Zero Waste Home
Zero Waste Home

കമ്യൂണിറ്റി ലിവിങ്ങിലെ മാലിന്യ സംസ്കരണം-വിജയമാതൃകകൾ

Zero Waste Home

മാലിന്യ സംസ്കരണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുൻപോട്ട് പോയിട്ടുണ്ട്. ഉദാഹരണമായിട്ട് തിരുവനന്തപുരം മുനിസിപ്പാലിറ്റിയിൽ കേന്ദ്രീകൃതമായിട്ടുള്ള സംവിധാനമുണ്ടായിരുന്നു. ഈ സംവിധാനം ഒരു പ്രത്യേക സമയത്ത് നിർത്തിവയ്ക്കേണ്ടി വന്നു. ആ സമയത്ത് നഗരത്തിൽ മാലിന്യം കുന്നുകൂടി. അങ്ങനെ ഒരുപാട് വീടുകളില്‍ ഒരു കുഴിയെടുത്തെങ്കിലും കംപോസ്റ്റ് ചെയ്യുന്ന സ്വഭാവത്തിലേക്ക് ആളുകൾ മാറി. ഫ്ളാറ്റുകളിലൊക്കെ ബയോബിന്നുകളോ ബയോഗ്യാസ് പ്ലാന്റുകളോ ഒക്കെ സ്ഥാപിച്ചു. അങ്ങനെ ചെയ്തതിലൂടെ മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറച്ചുകൊണ്ടു വരാൻ സാധിച്ചു.

ലോകത്തു തന്നെ അംഗീകരിക്കപ്പെട്ട ഒരു മാതൃകയായിട്ട് ആലപ്പുഴയെ കണക്കാക്കുന്നു. ഉള്ള സ്ഥലങ്ങളിൽ തന്നെ ഈ തുമ്പൂർമൊഴി സംവിധാനം വച്ച് അതിനു ചുറ്റുമുള്ള വീടുകളില്‍ നിന്നുള്ള മാലിന്യം അവിടെ കൊണ്ടു വന്ന് സംസ്കരിക്കുന്ന ഒരു രീതിയുണ്ട്. അതുപോലെ വീടുകളിൽ തന്നെ പൈപ്പ് കംപോസ്റ്റോ ബയോഗ്യാസ് പ്ലാന്റോ വച്ച് മാലിന്യം സംസ്കരിക്കുന്ന രീതിയുണ്ട്. അതുപോലെ തന്നെ അഴുകാത്ത മാലിന്യങ്ങള്‍ സംഭരിച്ച് പുനരുപയോഗത്തിന് ലഭ്യമാക്കുന്ന രീതിയിലുള്ള മാതൃകകളും നിലവിൽ ഉണ്ട്. ഉദാഹരണത്തിന് തലമുടി ഒന്നും ചെയ്യാൻ പറ്റാത്ത വസ്തു എന്നു പറഞ്ഞ് നമ്മൾ ഉപേക്ഷിക്കുന്നതാണ്. പക്ഷേ ഇപ്പോൾ തലമുടി ലയിപ്പിക്കാനുള്ള ലായനികൾ ഉണ്ട്. അങ്ങനെ ലയിപ്പിച്ചു കഴിയുമ്പോൾ അതിൽ നിന്ന് കിട്ടുന്ന ലിക്വിഡിൽ ധാരാളം പ്രോട്ടീൻ ഉണ്ട്. അത് ചെടികളിൽ ഉപയോഗിച്ചു കഴിഞ്ഞാൽ ചെടികൾ നന്നായി തഴച്ചു വളരും. ഓരോ വസ്തുവിനും ഇത്തരത്തിലുള്ള പുനഃചംക്രമണ സാധ്യതകളുണ്ട്. ഈ മാതൃകകൾ മറ്റു പഞ്ചായത്തുകൾക്കും നഗരസഭകള്‍ക്കും ഉപയുക്തമാക്കുക എന്നതാണ്. അതിന്റെ വിശദവിവരങ്ങൾ ശുചിത്വ മിഷന്റെ വെബ്സൈറ്റിൽ (www.sanitationkerala.gov.in) ലഭ്യമായിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താവുന്നതാണ്. ഓരോ മാതൃകകളുടെയും പ്രത്യേകതകൾ അതിൽ നിന്ന് മനസ്സിലാകും. ഒരോ വ്യക്തിക്കും ഉണ്ടാകേണ്ടത് ഒരു ഗ്രീൻ പ്രോട്ടോക്കോൾ പാലനമാണ്.

നമ്മൾ കടയിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കരുതിക്കഴിഞ്ഞാൽ സ്വാഭാവികമായും അവിടെ നിന്ന് ഒരു പ്ലാസ്റ്റിക് കവർ വാങ്ങേണ്ടി വരുന്നില്ല. അതുപോലെ തന്നെ വീട്ടിലുണ്ടാകുന്ന മാലിന്യം, പ്ലാസ്റ്റിക് കവറിൽ കെട്ടി റോഡിൽ കൊണ്ടിടുന്ന സ്വഭാവത്തിൽ നിന്ന് മാറി, ചെറിയ സ്ഥലമെങ്കിലും ലഭ്യമാണെങ്കിൽ ഒരു കുഴി കുഴിച്ച് അതിനകത്തിട്ടു കഴിഞ്ഞാൽ അത് കമ്പോസ്റ്റായി മാറും. അല്ലെങ്കിൽ അടുക്കളത്തോട്ടം ഉണ്ടെങ്കിൽ അതിൽ നിക്ഷേപിക്കുക. തെങ്ങിൻ തോട്ടമുണ്ടെങ്കിൽ അവിടെ നിക്ഷേപിക്കുക. അതിന് പ്രത്യേകിച്ച് ചെലവില്ല. അത്തരത്തിൽ നമുക്ക് അനുയോജ്യമായിട്ടുള്ള കാര്യങ്ങൾ ഓരോ വ്യക്തിയും ഓരോ കുടുംബവും സ്വീകരിച്ചു കഴിഞ്ഞാൽ മാലിന്യത്തിന്റെ പ്രശ്നം വളരെ വലിയ തോതിൽ നമ്മുടെ സമൂഹത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും. ഗ്രീൻ പ്രോട്ടോകോൾ, ഹരിത ചട്ടം എന്നു പറയുന്നത് നമ്മുടെ ഒരു മന്ത്രമായിട്ട് ഒരു മാറേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ആർ. അജയകുമാർ വർമ്മ

എക്സിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വമിഷൻ

തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സർക്കാർ