വനിതാദിനത്തിൽ ഇവർക്കും പറയാനുണ്ട്...
സൂര്യ.വി, രാജശ്രീ സത്യപാൽ

മെറിൻ ജോസഫ്-
ഒരോ ദിവസവും സ്വയം മെച്ചപ്പെടുത്താൻ വനിതകൾ
ധൈര്യമുള്ളവരായിരിക്കേണ്ടത് അത്യാവശ്യമാണ്.
അസാധ്യമെന്ന് നിങ്ങൾക്കു തോന്നുന്ന കാര്യങ്ങൾ
സാധ്യമാക്കി സ്വയം തെളിയിക്കാൻ പ്രയത്നിക്കുക.
ആത്മവിശ്വാസമുള്ളവരായിരിക്കുക. കാരണം നിങ്ങൾക്ക്
സ്വയം വിശ്വാസമില്ലെങ്കിൽ മറ്റാരും നിങ്ങളിൽ
വിശ്വാസമർപ്പിക്കില്ല. ജീവിതം കാഠിന്യമേറിയതു
തന്നെയാണ്, എന്നാൽ വെല്ലുവിളികളെ അതിജീവിച്ച്
മുന്നേറുമ്പോൾ ജീവിതത്തിന് കൂടുതൽ സൗന്ദര്യം
കൈവരും. അതുകൊണ്ട് ഓരോ പ്രയാസങ്ങളേയും ഓരോ
പാഠങ്ങളായി കണ്ടു മുന്നോട്ടു തന്നെ പോവുക.
മുരളീധരൻ- വൈക്കം വിജയലക്ഷ്മിയുടെ പിതാവ്
ആഗ്രഹവും പ്രതീക്ഷയുമുണ്ടായിട്ടും
കാത്തിരുന്നു കിട്ടിയ വിവാഹം വേണ്ടെന്ന്
വെയ്ക്കുക, വനിതാദിനത്തിന് മൂന്നുനാൾ മുമ്പ്
ഗിന്നസ് റിക്കോഡിലേക്ക് എത്തുക. ഈ വനിതാദിനത്തിലെ
താരം ഗായികവിജയലക്ഷ്മി തന്നെയാണ്. മകളോടൊപ്പം
നിഴലുപോലെ കൂടെയുള്ള പിതാവിന് മകളുടെ
തീരമാനത്തെക്കുറിച്ച് പെൺകുട്ടികൾ ബോൾഡ് ആകേണ്ട
ആവശ്യകതയെക്കുറിച്ച് പറയാനുള്ളത്.
വിവാഹം
വേണ്ടെന്നുവച്ചത് മകളുടെ തീരുമാനമാണ്. അവളാണ് കൂടെ
ജീവിക്കേണ്ടത്. തീരുമാനമെടുക്കാനുള്ള
പരിപൂർണ്ണസ്വാതന്ത്ര്യവും ഞങ്ങൾ അവൾക്കു
നൽകിയിരുന്നു. നാട്ടുകാർ എന്തുപറയും ഇനിയൊരു
വിവാഹമുണ്ടാകുമോ എന്നൊന്നും ഞങ്ങൾ ചിന്തിച്ച്
തലപുണ്ണാക്കാൻ പോയില്ല. എല്ലാവരെയും ക്ഷണിച്ചു
വിവാഹം നടത്തിയിട്ട് അതിനുശേഷം ഒരു
ദുരന്തമുണ്ടാകുന്നതിലും നല്ലതാണ് അതിനു മുമ്പേ
വേണ്ടെന്നു വെയ്ക്കുന്നത്. ഈ തീരുമാനത്തിൽ എത്തിയ
ശേഷമാണ് വിജയലക്ഷ്മി മനസ്സുതുറന്ന് ചിരിച്ചത്.
അതിനുമുമ്പുവരെ അവൾ കടന്നുപോയത്
മാനസികപിരിമുറുക്കത്തിലൂടെയാണ്. വിവാഹത്തേക്കാൾ
കൂടുതൽ ഞങ്ങൾ ദൈവം അവൾക്ക് നൽകിയ കഴിവുകളെ
മനസിലാക്കുന്നു. പാടുക എന്നതാണ് അവളുടെ
എപ്പോഴത്തെയും ആഗ്രഹം, അതാണ് അവളെ ഇന്നത്തെ
വിജയലക്ഷ്മിയാക്കിയത്. ആ പാട്ടില്ലെങ്കിൽ
വിജയലക്ഷ്മിയില്ല. അത് അറിഞ്ഞുകൊണ്ട് ചേരാത്ത ഒരു
വിവാഹം നടത്തികൊടുക്കുന്നതിനോട് യോജിപ്പില്ല.
മകളുടെ തീരുമാനത്തെ മാനിക്കുകയാണ് ഞങ്ങൾ ചെയ്തത്.
ഭാഗ്യലക്ഷ്മി
പെൺകുട്ടികൾ
ധൈര്യമായിരിക്കുക. ഏത് പ്രതിസന്ധിയേയും നേരിടാൻ
അവർ ഉൗർജം സംഭരിക്കുക. തന്നെ ആര് ഉപദ്രവിച്ചാലും
താൻ അപമാനിതയാവില്ല എന്ന് സ്വയം തീരുമാനിക്കുക.
ഏതു പീഡനത്തേയും മനശക്തി കൊണ്ട് നേരിടുക.
സമൂഹത്തിനു മുമ്പിൽ നേരിട്ട പീഡനം തുറന്നു
പറയാനുള്ള മനസുകാട്ടുക. പിന്നെ സ്വയം
പ്രതിരോധിക്കാനുള്ള ധൈര്യവും കാട്ടുക. കുട്ടികളെ
ചെറുപ്പം മുതൽ തന്നെ തനിക്കു നേരെ നീണ്ടുവരുന്ന
കൈകളെ ഒടിക്കുവാൻ പ്രാപ്തരാക്കുക.
മാല
പാർവതി
ഇത്തവണത്തെ ബജറ്റ് തന്നെ സ്ത്രീ
സുരക്ഷയ്ക്ക് ഉൗന്നൽ നൽകുന്ന ബജറ്റാണ്. ഷെൽറ്റർ
ഹോമും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട
ബോധവൽക്കരണവുമുൾപ്പെടെ ഒട്ടേറെ പദ്ധതികൾ
ബജറ്റിലുണ്ട്,. ബജറ്റിൽ അനുവദിച്ചിരിക്കുന്ന ഇൗ
തുക പൊതുസമൂഹത്തെ ബോധവൽക്കരിക്കാനും കൂടി
ഉപയോഗപ്പെടുത്തണം. അല്ലതെ സ്ത്രീകളിലേക്ക്
ഒതുങ്ങിപ്പോകരുത്. സ്ത്രീ സുരക്ഷയുടെ ചർച്ചയും
പരിപാടികളുമെല്ലാം പുരുഷന്മാരെയും കൂടി
ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തണം. സ്ത്രീയെ
മാറ്റിനിർത്താതെ അവളെയും കൂടി ചേർത്തു നിർത്താൻ
പുരുഷനെ പ്രാപ്തനാക്കണം. ഒരു ജീൻസിട്ടാലോ
ലെഗിംസിട്ടാലോ സ്ത്രീയെ ഉപദ്രവിക്കാൻ തോന്നുന്ന
പുരുഷന്റെ മനസാണ് ആദ്യം മാറ്റിയെടുക്കേണ്ടത്.

