Read in English

ജൂൺ 16; ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ദിനം. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടമാണന്ന്.
ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടങ്ങളിൽ മറക്കാനാകാത്ത ചില നിമിഷങ്ങളിലൂടെ...

ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നപ്പോഴെല്ലാം ക്രിക്കറ്റ് മൈതാനങ്ങൾ വേദിയായിട്ടുള്ളത് തീപാറുന്ന പോരാട്ടങ്ങള്‍ക്ക്. സച്ചിൻ തെൻഡുൽക്കർ, വസിം അക്രം, സൗരവ് ഗാംഗുലി, ജാവേദ് മിയാൻദാദ്, വീരേന്ദർ സേവാഗ്, ഷോയ്ബ് അക്തർ, വെങ്കിടേഷ് പ്രസാദ്, ഇമ്രാൻ ഖാൻ തുടങ്ങിയ വമ്പന്മാരെല്ലാം പല കാലങ്ങളിൽ ഈ പോരാട്ടച്ചൂടിൽ പങ്കാളികളായി. ലോകകപ്പ് വേദികളിൽ പാക്കിസ്ഥാനെതിരെ അജയ്യരാണ് ഇന്ത്യ. ലോകകപ്പിൽ ഇതുവരെ ഇരുവരും ഏറ്റുമുട്ടിയത് 6 തവണ. എല്ലാ തവണയും ജയം ഇന്ത്യയ്ക്കൊപ്പം.

1992 മാർച്ച് 4 സിഡ്നി

തോൽവിയിലേക്കൊരു ‘തവളച്ചാട്ടം’

സ്‌ലോ പിച്ചിൽ ഇന്ത്യ 49 ഓവറിൽ നേടിയത് 216 റൺസ്. പാക്കിസ്ഥാനും ഏറെ പിടിച്ചുനിൽക്കാനായില്ല. വിക്കറ്റുകൾ ഒന്നൊന്നായി പൊഴിഞ്ഞു. ഇന്ത്യൻ കീപ്പർ കിരൺ മോറെ 3 പേരെ ക്യാച്ചെടുത്തു പുറത്താക്കി. നായകൻ ഇമ്രാന്റെ റണ്ണൗട്ടിലും മോറെയ്ക്കു നിർണായക പങ്ക്. സച്ചിന്റെ ബോളിങ്ങിൽ ലെഗ്സൈഡിലൂടെയുള്ള പന്ത് മിയാൻദാദിന്റെ ബാറ്റിൽ ഉരസിയശേഷമാണു താൻ പിടിച്ചത് എന്നു ധരിച്ച് മോറെ ചാടിക്കൊണ്ട് ആർത്തുവിളിച്ചു. ഇതു മിയാൻദാദിനെ ചൊടിപ്പിച്ചു. പൊതുവെ പൊക്കം കുറഞ്ഞ മോറെയുടെ ചാട്ടം അനുകരിച്ചുകൊണ്ട് മിയാൻദാദും ചാടി– ചരിത്രത്തിൽ ഇടം നേടിയ ‘തവളച്ചാട്ടം’. ഏറെ വൈകാതെ മിയാൻദാദ് ശ്രീനാഥിന്റെ പന്തിൽ പുറത്തായി. പാക്കിസ്ഥാൻ: 48.1 ഓവറിൽ 173നു പുറത്ത്. 43 റൺസിന് ഇന്ത്യൻ ജയം. മാൻ ഓഫ് ദ് മാച്ച്: സച്ചിൻ തെൻഡുൽക്കർ

1996 മാർച്ച് 9 ബെംഗളൂരു

ആമിർ–പ്രസാദ് പോരാട്ടം

ലോകകപ്പ് ക്വാർട്ടർ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം. ഇന്ത്യ 50 ഓവറിൽ എട്ടിന് 287. മികച്ച ഫോമിലുള്ള പാക്കിസ്ഥാന്റെ ആമിർ സൊഹൈൽ വെങ്കിടേഷ് പ്രസാദിനെതിരെ ബൗണ്ടറി നേടിയശേഷം പന്തുപോയ ഭാഗത്തേക്ക് ബാറ്റുചൂണ്ടി കളിയാക്കി. എന്നാൽ തൊട്ടടുത്ത പന്തിൽ സൊഹൈലിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച് പ്രസാദിന്റെ പകരം വീട്ടൽ– സൊഹൈലിനു പുറത്തേക്കുള്ള വഴി ആംഗ്യത്തിലൂടെ കാണിച്ചുകൊടുത്തു പ്രസാദ്. പാക്കിസ്ഥാൻ 49 ഓവറിൽ ഒൻപതിന് 248. ഇന്ത്യ 39 റൺസിന് ജയിച്ചു. പ്രസാദ് അന്നു വീഴ്ത്തിയത് 3 വിക്കറ്റുകൾ. മാൻ ഓഫ് ദ് മാച്ച്: നവ്ജ്യോത് സിദ്ദു

1999 ജൂൺ 9 മാഞ്ചെസ്റ്റർ

വീണ്ടും വെങ്കിടേഷ്

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോർ കണ്ട മത്സരം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ആറിന് 227 റൺസെടുത്തു. 81 റൺസുമായി രാഹുൽ ദ്രാവിഡായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്ക് നിരയിൽ ആകെ തിളങ്ങിയത് 41 റൺസെടുത്ത ഇൻസമാം ഉൾഹഖ് മാത്രം. 45.3 ഓവറിൽ പാക്കിസ്ഥാനെ ഇന്ത്യ ചുരുട്ടിക്കെട്ടി. 180 റൺസിന് എല്ലാവരും പുറത്ത്. ഇന്ത്യയ്ക്ക് 47 റൺസ് ജയം. 27 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വെങ്കിടേഷ് പ്രസാദായിരുന്നു മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. മാൻ ഓഫ് ദ് മാച്ച്: വെങ്കിടേഷ് പ്രസാദ്

2003 മാർച്ച് 1 സെഞ്ചൂറിയൻ

സച്ചിൻ–അക്തർ

ലോകകപ്പിൽ സച്ചിനെ പാഠം പഠിപ്പിക്കും എന്നു ശുഐബ് അക്തറിന്റെ വീമ്പിളക്കൽ. ശുഐബിന്റെ ആദ്യ പന്തിൽ സച്ചിൻ ഒന്നും ചെയ്തില്ല. അടുത്ത പന്തിൽ തേഡ്മാനു മുകളിലൂടെ സിക്സ്. അടുത്ത പന്ത് സ്ക്വയർലെഗിലൂടെ ഫോർ. ശുഐബിന്റെ ആദ്യ ഓവറിൽ മാത്രം 18 റൺസ്. കളിയുടെ ഫലം അവിടെ തീരുമാനമായിരുന്നു. ഒടുവിൽ ശുഐബ് തന്നെ സച്ചിന്റെ വിക്കറ്റെടുത്തു. അതിനോടകം പക്ഷേ സച്ചിൻ 98 റൺസ് നേടിയിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 50 ഓവറിൽ ഏഴിന് 273 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 45.4 ഓവറിൽ നാലിന് 276 റൺസെടുത്ത് വിജയം കണ്ടു. 6 വിക്കറ്റിന് ജയം. മത്സരത്തിൽ പാക്കിസ്ഥാന്റെ സയീദ് അൻവർ സെഞ്ചുറി നേടി. മാൻ ഓഫ് ദ് മാച്ച്: സച്ചിൻ തെൻഡുൽക്കർ

2011 മാർച്ച് 30 മൊഹാലി

നയതന്ത്രത്തിന്റെ കപ്പ്

ഇന്ത്യ കൂടി ആതിഥ്യം വഹിച്ച 2011ലെ ലോകകപ്പ്. ഇന്ത്യയും പാക്കിസ്ഥാനും സെമിയിൽ നേർക്കുനേർ. മൊഹാലിയിലായിരുന്നു സെമി. മൽസരം കാണാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ക്ഷണം പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി സ്വീകരിച്ചു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം മരവിച്ചു കിടക്കുന്ന ഇന്ത്യ - പാക്ക് ബന്ധത്തിൽ പുതിയ ഉണർവുണ്ടാക്കാൻ ഇത് അവസരമൊരുക്കി. ഇന്ത്യ 50 ഓവറിൽ ഒൻപതിന് 260. സച്ചിൻ 85 റൺസ്. പാക്കിസ്ഥാൻ 50 ഓവറിൽ 231നു പുറത്ത്. ഇന്ത്യയ്ക്ക് 29 റൺസ് ജയം. മാൻ ഓഫ് ദ് മാച്ച്: സച്ചിൻ തെൻഡുൽക്കർ

2015 ഫെബ്രുവരി 15 അഡ്‌ലെയ്ഡ്

കോഹ്‌ലിയുടെ സെഞ്ചുറി

ഇന്ത്യയുടെ ആദ്യ മൽസരംതന്നെ പാക്കിസ്ഥാനെതിരെ. അന്ന് ഉപനായകൻ വിരാട് കോഹ്‌ലി നേടിയ സെഞ്ചുറി (107) ചരിത്രത്തിൽ ഇടം നേടി. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചുറി. ഇന്ത്യ–പാക്ക് ലോകകപ്പ് മൽസരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയായിരുന്നു കോഹ്‌ലിയുടേത്. മറികടന്നത് 2003ൽ ദക്ഷിണാഫ്രിക്കയിൽ സച്ചിൻ തെൻഡുൽക്കർ നേടിയ 98 റൺസ്. 2003ൽ സയീദ് അൻവർ നേടിയ 101 റൺസും കോഹ്‌ലി മറികടന്നു. മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ ഏഴിന് 300. പാക്കിസ്ഥാൻ 47 ഓവറിൽ 224നു എല്ലാവരും പുറത്ത്. ഇന്ത്യയ്ക്ക് 76 റൺസ് ജയം മാൻ ഓഫ് ദ് മാച്ച്: വിരാട് കോഹ്‍ലി