വീശിയകന്നു ആ ഉഷ്ണക്കാറ്റ്; ഉള്ളം തുടിക്കുന്നുണ്ടിപ്പോൾ പെൺമയ്ക്കായുള്ള പോരിന്

അഞ്ജലി ലാൽ


അഗ്നിയുടെ എഴുത്തുകാരി സിതാര രോഗകാലത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും മനസ് തുറക്കുന്നു

തീ പോലെ ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലത്താണ് അർബുദത്തിന്റെ ഉഷ്ണവേരുകൾ ഉള്ളിൽ പടരുന്നത് അഗ്നിയുടെ എഴുത്തുകാരി അറിഞ്ഞത്. നിറഞ്ഞൊഴുകിയ പുഴയെ വേനൽക്കാലം പെട്ടെന്നൊരു ദിവസം കുടിച്ചു വറ്റിച്ചതുപോലെയായിരുന്നു അത്. ആ തീച്ചൂടിനെപ്പേടിച്ച് ഓടിയൊളിക്കാൻ ആത്മവിശ്വാസത്തിന്റെ കാർമേഘങ്ങൾക്ക് കഴിയുമായിരുന്നില്ല. ആർത്തു കരഞ്ഞും ഉറഞ്ഞു ചിരിച്ചും വേനലിനോടു വാശിതീർക്കും പോലെ മേഘക്കൂട്ടങ്ങൾ നിറഞ്ഞു പെയ്തു... ആത്മധൈര്യത്തിന്റെയും അതിജീവനത്തിന്റെയും ആ മഴപ്പെയ്ത്തിൽ അർബുദത്തിന്റെ ഞണ്ടുകൾ പതുക്കെ ഒലിച്ചുപോയി. വീണ്ടുമൊരു വേനലെത്തുമ്പോൾ ആ കുഞ്ഞുപുഴ ഒരു കുസൃതിച്ചിരിയോടെയൊഴുകുന്നുണ്ട്, ''തീയിൽക്കുരുത്തതു വെയിലത്തു വാടില്ല'' എന്ന പഴമൊഴി ഓർമിപ്പിച്ചുകൊണ്ട്... പുഴയൊഴുകുന്ന പോലെ പതിഞ്ഞ താളത്തിൽ എസ്. സിതാര പറഞ്ഞു തുടങ്ങി; ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ മാറ്റങ്ങളെക്കുറിച്ച്, ഉയിരും ഉണർവും നൽകി കൂട്ടിരുന്ന സുഹൃത്തുക്കളെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്, എഴുത്തിനെക്കുറിച്ച്...

1. മാറ്റത്തിനുവേണ്ടി ധീരത കാട്ടൂ എന്ന സന്ദേശമാണ് ഇക്കുറി വനിതാദിനം മുന്നോട്ടുവയ്ക്കുന്നത്. പുതുവർഷപ്പുലരി പിറന്നതു തന്നെ ബാംഗ്ലൂരിൽ സ്ത്രീകൾക്കെതിരെ നടന്ന കൂട്ടമാനഭംഗ ശ്രമങ്ങളുടെ വാർത്തകളുമായാണ്. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രശസ്തർ വരെ ആക്രമണത്തിന് ഇരയാവുന്നു? സ്ത്രീകൾക്കുനേരെയുള്ള കയ്യേറ്റങ്ങൾ പതിവുവാർത്തയാകുന്ന കാലത്ത് അഗ്നിയുടെ എഴുത്തുകാരിക്ക് എന്താണു പറയാനുള്ളത്?

എന്താ ഞാൻ പറയേണ്ടത്. പല വികാരങ്ങളിങ്ങനെ മാറിമാറിത്തോന്നും. ചിലപ്പോൾ ഉള്ളിലെച്ചോര തിളച്ചു മറിയും, പ്രതികരിക്കണം എന്നുറക്കെ വിളിച്ചു പറയും പോലെ. ചിലപ്പോൾ തോന്നുക വല്ലാത്ത നിസ്സഹായതയാണ്. മറ്റുചിലപ്പോൾ മനസ്സു വല്ലാതെ വിറച്ചു പോകും. പക്ഷെ‌ ഇപ്പോൾ ഇത്തരം വാർത്തകൾ മനസ്സിലുണ്ടാക്കുന്നത് ഒരുതരം മരവിപ്പാണ്.

2. സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക്പൊലീസ് പോലും സദാചാരപൊലീസ് ആയി തരംതാഴുന്നോ?

പിങ്ക് പൊലീസ് എന്ന സങ്കൽപ്പത്തോടു തന്നെ എനിക്ക് യോജിപ്പില്ല. പാവപ്പെട്ട ചെക്കനെയും പെണ്ണിനെയുമൊക്കെ പേടിപ്പിച്ച് ഓടിക്കുന്നതാണോ അവരുടെ ജോലി. സദാചാരപ്പൊലീസ് എന്നും സമൂഹത്തിലുണ്ടായിരുന്നു ഞങ്ങളൊക്കെ സുഹൃത്തുക്കളുമായി കോഴിക്കോട്ടു കറങ്ങി നടക്കുമ്പോഴും ഐസ്ക്രീം കഴിക്കാൻ പോകുമ്പോഴുമൊക്കെ ഈ പറഞ്ഞ അടക്കംപറച്ചിലുകളും തുറിച്ചുനോട്ടങ്ങളുമൊക്കെയുണ്ടായിട്ടുണ്ട്. പക്ഷേ അന്നൊക്കെ ഒരു വ്യത്യാസമുണ്ട്. മാറിനിന്നുള്ള കുറ്റം പറച്ചിലുകളും തുറിച്ചു നോട്ടങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇനി അതുകൊണ്ടൊന്നും മതിയാകാത്തവർ മാറിനിന്ന് അൽപ്പം പരദൂഷണം പറയും. കയ്യേറ്റം ചെയ്യാനുള്ള ധൈര്യമൊന്നും അവർക്കുണ്ടായിട്ടില്ല. എന്നാൽ ഇന്ന് വല്ലാത്തൊരു ധൈര്യത്തോടെയാണ് സദാചാരപൊലീസ് പ്രവർത്തിക്കുന്നത്. ചോദ്യംചെയ്യാൻ മാത്രമല്ല കയ്യേറ്റം ചെയ്യാനും അധികാരമുണ്ടെന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. അതിന്റെ ആവശ്യമെന്താണെന്ന് അന്നും ഇന്നും ഞാൻ ചിന്തിക്കുന്നുണ്ട്. തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാനല്ലേ നിയമങ്ങളും പൊലീസുമൊക്കെ ശ്രമിക്കേണ്ടത്. ഇപ്പോൾ പുറത്തെവിടെയെങ്കിലും പോകുമ്പോൾ ഓരോ നിമിഷത്തിലും പ്രതീക്ഷിക്കുന്നുണ്ട്. കുറേച്ചോദ്യങ്ങളുമായി സൗഹൃദങ്ങൾക്കിടയിലേക്കു ചാടിവീഴുന്ന സദാചാരപ്പൊലീസിനെ.

3. പെൺമയ്ക്കു നേരെയുള്ള കയ്യേറ്റങ്ങളെ നെഞ്ചൂക്കുകൊണ്ടു നേരിടുന്ന ചില കഥാപാത്രങ്ങളുണ്ട് താങ്കളുടെ കഥകളിൽ - അഗ്നി, കവയിത്രിയും കൃഷിക്കാരിയും, ചരക്ക് തുടങ്ങിയ കഥകളിൽ- ആ കഥാപാത്രങ്ങളെപ്പോലെ സ്ത്രീകൾ ബോൾഡ് ആവേണ്ട കാലം അതിക്രമിച്ചില്ലേ?

ഇതു കാലത്തിന്റെ പ്രശ്നമല്ല. ഏതു കാലത്തും ഉള്ളിലെ ശക്തികൾ പുറത്തെടുക്കാൻ സ്ത്രീകൾ തയാറാകാത്തതാണു പ്രശ്നം. ഭയം, മടി, ചമ്മൽ, പേടി അങ്ങനെയുള്ള ചില വികാരങ്ങളാണ് സ്ത്രീകളെ എപ്പോഴും പിന്നോട്ടുവലിക്കുന്നത്. സമൂഹം കൽപ്പിച്ച ചട്ടക്കൂടുകളിൽനിന്നു സ്ത്രീകൾ പുറത്തേക്കു വരണം. വിദ്യാഭ്യാസം, സാമ്പത്തികസ്വാതന്ത്ര്യം ഇതൊക്കെ ആ ഇൻഹിബിഷൻസിനെ മറികടക്കാൻ സ്ത്രീകളെ സഹായിക്കുന്നുണ്ട്. അതിക്രമങ്ങളെച്ചെറുക്കാനും സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിൽക്കാനുമുള്ള ആർജ്ജവമാണുണ്ടാവേണ്ടത്. സ്വന്തം ശക്തിയും പരിമിതികളും തിരിച്ചറിഞ്ഞ് ബോൾഡ് ആയി പ്രതികരിക്കണം, അത് ഏതു കാലത്തായാലും.

4. പെണ്ണിന്റെ തുറന്നെഴുത്തുകളെ- ശരീരമോ ലൈംഗികതയോ പ്രണയമോ രാഷ്ട്രീയമോ ആയ എഴുത്തുകളെ- പലപ്പോഴും പുച്ഛവും ഭർത്സനവും കൊണ്ടാണ് പൊതുസമൂഹം ഇന്നും നേരിടുന്നത്?

ഇങ്ങനെയെഴുതണം എന്നു മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് ഒന്നും എഴുതിയിട്ടില്ല. കഥാപാത്രത്തിനും കഥയ്ക്കും ആവശ്യമായത്, മനസ്സിൽ വരുന്നത്, അതുപോലെയെഴുതുക മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ. പണ്ടും ഇന്നും സ്ത്രീകളുടെ ചില തുറന്നെഴുത്തുകളോട് വിമർശന മനോഭാവമാണ് സമൂഹം വെച്ചുപുലർത്തുന്നത്. എഴുതിത്തുടങ്ങിയ കാലത്ത് നേരിട്ട വിമർശനങ്ങൾ പോകെപ്പോകെ കുറഞ്ഞു വന്നതായിട്ടാണ് എനിക്കുതോന്നിയത്. തുറന്നെഴുതുന്നത് സ്ത്രീകൾ ആയതുകൊണ്ടു മാത്രം അവർ വിമർശിക്കപ്പെടുന്നതു ശരിയല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.

5. പുഴയൊഴുക്കുപോലെ ശാന്തമായിരുന്ന ജീവിതത്തിൽ പൊടുന്നനെയെത്തിയ രോഗം, അതിന്റെ അതിജീവനം?

ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ചിലപ്പോൾ നമ്മളെ വല്ലാതെ പിടിച്ചുലച്ചു കളയും. ട്രാജഡിയെന്നൊന്നും ഈ രോഗത്തെക്കുറിച്ചു ഞാൻ പറയില്ല. പക്ഷേ ഏതൊരു സ്ത്രീയെയും പോലെ എന്റെ രോഗം, എന്റെ ശരീരം, ആരോഗ്യം എന്നൊന്നും അപ്പോഴും ഞാൻ ചിന്തിച്ചു വേദനിച്ചിരുന്നില്ല. എന്റെ മുൻഗണന എന്റെ കുടുംബത്തിനും ബന്ധങ്ങൾക്കുമായിരുന്നു. എന്നിലെ ഈ മാറ്റം എന്നേക്കാൾ കൂടുതൽ ബാധിക്കാൻ പോകുന്നത് എന്റെ പ്രിയപ്പെട്ടവരെയാണല്ലോ എന്ന ചിന്തയായിരുന്നു മനസ്സു നിറയെ. രോഗം എന്റെ ശരീരത്തെയും മനസ്സിനെയും കീഴ്പ്പെടുത്താൻ പോകുന്നതോർത്ത് എനിക്കു തെല്ലും വേവലാതിയുണ്ടായിരുന്നില്ല. ജീവിതത്തിൽ മാറ്റങ്ങളുണ്ടാവും, അതു പുരുഷന്റെയായാലും സ്ത്രീയുടെയായാലും. എന്നാൽ ഒരൊഴുക്കിൽ അങ്ങനെ പൊയ്ക്കൊണ്ടിരുന്ന ജീവിതത്തെ വല്ലാതെ പിടിച്ചുലച്ച ദിവസങ്ങളായിരുന്നു അത്. എന്റെ കുടുംബം, സുഹൃത്തുക്കൾ, സഹോദരങ്ങൾ, പിന്നെ പുസ്തകങ്ങളിലൂടെ മാത്രം എന്നെ വായിച്ചറിഞ്ഞവർ അങ്ങനെ വിചാരിച്ചിരിക്കാത്തയിടങ്ങളിൽ പോലും ആശ്വാസവും സാന്ത്വനവുമായി ആളുകളുണ്ടായിരുന്നു. ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് ഒരുപാടുപേർ സഹായിച്ചു.

6. നമ്മുടെ ജീവിതത്തിലെ നല്ലതോ മോശമോ ആയ മാറ്റങ്ങൾ ഏറെ സ്വാധീനിക്കുക നമ്മുടെ കുഞ്ഞുങ്ങളെയാണല്ലോ. ഒരു അമ്മ എന്ന നിലയിൽ എങ്ങനെയാണ് അതു നേരിട്ടത്?

ഒരു അമ്മ എന്ന നിലയിലാണ് ഏറ്റവും കൂടുതൽ വേദനിച്ചത്. രോഗം ജീവിതത്തിന്റെ താളം തെറ്റിക്കുമ്പോൾ എന്റെ കുഞ്ഞുങ്ങളെയോർത്ത് ഏറെ സങ്കടപ്പെട്ടു. പക്ഷേ അവർ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. എന്റെ അസാന്നിധ്യവും ആശുപത്രിവാസവും അവരെ അറിയിക്കാതിരിക്കാൻ കുടുംബാംഗങ്ങളും ഏറെ സഹകരിച്ചു. നമ്മുടെ രോഗത്തേക്കാളും ക്ഷീണത്തേക്കാളും നമ്മെ തളർത്തുന്നത് പ്രിയപ്പെട്ടവരുടെ സങ്കടപ്പെടുന്ന മുഖങ്ങളല്ലേ, പ്രത്യേകിച്ചും പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖം. ജീവിതത്തിലെ ആ മോശം ഘട്ടത്തെ അതിജീവിക്കാൻ എല്ലാവരും ഒപ്പം നിന്നു.

7. ജീവിതം രോഗത്തിനു മുൻപും ശേഷവും?

ജീവിതത്തിന്റെ വില ഇപ്പോൾ നന്നായി മനസ്സിലാവുന്നുണ്ട്. മുൻപ് കുഞ്ഞു കുഞ്ഞു ശാഠ്യങ്ങൾ, ദേഷ്യങ്ങൾ ഒക്കെയായി പാഴാക്കിയ ദിവസങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് ജീവിതത്തിന്റെ മൂല്യം നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ജീവിതം വെറുതേ ജീവിച്ചു പാഴാക്കാനുള്ളതല്ല.ഇനിയുള്ള ജീവിതത്തിൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

8. എഴുത്ത്, യാത്ര?

രണ്ടു വർഷത്തോളമായി ഒന്നും എഴുതുന്നില്ലായിരുന്നു. ഇനി എഴുതിത്തുടങ്ങണം. പിന്നെ യാത്രകൾ. യാത്ര പോവാൻ ഏറെയിഷ്ടമാണ്. പതുക്കെപ്പതുക്കെ യാത്രകളിലും സജീവമാകണം.

മുടിയഴിച്ചിട്ട് നിറഞ്ഞ ചിരിയോടെ സമൂഹമാധ്യമങ്ങളിലെ തന്റെ മുഖച്ചിത്രങ്ങൾ ഇടയ്ക്കിടെ മാറ്റുന്ന എഴുത്തുകാരിയുടെ ഒരു ഫെയ്സ്ബുക്ക്പോസ്റ്റ് ഞെട്ടലോടെയായിരുന്നു പ്രിയപ്പെട്ടവർ അന്നു വായിച്ചറിഞ്ഞത്. രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞതിനെ പലരും ഒളിഞ്ഞും തെളിഞ്ഞും എതിർത്തെങ്കിലും സിതാര കരുത്തോടെതന്നെ അതിനോടു പ്രതികരിച്ചു. തന്റെ രോഗം മറ്റാരുമറിയരുതെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷത്തിൽനിന്നു മാറിനിന്ന്, സഹതാപവും സങ്കടവുമല്ല തനിക്കുവേണ്ടതെന്നു പ്രഖ്യാപിച്ച്, തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ഫെയ്സ്ബുക്കിൽ രോഗത്തെക്കുറിച്ച് കുറിപ്പുകളെഴുതി. ചികിത്സയ്ക്കു ശേഷം ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങൾ പകർത്തിയ ഫോട്ടോകളിൽ, കിളിർത്തുവരുന്ന തലമുടി മറയ്ക്കാതിരിക്കാൻ ധൈര്യം കാട്ടി. പറയാനിനിയും കഥകൾ ബാക്കിയുണ്ടെന്നു ലോകത്തെ കൗതുകപ്പെടുത്തി.

അല്ലെങ്കിലും, നക്ഷത്രമെന്നാൽ രാത്രികൾ നീന്തിക്കടക്കാനുള്ള പ്രകാശത്തിന്റെ വിളിയാണല്ലോ; പ്രതീക്ഷയുടേതും.