ഇനി ഞാൻ പേടിച്ചുവിറയ്ക്കും പെണ്ണല്ല ; ഒരു വിദ്യാർഥിനി എഴുതുന്ന കത്ത്

വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ശക്തി. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത സമരത്തിലൂടെ കടന്നുപോയ ഒരു കലാലയത്തിൽനിന്നു പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വിദ്യാർഥിനി എഴുതുന്ന കത്ത്.

ഒരു നിയമവിദ്യാർഥി തീർച്ചയായും നിയമങ്ങൾ അറിഞ്ഞിരിക്കണം. നിയമങ്ങൾ സംരംക്ഷിക്കാൻ. നിയമ ലംഘനമുണ്ടായാൽ ഇടപെടാൻ. പഠിക്കുന്നതു നിയമപുസ്തകങ്ങൾ; മനഃപാഠമാക്കുന്നതും. കേരളത്തിന്റെ തലസ്ഥാന നഗരത്തിലെ അൻപതു വർഷത്തെ പാരമ്പര്യമുള്ള ഒരു കലാലയത്തിലേക്കു നിയമം പഠിക്കാൻ ചെല്ലുമ്പോൾ ആശങ്കകളുണ്ടായിരുന്നു എനിക്ക്. അതിലേറെ പ്രതീക്ഷയും ആവേശവും. ഒരു വിദ്യാർഥിയായി കലാലയത്തിലേക്കു വലതുകാൽ വച്ചു കയറിയ ഞാൻ, ഇന്നു നിയമപഠനത്തിന്റെ ആദ്യവർഷം പൂർത്തിയാക്കുമ്പോൾ വിദ്യാർഥിക്കൊപ്പം കലാപകാരികൂടിയാണ്. ആദ്യവർഷം ചാർത്തിത്തന്ന അഭിമാനമുദ്ര.

ഈ മാറ്റം ഞാനോ എന്റെ മാതാപിതാക്കളോ സുഹൃത്തുക്കളോ പ്രതീക്ഷിച്ചിരു ന്നില്ല. അമ്പരപ്പുണ്ടായിരുന്നു ആദ്യം. എന്താണു സംഭവിക്കുന്നതെന്ന ആശങ്കയും. ക്രമേണ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു. ഇന്ന് സന്തോഷമുണ്ടെനിക്ക്; അഭിമാനവും. ആഗ്രഹിക്കാതെ കിട്ടിയ പദവി ആസ്വദിക്കുന്നു. അവസരങ്ങൾ ഏറ്റെടുക്കുന്നു. എന്റെ പ്രിയപ്പെട്ട അക്കാദമി ഇന്ന് എനിക്ക് ഒരു കലാലയം മാത്രമല്ല ജീവിതത്തിന്റെ വിലയേറിയ പാഠങ്ങൾ പകർന്നുതന്ന സര്‍വകലാശാല കൂടിയാണ്. പഠനകാലത്തുതന്നെ പോരാടാൻ പഠിപ്പിച്ച, നിയമലംഘനമുണ്ടായാൽ ഇടപെടണ മെന്ന വലിയ പാഠം പകർന്ന, ഭീതി വളർത്തിയും ഭീഷണിപ്പെടുത്തിയും പരാജയപ്പെ ടുത്താൻ ശ്രമിച്ചാലും തളരരുതെന്നു പ്രചോദിപ്പിച്ച,അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകണമെന്നും കടമകൾ മറക്കരുതെന്നും അനുഭവത്തിലൂടെ പറഞ്ഞുതന്ന, ലക്ഷ്യത്തിലേക്കു മനസ്സർപ്പിച്ച് വിജയത്തിനുവേണ്ടി പ്രവർത്തിച്ചാൽ അസാധ്യമെന്നു കരുതുന്ന സ്വപ്നം പോലും എത്തിപ്പിടിക്കാമെന്നു തെളിയിച്ചു തന്ന സർവകലാശാല.

സ്ത്രീശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യവുമൊക്കെ ഒരുപാടു ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളാണല്ലോ. ഞാനും ഇവയെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ട്, വായിച്ചിട്ടുമുണ്ട്. പക്ഷേ എന്റെ കലാലയത്തിൽ ഈ വാക്കുകൾക്കൊന്നും ഒരർഥവുമില്ലായിരുന്നു കുറച്ചുനാളുകൾ മുമ്പുവരെ. 29 ദിവസം പഠിപ്പുമുടക്കി ഞങ്ങൾ വിദ്യാർഥികൾ എന്തു നേടി എന്നു ചോദിച്ചാൽ ഒട്ടും മടിക്കാതെ പറയുന്ന ഉത്തരങ്ങളിൽ സ്ത്രീ ശാക്തീകരണവും ഉണ്ടായിരിക്കും. അക്ഷരാർഥത്തിൽ ഞങ്ങൾ കടന്നുപോയതു കറുത്ത നാളുകളിലൂടെ. ഒരുമാസം നീണ്ട സമരത്തിനവസാനം ഇരുട്ടു നിറഞ്ഞ തുരങ്കത്തിനൊടുവിൽ വെളിപ്പെടുന്ന വെളിച്ചത്തിന്റെ തുള്ളികൾപോലെ സ്വാതന്ത്ര്യം ഞങ്ങൾ അനുഭവിക്കുന്നു. എന്തും ചെയ്യാനും പറയാനുമുള്ള സ്വാതന്ത്ര്യമല്ല; വിദ്യാർഥി എന്ന നിലയിലും പെൺകുട്ടി എന്ന നിലയിലും അവകാശ പ്പെട്ട, അർഹതപ്പെട്ട സ്വാതന്ത്ര്യം മാത്രം; ഭീതിയില്ലാതെ പഠിക്കാൻ, പേടിക്കാതെ നടക്കാൻ. ഒരു കുറ്റവും ചെയ്തില്ലെങ്കിലും ഇന്റേണൽ മാർക്ക് പോകും എന്നും പേടിക്കേണ്ട. അക്കാലം ഞങ്ങൾ മറികടന്നു. കുറേക്കാലമായി നൂറുകണക്കിനു വിദ്യാർഥികൾക്കു നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടിയാ ണു ഞങ്ങൾ കലാലയത്തിനു മുന്നിൽ കുടിൽ കെട്ടി ഇരുന്നത്.

ഭരണഘടനയുടെ വക്താക്കളും പ്രയോക്താക്കളുമായവർക്കു മൗലികാവകാശ ങ്ങൾ പോലും നിഷേധിക്കപ്പെടുക– വൈരുധ്യം എന്നല്ലാതെ എന്തു പറയാൻ. ഹിറ്റ്ലറെയും മുസ്സോളിനിയെയുമൊക്കെ സ്വേച്ഛാധിപതികൾ എന്നു ചരിത്രപുസ്തകങ്ങളിൽ നാം പഠിച്ചിട്ടുണ്ട്. ആ ക്രൂരഭണാധികാരികളെപ്പോലും തോൽപിക്കുന്ന ഭീകരഭരണമാണു നിയമവിദ്യാർഥികളെ അടിമകളാക്കി ഞങ്ങളുടെ കലാലയത്തിൽ നടന്നുവന്നത്. ക്ലാസ് മുറിയിലിരുന്ന വിദ്യാർഥികൾ പുറത്തേക്കി റങ്ങി സംസാരിച്ചപ്പോൾ മാത്രമാണല്ലോ, വലിയ കവാടത്തിനും മതിലിനുമുള്ളിൽ നടന്ന ക്രൂരതയുടെയും നീതിനിഷേധത്തിന്റെയും ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ ലോകം അറിഞ്ഞത്.

ഗുരുവിന്റെ സ്ഥാനം ദൈവതുല്യമാണ്. മാതാ പിതാ ഗുരു ദൈവം എന്നല്ലേ. പക്ഷേ അത്തരത്തിൽ കാണേണ്ട ഒരു ഗുരുവിനെതിരെ വിദ്യാർഥികൾ തെരുവിലിറങ്ങേ ണ്ടിവന്നതിനു കാരണം സ്വന്തം സ്ഥാനവും പദവിയും തിരിച്ചറിയാത്ത ഗുരുതന്നെ. അധികാരം ദുർവിനിയോഗം ചെയ്യുന്ന ആൾക്കെതിരെ പ്രതിഷേധിക്കണ്ടേ?. അതും വിദ്യാർഥിയുടെ കടമ തന്നെയല്ലേ ? അത്രയേ ഞങ്ങൾ ചെയ്തുള്ളൂ. അതിനു കിട്ടിയ പുരസ്കാരമാണ് കലാപകാരികൾ, അഴിഞ്ഞാട്ടക്കാരികൾ എന്നൊക്കെയു ള്ള മുദ്രകൾ. എന്തിനു നാണിക്കണം? അഭിമാനത്തോടെ കലാപകാരിയാകുന്നു ഞാൻ. വേണ്ടിവന്നാൽ ഇനിയും.

മുൻവർഷങ്ങളിലെ വിദ്യാർഥികളും നീതിനിഷേധങ്ങൾ അനുഭവിച്ചിരുന്നു. പക്ഷേ ശബ്ദമുയർത്താൻ അവർക്കു ധൈര്യം കിട്ടിയില്ല. അരാഷ്ട്രീയവാദികളെന്നും സാമൂഹിക ബോധമില്ലാത്തവരെന്നും രാഷ്ട്രീയം അറിഞ്ഞുകൂടാത്തവരുമെന്നു മൊക്കെ ആക്ഷേപങ്ങൾ കേൾക്കേണ്ടിവന്ന ഞങ്ങൾതന്നെ വേണ്ടിവന്നു ഒടുവിൽ പല വർഷങ്ങളിലെ വിദ്യാർഥികൾക്കുവേണ്ടി ശബ്ദിക്കാനും നീതിനിഷേധം ലോകത്തെ ബോധ്യപ്പെടുത്താനും.

സൗഹൃദം എത്ര സുന്ദരമാണ്. പക്ഷേ ആൺകുട്ടിക്കും പെൺകുട്ടിക്കുമിടയിൽ ഒരുതരത്തിലുള്ള ബന്ധം മാത്രമേയുള്ളൂവെന്ന് നിങ്ങൾ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി തീരുമാനിച്ചു പ്രവർത്തിച്ചാൽ നിങ്ങൾ എന്തുചെയ്യും. സുരക്ഷ കരുതിയാണു വിദ്യാർഥികൾ ഹോസ്റ്റലിൽ അഭയം തേടുന്നത്. അവിടെപ്പോലും അവർ സുരക്ഷിതരല്ലെന്നുവന്നാലോ? ബാത്റൂമിനു പുറത്തു പോലും ക്യാമറ ഘടിപ്പിച്ച് സ്വകാര്യത പകർത്താൻ അധികൃതർ തുനിഞ്ഞാൽ അതിനെതിരെ നിങ്ങൾ ശബ്ദമുയർത്തില്ലേ? പ്രതിഷേധിക്കില്ലേ? വേണ്ടിവന്നാൽ തെരുവിലിറങ്ങില്ലേ? അതു തെറ്റാണോ? എങ്കിൽ ആ തെറ്റു ചെയ്ത വിദ്യാർഥിക ളിൽ ഒരാളാണു ഞാൻ. ഒരു സഹപാഠിയോടു സംസാരിച്ചാൽ അതൊരു ആൺകുട്ടിയായതിന്റെ പേരിൽമാത്രം അക്ഷേപിക്കപ്പെടുക. ഒരു ആൺകുട്ടിക്കൊപ്പം അൽപദൂരം നടന്നാലും അധിക്ഷേപം ഉറപ്പ്. ന്യൂ ജെൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തലമുറയിലെ വിദ്യാർഥികളാണ് ഇതൊക്കെ അനുഭവിക്കുന്നതെന്ന് ഓർക്കണം. പെൺകുട്ടികൾക്കെതിരെ ആക്ഷേപങ്ങൾ ചൊരിയുന്നതും അപമാനിക്കുന്നതും പുരുഷൻമാരല്ല; ഒരു സ്ത്രീ തന്നെയാണെന്നും ഓർക്കണം. ഇത്തരക്കാർ ഒരു കലാലയത്തിൽ മാത്രമായിരിക്കില്ല. മറ്റു സ്ഥലങ്ങളിലും കാണും. ഇവരെപ്പോലുള്ള വർ അധികാരത്തിലിരിക്കുമ്പോൾതന്നെ വേണം ‘സ്ത്രീശാക്തീകരണം’ നടപ്പാക്കാൻ.

പ്രഗത്ഭരും പ്രശസ്തരുമായ എത്രയോ സ്ത്രീകൾ ചരിത്രത്തിലുണ്ട്. അവരുടെയൊ ക്കെ ഓർമകളെക്കൂടി അപമാനിക്കുന്നു പുതിയ കാലത്തെ ചിലരുടെ പ്രവൃത്തികൾ. അതു കണ്ടിട്ടും അനുഭവിച്ചിട്ടും ഞങ്ങൾ മിണ്ടാതിരിക്കണമെന്നാണോ പറയുന്നത്. അത്രമാത്രം സാമൂഹികബോധമില്ലാത്തവരല്ല ഞങ്ങൾ. ലക്ഷ്യത്തിനുവണ്ടിയുള്ള പോരാട്ടം നീണ്ടുപോയപ്പോൾ വിദ്യാർഥികൾ തളർന്നുപോകുമെന്നാണു പലരും വിചാരിച്ചത്, പ്രവചിച്ചതും. പക്ഷേ ഓരോ ദിവസം കഴിയുംതോറും കൂടുതൽ ശക്തിയുള്ളവരായി മാറുകയായിരുന്നു വിദ്യാർഥികൾ. ഉന്നയിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ സമരം നിർത്താൻ ഞങ്ങൾ ഒരുക്കമായിരുന്നില്ല. പരീക്ഷണങ്ങളെ ധീരമായി നേരിട്ടു. പ്രതിസന്ധികൾക്കു മുന്നിൽ തളർന്നില്ല. ഒടുവിൽ 29 ദിവസങ്ങൾക്കുശേഷം നീതിയുടെ സൂര്യോദയം. അനീതിയുടെ ഇരുട്ടിന് അവസാനം. അടിച്ചമർത്തലിന്റെ, അടിമത്വത്തിന്റെ കറുത്ത യുഗത്തിന്റെ അന്ത്യം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു.

മൂന്നാറിലെ തണുപ്പിനെയും അതിജീവിച്ച് ന്യായമായ കൂലിക്കും വേതനത്തിനും വേണ്ടി സ്ത്രീതൊഴിലാളികൾ നടത്തിയ സമരമായിരുന്നല്ലോ പെമ്പിളൈ ഒരുമൈ. ഞങ്ങളുടെ സമരത്തെയും ചിലർ അതിനോടു താരതമ്യപ്പെടുത്തുകയുണ്ടായി. ശരിയായിരിക്കാം. ആരും പ്രതീക്ഷിക്കാതിരിക്കെ പുതുതലമറയിലെ പെൺകുട്ടികളിൽനിന്ന് ഉയർന്നുവന്ന ന്യായമായ പ്രക്ഷോഭമായിരുന്നല്ലോ നിയമവിദ്യാർഥികളുടെ പഠിപ്പുമുടക്കൽ സമരം.

നഷ്ടപ്പെട്ട ദിനങ്ങൾ ഒരു മാസത്തോളം .ആ ദിവസങ്ങൾ കൂടി കണക്കിലെടു ത്തുവേണം ഇനി പഠിക്കാൻ. ആഗ്രഹിച്ച ബിരുദം സ്വന്തമാക്കി കലാലയത്തിൽനിന്ന് അന്തസ്സോടെ, അഭിമാനത്തോടെ പുറത്തിറങ്ങാൻ. എന്തിനുവേണ്ടിയായിരുന്നു ഇത്ര ദീർഘമായ സമരമെന്നൊക്കെ ചോദിക്കുന്ന ചിലർക്കെങ്കിലും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അതു മാറാൻ കൂടിയാണ് ഈ കുറിപ്പ്.

ക്ലാസ് മുറിയും അക്ഷരങ്ങളും മാത്രമല്ല നീതിക്കുവേണ്ടി പോരാടുന്നതും വിദ്യാർഥിജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന പാഠപുസ്തകത്തിലില്ലാത്ത പാഠമാണ് ഒരു മാസം നീണ്ട സമരം പഠിപ്പിച്ചത്. നന്ദിയുണ്ടെനിക്ക്.

പോരാട്ടം ജീവിതമെന്ന് അനുഭവിപ്പിച്ച സുഹൃത്തുക്കളേ ഞാനും നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളുടെ പോരാട്ടം നിങ്ങൾക്കുവേണ്ടി മാത്രമായിരുന്നില്ല; എനിക്കുവേണ്ടിക്കൂടി ആയിരുന്നു. മറ്റനേകം വിദ്യാർഥികൾക്കുവേണ്ടിയും. നമുക്കുശേഷം ഭാവി സ്വപ്നങ്ങളുമായി പടികടന്നുവരുന്ന തലമുറകൾക്കു വേണ്ടിയും. തോൽക്കാൻ പാടില്ലാത്ത സമരം. നമ്മളൊരുമിച്ചു നിന്നപ്പോൾ വിജയവും നമ്മളൊടൊപ്പം നിന്നു, 29 ദിവസങ്ങൾ സമരത്തിന്റെ അഗ്നിക്കു പഠനം സമർപ്പിച്ചു നാം നേടിയ പാഠമാണ് ഏറ്റവും വലിയ അറിവ്. ഇനിയുള്ള ജീവിതത്തിലും അതു നമ്മെ നേർവഴിക്കു നയിക്കട്ടെ.തെറ്റു കണ്ടാൽ എതിർക്കാൻ ശക്തി തരട്ടെ. ശരിക്കുവേണ്ടി പോരാടാൻ ഊർജമാകട്ടെ. അവസാനശ്വാസം വരെ പോരാടിയും വിജയിച്ചുമടങ്ങുമെന്നു പ്രതിജ്ഞ ചെയ്യട്ടെ. നന്ദി പ്രിയ കലാലയമേ, എന്നെ ധീരയാക്കിയതിന്. പേടിച്ചുവിറയ്ക്കാത്ത പെണ്ണാക്കിയതിന്.

പേടിച്ചിട്ടല്ല പേരു വയ്ക്കാതെ ഈ കുറിപ്പെഴുതുന്നത്; ഇത് എന്റെ മാത്രം അനുഭവ മല്ലാത്തതിനാലാണ്.‍‍ ഞങ്ങളുടെ കലാലയത്തിൽ മാത്രവുമല്ല നീതിനിഷേധങ്ങൾ. വലിയൊരുകൂട്ടം വിദ്യാർഥിനികളുടെ പ്രശ്നങ്ങൾ തുറന്നെഴുതുമ്പോൾ ഒരു പേരിനെന്തു പ്രസക്തി. പ്രശ്നങ്ങളല്ലേ വലുത്. അവയുടെ പരിഹാരവും.