രാത്രിയിൽ സ്ത്രീകളെല്ലാം റോഡിൽ സഞ്ചരിക്കാൻ ഇറങ്ങണം; മാറ്റം അവിടെ നിന്നും തുടങ്ങണം
ശ്രീ പാർവതി
യൂബർ ടാക്‌സിയും പരമ്പരാഗതമായ ടാക്സി സർവീസുകളും
തമ്മിൽ തുടങ്ങിയ വഴക്കിന് ഇപ്പോഴും
അവസാനമായിട്ടില്ല. പ്രതികാരവും തമ്മിലടിയും
അകത്തുള്ള പ്രശ്നങ്ങൾ കഴിഞ്ഞു പുറത്തേയ്ക്കും
യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യങ്ങളിലേയ്ക്കും
വളർന്നിരിക്കുന്നു. എന്തുകൊണ്ട് യൂബറും ഓലയും
പോലെയുള്ള ഓൺലൈൻ ടാക്സി സർവീസുകൾ കേരളത്തിന്റെ
റോഡുകളിൽ പിടി മുറുക്കി? പണം മാത്രമാണോ പ്രശ്നം?
ഓൺലൈൻ ടാക്സികളെ ഏറ്റവുമധികം ആശ്രയിക്കുന്ന
സ്ത്രീകൾക്ക് പ്രശ്നം പണത്തിന്റേതല്ല, പകരം
സുരക്ഷിതത്വത്തിന്റേതാണ്. കേരളത്തിൽ സ്ത്രീ അവളുടെ
സുരക്ഷിതത്വത്തെ ഓർത്ത് വിലപിച്ചു കൊണ്ടു
തന്നെയിരുന്നു. പ്രശസ്തരായ സ്ത്രീകൾക്ക് പോലും
അവനവന്റെ വാഹനത്തിൽ പൊതു നിരത്തിൽ സഞ്ചരിക്കാൻ
ഭയപ്പെടണമെങ്കിൽ സ്വന്തം സുരക്ഷിതത്വത്തെ കുറിച്ച്
വലിയ ചോദ്യങ്ങളാണ് സ്ത്രീകളുടെ മനസ്സിൽ ഉയരുന്നത്.
യൂബർ ടാക്സി വിഷയത്തിൽ ഗായിക സയനോരയ്ക്കും
പറയാനേറെയുണ്ട്...
കണ്ണൂരിൽ നിന്നു മലബാര്‍
എക്‌സ്പ്രസില്‍ കൊച്ചിയിലെത്തിയ സയനോര പനമ്പള്ളി
നഗറിലേയ്ക്ക് പോകുന്നതിനാണ് യൂബര്‍ടാക്‌സി
വിളിച്ചത്. ടാക്‌സിയില്‍ കയറാന്‍
ശ്രമിക്കുന്നതിനിടെ ഒരു സംഘം ഓട്ടോറിക്ഷ ഡ്രൈവർമാർ
ടാക്സി തടയുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ
ശ്രമിക്കുകയും ചെയ്തതായി സയനോര തന്നെയാണ് തന്റെ
ഫെയ്‌സ്ബുക്കിൽ കുറിച്ചത്. എന്നാൽ ടാക്സിയിൽ
നിന്ന് ഇറങ്ങാൻ തയ്യാറാകാതെ സയനോര ധൈര്യത്തോടെ
ശബ്ദമുയർത്തി അനീതിയ്‌ക്കെതിരെ സ്വയം
ചോദ്യമാവുകയായിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തെ
കുറിച്ചും യൂബർ വിഷയത്തിന്റെ പുതിയ
വികാസങ്ങളെക്കുറിച്ചും സയനോര പറയുന്നു :
എന്തുകൊണ്ട് ഓൺലൈൻ ടാക്സി സർവീസുകൾ
...
ഇതിനു മുൻപ് ഞാൻ റെയിൽവേസ്റ്റേഷനിൽ
വന്നിറങ്ങുമ്പോൾ ആശ്രയിക്കുക പരമ്പരാഗതമായ ടാക്സി
സർവീസുകളെ തന്നെയായിരുന്നു. പക്ഷെ നമ്മളവരോട് എത്ര
രൂപയാകും എന്നു ചോദിക്കുമ്പോൾ യഥാർഥ ദൂരത്തിനു
വാങ്ങേണ്ടുന്ന പണത്തിന്റെ മൂന്നോ നാലോ ഇരട്ടിയാണ്
അവർ വാങ്ങിക്കൊണ്ടിരുന്നത്. നോർത്ത് സ്റ്റേഷനിൽ
നിന്നും പനമ്പിള്ളി നഗറിലേയ്ക്കൊക്കെ പോകാൻ
നാനൂറ്റി അമ്പതു രൂപയൊക്കെയാണ്
കൊടുക്കേണ്ടിവന്നിട്ടുള്ളത്. ഒരിക്കൽ ഇതുപോലെ ഒരു
ടാക്സി ഡ്രൈവറോട് സംസാരിച്ചപ്പോൾ അയാൾ 350
രൂപയ്ക്കു സമ്മതിച്ചു, പക്ഷെ അയാളെ ഓട്ടത്തിന്
പോവാൻ അവിടെ ഉണ്ടായിരുന്ന മറ്റു ഡ്രൈവർമാർ
സമ്മതിച്ചില്ല. അവർക്ക് ഒരു ഫിക്സഡ് റേറ്റ് ഉണ്ട്.
അതു മാറ്റി ഒരാൾ പോലും അവിടെ ഓടിക്കാൻ അവർ
സമ്മതിക്കില്ല. അങ്ങനെ ഒരു രക്ഷയും
ഇല്ലാതായപ്പോഴാണ് ഞാൻ ഓൺലൈൻ ടാക്സിയെ ആശ്രയിക്കാൻ
തുടങ്ങിയത്. ആപ്പ് ഡൗൺലോഡ് ചെയ്യുകയും ചെയ്തു.
ഇത്തരം ടാക്സികളുടെ പ്രധാനകാര്യം നമ്മൾ
എപ്പോഴും മോണിറ്റർ ചെയ്യപ്പെടുന്നു എന്നതു
തന്നെയാണ്. നമ്മൾ എവിടെ പോയാലും അതു കൃത്യമായി
രേഖപ്പെടുത്തുന്നുണ്ടാകും. അതുകൊണ്ടു തന്നെ
സ്ത്രീകൾ ഒറ്റയ്ക്കു സഞ്ചരിക്കുമ്പോൾ സുരക്ഷ
കുറച്ചെങ്കിലും നൽകാൻ ഇത്തരം ടാക്സികൾക്ക് കഴിയും.
പക്ഷെ മറ്റു ടാക്സിയിലോ ഓട്ടോറിക്ഷയിലോ ആണെങ്കിൽ
ആരുടെയോ വാഹനത്തിൽ നമ്മൾ എവിടെയോ പോകുന്നു, ആരുടെ
ഒപ്പമാണ് പോയത്, എന്നു തുടങ്ങി ഒന്നിനും
തെളിവില്ല.
രാത്രി യാത്രയിൽ
എങ്ങനെ സുരക്ഷ....
സത്യം പറഞ്ഞാൽ
ഇപ്പോൾ നടിയുടെ പ്രശ്നം കൂടി കഴിഞ്ഞതോടെ നമ്മൾ
കുറച്ചുകൂടി ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇതിനു മുൻപ് നമ്മളൊരു വാഹനത്തിൽ കയറുമ്പോൾ അതു
ചൈൽഡ് ലോക്ക് ആണോ, എന്നൊന്നും നമ്മൾ
ശ്രദ്ധിക്കില്ല. പെട്ടെന്ന് വാഹനത്തിനുള്ളിൽ
നിന്ന് ഒരു ആക്രമണം ഉണ്ടായാൽ മാത്രമേ ഇതൊക്കെ
നമുക്ക് ഓർക്കേണ്ടതുള്ളൂ. പക്ഷെ ഇപ്പോൾ അതൊക്കെ
ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. എല്ലാവരും
ശ്രദ്ധിക്കണം. പക്ഷെ നിങ്ങൾ രാത്രിയിൽ യാത്ര
ചെയ്യുമ്പോൾ ഇതുപോലെ പ്രശ്നങ്ങളുണ്ട് അതുകൊണ്ട്
നിങ്ങൾ രാത്രിയിൽ സഞ്ചരിക്കാൻ പാടില്ല എന്നു
പറയാനാണു പാടില്ലാത്തത്. അതൊരിക്കലും ഒരു
ഉത്തരമല്ല. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു
തടയിട്ടുകൊണ്ടല്ല ഇതിനെതിരെ സംസാരിക്കേണ്ടത്.
പക്ഷെ എനിക്കു പറയാനുള്ളത് സ്ത്രീകൾ സ്വയം
അവനവന്റെ സുരക്ഷയുടെ കാര്യത്തിൽ കുറച്ച് കൂടി
കരുതൽ എടുക്കണമെന്നാണ്. അറിയാത്ത ഒരു ടാക്സിയിലോ
ഓട്ടോയിലോ കയറുമ്പോൾ അതിന്റെ നമ്പർ നോട്ട് ചെയ്ത്
വാഹനത്തിൽ ഇരുന്നുകൊണ്ട് തന്നെ വീട്ടിലുള്ളവരെ
വിളിച്ച് വണ്ടിയുടെയും ഡ്രൈവറിന്റെയും അറിയുന്ന
വിവരങ്ങൾ പറഞ്ഞു കൊടുക്കുക.
അതു
വണ്ടിയോടിക്കുന്ന ആൾ കേൾക്കാൻ പാകത്തിൽ ഉറക്കെ
തന്നെ പറയുകയും വേണം. ഈ നാട്ടിൽ ഇനി
ജീവിക്കണമെങ്കിൽ വേറെ നിവൃത്തിയില്ല.
ഇങ്ങനെയൊക്കെയേ പറ്റൂ. നേരിടാൻ തയ്യാറായി തന്നെ
ഇറങ്ങണം. എന്റെയൊരു ഭ്രാന്തമായ സങ്കല്പമുണ്ട്, ആറു
മണിക്ക് ശേഷം നാട്ടിലെ സ്ത്രീകളെല്ലാം റോഡിൽ
സഞ്ചാരിക്കാൻ വേണ്ടി ഇറങ്ങണം. അവർക്ക് ആഗ്രഹമുള്ള
സമയം വരെ നടക്കണം, എല്ലാ കടകളും തുറക്കണം, പക്ഷെ
ഇതൊന്നും നടക്കാത്ത സ്വപ്നമാണ്. പക്ഷെ
ഇനിയങ്ങോട്ട് ഇങ്ങനെയൊക്കെ വേണ്ടി വരും. ഇതിലെ
ബാലിശമായ കാര്യം, ഒരു ചോദ്യമാണ്. എന്റെ പ്രശ്നം
ഉണ്ടായപ്പോൾ പോലും എന്നോടു പലരും ചോദിച്ച ചോദ്യം
എന്തിനാണ് രാത്രിയിൽ അങ്ങനെ സഞ്ചരിച്ചത് എന്നാണ്.
രാത്രിയിൽ സ്ത്രീകൾ അങ്ങനെ സഞ്ചരിക്കുന്നത് ഒരു
കുറ്റകൃത്യമാണോ.. എനിക്കറിയില്ല! നാലു മണിക്കാണ്
എന്റെ ഫ്ലൈറ്റെങ്കിൽ ഞാൻ പോവുക രാത്രി പന്ത്രണ്ടു
മണിക്കാവും. ഫ്ലൈറ്റ് ലഭിച്ചില്ലെങ്കിൽ
തിരികെയെത്തുക അതിലും പാതിരാത്രിയിലായിരിക്കും.
ഞാൻ ഇൻഡിപെൻഡന്റ് ആയ ഒരു സ്ത്രീയാണ്, എനിക്ക് വേറെ
ഗൂഢ ലക്ഷ്യങ്ങൾ ഒന്നും തന്നെയില്ല. അധ്വാനിച്ചു
പണമുണ്ടാക്കുന്നു, ജീവിക്കുന്നു, എന്റെ കാര്യങ്ങൾ
നടത്തുന്നു, കുടുംബം നോക്കുന്നു, എന്റെ വീട്ടുകാരെ
കൂടെ കൊണ്ടു നടക്കാൻ എപ്പോഴും പറ്റില്ല. നമ്മൾ
എന്തെങ്കിലും തുറന്നു പറഞ്ഞാലാണ് ഇവിടെ വലിയ
പ്രശ്നം. മിണ്ടാതിരുന്നാൽ ഒരു കുഴപ്പവുമില്ല.
യൂബർ ടാക്സി കേസിൽ പുതിയ
വഴിത്തിരിവുകൾ...
ഞാൻ
എനിക്കുണ്ടായ അനുഭവം വച്ച് അന്നേ കേസ്
കൊടുത്തിരുന്നു. ഇപ്പോൾ അതിനു ശേഷം സുപ്രീം കോടതി
പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. അത് എല്ലാ റെയിൽവേ
സ്റ്റേഷനിലും അവർ വച്ചിട്ടുണ്ട്. ഓൺലൈൻ
ടാക്സികൾക്കും റെയിൽവേ സ്റേഷനുള്ളിൽ വന്നു
യാത്രക്കാരെ കൊണ്ടു പോകാനുള്ള അവകാശമുണ്ടെന്നാണത്.
അതിൽ ആരെങ്കിലും എതിർത്താൽ അവർക്കെതിരെ
കേസെടുക്കാനുള്ള വകുപ്പുകളും ഇപ്പോഴുണ്ട്. അന്ന്
അത്രയും പ്രശ്നമുണ്ടായതുകൊണ്ടു ഇങ്ങനെയൊരു ഉത്തരവ്
വന്നു എന്നതിൽ സന്തോഷമുണ്ട്, തീർച്ചയായതും. കഴിഞ്ഞ
ദിവസവും രാത്രിയിലാണ് റെയിൽവേ സ്റ്റേഷനിൽ വന്നത്.
എന്റെ സുഹൃത്തായിരുന്നു കൊണ്ടുവിട്ടത്, നമ്മൾ
ഇറങ്ങുമ്പോൾ ഓട്ടോറിക്ഷക്കാർ ഒരു കൂട്ടമായി
അപ്പുറത്ത് നിൽപ്പുണ്ട്. അവർ പരസ്പരം
പറയുന്നുണ്ട്. അന്നത്തെ കേസിനെക്കുറിച്ചും
എന്നെക്കുറിച്ചുമൊക്കെ... പക്ഷെ അവർ പറയുന്നതു
കേട്ടു പേടിച്ച് നിന്നാൽപ്പിന്നെ അതിനേ സമയം കാണൂ.
അതൊക്കെ അവിടെ കാണും. ഇവർക്കൊക്കെ ഗ്രൂപ്പായി
അക്രമിയ്ക്കാൻ മാത്രമേ അറിയൂ, ഒറ്റയ്ക്കാണെങ്കിൽ
ആരും അനങ്ങില്ല. അന്ന് ആ വിഷയത്തിന് ശേഷം പ്രശ്നം
ഉണ്ടാക്കുന്ന ആളുകളെ പോലീസ്സ് സ്റ്റേഷനിലൊക്കെ
കൊണ്ടുപോയിരുന്നു, അതിനു ശേഷമാണ് സുപ്രീം കോർട്ട്
വിധി വന്നത്.
സ്ത്രീകൾ ഉള്ള
വാഹനമാണ് പ്രശ്നം...
ശരിയാണ്.
രണ്ടുമൂന്നുപേർ ഒന്നിച്ച് പോയാലോ പുരുഷന്മാർ
ആണെങ്കിലോ അവർ കൂടെയുണ്ടെങ്കിലോ ഇവർക്കാർക്കും ഒരു
പ്രശ്നവുമില്ല. വീട്ടിൽ നിന്ന് വളർത്തുന്ന
പ്രശ്നമാണ്. പെൺകുട്ടികൾ നിസ്സഹായരും
ബലമില്ലാത്തവരും ആണെന്നുള്ള ഒരു ബോധം ചെറുപ്പം
മുതലേ കുട്ടികളുടെ മനസ്സിൽ കയറ്റി വയ്ക്കും
നമ്മുടെ കുടുംബങ്ങൾ. ഒരു ആൺകുട്ടിയും
പെൺകുട്ടിയുമുള്ള വീട്ടിൽ ആൺകുട്ടികൾക്ക് കൂടുതൽ
സ്വാതന്ത്ര്യം കൊടുക്കുക. ആൺകുട്ടികളെ പുറത്ത്
കളിയ്ക്കാൻ അനുവദിക്കുക. ഇത്തരം പഴഞ്ചൻ രീതികൾ
മാറി വരണം. എല്ലായിടത്തും ലിംഗവ്യത്യാസമില്ലാതെ
പോയാൽ മാത്രമേ പെൺകുട്ടികൾക്ക് ഒരു ആത്മവിശ്വാസം
വരുകയുള്ളൂ. അവരെ ആക്രമിച്ചാൽ അവർക്കൊന്നും
ചെയ്യാനാകില്ല എന്ന ഒരു ചിന്ത അവർക്കുള്ളപ്പോൾ
ഒന്നും ചെയ്യാനാകില്ല. ശരിക്കും വീട്ടിൽ നിന്നു
തന്നെയാണ് ഇതിന്റെ പാഠങ്ങൾ തുടങ്ങേണ്ടത്. ഞാൻ
എന്റെ മകളെ അങ്ങനെ വളർത്തണം
എന്നാണാഗ്രഹിക്കുന്നത്. കുട്ടിയെ മാർഷ്യൽ ആർട്ട്സ്
പഠിപ്പിക്കണം എന്നും കരുതുന്നു. ഇന്നത്തെ കാലത്ത്
പെൺകുട്ടികൾക്ക് ജീവിക്കാൻ ഇതൊക്കെ വേണം.
ഓൺലൈൻ ടാക്‌സികൾ പരമ്പരാഗത രീതികളെ
തകർക്കുന്നുണ്ടോ...
ആദ്യം
ഓട്ടോറിക്ഷ മാത്രമായിരുന്നു നിരത്തുകളിൽ
ഉണ്ടായിരുന്നത്. പിന്നീട് ടാക്‌സികൾ വന്നപ്പോൾ
സ്വാഭാവികമായും ഓട്ടോറിക്ഷക്കാർ ടാക്സികൾക്കെതിരെ
സംസാരിച്ചു. അതു തന്നെയാണ് ഇവിടെയും
സംഭവിക്കുന്നത്. കാലം മാറുമ്പോൾ വികസനം വരുമ്പോൾ
അതനുസരിച്ചുള്ള മാറ്റങ്ങളും ചുറ്റും നടക്കും. അത്
നമുക്ക് മാറ്റാനാകില്ല. നമ്മൾ നാടിനൊത്ത് വളരണം.
ഇപ്പോൾ കഴിഞ്ഞ ദിവസം ഞാനൊരു വാർത്ത കണ്ടിരുന്നു.
കോഴിക്കോടുള്ള കുറച്ചു ഓട്ടോറിക്ഷകളിൽ അവർ
മോണിറ്ററിങ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നു.
ഏതൊക്കെ വഴി പോകും എന്നതൊക്കെ മനസിലാക്കാം. അവർ
സ്വയം അവരെ മാറ്റാനും കാലത്തിനൊത്തുയരാനും
നോക്കുന്നുണ്ട്.നാടോടുമ്പോൾ നടുവേ
ഓടണം.ആൾക്കാർക്ക് എന്തൊക്കെ വേണം, എന്തൊക്കെ
മാറ്റങ്ങൾ വരുന്നു എന്നത് മനസിലാക്കാക്കി
അതനുസരിച്ച് പരമ്പരാഗതമായ സംവിധാനങ്ങളും
പ്രവർത്തിച്ചാൽ ഈ പ്രശ്നങ്ങളില്ല. ഏതൊരു
കാര്യത്തിലാണെങ്കിലും നമ്മൾ നമ്മുടെ സുരക്ഷാ
മാത്രമല്ലേ നോക്കുക. യൂബർ പോലെയുള്ളതിൽ പൂർണമായും
സുരക്ഷാ ഉണ്ടെന്നല്ല പക്ഷെ കുറെയൊക്കെ മോണിറ്ററിസ്
ചെയ്യുക വഴി നമുക്കറിയാൻ പറ്റും. അതുപോലെയുള്ള
മാറ്റങ്ങൾ എല്ലായിടത്തും വരട്ടെ. അതുപോലെ
കൊളളയടിക്കുന്നത് പോലെ പണം തട്ടുന്നതെന്തിനാണ്.
നൂറോ നൂറ്റമ്പതോ രൂപയ്ക്കുള്ള ഓട്ടത്തിന്
എന്തുകൊണ്ട് നാനൂറ്റമ്പതു രൂപയൊക്കെയാക്കുന്നു.
ഇത്തരം ബുദ്ധിമുട്ടുകളൊക്കെയുള്ളതുകൊണ്ടു
തന്നെയാണ് ഇതുപോലെയുള്ള സിസ്റ്റം പിടി
മുറുക്കുന്നത്. ഓൺലൈൻ ടാക്സികളുടെ വില അൽപ്പം
കൂട്ടിയാലും സുരക്ഷിതത്വം കൂടിആലോചിക്കുമ്പോൾ
അതുതന്നെയാണ് നല്ലതെന്നു നമ്മൾ കരുതുന്നുണ്ട്.
ഞാൻ യൂബറിന് വേണ്ടി സംസാരിക്കുന്ന ഒരാളല്ല.
എനിക്ക് എന്റെ സുരക്ഷ മാത്രമാണ് വിഷയം. ഞാൻ കയറിയ
ഒരു വാഹനം അവർ തടഞ്ഞു. അതിലെ ഡ്രൈവറിനെ
പിടിച്ചിറക്കുകയും ഉപദ്രവിക്കുകയും ചെയ്തു.
എന്നോടു പുറത്തിറങ്ങി വേറെ വാഹനം പിടിക്കാനും
പറഞ്ഞു, ഇതാണ് എന്റെ പ്രശ്നം. അത് ചെയ്യാൻ
പാടില്ല. അത്രയും ലേറ്റായ ഒരു സമയത്ത് ഞാൻ
പുറത്തിറങ്ങിപ്പോയി വേറെ വാഹനത്തെ ആശ്രയിക്കണം
എന്നാണവർ പറയുന്നത് അവർ ഒരിക്കലും അങ്ങനെ പറയാൻ
പാടില്ല. ആ സമയത്ത് ഞാൻ
പ്രതികരിച്ചിരുന്നില്ലെങ്കിൽ പുറത്തിറങ്ങി വേറെ
വണ്ടി വിളിക്കേണ്ടി വന്നേനെ. യൂബറാണോ
ഓട്ടോക്കാരാണോ എന്നുള്ളതല്ല എന്റെ പ്രശ്നം അവരുടെ
മനോഭാവം അതുമാത്രമായിരുന്നു എന്റെ വിഷയം. അവരുടെ
സ്വന്തം പെങ്ങളോ അമ്മയോ ആയിരുന്നെങ്കിൽ അവർ അങ്ങനെ
ചെയ്യുമായിരുന്നോ? ചിലപ്പോൾ അവരുടെ സ്വഭാവത്തിന്
അവരതു ചെയ്യുമായിരുന്നിരിക്കണം. പക്ഷെ അങ്ങനെയല്ല
വേണ്ടത്. ആദ്യമൊക്കെ ഞാൻ ഡ്രൈവ് ചെയ്യുമായിരുന്നു,
പക്ഷെ ട്രെയിനിലും ഫ്ലൈറ്റിലുമൊക്കെ യാത്ര വേണ്ടി
വരുമ്പോൾ നമുക്ക് മറ്റു സൗകര്യങ്ങൾ നോക്കേണ്ടി
വരും. അപ്പോൾ ഞാനിപ്പോഴും ഓൺലൈൻ ടാക്സി സൗകര്യം
തന്നെയാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ അങ്ങനെ പ്രശ്നം
ഒന്നും ഇല്ലെന്നു തോന്നുന്നു. നമ്മൾ എപ്പോഴും
സുരക്ഷിതരാണ് മോണിറ്റഡ് ആണ്.. അതുതന്നെ
സ്ത്രീകൾക്ക് പ്രധാനം.