തീരുമാനമെടുക്കുന്ന വേദികളിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യമുണ്ടാകണം

കെ.കെ. ശൈലജ(ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി)


മാർച്ച് 8 സാർവ്വദേശീയ വനിതാദിനമായി ലോകമെമ്പാടും ആചരിക്കുകയാണ്. സ്ത്രീകളുടെ അവകാശ പ്രഖ്യാപനദിനമായാണ് മാർച്ച് 8 ആചരിച്ചു പോരുന്നത്. മനുഷ്യ സമൂഹത്തിന്റെ മുന്നേറ്റത്തിനിടയിൽ സാമൂഹ്യ സമത്വത്തിനു വേണ്ടി പുരോഗമനവാദികൾ നടത്തിയ എെതിഹാസികമായ പോരാട്ടങ്ങളുടെ ഭാഗമാണ് സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള ആശയങ്ങളും. ജീവിതത്തിന്റെ സമസ്ത മേഖലകളിലും തുല്യ അവസരവും പദവിയും സ്ത്രീ സമൂഹത്തിനു ലഭ്യമാകുമ്പോൾ മാത്രമേ സമൂഹത്തിന്റെ സമതുലിതമായ നിലനിൽപ്പ് സാധ്യമാവുകയുള്ളൂ.

ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും കുത്തകകളുടെ ആധിപത്യവും അതിന്റെ ഭാഗമായുള്ള പുരുഷ മേധാവിത്വപരമായ സാമൂഹ്യവ്യവസ്ഥിതിയും നിലനിൽക്കുകയാണ്. എണ്ണിയാൽ ഒടുങ്ങാത്ത പീഡനങ്ങളും അവഗണനയുമാണ് പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കേണ്ടി വരുന്നത്. സ്ത്രീധന നിരോധന നിയമം, ശൈശവ വിവാഹ നിരോധന നിയമം, ബലാത്സംഗ വിരുദ്ധ നിയമം, സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നതിനെതിരായ നിയമം തുടങ്ങി നിരവധി സുരക്ഷാ നിയമങ്ങൾ ഉണ്ടായിട്ടും അവ കുറ്റമറ്റരീതിയിൽ നടപ്പിലാക്കാനുള്ള പ്രായോഗിക മാർഗങ്ങളും ഇച്ഛാശക്തിയും ഇല്ലാതാക്കുന്നതിനാലാണ് സ്ത്രീ സമത്വം ഇന്നും മരീചികയായി മാറുന്നത്.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സ്ത്രീവിരുദ്ധ യാഥാസ്ഥിതിയിലും മനോഭാവത്തിലും പുതിയ കാലത്തിന്റെ ഉൽപ്പന്നമായ സ്ത്രീവിരുദ്ധ ഉപഭോഗ സംസ്കാരത്തിലും സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മാത്രമേ നിയമങ്ങളും സ്ത്രീ സമത്വ ആശയങ്ങളും ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുകയുള്ളൂ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാമൂഹ്യ മാറ്റത്തിന് വേണ്ടി നടന്ന ധീരമായ പോരാട്ടങ്ങളോടൊപ്പം സ്ത്രീസമത്വ ആശയങ്ങളും മേൽകൈ്ക നേടുകയുണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ന്യൂയോർക്കിലെ സ്ത്രീ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കും സമത്വത്തിനും വേണ്ടി നടത്തിയ പ്രക്ഷോഭത്തിന്റെ ഒാർമ്മയ്ക്കായാണ് മാർച്ച് 8 സാർവ്വദേശീയ വനിതാദിനമായി ആചരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്. 1907 ൽ ജർമ്മനിയിൽ വച്ച് ചേർന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൽ വച്ച് സ്ത്രീകളുടെ അവകാശ പോരാട്ടങ്ങൾക്ക് സാർവ്വദേശീയ തലത്തിൽ തന്നെ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതിനെ കുറിച്ച് ആലോചിക്കുകയുണ്ടായി. തുടർന്ന് 1910 ൽ മാർച്ച് 8 സാർവ്വദേശീയ അവകാശ പ്രഖ്യാപന ദിനമായി പ്രഖ്യാപിക്കുകയും തുടർന്ന് എല്ലാ വർഷവും ഇൗ ദിനത്തിൽ ലോകമെമ്പാടും സ്ത്രീവിമോചനത്തിനായുള്ള വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിക്കപ്പെടുന്നു.

രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ മേഖലകളിൽ തുല്യത കൈവരിക്കുമ്പോൾ മാത്രമേ സ്ത്രീസമത്വം പ്രാവർത്തികമാവുകയുള്ളൂ. അന്ധവിശ്വാസങ്ങളിൽ നിന്നും സ്ത്ര വിരുദ്ധ അനാചാരങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കേണ്ടതുണ്ട്. സ്ത്രീകൾ സാമൂഹ്യ അധ്വാനത്തിൽ ഇടപെടുകയും ജീവിക്കാനുള്ള സമ്പത്ത് സമ്പാദിക്കുകയും ചെയ്യുന്നവരായി മാറണം. തിരുമാനമെടുക്കുന്ന വേദികളിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യമുണ്ടാകണം. ഇന്ത്യയിൽ ഇൗ മേഖലകളിലെല്ലാം സ്ത്രീകൾ അവഗണിക്കപ്പെടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. തൊഴിലിടങ്ങളിലും കുടുംബത്തിലും പൊതുസമൂഹത്തിലും സ്ത്രീകൾ അവഗണിക്കപ്പെടുന്നു. പാർലമെന്റിലും നിയമസഭകലിലും 11 ശതമാനത്തിൽ താഴെയാണ് സ്ത്രീ പങ്കാളിത്തം. വനിതാ സംവരണ ബിൽ നിരവധി തവണ പാർലമെന്റിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടും അത് പാസ്സാക്കിയെടുക്കാൻ കഴിഞ്ഞില്ല.33 ശതമാനം സ്ത്രീകളെ പോലും ഇൗ മേഖലയിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

കേരളത്തിൽ പൊതുസമൂഹത്തിലുണ്ടായിട്ടുള്ള ചില മുന്നേറ്റങ്ങൾ ചില മേഖലകളിൽ സ്ത്രീ സമൂഹത്തേയും ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. ഉയർന്ന സാക്ഷരതാ നിരക്ക്, പ്രതീക്ഷിത ആയുസ്സിലെ വർദ്ധനവ്, മാതൃ മരണ നിരക്കിലെ കുറവ്, കുടുംബശ്രീ പോലുള്ള സംഘടിത പ്രസ്ഥാനങ്ങളുടെ ആവിർഭാവം തുടങ്ങിയ ഒട്ടേറെ പുരോഗമന അംശങ്ങൾ നമുക്ക് കാണാൻ കഴിയും. എന്നാൽ ഇപ്പോഴും പലതരത്തിലുള്ള സ്ത്രീ പീഡനങ്ങൽ വീട്ടിനകത്ത് പോലുമുള്ള അവഗണനകൾ തുടങ്ങിയവ കേരളീയ സമൂഹത്തെ പഴയ നൂറ്റാണ്ടിലേക്ക് പിൻതള്ളുന്ന അനുഭവങ്ങളാണ്.. ശൈശവ വിവാഹങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലും ആക്രമിക്കുന്ന മനോഭാവവും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷയ്ക്കും ഉന്നമനത്തിനുമായി എൽ.ഡി.എഫ് സർക്കാർ പ്രത്യേക കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ട് മുന്നേറുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.

സംസ്ഥാന സർക്കാറിന്റെ ഇൗ സാമ്പത്തിക വർഷത്തെ ബഡിജറ്റിൽ സ്ത്രീ സുരക്ഷയ്ക്കും ഉന്നമനത്തിനും പ്രത്യേക പരിഗണനയാണ് നൽകിയിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പ്രതിരോധത്തിനും പുനരധിവാസത്തിനുമായി പദ്ധതികൾ, പിങ്ക് കൺട്രോൾ റൂമുകൾ , സ്വയംപ്രതിരോധ പരിശീലനം, ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം പദ്ധതി, ഷെൽട്ടർ ഹോംസ്, ഷോർട്ട് സ്റ്റേ ഹോംസ്, വൺസ്റ്റോപ്പ് കൈ്രസിസ് സെന്ററുകൾ , വനിതാ പോലീസ് ഒാഫീസറുടെ പഞ്ചായത്ത് തല സന്ദർശനം,ലൈംഗിക അക്രമങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ പബ്ലിക് രജിസ്റ്റർ പ്രസിദ്ധീകരിക്കുക തുടങ്ങിയ സംരംഭങ്ങൾ നടപ്പിലാക്കും. അതിക്രമങ്ങൾക്കിരയാക്കുന്നവർക്ക് എത്രയും പെട്ടെന്ന് സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സഹായം നൽകുന്നതിനു വേണ്ടി പ്രത്യേകം ഫണ്ടും ഇൗ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വനിതാ വികസന കോർപ്പറേഷന്റെ മിത്ര 181 കോൾ സെന്റർ ആരംഭിച്ചു. ഇതിൽ നിന്നെല്ലാം ഉപരിയായി സ്ത്രീകൾക്കു വേണ്ടി ഒരു പ്രത്യേക വകുപ്പ് നിലവിൽ വരും. ഇപ്പോള് സാമൂഹ്യ നീതി വകുപ്പിലുള്ള വനിതാ സ്കീമുകൾ എല്ലാം തന്നെ പുതിയ ഇൗ വകുപ്പിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ഇത്തരത്തിലുള്ള മുന്നൊരുക്കൾക്കെല്ലാം ഉപരിയായി സ്ത്രീ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഉന്നമനത്തിനും കേരളത്തിലെ പൊതുസമൂഹത്തിന്റെ നിർലോഭമായ സഹകരണം അത്യാവശ്യമാണ്.