തൊട്ടിലാട്ടുന്ന കൈകൾ ലോകത്തെ ഭരിക്കട്ടെ
ഫൗസിയ ഷെർഷാദ്
"മണ്ണിൽ ഒളിഞ്ഞിരിക്കുന്ന വിത്തുപോലെയാണ്
ആത്മാവിലെ അറിവ്. പഠനത്തിലൂടെ അറിവ്
സാക്ഷാത്കരിക്കപ്പെടുന്നു"
–ഇമാം ഗസാലി
വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവാണ് ഏറ്റവും
വലിയ ശക്തി. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി
ശക്തമായി വാദിച്ചിരുന്നു എന്റെ പിതാവ് ഇ. അഹമ്മദ്.
‘തൊട്ടിലാട്ടുന്ന കൈകൾ ലോകത്തെ ഭരിക്കുന്നു’ എന്ന്
പലപ്പോഴും അദ്ദേഹം പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
അറിവു നേടി സ്ത്രീകൾ ശാക്തീകരിക്കപ്പെടണം. സ്വന്തം
കാര്യങ്ങളിലും കുടുംബകാര്യങ്ങളിലും
സമുദായകാര്യങ്ങളിലും തീരുമാന മെടുക്കാൻ
കഴിവുള്ളവരാകണം. സ്ത്രീകൾക്കു സ്വന്തം കാലിൽ
നിൽക്കാനാകണം. അവകാശങ്ങളെപ്പറ്റി അറിയണം. അവ
ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
എഴുപതുകളുടെ അവസാനകാലത്ത് മുസ്ലിം പെൺകുട്ടികൾ
ഉന്നത വിദ്യാഭ്യാസ ത്തിനു പോകുന്നത് അപൂർവ
സംഭവമായിരുന്നു. സ്കൂളിൽ പോകുകയോ പഠിക്കുകയോ അല്ല
വീട്ടുകാര്യങ്ങൾക്കുവേണ്ട പൈസ
കണ്ടെത്തുകയായിരുന്നു ആൺകുട്ടികളുടെ
ഉത്തരവാദിത്തം. വീടു നടത്തിക്കൊണ്ടുപോകുകയാണു
പെൺകുട്ടികളുടെ ഉത്തരവാദിത്തം. ആർക്കെങ്കിലും
പഠിക്കാൻ സൗകര്യം കിട്ടിയാൽത്തന്നെ 12–ാം ക്ലാസോടെ
പഠനം തീരും. അത്തരമൊരു സാമൂഹികാവ സ്ഥയിലും
ഉന്നതവിദ്യാഭ്യാസത്തിനു പോകാൻ അവസരം കിട്ടിയതിൽ
ഞാൻ മാതാപിതാക്കളോടു കടപ്പെട്ടിരിക്കുന്നു.
സമുദായത്തിലെ കുട്ടികൾക്കു പഠിക്കാൻ എന്റെ
പിതാവ് അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി.
സമൂഹത്തിൽ നടപ്പിലാക്കിയ മാറ്റങ്ങൾ അദ്ദേഹം
സ്വന്തം വീട്ടിലും ഉറപ്പുവരുത്തി. കുട്ടിയായിരുന്ന
കാലം മുതലേ എന്റെ വിദ്യാഭ്യാസത്തിനു വീട്ടിൽ
മുന്തിയ പരിഗണന ലഭിച്ചു. എന്റെ സഹോദരൻമാർക്കും
എനിക്കും എന്നും ഒരേ പരിഗണന തന്നെ ലഭിച്ചു.
പെൺകുട്ടിയായതിന്റെ പേരിൽ ഒരിക്കലും ഞാൻ
മാറ്റിനിർത്തപ്പെട്ടില്ല. കുടുംബത്തിൽ
നിലനിന്നിരുന്ന സമത്വത്തിന്റെ പേരിൽ എന്റെ
മാതാപിതാക്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഇഷ്ട വിഷയം പഠിക്കാൻ എനിക്ക്
സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇഷ്ടജോലിക്കുവേണ്ടി
ശ്രമിക്കാനും മാതാപിതാക്കൾ അനുവദിച്ചു.
കലയിൽനിന്നു കവിതയിലേക്കും പിന്നീടു
മെഡിസിനിലേക്കും മാറിയപ്പോഴും കുടുംബം എന്റെകൂടെ
നിന്നു.
ജീവിതത്തിലെ വിലപ്പെട്ട അറിവുകൾ
എനിക്കും സഹോദരൻമാർക്കും പിതാവിൽ നിന്നു കിട്ടി.
അദ്ദേഹം വിശ്വസിച്ചിരുന്ന മൂല്യങ്ങൾ ഞങ്ങൾക്കു
പകർന്നുതന്നു. സ്വന്തമായി ചിന്തിക്കാനും
തീരുമാനമെടുക്കാനും ഞങ്ങളെ അനുവദിച്ചു.
പഠനകാര്യങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിൽ
പങ്കെടുക്കാൻ പ്രോത്സാഹി പ്പിച്ചു. വിനയത്തോടെ
പെരുമാറുമ്പോൾത്തന്നെ സ്വന്തം തീരുമാനത്തിൽ
ഉറച്ചുനിൽക്കണമെന്നു പഠിച്ചതും
കുടുംബത്തിൽനിന്നുതന്നെ. എനിക്കുകിട്ടുന്ന
അവസരങ്ങളെക്കുറിച്ചു ഞാൻ ബോധവതിയായിരുന്നു.
മികവിന്റെ ഉയരങ്ങളിലേ ക്കു പോകാൻ എന്നും ഞാൻ
ശ്രമിച്ചു. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ
കുറവായിരുന്ന അക്കാലത്ത് എല്ലാവരും പഠിക്കാൻ
ആഗ്രഹിച്ചതു മെഡിസിൻ. എൻജിനീയറിങ്
തിരഞ്ഞെടുത്തവരുമുണ്ട്. മറ്റു മേഖലകളിലേക്കുപോയതു
കുറച്ചുപേർമാത്രം.
പെൺകുട്ടികൾക്കു
പഠിക്കാൻ മികച്ച സ്കൂളുകൾ വേണം. ഈ
ലക്ഷ്യത്തോടെ യാണു പിതാവ് കണ്ണൂരിൽ ദീനുൽ ഇസ്ലാം സഭ
സ്ഥാപിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി
വേറെയും ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഇന്നു
തിരിഞ്ഞുനോക്കുമ്പോൾ വിദ്യാഭ്യാസം സമുദായത്തിൽ
എത്രവലിയ മാറ്റമാണു വരുത്തിയതെന്നു
മനസിലാക്കാനാകും. പെൺകുട്ടികളെ സ്കൂളിൽവിടാൻ
താൽപര്യമില്ലാതിരുന്ന ഒരു സമുദായത്തിൽ ഇന്നു
കോളജിൽപോയി പഠിക്കാത്ത ഒരു പെൺകുട്ടി പോലുമില്ല.
കുടുംബം നോക്കുന്നതിനൊപ്പം ജോലി നേടാനും സ്വന്തം
കാലിൽ നിൽക്കാനും ഇന്നു സ്ത്രീകൾക്കാകുന്നു.
തീരുമാനമെടുക്കാനും അവ നടപ്പിൽ വരുത്താനുമാകുന്നു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും കണക്കുകൾ
പരിശോധിച്ചാൽ കേരളത്തിൽ വിദ്യാഭ്യാസകാര്യത്തിൽ
പെൺകുട്ടികൾ വളരെ മുന്നിലാണെന്നു കാണാം. പ്രാഥമിക
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം
മുന്നേറ്റമുണ്ടാക്കിയെന്നു ബോധ്യമായപ്പോൾ എന്റെ
പിതാവിന്റെ ശ്രദ്ധ എല്ലാവർക്കും ഉന്നതവിദ്യാഭ്യാസം
ലഭ്യമാക്കുന്നതിലായി. അലിഗഡ് യൂണിവേഴ്സിറ്റിയുടെ
മലപ്പുറത്തെ ഓഫ് ക്യാംപസ്, ഹംദാദ്
യൂണിവേഴ്സിറ്റിയുടെ കണ്ണൂർ കേന്ദ്രം എന്നിവ
അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഫലങ്ങളാണ്.
ശ്രദ്ധയോടെ ഓരോ ചുവടും അദ്ദേഹം മുന്നോട്ടുവച്ചു.
മികച്ച സ്ഥാപനങ്ങൾ കേരളത്തിൽ കൊണ്ടുവരാനായതിൽ
അഭിമാനിച്ചു.
ഇന്നു പല ക്യാംപസുകളിലും
അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പുതിയ
തലമുറയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്.
ഉന്നതവിദ്യാഭ്യാസത്തന് ഇന്ന് അവസരങ്ങൾ ഏറെയുണ്ട്.
ഗൗരവത്തോടെ സമീപിച്ചാൽ ഏറെ നേട്ടങ്ങൾ
സ്വന്തമാക്കാനാകും.വിദ്യാഭ്യാസത്തിൽ
സ്വഭാവരൂപവൽക്കരണത്തിനു വലിയ പങ്കുണ്ട്.
വിദ്യാർഥികളും അധ്യാപകരും മാനേജുമെന്റും
ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ നേട്ടങ്ങൾ
സാധ്യമാകുന്നു. സഹകരണവും പങ്കിടലും കൂട്ടായ
പ്രയത്നവും വേണം. ജാതി–മത–വർഗ–വർണ വ്യത്യാസങ്ങളിൽ
ഇന്നത്തെ കുട്ടികൾ കുടുങ്ങിപ്പോകരുത്.
കുട്ടിക്കാലം മുതലേ കുട്ടികളിലേക്കു മൂല്യങ്ങൾ
പകരണം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കണം.
ചെറുപ്പത്തിലേ മൂല്യങ്ങൾ സ്വായത്തമാക്കിയാൽ
സ്ത്രീപുരുഷ വിവേചനം ഒരുകാലത്തും
കുട്ടികൾക്കുണ്ടാകില്ല. മഹാൻമാരായ പൂർവികരാണ്
ഇന്നു കാണുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ
സാക്ഷാത്കരിച്ചത്. നമുക്ക് ആവശ്യമില്ലാത്തതൊന്നും
സ്ഥാപനങ്ങൾ നമ്മെ പഠിപ്പിക്കില്ല. അവസരങ്ങൾ
വിനിയോഗിക്കണോ വേണ്ടയോ എന്നതു നമ്മുടെ
തീരുമാനമാണ്. ജീവിതത്തിൽ വിജയിക്കാൻ നാം
മറ്റുള്ളവരെ ബഹുമാനിക്കണം. എല്ലാ പ്രവൃത്തികളും
മൂല്യാധിഷ്ഠിതമായിരിക്കണം. മറ്റുള്ളവരെ
ബഹുമാനത്തോടെ കാണാത്ത പ്രവൃത്തികളിൽനിന്നു
മാറിനിന്നാൽ വിജയം കൂടെവരും.
നമുക്കു
കൈകോർക്കാം.വിദ്യാഭ്യാസത്തിലൂടെ പുതിയ
മനുഷ്യരാകാൻ. സമുദായത്തിലും രാജ്യത്തും മാറ്റങ്ങൾ
കൊണ്ടുവരാൻ. നൻമയിലേക്കു ലോകത്തെ നയിക്കാൻ.