കടത്തനാടിന്റെ ശ്രീ ; കളരിച്ചുവടുകളുമായി മീനാക്ഷിയമ്മ

സുചിത്ര പ്രിയദർശിനി


വടകരയുടെ കാറ്റിന് വടക്കൻപാട്ടിന്റെ ശീലാണ്. സന്ധ്യാദീപത്തിന് വായ്ത്താരി യുടെ താളവും. കണ്ണടച്ചുനിന്ന് കാതോർത്താൽ, തണുപ്പുറഞ്ഞു കിടക്കുന്ന കളരികളിൽ ഉറുമിയുടെ സീൽക്കാരം കേൾക്കാം. പ്രണയവും പ്രതികാരവും ചതിയും പോരാട്ടവും വീര്യവും ഇഴപിരിഞ്ഞ നൂറുനൂറായിരം കഥകൾ പറയുന്ന മണ്ണ്. പത്മശ്രീ നൽകി രാജ്യം ആദരിച്ച കളരി ഗുരുക്കൾ മീനാക്ഷിയമ്മയുടെ ഗോവിന്ദ വിഹാർ എന്ന വീട് ഇവിടെയാണ് - കൃത്യമായി പറഞ്ഞാൽ വടകരയ്ക്കടുത്ത് പുതുപ്പണത്ത്. ആ വീട്ടിലേക്കാണ് യാത്ര. മീനാക്ഷിയമ്മയ്ക്ക് ആദരവും ആശംസയുമേകി വഴിയുടെ ഇരുവശവും പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഹോർഡിങ്ങുകളും പോസ്റ്ററുകളും വടകരെയെത്തിയെന്ന് ഓർമിപ്പിച്ചു. വഴി ചോദിക്കുന്നവർക്കൊക്കെ പറയാൻ ഏറെ ഉത്സാഹം. നടന്നുപോകുമ്പോൾ കാണാം, തച്ചോളി മാണിക്കോത്ത് തറവാട് - വടക്കൻ പാട്ടുകളിലെ വീരനായകൻ ഒതേനക്കുറുപ്പിന്റെ വീട്. ഇന്നവിടെ പരദേവത കുടികൊള്ളുന്ന ക്ഷേത്രം മാത്രമേയുള്ളൂ.

കേരളത്തിലെ ഏറ്റവും പ്രായംചെന്ന വനിതാ കളരി ഗുരുക്കളാണ് മീനാക്ഷിയമ്മ. പുതുപ്പണം കരിമ്പനപ്പാലത്ത് പരേതനായ വി.പി. രാഘവൻ ഗുരുക്കളുടെ ഭാര്യ. അച്ഛന്റെ കൈപിടിച്ച് രാഘവൻ ഗുരുക്കളുടെ കളരിയിൽ പയറ്റ് പഠിക്കാൻ എത്തുമ്പോൾ വയസ്സ് ഏഴ്. ഓടിയും ഇടറിയും വീണും എഴുന്നേറ്റും അനുഭവങ്ങ ളുടെ സപ്തതി കടന്നുപോയി. പക്ഷേ, കളരിയിൽ ഇറങ്ങിയാൽ, ഈ 74–ാം വയസ്സിലും പഴയ അതേ ചുറുചുറുക്കാണ്. മീനാക്ഷിയമ്മയുടെ ചുവടുകൾക്ക് മുമ്പിൽ ചെറുപ്പക്കാരായ ശിഷ്യർ ഇപ്പോഴും തെല്ലൊന്നു പതറും. പ്രതിഫലേച്ഛയില്ലാത്ത ഈ ആത്മസമർപ്പണത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് പദ്മശ്രീ.

മച്ചകത്തിന്റെ പഴമയും എടുപ്പുകളുടെ പുതുമയും ഇഴചേർന്ന, ഉള്ളിൽ തണുപ്പ് നിറയ്ക്കുന്ന വീടാണ് ഗോവിന്ദ വിഹാർ. മരച്ചില്ലകൾ നിഴൽവിരിച്ച മുറ്റത്തേക്ക് കയറുമ്പോൾ പൂമുഖത്ത് അതിഥികളുണ്ടായിരുന്നു. അവരോട് സംസാരിച്ച് കടത്താനാടൻ കളരിയുടെ ശ്രീയും. അതിഥികളെ പറഞ്ഞയച്ച് മുഷിച്ചിലില്ലാതെ മീനാക്ഷി ഗുരുക്കൾ സംസാരിക്കാൻ റെഡിയായി. പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴും പെരുമാറ്റത്തിലെ നിഷ്കളങ്കതയും എളിമയും മലബാറിന്റെ മാത്രം പ്രത്യേകതയാവാം. അല്ലെങ്കിൽ, വർഷങ്ങളുടെ സാധനയ്ക്കൊടുവിൽ കളരി ഗുരുക്കളുടെ ജീവിതത്തോട് ചേർന്ന സവിശേഷത.

നൃത്തത്തിൽനിന്ന് കളരിയിലേക്ക്

കായികവിദ്യാഭ്യാസം നിർബന്ധമുള്ള കാലഘട്ടത്തിലാണ് മീനാക്ഷിയമ്മയുടെ ജനനം. ഇൗ പ്രദേശത്തെ ആളുകളൊക്കെ അന്ന് നിർബന്ധമായും കളരിയിൽ പോകും. മിക്ക വലിയ തറവാടുകൾക്കും സ്വന്തമായി കളരിയുണ്ട്. ചുറ്റുവട്ടത്തുള്ള വീട്ടുകാർ ചികിത്സയ്ക്കും പഠനത്തിനുമായി ഈ കളരികളെയാണ് ആശ്രയിക്കുക. ഏഴു വയസ്സാകുമ്പോഴേക്കും കുട്ടികളെ ആൺപെൺ വ്യത്യാസമില്ലാതെ കളരിയിൽ പറഞ്ഞയയ്ക്കും. പക്ഷേ, പതിമൂന്നു വയസ്സുവരെയൊക്കെയേ പെൺകുട്ടികൾ കളരിയിൽ വരൂ. ഋതുമതികളായാൽ പിന്നെ അവരെ കളരിയിലേക്ക് വിടില്ല. കളരിയും അഭ്യാസവുമൊക്കെ നിർത്തി വീട്ടിൽ ഇരുന്നുകൊള്ളണം. അനുവാദം കിട്ടിയവർതന്നെ, പഠനത്തിനായി ദൂരേക്ക് പോകേണ്ടി വരുമ്പോഴും കല്യാണം കഴിയുമ്പോഴുമെല്ലാം കളരി ഉപേക്ഷിക്കും.

നനന്നായി നൃത്തംചെയ്യുന്ന മീനാക്ഷിയെ മെയ് വഴക്കത്തിനായാണ് അച്ഛൻ കളരിയിൽ ചേർക്കുന്നത്. പ്രദേശത്തെ മികച്ച കളരിയായിരുന്നു രാഘവൻ ഗുരുക്കളുടേത്. പോരാത്തതിന് വീടിന് അടുത്തും. വലിയ ഗൗരവക്കാരനായിരുന്നു ഗുരുക്കൾ. മിതഭാഷി. ഗുരുക്കളുടെ കീഴിൽ കളരിയും മറുവശത്ത് നൃത്തവുമായി മീനാക്ഷി വളർന്നു. ഒടുവിൽ രണ്ടും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകാനാവാതെ വന്നതോടെ ഒന്നുപേക്ഷിച്ചേ മതിയാകൂ എന്ന അവസ്ഥ വന്നു. ഏതു വേണ്ടന്നു വെയ്ക്കണം എന്ന കാര്യത്തിൽ അൽപംപോലും സംശയമുണ്ടായിരുന്നില്ല. നൃത്തം ഉപേക്ഷിച്ചു. കളരിയെ നെഞ്ചോട് ചേർത്തു പിടിച്ചു മുന്നോട്ടുപോയി. ജീവിതത്തിന് വലിയൊരു ട്വിസ്റ്റ് നൽകിക്കൊണ്ട് പതിനാറാം വയസ്സിൽ രാഘവൻ ഗുരുക്കളെ ത്തന്നെ വിവാഹവും ചെയ്തു. കഥ ഇവിടെയെത്തുമ്പോൾ അൽപ്പം കുസൃതി യോടെ നമ്മൾ നെറ്റി ചുളിച്ചാൽ ചെറുചിരിയോടെ അടിവരയിട്ട് മീനാക്ഷിയമ്മ പറയും- ഞങ്ങളുടേത് പ്രണയവിവാഹമൊന്നും അല്ല കേട്ടോ എന്ന്.

ഒറ്റ രാത്രികൊണ്ട് കെട്ടിയ കളരി

മീനാക്ഷിയമ്മയുടെ കടത്തനാടൻ കളരി സംഘത്തിന്റെ അത്രയും പഴക്കമുള്ള കളരികൾ കേരളത്തിൽ ചുരുക്കമാണ്. 1949 ലാണ് ഈ കളരി കുഴിക്കുന്നത്. പഠനം മുഴുവൻ ഒറ്റ രൂപ പോലും ഫീസ് വാങ്ങാതെയാണ്. അതിനും കാരണമുണ്ട്. ഉയർന്ന ജാതിക്കാരുടെ കളരിയിൽ പണ്ട് താഴ്ന്ന ജാതിക്കാരെ കയറ്റുമായിരുന്നില്ല. തീയ്യ സമുദായാംഗമായ രാഘവൻകുട്ടി ഗുരുക്കൾക്കും അത്തരമൊരു അനുഭവം നേരിടേണ്ടി വന്നു. ഇതിന്റെ വാശിയിൽ ഗുരുക്കളും അനുജനും കൂടി ഒറ്റ രാത്രി കൊണ്ട് ഉണ്ടാക്കിയതാണ് ഈ കളരി. അക്കാലത്ത് സവർണമേധാവിത്വത്തിന്റെ മുഖത്തേറ്റ കനത്ത അടിയായിരുന്നു അത്. ജാതിയോ മതമോ നോക്കാതെ, അണപൈസ പ്രതിഫലം വാങ്ങാതെ വരുന്നവരെയെല്ലാം കളരി അഭ്യസിപ്പിക്കുന്ന കേന്ദ്രമായിരുന്നു ഗുരുക്കളുടെ സ്വപ്നം. അദ്ദേഹം തുടങ്ങിവെച്ച പതിവ് ഇന്നും കളരിയിൽ തെറ്റിക്കുന്നില്ല.

ആറടി താഴ്ചയും 64അടി നീളവും 32 അടി വീതിയുമുള്ള വലിയ കുഴിക്കളരിയാണ് ഇവിടുത്തേത്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും മേൽമണ്ണ് തട്ടി ചൊറി, ചിരങ്ങ് എന്നിവയൊന്നും ഉണ്ടാകാതിരിക്കാനുമാണ് കുഴിക്കളരി ഉണ്ടാക്കുന്നത്. പണ്ട് മണ്ണായിരുന്ന കളരിയുടെ തിണ്ട ഇപ്പോൾ കല്ലുകൊണ്ട് പുതുക്കിക്കെട്ടി. മേൽക്കൂരയിലെ ഓല മാറ്റി ഓട് മേഞ്ഞു. മുൻവശം ഒരു ചെറിയ വരാന്ത ഉണ്ടാക്കി. ബാക്കിയെല്ലാം പഴയ കളരിതന്നെ. വടക്കൻ സമ്പ്രദായത്തിലാണ് പഠനം. വായ്ത്താരി, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നീ നാലു ഘട്ടങ്ങൾ കഴിയുന്നതോടെ പഠനം ഏകദേശം പൂർത്തിയാകും. ഗുരുനാഥന്റെ വായകൊണ്ടുള്ള നിർദേശം അനുസരിച്ച് കുട്ടികൾ ചെയ്യുന്ന അടിസ്ഥാനവ്യായാമമുറകളാണ് വായ്ത്താരി. ഇതിന്റെ വിഭാഗമായ കൈകുത്തിപ്പയറ്റ് ധാരാളം ഊർജം സ്റ്റോറുചെയ്യാൻ സഹായിക്കും. എനർജി റീചാർജിങ് എന്നു വേണമെങ്കിൽ പറയാം. ശരീരം വളയാനും ഉയർന്നു ചാടാനും മെയ് വഴക്കമുണ്ടാകാനുമൊക്കെയു ള്ളതാണ് മെയ്യെറക്കം. ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താൻ പകർച്ചക്കാൽ സഹായിക്കും. ഒറ്റക്കാലിൽ നിന്നുകൊണ്ടുള്ള പയറ്റാണിത്. ഇവയെല്ലാം വായ്ത്താരിയുടെ ഭാഗമായി വരും. ഇതെല്ലാം ഉറച്ചുകഴിഞ്ഞാൽ വിദ്യാർഥി അടുത്ത ഘട്ടത്തിലേക്കു കടക്കും. വടികൊണ്ടുള്ള പ്രയോഗമായ കോൽത്താരി,. ലോഹായുധങ്ങൾകൊണ്ടുള്ള അങ്കത്താരി, നിരായുധനായി നിന്നുകൊണ്ടുള്ള വെറുംകൈ പയറ്റ് എന്നിവ ഘട്ടങ്ങളായി പഠിപ്പിക്കും. ഇതിനെല്ലാം ശേഷമാണ് മർമശാസ്ത്രം പഠിക്കുക. മെയ് വഴക്കമുള്ള ആളുകൾക്ക് ഒരുകൊല്ലംകൊണ്ട് കളരി പഠിച്ചെടുക്കാനാകും. പണ്ടൊക്കെ 10-13 കൊല്ലം കൊണ്ടൊക്കെയാണ് ഒരാൾ പൂർണമായും കളരി അഭ്യസിച്ച് തീരുക.

ആത്മധൈര്യത്തിന്റെ ചുവടുകൾ

പെൺകുട്ടികൾ കളരി നിർബന്ധമായും പഠിക്കണമെന്നതാണ് ഇപ്പോൾ എവിടെപ്പോയാലും മീനാക്ഷിയമ്മയുടെ പ്രധാന ഉപദേശം. കാലം വല്ലാത്തതാണ്. ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാനോ ആരെയും വിശ്വസിക്കാനോ പറ്റാത്ത അവസ്ഥ. കളരി അഭ്യസിക്കുന്നതിലൂടെ കുട്ടികൾക്ക് നല്ല മനോധൈര്യം ഉണ്ടാകും. കളരിയിലെ പെൺകുട്ടികളൊക്കെ രാത്രി ഒറ്റയ്ക്കാണ് വരികയും പോവുകയും ചെയ്യുക. അവർക്ക് ഒരു പേടിയും ഇല്ല. കളരിയിൽ വന്നുതുടങ്ങിയതോടെ ധൈര്യം കൂടിയെന്ന് അവർ പറയും. ആത്മവിശ്വാസം വർധിക്കുന്ന ആയോധനകല കൂടിയാണ് കളരി. കളരിയിൽ ഒഴിഞ്ഞുമാറാനുള്ള ഒട്ടേറെ അടവുകളുണ്ട്. പെട്ടെന്നുണ്ടാകുന്ന ആക്രമങ്ങളെ പതറാതെ, സമചിത്തതയോടെ നേരിടാൻ കളരി സഹായിക്കുമെന്ന് മീനാക്ഷിയമ്മ പറയുന്നു. കളരി അഭ്യസിക്കുന്ന സ്ത്രീകൾക്ക് പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകൾ, ആർത്തവ ക്രമക്കേടുകൾ എന്നിവയും ഉണ്ടാകാറില്ല. കളരിയിലെ ഉഴിച്ചിലുകളൊക്കെയാണ് ഇതിന് സഹായിക്കുക. രോഗപ്രതിരോധശേഷി കൂടുന്നതിനാൽ മറ്റസുഖങ്ങളും കുറവായിരിക്കും. ജലദോഷം വരാതിരിക്കാനും രോഗപ്രതിരോധശേഷി വർധിക്കാനും ദിവസവും കളരി കഴിയുമ്പോൾത്തന്നെ കുരുമുളക് വെള്ളം കുടിക്കാൻ നൽകാറുമുണ്ട്.

നല്ലതിനാകണം കളരി

വടകരയ്ക്ക് പുറപ്പെടുമ്പോൾതന്നെ മനസ്സിൽ ഒരുക്കിവെച്ച ഒരു ചോദ്യമുണ്ടായിരുന്നു- ആർക്കെങ്കിലും നേരെ കളരിമുറകൾ പ്രയോഗിച്ചിട്ടുണ്ടോ... സംശയത്തോടെയാണ് ചോദിച്ചതും. നിറഞ്ഞ ചിരിയോടെ മീനാക്ഷിയമ്മ പറഞ്ഞു, "എനിക്കിതുവരെ ആർക്കുനേരെയും കളരിമുറകൾ എടുക്കേണ്ടി വന്നിട്ടില്ല. എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ശിഷ്യരുണ്ട്. എല്ലാവരും സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമേ പെരുമാറിയിട്ടുള്ളൂ. എന്റെ പ്രായവും അതിൽ വലിയൊരു ഘടകമാണ്. ശിഷ്യകളിൽ ചിലർ പൊതു ഇടങ്ങളിൽ മോശം അനുഭവം ഉണ്ടായപ്പോൾ പ്രതികരിച്ച സംഭവങ്ങളുമുണ്ട്. നല്ല കാര്യത്തിനു വേണ്ടി മാത്രമേ കളരി ഉപയോഗിക്കാവൂ എന്ന് എപ്പോഴും ശിഷ്യരോട് പറയും. കളരി ആരെയും ദ്രോഹിക്കാനാകരുത്. നമ്മുടെ സ്വന്തം ശരീരം പോലെ മറ്റൊരാളുടെ ശരീരത്തെയും കാണണമെന്നാണ് കളരിയുടെ നിയമം. അതുകൊണ്ട് ആരെങ്കിലും ആക്രമിക്കാൻ വന്നാൽ അയാളുടെ ആരോഗ്യം കൂടി കണക്കിലെടുത്ത് മാത്രമെ ഗുരുക്കൾ പ്രതികരിക്കാവൂ.."

കളരി കുടുംബം

ഏഴാമത്തെ വയസ്സിൽ പടികടന്നെത്തിയതു മുതൽ ഇന്നുവരെ കളരിയിൽ മീനാക്ഷിയമ്മ സജീവമാണ്. മീനാക്ഷിയമ്മയ്ക്കും രാഘവൻ ഗുരുക്കൾക്കും നാലുമക്കൾ- സജീവ്കുമാർ, പ്രദീപ്കുമാർ, ചന്ദ്രപ്രഭ, റൂബി. ഇവരെ പ്രസവിക്കുന്ന സമയത്താണ് കളരിയിൽനിന്ന് അല്പമൊന്ന് മാറിനിന്നിട്ടുള്ളത്. നാലു മക്കൾക്കുമായി ആകെ എട്ടുപേരക്കുട്ടികൾ. മക്കളെല്ലാവരും കളരി പഠിച്ചതാണ്. പേരമക്കളും പഠിക്കുന്നുണ്ട്. ഇപ്പോഴും രാവിലെ അഞ്ചിന് മീനാക്ഷിയമ്മയുണരും, ഒപ്പം കളരിയും. രാവിലെ പത്തുമണി വരെ കളരിയിലാണ്. വെയിൽ കനത്താൽ കളരി അടച്ച് വീട്ടിലെത്തും. വീട്ടുകാര്യങ്ങളെല്ലാം നോക്കിയശേഷം വൈകിട്ട് നാലരയാകുമ്പോഴേക്കും വീണ്ടും കളരിയിലേക്ക്. രാത്രി ഒമ്പതു വരെ പിന്നെ അവിടെയാണ്. 'ചിട്ടയോടെയുള്ള ഈ ജീവിതമാകും എഴുപതിലും പതിനേഴിന്റെ ചെറുപ്പത്തിനു കാരണമല്ലേ' എന്നു ചോദിച്ചാൽ മീനാക്ഷിയമ്മ ചിരിക്കും. മലബാറിന്റെ നിഷ്കളങ്കത നിറഞ്ഞ വശ്യമായ ചിരിയിൽ പ്രായം മാഞ്ഞുപോകും. /p>