു. ഓഗസ്റ്റ് 14നു ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു പേടകം ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഓഗസ്റ്റ് 20നു ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. പിന്നീട് 5 തവണ ചാന്ദ്രഭ്രമണപഥം താഴ്ത്തി. സെപ്റ്റംബർ ഒന്നിന് ചന്ദ്രന്റെ ഏറ്റവുമടുത്ത് 114 കിലോമീറ്ററും ഏറ്റവുമകലെ 128 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലെത്തി.
ഓർബിറ്ററിൽ നിന്ന് ലാൻഡർ സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്കു വേർപെട്ടു. സെപ്റ്റംബർ മൂന്നിന് രാവിലെ ചന്ദ്രന്റെ കൂടുതൽ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാൻഡറിനെ മാറ്റി. നാലിനു പുലർച്ചെ ചന്ദ്രനു 35 കിമീ മുകളിലുള്ള ഭ്രമണപഥത്തിൽ ലാൻഡറെത്തി.
സെപ്റ്റംബർ 7നു പുലർച്ചെ 1.55നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം മാർസിനസ് സി, സിംപെലിയസ് എൻ വിള്ളലുകൾക്കിടയിൽ ലാൻഡർ പറന്നിറങ്ങുക. അതിനു മുന്നോടിയായി വിക്രം ലാൻഡർ സ്വയം എൻജിൻ ഡീബൂസ്റ്റ് ചെയ്തു വേഗം കുറയ്ക്കും. പിന്നീട് ദക്ഷിണധ്രുവം സൂക്ഷ്മമായി സ്കാൻ ചെയ്യും. ലാൻഡിങ്ങിനുള്ള കുന്നും കുഴിയും ഇല്ലാത്ത സുരക്ഷിത സ്ഥലം സ്വയം കണ്ടുപിടിച്ചതിനു ശേഷം സോഫ്റ്റ്‌ലാന്‍ഡിങ്. അക്ഷാംശം 70.9 ഡിഗ്രി തെക്കും 22.7 ഡിഗ്രി കിഴക്കുമായാണ് ലാൻഡിങ്. ഇവിടെ ഇറക്കാൻ അനുയോജ്യമായ സ്ഥലം ലഭിച്ചില്ലെങ്കിൽ അക്ഷാംശം 67.7 ഡിഗ്രി തെക്കും 18.4 ഡിഗ്രി പടിഞ്ഞാറും ലാൻഡിങ്ങിനുള്ള പദ്ധതിയും ഐഎസ്ആർഒയ്ക്കുണ്ട്. ചന്ദ്രന്റെ മധ്യരേഖയിൽ നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുക ഇതാദ്യമായിട്ടായിരിക്കും. ഇറങ്ങിയതിനു പിന്നാലെ ഭൂമിയിലേക്ക് ഓർബിറ്റര്‍ വഴി ലാൻഡറിൽ നിന്ന് ആദ്യ സന്ദേശം. അതോടെ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമാവും.
ചന്ദ്രനിലിറങ്ങി 4 മണിക്കൂർ കൊണ്ട് ലാൻഡറിൽ നിന്ന് റോവർ പുറത്തേക്കെത്തി പര്യവേഷണം തുടങ്ങും. റോവറിൽ നിന്ന് ലാൻഡറിലെത്തുന്ന ഗവേഷണ വിവരങ്ങൾ അവിടെ നിന്നു ഭൂമിയിലേക്ക് അയയ്ക്കുക ഓർബിറ്ററായിരിക്കും.