ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യഘട്ടത്തിലെ മേൽക്കൈ ആയിരുന്നു ലക്ഷ്യം. ബോളർമാർക്ക് അനുകൂലമായ പിച്ചിൽ തുടക്കത്തിലേ ആധിപത്യം നേടുകയെന്ന ലോയ്ഡിന്റെ തന്ത്രം വിജയിച്ചു. പക്ഷേ മൽസരം കൈവിട്ടുപോയി. ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തിരുന്നെങ്കിൽ ഭേദപ്പെട്ട ടോട്ടലിലെത്തുകയും ഇന്ത്യൻ സ്കോർ അതിനടുത്തെത്താതെ പതറുകയും ചെയ്യുമായിരുന്നു. അവിടെയാണ് വിൻഡീസിന് കണക്കുക്കൂട്ടൽ തെറ്റിയതും ലോകത്തിന്റെ നെറുകയിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രയാണം ആരംഭിച്ചതും. അന്ന് ലോഡ്സിൽ എന്താണു സംഭവിച്ചത്...?
രണ്ടു റൺസുമായി ഓപ്പണിങ് ബാറ്റ്സ്മാൻ സുനിൽ ഗാവസ്കറെ ആന്‍ഡി റോബർട്സിന്റെ പന്തിൽ കീപ്പർ ജെഫ് ഡുജോൺ പിടിച്ചു പുറത്താക്കി. ഇന്ത്യൻ സ്കോർ 2/1. ആദ്യ പ്രഹരം.
ശ്രീകാന്ത് 57 പന്തിൽ നേടിയ 38 റൺസ് ഇന്ത്യൻ ടോട്ടലിലേക്ക് ചെറുതല്ലാത്ത സംഭാവനയായി. ഏഴു ബൗണ്ടറികളും ഒരു സിക്സറുമടങ്ങിയ ആ ഇന്നിങ്സ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകി. ചീട്ടുകൊട്ടാരം പോലെ തകരുന്നതിൽനിന്ന് ഇന്ത്യയെ കരകയറ്റിയത് മൊഹീന്ദർ അമർനാഥും ശ്രീകാന്തും ചേർന്നു സമ്മാനിച്ച 57 റൺസിന്റെ കൂട്ടുകെട്ട്. ശ്രീകാന്ത്് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 59/2.
അമർനാഥ് 108 മിനിറ്റ് ക്രീസിൽ പിടിച്ചുനിന്നു. നേടിയത് 80 പന്തിൽ 26 റൺസ്. ഹോൾഡിങ് അമർനാഥിന്റെ വിക്കറ്റ് തെറിപ്പിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സ്കോർ 90/3. 29 പന്തുകളിൽനിന്ന് സന്ദീപ് പാട്ടീൽ നേടിയ 27 റൺസും നിർണായകമായി. ആ ഇന്നിങ്സിൽ ഒരു സിക്സറും.
ടൂർണമെന്റിൽ മികച്ച ഫോമിൽനിന്ന കപിൽദേവ് ഇക്കുറി നിരാശപ്പെടുത്തി. ആകെ നേടിയത് 15 റൺസ്.
മുൻനിര ബാറ്റ്സ്മാൻമാരെ അപേക്ഷിച്ച് വാലറ്റക്കാരുടെ സംഭാവന ചെറുതായിരുന്നില്ല. മദൻലാൽ (17), സയ്യിദ് കിർമാനി (14), ബൽവിന്ദർ സന്ധു (11) എന്നിവർ ചേർന്ന് സംഭാവന ചെയ്തത് 42 റൺസ്. ഇന്ത്യൻ സ്കോർ 54.4 ഓവറിൽ 183ൽ അവസാനിക്കുന്നു.
വിൻഡീസ് നിലയുറപ്പിക്കും മുൻപേ ഓപ്പണർ ഗോർഡൻ ഗ്രീനിഡ്ജ് സന്ധുവിന്റെ സ്വിങ് ബോളിൽ ഒരു റണ്ണിനു പുറത്ത്. ഇന്ത്യൻ സ്കോർ അനായാസം മറികടക്കാമെന്ന മോഹവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആദ്യ പ്രഹരം. വൈകാതെ ഹെയ്ൻസ് (13) മദൻലാലിന്റെ പന്തിൽ റോജർ ബിന്നിയുടെ കൈകളിൽ.
സ്കോർ ഉയർത്താൻ സാക്ഷാൽ വിവിയൻ റിച്ചാർഡ്സിന്റെ ശ്രമം. കൂറ്റൻ അടികളിലൂടെ റിച്ചാർഡ്സ് അടിത്തറയിടാൻ ശ്രമിക്കുന്നു. 28 പന്തിൽ 33 റൺസുമായി നിൽക്കെ റിച്ചാർഡ്സ് പുറത്ത്. മൽസരത്തിലെ വഴിത്തിരിവ്. മദൻലാലിന്റെ പന്ത് മിഡ് വിക്കറ്റിലേക്ക് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിൽ റിച്ചാർഡ്സിന് ലക്ഷ്യം തെറ്റി. 15 വാര പിന്നിലേക്ക് ഓടിയ കപിൽദേവിന്റെ കൈകളിൽ പന്ത് ഭദ്രം. സ്കോർ 57/3. വിൻഡീസ് തകർച്ചയുടെ യഥാർഥ തുടക്കം.
ഇന്ത്യൻ ബോളർമാരുടെയും ഫീൽഡർമാരുടെയും മികച്ച പ്രതിരോധം. നായകൻ ലോയ്ഡ് എട്ടു റൺസുമായി പുറത്തേക്ക്. ബിന്നിയുടെ പന്തിൽ കപിൽ ക്യാച്ചെടുത്തു. മധ്യനിരയുടെ തകർച്ച വിൻഡീസിന് ക്ഷീണമായി.
ലാറി ഗോമസിനെ (5) മദൻലാൽ പുറത്താക്കിയപ്പോൾ 25 റൺസുമായി ഒന്നര മണിക്കൂർ പിടിച്ചുനിന്ന ഡുജോൺ അമർനാഥിന് വിക്കറ്റ് സമ്മാനിച്ച് പുറത്തേക്ക്. അമർനാഥിന്റെ സ്ലോ മീഡിയം പേസിൽ ഡുജോൺ തെറിച്ചു. മൊഹീന്ദറിന്റെ അടുത്ത ഓവറിൽ മാർഷൽ (18) പുറത്തായി. 2 റൺസിനുശേഷം റോബർട്‌സ് (4) കപിലിനു കീഴടങ്ങി. വിൻഡീസ് ഒൻപതിനു 126. വിജയം 58 റൺസ് അകലെ.
ഗാർണറും ഹോൾഡിങ്ങുമായിരുന്നു വാലറ്റത്ത്. 52-ാം ഓവറിലെ അവസാന പന്തിൽ മിലിട്ടറി മീഡിയം പേസിൽ മൊഹീന്ദറിന്റെ ഒരു ഇൻകട്ടർ. ഹോൾഡിങ് എൽബിഡബ്ല്യു. അംപയർ ഡിക്കി ബേർഡിന്റെ ചൂണ്ടുവിരൽ വായുവിലേക്കുയരുമ്പോൾ വിൻഡീസ് 140ന് പുറത്ത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് ഇന്ത്യയിലേക്ക്.