സ്ത്രീകളേ... നിങ്ങൾക്ക് ഒറ്റയ്ക്ക് 'എസ്കേപ്പ്' ആകണോ?
ശ്രീ പാർവതി
ഹൈവേ എന്ന ഇംതിയാസ് അലി ചിത്രം പല സ്ത്രീകളെയും
മോഹിപ്പിച്ചിട്ടുണ്ട്. ആളുമാറി തട്ടിക്കൊണ്ടുപോയ
പെൺകുട്ടിയിൽ നിന്നും സിനിമയിലെ നായിക തന്റെ
സ്വാതന്ത്ര്യത്തിലേയ്ക്കും യാത്രകളിലേയ്ക്കും
ധൈര്യത്തോടെ ഇറങ്ങി സഞ്ചരിക്കുന്ന കാഴ്ച
അത്രമാത്രം ഊർജസ്വലമാണ്. ഒരു സാധാരണക്കാരിയായ
സ്ത്രീയുടെ സ്വപ്നമെന്തായിരിക്കാം? അവനവനിൽ
ഉറങ്ങിക്കിടക്കുന്ന കുഞ്ഞു മോഹങ്ങളെയെങ്കിലും
നിവർത്തിച്ചെടുക്കണമെന്ന ആഗ്രഹം പോലും സാധിക്കാൻ
കഴിയാത്തതിന്റെ സങ്കടങ്ങളിൽ ഉരുകി കഴിയുന്ന എത്രയോ
സ്ത്രീകൾക്ക് ഒരു വിരൽതുമ്പെങ്കിലും കൊടുക്കാൻ
എന്തേ പ്രിയപ്പെട്ടവർക്ക് കഴിയുന്നില്ല?
ചേർന്നിരിക്കുന്ന ഒരുവൾക്ക് അവളുടെ സ്വപ്നങ്ങളെ
തിരികെ നൽകണമെന്ന് ഇനിയെങ്കിലും തോന്നി
തുടങ്ങിയെങ്കിൽ ഇന്ദു കൃഷ്ണയെ വിളിച്ചോളൂ.
കൊച്ചിയിലെ എസ്കേപ്പ് എന്ന സ്ഥാപനവും ഇന്ദുവും
സ്വപ്നങ്ങളിലേക്കുള്ള വഴികൾ അവർക്കു മുന്നിൽ
തുറന്നിട്ടിരിക്കുന്നു...
സ്ത്രീകൾ
തനിച്ചുള്ള യാത്രകൾ എപ്പോഴും
വ്യത്യസ്തമായിരിക്കും. എത്രമാത്രം
അസ്വാതന്ത്ര്യത്തിലേയ്ക്കു കണ്ണുകൾ തിരിച്ചു
വച്ചിരിക്കുകയാണെങ്കിലും സ്വപ്നങ്ങളുടെ
തീരത്തിലേക്കുള്ള വഴികൾ പലപ്പോഴും തിരഞ്ഞു
കൊണ്ടേയിരിക്കും ഓരോ സ്ത്രീയും. ഒന്നും
വേണ്ടെന്നുള്ള വാക്കുകളിൽ പോലും ഉയർന്നു പറക്കാൻ
തോന്നിപ്പിക്കുന്ന ചില തണുത്ത മോഹങ്ങൾ അതെപ്പോഴും
അവർക്കുണ്ടാകും. സഞ്ചരിക്കാനിഷ്ടമുള്ള
സ്ത്രീകൾക്കു വേണ്ടി ഇന്ദു കൃഷ്ണ നടത്തുന്ന യാത്രാ
പദ്ധതിയാണ് എസ്കേപ്പ്. കൂടുതൽ വിവരങ്ങൾ ഇന്ദു
തന്നെ പറയും.
എസ്കേപ് എന്ന ആശയം
ഒരുപാടു യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.
കൂടുതലും നമ്മൾ കുടുംബത്തിന്റെയോ മുതിർന്നവരുടെയോ
ഒപ്പമാണ് യാത്ര ചെയ്യുക. പക്ഷെ ട്രെക്കിങ്ങിനൊക്കെ
പോകുമ്പോഴാണ് പ്രശ്നം. നമ്മുടെ ഒപ്പം
പുരുഷന്മാരുണ്ടെങ്കിൽ അവർക്ക് നമ്മളൊരു
ഭാരമായിരിക്കും. സ്ത്രീകളെ കൂടെക്കൂട്ടുമ്പോൾ
അവർക്കു തോന്നുന്ന അത്ര എളുപ്പത്തിൽ അവരുടെ
സ്വാതന്ത്ര്യത്തിനു അവർക്കു നടക്കാൻ പറ്റില്ല.
നമ്മളെ ശ്രദ്ധിക്കണം അങ്ങനെ പ്രശ്നങ്ങൾ അതുകൊണ്ടു
അത്തരം ട്രെക്കിങ്ങ് പോലെയുള്ള യാത്രകളിൽ അവർ
നമ്മളെ ഒഴിവാക്കും. ആദ്യം ഞാൻ ഒരു
പത്രത്തിലായിരുന്നു. അങ്ങനെ അതുമായി ബന്ധപ്പെട്ട
കുറെ യാത്രകൾ വേണ്ടി വന്നു. അങ്ങനെയുള്ള
യാത്രകളിലാണ് ഇങ്ങനെയൊരു കാര്യം ആലോചിച്ചത്.
പുരുഷന്മാരുടെ കൂടെ പോകുമ്പോഴാണ് പ്രശ്നം. അപ്പോൾ
എന്തുകൊണ്ട് സ്ത്രീകൾക്കു മാത്രമായി പൊയ്ക്കൂടാ
എന്നൊരു ആശയം വരുന്നത്. അങ്ങനെ ഇടയ്ക്കു സ്ത്രീകൾ
മാത്രം ചേർന്ന് പോകാൻ തുടങ്ങി. കൂടുതലും
സുഹൃത്തുക്കൾ ആണ് കേട്ടോ! അതു കൊള്ളാല്ലോ എന്ന്
തോന്നി.
സഞ്ചാരി എന്ന ഒരു ഫെയ്‌സ്ബുക്ക്
ഗ്രൂപ്പ് ഉണ്ട്. പക്ഷെ അന്ന് അതിൽ കൂടുതലും
പുരുഷന്മാർ മാത്രമേ കുറിപ്പുകൾ എഴുതിയിരുന്നുള്ളൂ.
സ്ത്രീകൾ എഴുതിക്കഴിഞ്ഞാൽ അതിന്റെ ബുദ്ധിമുട്ടുകൾ
വേറെയുണ്ട്. അങ്ങനെ സെപ്റ്റംബറിലാണ് ഞങ്ങൾ
എസ്കേപ്പ് എന്നൊരു യാത്രാ പേജ് ഫെയ്‌സ്ബുക്കിൽ
ആരംഭിക്കുന്നത്. കൂടെ യാത്ര ചെയ്തിട്ടുള്ള
സുഹൃത്തുക്കൾ തന്നെയാണ് കൂടെയുണ്ടായിരുന്നത്.
അതിനു നല്ല മറുപടിയും അംഗീകാരവും കിട്ടി. പിന്നെ
എഴുതാൻ വേണ്ടി ഒരു ഗ്രൂപ്പ് തുടങ്ങി. അവിടെ
സ്ത്രീകൾ മാത്രമേയുള്ളൂ. അതിനും നല്ല അംഗീകാരം
ലഭിച്ചു. അതോടു കൂടി നമ്മളെ വ്യക്തിപരമായി
അറിയാത്ത ആൾക്കാരും സമീപിച്ചു തുടങ്ങി. പക്ഷെ
അതൊരു പ്രശ്നമാണ്, കാരണം വ്യക്തിപരമായി അറിയാത്ത
ആൾക്കാരാകുമ്പോൾ അവരെ നമ്മൾ എങ്ങനെ ഒപ്പം
കൂട്ടുമെന്ന ഒരു പ്രതിസന്ധി. അങ്ങനെയാണ് അതിനെ ഒരു
കമ്പനി എന്ന ആശയത്തിലേയ്ക്ക് എത്തുന്നത്. അങ്ങനെ
കഴിഞ്ഞ വനിതാ ദിനത്തിന് എസ്കേപ്പ് അതിന്റെ
ഔദ്യോഗിക വെബ്സൈറ് തുടങ്ങി. ഇപ്പോൾ കൃത്യം ഒരു
വർഷമായി. ഇപ്പോൾ നാലു മാസമായി എസ്കേപ്പ് ഒരു
ട്രാവൽ കമ്പനിയായി റജിസ്റ്റർ ചെയ്തു. "ഇൻ
എസ്‌കേപ്പ് " എന്നാണു പേര് നൽകിയിരിക്കുന്നത്.
എസ്കേപ്പിന്റെ യാത്രകൾ ടൂറുകളല്ല
നമ്മൾ സാധാരണ പോകുന്നത് പോലെ ടൂർ പോലെയുള്ള
യാത്രകളല്ല ചെയ്യുന്നത്. അതായത് ഇപ്പോൾ ഊട്ടിയിൽ
പോകുമ്പോൾ നമ്മൾ പല സ്ഥലങ്ങളിലും പോകില്ലല്ലോ.
മുതിർന്നവരുടെ കൂടെയും കുടുംബത്തിന്റെ
കൂടെയുമൊക്കെ പോകുമ്പോൾ ഏറ്റവും സുരക്ഷിതമായ
സ്ഥലങ്ങൾ മാത്രമേ നമ്മൾ പ്ലാൻ ചെയ്യാറുള്ളൂ. പക്ഷെ
എസ്കേപ്പ് പോകുന്നത് സാധാരണ സ്ത്രീകൾക്ക് പോകാൻ
ബുദ്ധിമുട്ട് ഉള്ള വഴികളിലൂടെയാണ്. അധികം
കേട്ടിട്ടുണ്ടാവില്ല അത്തരം സ്ഥലങ്ങൾ. ഇതിനു മുൻപ്
അനുഭവിച്ചിട്ടില്ലാത്ത യാത്രകളും അനുഭവങ്ങളും
സ്ത്രീകൾക്ക് മാത്രമായി ഒരുക്കുകയാണ് ചെയ്യുന്നത്.
എസ്കേപ്പ് കൂടെയുണ്ട്
ശരിക്കും
പറഞ്ഞാൽ സ്ത്രീകൾക്ക് ഒരു രക്ഷപെടൽ തന്നെയാണ്
നമ്മൾ ഉദ്ദേശിക്കുന്നത്. കുടുംബം, ഭർത്താവ്,
കുട്ടികൾ ഇതൊക്കെ നിത്യവും നമ്മുടെ കൂടെയുള്ളത്
തന്നെയാണ്. പക്ഷെ നമുക്ക് മാത്രമായി രണ്ടു
ദിവസത്തിനു വേണ്ടി എല്ലാത്തിൽ നിന്നും ഒരു
രക്ഷപെടൽ തന്നെയാണ് എസ്കേപ്പ്
പ്രാവർത്തികമാക്കുന്നത്. പക്ഷെ അത്
ഇഷ്ടപ്പെടുന്നത് സ്ത്രീകൾ മാത്രമല്ല കേട്ടോ.
പലപ്പോഴും പുരുഷന്മാരുടെ വിളികൾ വരാറുണ്ട്.
ഭാര്യമാരെയും കൂടി യാത്രകളിൽ ഒപ്പം കൂട്ടണം
എന്നൊക്കെ പറഞ്ഞ് നിരവധി പേർ അങ്ങനെയും വരുന്നു.
ഇപ്പോൾ അവസാനം കൂടെ വന്ന ഒരു കുട്ടിയുടെ ഭർത്താവ്
ഗൾഫിൽ നിന്നാണ് എന്നെ വിളിച്ചിട്ട് ആ
കുട്ടിയ്ക്കായി സംസാരിച്ചത്.
പേയ്‌മെന്റും
ഒക്കെ ചെയ്തതും അദ്ദേഹമാണ്. പെൺകുട്ടിയുമായി ഞാൻ
സംസാരിച്ചത് പോലും യാത്രയുടെ തലേന്നാണ്. അതായത്
ഒരേ സമയത്ത് തന്നെ രണ്ടു തരത്തിലുള്ള
ആൾക്കാരുമുണ്ട്. ഈ ഒരു ആശയം തുടങ്ങിയപ്പോൾ തന്നെ
പലരുടെയും ചോദ്യമിതായിരുന്നു, ഇതെവിടെ ചെന്ന്
അവസാനിക്കും. ഇതു വർക്കൗട്ടാവാൻ പോകുന്നില്ല. ഏതു
സ്ത്രീകൾ പോകും ഇങ്ങനെ എന്നൊക്കെയായിരുന്നു
ചോദ്യങ്ങൾ. പക്ഷെ നിരവധി പെൺകുട്ടികൾ യാത്രയ്ക്ക്
തയ്യാറാണ്. ഇപ്പോൾ അവസാനം നമ്മൾ മീശപ്പുലിമലയിൽ
പോയ സമയത്ത് ഇൻഫോപാർക്കിൽ നിന്നുള്ള നാലു
പെൺകുട്ടികൾ ട്രാൻസ്‌പോർട്ട് ബസിൽ വന്ന്
മൂന്നാറിറങ്ങി. അന്വേഷിച്ച് തിരഞ്ഞു പിടിച്ച്
മീശപ്പുലിമലയിൽ വന്നു. അവർ നമ്മുടെ ഗ്രൂപ്പല്ല
വേറെ ഗ്രൂപ്പാണ്. അവർ ഒന്നിച്ച് യാത്രയ്ക്കായി
പോരുന്നതാണ്. അപ്പോൾ അങ്ങനെയും നമ്മുടെ നാട്ടിൽ
,കണ്മുന്നിൽ സ്ത്രീകളുണ്ട്. ഭാര്യ വേറെങ്ങും
പോകരുത് എന്നു പറയുന്നവരും ഉണ്ട് അല്ലാത്തവരും
ഉണ്ട്. അതാണ് സത്യം.
പക്ഷെ
ബുദ്ധിമുട്ടാണ്, പലരെ സംബന്ധിച്ചും ഇതിനിടയിൽ
നിന്ന് പുറത്തു കടക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ
എന്താണ് കുടുംബത്തിൽ നിന്നുള്ള പ്രശ്നം
എന്നറിയാമോ, സുരക്ഷിതത്വമാണ്. നമ്മൾ പോകുന്നിടം
സുരക്ഷിതമാണോ? എങ്ങനെ വിശ്വസിയ്ക്കാൻ എന്നിങ്ങനെ
പ്രശ്നങ്ങൾ എല്ലാവർക്കുമുണ്ടാകും. നമ്മൾ
യാത്രപോകുമ്പോൾ എസ്‌കേപ്പിൽ നിന്നുള്ള ഒരു അംഗം
ഉറപ്പായും അവരുടെ ഒപ്പം ഉണ്ടാകും. മിക്കവാറും ഞാൻ
തന്നെയാകും. പിന്നെ നമ്മളുടെ കമ്പനിയിലെ
ആരെങ്കിലും ഒരാളെങ്കിലും പോയി സുരക്ഷ
ഉറപ്പിച്ചിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ നമ്മൾ
ഗ്രൂപ്പിനെ കൊണ്ട് പോകാറില്ല. പോകുന്ന സ്ഥലങ്ങളിൽ
നേരത്തെ പോയി എല്ലാം സംസാരിച്ചും നോക്കിയും കണ്ടും
സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തും. ഞാൻ ഒരുപാട്
സ്ഥലങ്ങളിൽ പോയിട്ടുണ്ട്, പക്ഷെ എല്ലാ
സ്ഥലങ്ങളിലേക്കും ഗ്രൂപ്പിന് യാത്ര വയ്ക്കില്ല.
എസ്കേപ്പ് സ്ത്രീകളെ കൊണ്ട് പോകുമ്പോൾ അതിൽ അവരുടെ
പരിപൂർണ സുരക്ഷ ഉറപ്പു വരുത്തിയിട്ട് മാത്രമേ
യാത്ര ചെയ്യൂ. നമ്മൾ നിങ്ങളെ ഒരു സ്ഥലത്തേക്ക്
വിടുകയല്ല, നമ്മുടെ ഒപ്പം കൊണ്ടു പോവുകയാണ്.
ഒരു പുരുഷനെ സംബന്ധിച്ചു യാത്ര എന്നതു
നടക്കാത്ത കാര്യമല്ല, ഒരു രക്ഷപെടലുമല്ല. മറിച്ച്
ഒരു ചിൽഔട്ട് മാത്രമാണ്. പക്ഷെ സ്ത്രീയ്ക്ക്
അവളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഉള്ള രക്ഷപെടൽ
തന്നെയാണ്. സാധാരണ ജോലികളിൽ നിന്നും ഒരു
ദിവസമെങ്കിലും മാറി നിൽക്കുക അങ്ങനെ കാണാം.
അനുഭവങ്ങളുടെ വെളിച്ചത്തിൽ
ഇപ്പോൾ
നോക്കൂ നമ്മൾ ഒരു വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോൾ
കൂടെ അച്ഛനോ സഹോദരനോ ഒക്കെ ഉണ്ടെങ്കിൽ ആ
വെള്ളച്ചാട്ടത്തിൽ നമ്മൾ ഇറങ്ങാൻ കൂടെ ഉള്ളവർ
സമ്മതിക്കില്ല, മറ്റൊന്നും കൊണ്ടല്ല നമ്മുടെ രീതി
അങ്ങനെയാണ്. പക്ഷെ നമുക്കൊപ്പം വരുമ്പോൾ അത്തരം
ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. സ്ത്രീകൾ മാത്രമാണ്
നമ്മുടെ ട്രിപ്പിൽ ഉണ്ടാവുക, അവർക്ക് പരമാവധി
സ്ത്രീ എന്ന് തോന്നിപ്പിക്കാതെ
ആസ്വദിയ്ക്കാനുമാകും. കുടുംബത്തിന്റെ കൂടെ പോയാൽ
ഒരിക്കലും ചില കാഴ്ചകൾ ആസ്വദിയ്ക്കാകാനാകില്ല,
പാതി രാത്രിയിലെ നിലാവിൽ നടക്കുന്നതോ , നിലാവിൽ
പാറപ്പുറത്ത് കിടക്കുന്നതു ഒന്നും നമുക്ക് സ്വപ്നം
കാണാനാകില്ല. പക്ഷെ എസ്കേപ്പിന്റെ യാത്ര കഴിഞ്ഞു
വന്ന സ്ത്രീകളോട് ചോദിച്ചാലറിയാം, അത്തരം
അനുഭവങ്ങളെ കുറിച്ച് അവർ പറയുന്നത്.
ഡ്രൈവർ നിലവിൽ സ്ത്രീകളാവില്ല. പക്ഷെ എസ്കേപ്പ്
ഒരു വാഹനം സ്വന്തമായി എടുക്കുമ്പോൾ നമ്മൾ എടുക്കുക
ഒരു സ്ത്രീയെ തന്നെയാകും. ഇപ്പോൾ നമ്മൾ ട്രാവൽസിൽ
നിന്നാണ് വാഹനം വാടകയ്ക്ക് എടുക്കുക അപ്പോൾ അവരുടെ
ഡ്രൈവർ ആണ് കൂടെ ഉണ്ടാവുക. പക്ഷെ നമുക്ക് അറിയുന്ന
ആളെ മാത്രമേ കൂട്ടുകയുള്ളൂ. മാത്രമല്ല എസ്‌കേപ്പിൽ
നിന്നും നിർബന്ധമായും ഒരാൾ കൂടെയുണ്ടാവുകയും
ചെയ്യുമല്ലോ.
ടൂർ ആൻഡ് ട്രാവൽ
പത്തോ പതിനൊന്നോ സ്ഥലങ്ങളായിട്ടുണ്ട് ഇതുവരെ.
മാർക്കറ്റിങ് ഒന്നും ലക്ഷ്യം വെച്ചായിരുന്നില്ല
ഇതുവരെ ചെയ്തിരുന്നത്. താൽപ്പര്യമുള്ളവരെ
വാട്സാപ്പിൽ ചേർക്കും, നമ്മൾ ഒരു സ്ഥലം ഇടും
താൽപ്പര്യമുള്ളവർ പങ്കെടുക്കും. ഇപ്പോൾ കമ്പനി ആയ
ശേഷം മൂന്നു നാലു യാത്രകൾ ചെയ്തു. ഇടുക്കിയിലെ
കുറച്ചു സ്ഥലങ്ങളിൽ ഇപ്പോൾ പോയി. അതായത് കൂടുതൽ
ആൾക്കാർ പോകാത്ത സ്ഥലങ്ങൾ. കൂടുതലും ടൂറായല്ല
പോവുക, യാത്ര ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്
പോവുക. രണ്ടും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്.
ടൂർ എന്നൊക്കെ പറയുമ്പോൾ പോവുമ്പോൾ കൂടുക,
മദ്യപിക്കുക, ആഘോഷിക്കുക അങ്ങനെയൊക്കെയാകും, പക്ഷെ
യാത്ര എന്നത് കൃത്യമായ ഒരു ഡെസ്റ്റിനേഷൻ ചൂണ്ടി
കാട്ടി അതിന്റെ ഭംഗി ആസ്വദിയ്ക്കാൻ മാത്രം
പോകുന്നവരാണ്, അവർ അതിനെ അറിയാനും അനുഭവിക്കാനും
പോകുന്നവരാണ്. ഇപ്പോൾ മെയ് മാസത്തിൽ നമ്മൾ
ഗോവയിലേക്ക് പോകുന്നുണ്ട്. ഇതുവരെ
കേരളത്തിനുള്ളിലായിരുന്നു നമ്മുടെ യാത്രകൾ. ഗോവ
ട്രിപ്പിനോട് എല്ലാവരും അനുകൂലമായാണ് ഇടപെടുന്നത്.
മാത്രമല്ല ഗോവയിലേത് ടു വീലർ ട്രിപ്പായിരിക്കും.
ഗോവയിൽ ചെന്നു കഴിഞ്ഞാൽ അത് ആസ്വദിയ്ക്കുന്നത് ടു
വീലറിലായിരിക്കും. നമ്മൾ അവിടെ നിന്ന് അതു
വാടകയ്‌ക്കെടുക്കും. ഞാൻ അവിടെ ചെന്ന് അതിനെ
കുറിച്ച് അറിഞ്ഞു അറേഞ്ച് ചെയ്തതിനു ശേഷമാണ് ഇവരെ
കൊണ്ട് പോകാൻ പ്ലാനിട്ടിരിക്കുന്നത്. .
ആസ്വാദനങ്ങൾ
വെള്ളച്ചാട്ടത്തിൽ ഇറങ്ങി
കുളിയ്ക്കാൻ പറ്റുക എന്നതൊക്കെ മനോഹരമായ
അനുഭവമാണെന്ന് പോയവരെല്ലാം പറഞ്ഞ കാര്യമാണ്.
ഒരിയ്ക്കൽ തൊടുപുഴയ്ക്കടുത്തുള്ള ഒരു
വെള്ളച്ചാട്ടത്തിലാണ് പോയത്, അധികം ആരും
കേട്ടിട്ടുപോലുമില്ലാത്ത സ്ഥലമാണ്. ഒന്നര മണിക്കൂർ
ട്രക്ക് ചെയ്തിട്ടാണ് അവിടെ എത്തേണ്ടത്. മറ്റൊന്ന്
രാത്രിയുടെ ഭംഗിയെ കുറിച്ചാണ്. രാത്രി പൂർണ
ചന്ദ്രനെ കാണാൻ വേണ്ടി മലയുടെ മുകളിൽ പോവുക എന്നത്
ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയുന്ന കാഴ്ച
ആയിരിക്കുമെന്ന് ആരും
വിചാരിച്ചിരുന്നില്ലെന്നൊക്കെ പലരും പറഞ്ഞു. അവിടെ
ആ മലയുടെ മുകളിൽ നമ്മൾ വാടകയ്ക്ക് എടുത്ത കോട്ടേജ്
മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ അവിടം
സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയിട്ടാണ് അതിനു
തുനിഞ്ഞതും. അതു അനുഭവിച്ചാൽ മാത്രമേ മനസിലാകൂ.
എസ്‌കേപ്പിൽ യാത്ര ചെയ്യണമെങ്കിൽ
നമുക്കൊരു ട്രാവൽ അക്‌സെപ്റ്റൻസ് ഫോം ഉണ്ട്
ഇപ്പോൾ . അത് യാത്ര കൺഫേം ചെയ്യുന്ന സമയത്ത്
ഒപ്പിട്ടു വാങ്ങും. യാത്ര പോകുന്നത് അവരുടെ
ഉത്തരവാദിത്തത്തിലാണ് എന്നൊക്കെ പറഞ്ഞ്, പിന്നെ
എമർജൻസി ആയി വീട്ടിൽ ബന്ധപ്പെടാനുള്ള നമ്പർ
വാങ്ങും. പിന്നെ ആരോഗ്യപരമായ വിവരങ്ങൾ
അന്വേഷിക്കാറുണ്ട്. പിന്നെ നമ്മുടെ സൈറ്റിൽ
വിശദമായി എല്ലാം കൊടുത്തിട്ടുണ്ട്. ഇപ്പോൾത്തന്നെ
നമ്മൾ കഴിഞ്ഞതവണ മീശപ്പുലിമല പോയപ്പോൾ ഒരു അമ്മയും
മകളും ഒപ്പം വരണം എന്ന് പറഞ്ഞു, അമ്മയ്ക്ക്
നാൽപ്പത്തിയഞ്ച് വയസ്സിൽ കൂടുതലുണ്ട്. മീശപ്പുലിമല
ട്രക്കിങ് അത്ര എളുപ്പമല്ല, ആ 'അമ്മ എന്തായാലും മല
കയറില്ല. പിന്നെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചൊക്കെ
അമ്മയെ പറഞ്ഞു മനസ്സിലാക്കി. അവർ വരണമെന്ന്
പറഞ്ഞാലും നമ്മൾ യാത്ര പോകുന്ന സ്ഥലത്തിന്റെ
പ്രത്യേകത മനസ്സിലാക്കി പറഞ്ഞു കൊടുക്കാറുണ്ട്.
യാത്ര ഒപ്പം പോകാൻ താൽപ്പര്യമുള്ളവർ നമ്മുടെ
നമ്പറിൽ വിളിക്കുമ്പോൾ അപ്പോൾ പോകുന്നത്
എങ്ങോട്ടേയ്ക്കാനോ ആ യാത്രയിലേയ്ക്ക് അവരെ
കൂട്ടുകയാണ് ചെയ്യുക. പിന്നെ ഒരു വാട്സാപ്പ്
ഗ്രൂപ്പുണ്ട്. പുതിയ ആളുകളെ അതിലേയ്ക്ക് ചേർത്ത്
കൊണ്ടിരിക്കും. അപ്പോൾ പുതിയ യാത്രകൾ വരുമ്പോൾ
അതിൽ അറിയാനാകും.
പിന്നെ യാത്രയ്ക്കുള്ള
പണം സ്ഥലവും സമയവും ഒക്കെ അനുസരിച്ചാണ്. ട്രക്കിങ്
ഒക്കെ കൂടുതൽ ഉള്ള, യാത്ര കൂടുതൽ ഉള്ള
സ്ഥലമാണെങ്കിൽ നാലായിരം തൊട്ട് അയ്യായിരം വരെ
ആകും. ഓരോ സ്ഥലത്തും ഓരോ റേറ്റ് ആവും. പിന്നെ ഒരു
സങ്കടം നമുക്ക് ട്രക്കിങ്ങിനൊക്കെ പോകുമ്പോൾ
സർക്കാർ ഗൈഡിനെ അനുവദിക്കാറില്ല എന്നതാണ്.
മീശപ്പുലിമലയിൽ ഗൈഡ് കൂടെ വരും ബാക്കി ഒരിടത്തും
അങ്ങനെ വരണം എന്നുണ്ടെങ്കിൽ പോലും സർക്കാർ
അത്തരക്കാരെ അനുവദിക്കാറില്ല. ഗൈഡ് ഇല്ലാതെ പല
സ്ഥലങ്ങളിലും പോകാൻ ബുദ്ധിമുട്ടാണ്. പല
സ്ഥലങ്ങളിലും ലോക്കൽ ആയുള്ള ആൾക്കാരാണ് ഇത്തരം
യാത്രയ്ക്ക് അവർ കൂടെ വരം, സൗകര്യം ചെയ്യാം
എന്നൊക്കെ പറഞ്ഞു കൂടെ കൂടുക, പക്ഷെ അവരൊന്നും
സർക്കാർ അംഗീകരിച്ചവരല്ല, അതുകൊണ്ട് നമുക്കവരെ
കണ്ണുമടച്ചു വിശ്വസിയ്ക്കാനാകില്ല. നമുക്ക്
നമ്മുടെ സുരക്ഷ നോക്കിയേ കഴിയൂ. ആ സന്ദർഭത്തിലാണ്
ഗൈഡുകളുടെ പ്രസക്തി.
എസ്കേപ്പിന്റെ പുതിയ
യാത്രകൾ
ഇനി മുതൽ മാസം രണ്ടു യാത്രകളാണ്
എസ്കേപ്പ് പദ്ധതിയിടുന്നത്. അവധി ദിവസങ്ങൾ
നോക്കിയാവും. ഇപ്പോൾ നമ്മൾ നമ്മുടെ
താൽപ്പര്യത്തിനാണ് യാത്ര സ്ഥലങ്ങൾ തീരുമാനിക്കുക.
ഈ വർഷം ഒന്നാം ആനിവേഴ്‌സറി മുതൽ പുതിയൊരു പദ്ധതി
കൂടി പ്ലാൻ ചെയ്യുന്നുണ്ട്. ഇപ്പോൾ സ്ത്രീകൾ
മാത്രമുള്ള ഒരു ഗ്രൂപ്പിന് നമ്മളെ സമീപിക്കാം.
അവർക്ക് നമ്മളില്ലാതെ തന്നെ യാത്ര പോകാം. നമുക്ക്
സുരക്ഷിതം എന്ന് തോന്നുന്ന സ്ഥലങ്ങളിലേക്ക്
യാത്രയും മറ്റു സൗകര്യങ്ങളും ശരിയാക്കി കൊടുക്കും.
അതിലിപ്പോൾ അവരവർ തന്നെ സ്വന്തം കാര്യം നോക്കേണ്ടി
വരും എന്നേയുള്ളൂ, കാരണം അവർക്കു
താൽപര്യമില്ലെങ്കിൽ എസ്കേപ്പ് പ്രതിനിധികൾ ഒപ്പം
പോകില്ല. ആവശ്യമെങ്കിൽ പോവുകയും ചെയ്യും. അതായത്
അവർക്ക് നമ്മളെ നമ്മുടെ കമ്പനിയിൽ നിന്നും
വാടകയ്‌ക്കെടുക്കാം.
അടുത്ത യാത്ര
രാമക്കൽമേടാണ്. ആകെ ഒരു കാറ്റാടിപ്പാടമേയുള്ളൂ അത്
രാമക്കൽമേടിലാണ്. എനിക്കറിയില്ല എത്ര പേർക്ക്
അതിനെ കുറിച്ച് അറിയാമെന്നു. രാമക്കൽമേട്
പോകുന്നവർ പോലും കാറിൽ ചെല്ലാവുന്ന ഒരു ദൂരമുണ്ട്,
അവിടെ വരെ പോയി തിരികെ പോവുകയാണ് ചെയ്യുക. നമ്മൾ
പക്ഷെ അതിന്റെ അപ്പുറത്ത് കാണുന്ന മലയുടെ
മുകളിലേക്കാണ് പദ്ധതിയിടുന്നത്. കുറച്ചു
ബുദ്ധിമുട്ടാണ് . ഒന്നര മണിക്കൂർ ട്രക്കിങ്ങാണ്
അവിടെയുള്ളത്. രണ്ടു പാറയുടെ ഇടയ്ക്കൂടെയാണ്
എത്തുക, അവിടെ നിന്നാൽ കമ്പം , തേനി ഒക്കെ നന്നായി
കാണാം. ഇതുപോലെയുള്ള വ്യത്യസ്തമായ അനുഭവങ്ങൾ
തന്നെയാണ് എസ്കേപ്പ് ഞങ്ങളുടെ യാത്രക്കാർക്കായി
നൽകുന്നതും .