ഐ ടി പാർക്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും പറയാനുണ്ട്

ശ്രീ പാർവതി


രാത്രിയിൽ എന്തിനാണ് സ്ത്രീകൾ പുറത്തുപോവുന്നത്? എത്ര തവണ ഈ ചോദ്യങ്ങൾ ആവർത്തിച്ചിട്ടുണ്ടാകണം! ഓരോ സ്ത്രീയോടും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകണം ഈ സമൂഹം. കാലം മാറിയപ്പോൾ സ്ത്രീകളുടെ ചിന്താഗതിയിലും മാറ്റമുണ്ടായിട്ടുണ്ട് . രാത്രികളിൽ സഞ്ചരിയ്ക്കാൻ ഇന്നവർക്ക് പ്രത്യേകിച്ച് മടിയൊന്നുമില്ല. ജോലിയുടെ ഭാഗമായും യാത്രയുടെ ഭാഗമായും രാത്രികൾ യാത്രയ്ക്കായി ഉപയോഗിക്കുമ്പോൾ ഇപ്പോഴും നമ്മുടെ നാട്ടിൽ സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഏറ്റവുമധികം ഈ ചോദ്യങ്ങളിൽ ഭയപ്പെടുന്നവർ നഗരങ്ങളിലെ ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ തന്നെയല്ലേ? രാത്രിയെന്നോ പകലെന്നോ സമയക്രമം ഇല്ലാതെ ജോലിയുടെ ആവശ്യങ്ങൾക്കായി ഇറങ്ങിത്തിരിക്കേണ്ടി വരുന്നത് അവൾക്കൊരിക്കലും ഭാരമല്ല. കാരണം ആൺ– പെൺ വ്യത്യാസങ്ങൾ ഇന്ന് ഐ ടി പാർക്കുകളിലെങ്കിലും ഒഴിവായിരിക്കുന്ന അവസ്ഥയുണ്ട്. കൃത്യമായി ജോലിയും ഷിഫ്റ്റും ഭാഗിച്ച് ലിംഗവ്യത്യാസമില്ലാതെ ജോലി ചെയ്താലേ ജീവിതം മുന്നോട്ടു പോകൂ എന്ന അവസ്ഥയിൽ മാനദണ്ഡങ്ങളൊന്നുമില്ലാതെ നിബന്ധനകളിലല്ലാതെ സ്ത്രീകളും ജോലിചെയ്യുന്നുണ്ട്.

എന്താണ് ഐ ടി പാർക്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പറയാനുള്ളത്. പ്രത്യേകിച്ച് രാത്രി യാത്രകൾ സ്ത്രീകൾക്ക് അപകടകരമാകുമ്പോൾ ഷിഫ്റ്റ് കഴിഞ്ഞു അർധരാത്രിയിൽ യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥകളിൽ എങ്ങനെയാണ് ഈ സ്ത്രീകൾ അവയെ തരണം ചെയ്യുന്നത്. എന്തൊക്കെയാണ് അവരുടെ ബുദ്ധിമുട്ടുകൾ...

ഇൻഫോപാർക്കിലെ വിഷ്വൽ ഐ ക്യൂയിൽ ജോലി ചെയ്യുന്ന ദൃശ്യയുടെ ഓഫീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണി മുതൽ രാത്രി ഒൻപതു വരെയാണ്. പെരുമ്പാവൂർ വീട്ടിൽ നിന്നും പോയി വരാൻ ബുദ്ധിമുട്ടുള്ളതിനാൽ ഇപ്പോൾ ദൃശ്യയും ഭർത്താവ് വിഷ്ണുവും കാക്കനാട് ഒരു ഫ്ലാറ്റിലാണു താമസം. അടുത്തുണ്ടെങ്കിലും എന്നും രാത്രിയിൽ വിഷ്ണുവിനെ ആശ്രയിക്കാനാകില്ലല്ലോയെന്ന് ദൃശ്യ.

"ഓഫീസിൽ നിന്ന് രാത്രിയായാൽ വീടു വരെ കാബ് ഉണ്ടാകും. പ്രത്യേകിച്ച് പേടിക്കേണ്ട കാര്യമൊന്നുമില്ല. വീടുവരെ വണ്ടിയിൽ കൊണ്ടാക്കാറുണ്ട്. പെരുമ്പാവൂർ ആയിരുന്നപ്പോൾ മിക്കവാറും അവസാനം ഇറങ്ങേണ്ടയാളാകും, ആ സമയത്ത് ചിലപ്പോൾ ഒരു ഭയമൊക്കെ തോന്നാറുണ്ട്.അറിയാത്ത ഡ്രൈവർ. എങ്കിലും ഒരു വിശ്വാസം അതിലങ്ങു പോകും. പിന്നെ ഓഫീസിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് നമ്മൾ എങ്ങോട്ടേയ്ക്കാണ് പോകുന്നത് എന്ന് എഴുതി വയ്ക്കും. അവരാണ് നമുക്ക് വണ്ടി അനുവദിക്കുന്നത്, അതുകൊണ്ടു അതിന്റെ വിശദ വിവരങ്ങളും ഓഫീസിൽത്തന്നെയുണ്ടാകും. നമ്മൾ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നറിയുമ്പോൾ സുരക്ഷയുടെ തോന്നൽ ഉണ്ടല്ലോ. ഇപ്പോൾപ്പിന്നെ അടുത്തായതുകൊണ്ടു ആദ്യമിറങ്ങാൻ കഴിയും. എന്നാലും പരിചയമില്ലാത്ത വഴികളിലൂടെ പോകുമ്പോൾ പരിഭ്രമം ഉണ്ടാകാറുണ്ട്. എന്തായാലും ഇതുവരെ വലിയ ബുദ്ധിമുട്ടൊന്നും രാത്രിയിൽ ഉണ്ടായിട്ടില്ല... ഉണ്ടായതായി കേട്ടിട്ടും ഇല്ല. " ദൃശ്യ പറഞ്ഞു നിർത്തി

imtell ടെക്‌നോളജീസിൽ ഐ എസ്ഡെവലപ്പർ ആയ ജിൻസി വാൾട്സൺ പറയുന്നത് പ്രൈവറ്റ് ബസുകളുടെ മരണപാച്ചിലിനെക്കുറിച്ചാണ്

"കൊച്ചിയില്‍ തിരിച്ചെത്തിയിട്ട് ഒരുമാസമേ ആയിട്ടുള്ളു. ബംഗളൂരുവിൽ ആയിരുന്നു ജോലിചെയ്തിരുന്നത്. വീട് കോട്ടത്താണ്. കൊച്ചിയില്‍ സുഹൃത്തുക്കളോടൊപ്പമാണ് ഇപ്പോൾ താമസം. രാത്രിയാത്രകളില്‍ പ്രശ്നമൊന്നും ഇതുവരെ തോന്നിയിട്ടില്ല. എങ്കിലും തുറിച്ചുനോട്ടങ്ങള്‍ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. പകല്‍സമയങ്ങളിലാണെങ്കിലും വാതിലുകള്‍ ഇല്ലാത്ത ബസ്സുകളിലെ യാത്ര ഒരിക്കലും യാത്രാ സുരക്ഷിതത്വം നൽകുന്നില്ല. ഏറ്റവും അപകടം നിറഞ്ഞ യാത്രയാണത് എന്നു തോന്നിയിട്ടുണ്ട്. ഇത്രയേറെ വികസനം വന്ന ഐടി പാര്‍ക്കും സ്മാര്‍ട്ട്സിറ്റിയും സ്ഥിതിചെയ്യുന്ന സ്ഥലത്ത് വാതിലുകളില്ലാത്ത ബസ്സുകളില്‍ തൂങ്ങിനിന്ന് യാത്രചെയ്യേണ്ടി വരുന്നത് സ്ഥിരംയാത്രക്കാര്‍ക്ക് തീര്‍ച്ചയായും ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ്. ബംഗളൂരുവിലെപ്പോലെ ട്രാഫിക്കൊന്നും ഇവിടെയില്ലെങ്കിൽ പോലും ഒരുനിമിഷം നേരത്തേയെത്താനുള്ള മരണപ്പാച്ചിലിലാണ് സ്വകാര്യ ബസ്സുകള്‍. നമ്മുടെയൊന്നും ജീവന് ഒരു വിലയുമില്ലാത്തതു പോലെ തോന്നും ചിലപ്പോൾ. മറ്റൊരു വഴിയുമില്ലാത്തതു കൊണ്ടല്ലേ സ്വകാര്യ ബസിൽ കയറേണ്ടി വരുന്നത്. യാത്രക്കാരുടെ ജീവൻ സംരക്ഷിക്കേണ്ടവർ തന്നെ ഇങ്ങനെ ചെയ്‌താൽ എന്തൊരു ബുദ്ധിമുട്ടാണ്.

കോട്ടയത്തുള്ള ബിനു തമ്പി കൊച്ചിയിൽ ബിസിനസ് അനലിസ്റ്റായി ജോലി നോക്കുകയാണ്

"ഒരിക്കൽ പോലും സ്ഥാപനത്തിൽ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവർ മൊബൈൽ നമ്പർ ചോദിക്കുകയുണ്ടായി. അന്ന് കൊച്ചി നന്നായി പരിചയമുണ്ടായിരുന്നില്ല. ആകെ അപരിചിതമായ സ്ഥലം, ആൾക്കാരെയും പരിചയമില്ല. ഇന്നായിരുന്നെങ്കിൽ അയാൾക്ക് നമ്പർ തെറ്റിച്ച് കൊടുത്ത് ഏതെങ്കിലും തെറ്റായ ഇടത്തിലേക്ക് കൊണ്ടെത്തിച്ചേനെ. അന്ന് നമ്പർ ഒന്നും കൊടുക്കാതെ രക്ഷപെടുകയായിരുന്നു. പക്ഷെ ഓഫീസ് വളരെ സുരക്ഷിതമാണ്, നല്ല അനുഭവവുമാണ്. ഇപ്പോൾ ഓഫീസിൽ നിന്നും വണ്ടി ഏർപ്പാട് ചെയ്യാറുണ്ട്. മാത്രമല്ല ഓഫീസിലെ ആരെങ്കിലും ഒപ്പമുണ്ടാവുകയും ചെയ്യും. അതുകൊണ്ടു സുരക്ഷയുടെ കാര്യത്തിൽ തെല്ലും ഭയമില്ല. പിന്നെ രാത്രി യാത്രകൾ വളരെ ഇഷ്ടമാണ്. അങ്ങനെ പോകണമെന്ന് തോന്നിയാൽ ഓഫീസിൽ നിന്നിറങ്ങിയാലും നേരെ യൂബർ ബുക്ക് ചെയ്യും, അതിൽ യാത്ര ചെയ്യും. "

ഇൻഫോപാർക്കിലെ സിസ്റ്റം എഞ്ചിനീയർ ആയ തസ്നീമിന് പറയാനുള്ളത് :

"രണ്ടു വർഷമായി കൊച്ചിയിൽ ജോലി ചെയ്യുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ജോലിയില്ലാത്തതുകൊണ്ട് വീട്ടിൽ പോകുന്നതിനും ബുദ്ധിമുട്ടില്ല. പിന്നെ കൊച്ചിയിൽ സൗഹൃദപരമായ അന്തരീക്ഷമുണ്ട്. ഇഷ്ടമുള്ള ഭക്ഷണവും ആസ്വദിക്കാനുള്ള കാര്യങ്ങളും ആവോളമുണ്ട്. ജോലിയുടെ ടെൻഷനിൽ അസ്വസ്ഥമാകുമ്പോൾ നമുക്ക് പോകാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. എത്ര തവണ കണ്ടതാണെങ്കിലും പിന്നെയും പിന്നെയും കാണാൻ കൊതിപ്പിക്കുന്ന ഫോർട്ട് കൊച്ചിയും , മറൈൻ ഡ്രൈവും അങ്ങനെ അങ്ങനെ എത്ര സ്ഥലങ്ങൾ.. കൂട്ടുകാരുടെയൊപ്പം പോകാറുണ്ടെങ്കിലും അസമയത്തെ യാത്ര പരമാവധി ഒഴിവാക്കാറുണ്ട്. തുറിച്ചു നോട്ടങ്ങൾ ആരും ഇഷ്ടപ്പെടുന്നില്ലല്ലോ! പിങ്ക് പോലീസ് ഒക്കെ ഉണ്ടെങ്കിലും വിളിച്ചാൽ ഫോൺ എടുക്കുന്ന എത്ര സർക്കാർ സർവീസ് ഉണ്ട്? പക്ഷെ ഒരുകാര്യം പറയാതെ വയ്യ. ഓൺലൈൻ ടാക്സി സർവീസ് വളരെയധികം ഉപകാരമാണ്. ഓട്ടോറിക്ഷകളേക്കാൾ എന്തുകൊണ്ടും ലാഭവും ഉണ്ട്. ഈയിടെ ഒരു അനുഭവമുണ്ടായിരുന്നു, നല്ല പനിയായി സുഹൃത്തുമൊത്ത് ആശുപത്രിയിൽ പോകേണ്ടി വന്നു. ഓട്ടോറിക്ഷയിലായിരുന്നു. തീരെ സുഖമിലല്ലാതിരുന്ന എന്നെയും സുഹൃത്തിനെയും ആശുപത്രിയിൽ ചെന്നാൽ വണ്ടി തിരിക്കാൻ സ്ഥലമില്ലെന്നു പറഞ്ഞു ഞങ്ങളെ അയാൾ വഴിയിൽ ഇറക്കി വിട്ടു. ഇത്തരം പ്രവണതകൾ ഉള്ളതുകൊണ്ട് തന്നെയല്ലേ ഇവിടെ ഓൺലൈൻ ടാക്‌സികൾ വർധിക്കാൻ കാരണം. "