രണ്ടു പെൺപുലികൾ കഥ പറയുന്നു ; ഇത് കാലത്തിന്റെ ആവശ്യമായിരുന്നു
ശ്രീ പാർവതി

							രണ്ടു പതിറ്റാണ്ടായി വർണങ്ങളുടെയും താളങ്ങളുടെയും 
								ആഘോഷമാണ് പുലികളി. ഒരു നാടിന്റെയും മനുഷ്യരുടെയും 
								ആഘോഷം. ശരീരത്തിൽ വരയും കുറിയും വരച്ചു ചേർത്ത് 
								പുലിയുടെയും കടുവയുടെയും വേഷങ്ങൾ കെട്ടി 
								ഉടുക്കിന്റെയും തകിലിന്റെയും താളത്തിനനുസരിച്ച് 
								അരയിൽ കെട്ടിയ പട്ടയിലെ മണികൾ കിലുക്കി പുലികൾ 
								നഗരത്തിലിറങ്ങും. പകലും രാവും ഒരുപോലെ സ്വയം 
								ഉന്മാദം കൊണ്ടും കാഴ്ചക്കാരെ ആഘോഷത്തിൽ ആറാടിച്ചും 
								പുലികൾ റോഡിലൂടെ ചുവടുകൾ വയ്ക്കും. കഴിഞ്ഞ വർഷം 
								പുലികൾ നിരത്തിലിറങ്ങുമ്പോൾ അവിടെ ചരിത്രം 
								തിരുത്തിയെഴുതപ്പെടുകയായിരുന്നു. പുരുഷൻ കയ്യടക്കി 
								വച്ചിരുന്ന ഒരു പൊതു ഇടം കൂടി സ്ത്രീകൾ 
								കണ്ടെടുത്തിരുന്നു. മാറ്റത്തിനു വേണ്ടി സ്വയം 
								ആർജ്ജവം നേടുകയും അതിനു വേണ്ടി മറ്റുള്ളവരെ 
								പ്രചോദിപ്പിക്കുകയും ചെയ്യുന്ന കുറച്ച് സ്ത്രീകൾ. 
								വിയ്യൂർ ദേശം, അയ്യന്തോൾ ദേശം എന്നീ 
								ദേശക്കാരുടേതായി കഴിഞ്ഞതവണ പുലിയിറങ്ങിയപ്പോൾ അതു 
								വാർത്തയായിരുന്നു, വെറും വാർത്തയല്ല, അത്രയും നാൾ 
								പുലികളി ശ്രദ്ധിക്കാത്ത അന്യ ജില്ലക്കാർ പോലും കളി 
								കാണാൻ തൃശൂരെത്തി. രഹ്ന ഫാത്തിമ, വിനയ, സക്കീന, 
								ദിവ്യ ദിവാകർ, എന്നീ പെൺപുലികൾ ചരിത്രം 
								തിരുത്തിയെഴുതുകയായിരുന്നു. വനിതാ ദിനത്തിൽ 
								മാറ്റങ്ങൾക്കു വേണ്ടി സ്വയം കാരണക്കാരായ അയ്യന്തോൾ 
								ദേശത്തിനു വേണ്ടിയിറങ്ങിയ രഹ്ന ഫാത്തിമയും വിയ്യൂർ 
								ദേശത്തിനു വേണ്ടിയിറങ്ങിയ വിനയയും 
								സംസാരിക്കുന്നു. 
ഇത് കാലത്തിന്റെ 
								ആവശ്യമായിരുന്നു : രഹ്ന ഫാത്തിമ 
രഹ്ന 
								ഫാത്തിമ വാർത്തകളിൽ ഇടം പിടിക്കുന്നത് ചുംബനസമരം 
								വഴിയാണ്. പക്ഷെ രഹ്‌നയുടെ ആർജ്ജവമുള്ള 
								തീരുമാനങ്ങളിലും വാക്കുകളിലും പലപ്പോഴും 
								മാധ്യമങ്ങൾ ശ്രദ്ധകൊടുത്തിട്ടുമുണ്ട്. പുലികളിയിൽ 
								അയ്യന്തോൾ ദേശത്തെ പ്രതിനിധീകരിച്ച് ഇറങ്ങിയ 
								ഒരേയൊരു പെൺതരിയായിരുന്നു രഹ്ന, രഹ്ന പറയുന്നു,
								" ആണുങ്ങൾ അടക്കിവാണ ഒരു ഇടത്തിൽ കളിക്കണം എന്ന 
								ആഗ്രഹം പെട്ടെന്ന് വന്ന ഒന്നല്ല. കഴിഞ്ഞ വർഷം ഞാൻ 
								ഒരു ബോഡി ആർട്ട് വർക്ക് ചെയ്തിരുന്നു, ശരീരത്തിൽ 
								പുലിയുടെ രീതിയിലാണ് നിറങ്ങൾ ഇട്ടിരുന്നത്. ആ 
								ചിത്രം പങ്കു വച്ചപ്പോഴാണ് പുലികളിയുടെ 
								സാധ്യതകളെക്കുറിച്ചുള്ള സംവാദങ്ങൾ ഉയരുന്നത്. 
								നോക്കൂ, ഇപ്പോൾ സ്ത്രീകൾക്ക് അവരുടെ പൊതു വിടങ്ങൾ 
								കൂടി നഷ്ടമാകുന്ന അവസ്ഥയാണ്, ആരും ഒരു 
								കാര്യത്തിനും മുന്നിട്ടിറങ്ങുന്നില്ല. പുലികളി 
								എന്നൊക്കെ പറഞ്ഞാൽ വർഷങ്ങളായി തന്നെ പുരുഷന്റെ 
								കുത്തകയായി മാറ്റി വയ്ക്കപ്പെട്ടതാണ്. ഇതുവരെ ഒരു 
								സ്ത്രീയും അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല, 
								ഇപ്പോഴെങ്കിലും അത് ഉന്നയിക്കപ്പെടേണ്ടത് 
								കാലത്തിന്റെ ആവശ്യമായിരുന്നു. 
								നേരത്തെതന്നെ ഒരു നിർദ്ദേശമുണ്ട്. തൃശൂർ പൂരവും 
								പുലികളിയുമൊക്കെ നടക്കുമ്പോൾ സ്ത്രീകൾ പോകാൻ 
								പാടില്ല. തിരക്കിനിടയിൽ അവർക്കെന്തു സംഭവിക്കും 
								എന്നു കാത്തിരിക്കുന്ന ആളുകൾ, പക്ഷെ ഇങ്ങനെയൊരു 
								നിയമം എവിടെ നിന്നു വന്നു. എല്ലാ ആഘോഷങ്ങളുടെയും 
								ഭാഗമാണ് സ്ത്രീകളും. നമ്മൾ മുൻകൈ 
								എടുക്കാത്തതുകൊണ്ടു മാത്രമാണ് പലതും സ്ത്രീകൾക്ക് 
								നഷ്ടമാകുന്നത്. അങ്ങനെ ആ കാരണം കൊണ്ട് ഇനിയും 
								അവസരങ്ങൾ നഷ്ടമാകരുതെന്ന് തോന്നി. അങ്ങനെ 
								മനസ്സുകൊണ്ട് പുലികളിയ്ക്കിറങ്ങാൻ 
								തീരുമാനിച്ചെങ്കിലും ആരോട് ചോദിക്കണം, എങ്ങനെ 
								ചോദിക്കണം എന്നുള്ള അറിവൊന്നും ഉണ്ടായിരുന്നില്ല, 
								ഇറങ്ങാൻ പറ്റുമെന്ന് പോലും വിശ്വസിച്ചിരുന്നില്ല. 
								അപ്പോഴാണ് വിനയ ചേച്ചി പുലികളിയിൽ 
								ഇറങ്ങുന്നുണ്ടെന്നറിഞ്ഞത്. അങ്ങനെ അവരുമായി 
								ബന്ധപ്പെട്ടു, പക്ഷെ പിന്നീട് അവരുടെയും അപ്‌ഡേഷൻ 
								ഒന്നും കിട്ടിയില്ല, പക്ഷെ അവസാന നിമിഷമാണ് 
								വിയ്യൂർ ദേശത്തിനു വേണ്ടി അവർ 
								ഇറങ്ങുന്നുണ്ടെന്നറിഞ്ഞത്, വലിയ സന്തോഷം തോന്നി. 
								
അയ്യന്തോൾ ദേശത്തിനു വേണ്ടി ഇറങ്ങുന്ന ഒരു 
								സുഹൃത്തിനോടാണ് എന്റെ ആഗ്രഹം ഞാൻ പറഞ്ഞത്, അദ്ദേഹം 
								കമ്മിറ്റിയിൽ അവതരിപ്പിക്കുകയും ഒടുവിൽ അവർ 
								അംഗീകരിക്കുകയും ചെയ്തു. ഓരോ വർഷവും പുലികളുടെ 
								എണ്ണവും ദേശക്കാരുടെ എണ്ണവും കൂടി വരികയാണ്. 
								കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർക്കാനാണ് അടുത്ത 
								വർഷത്തെ പരിശ്രമങ്ങൾ. ഇത്തവണ രണ്ടു ദേശക്കാർക്ക് 
								കാര്യമായ വാർത്തകളുണ്ടാക്കാൻ കഴിഞ്ഞു. അതു രണ്ടു 
								ഭാഗത്തും സ്ത്രീകളെ ഇറക്കാൻ പറ്റി 
								എന്നതിനാൽത്തന്നെയാണ്. 
ശരിക്കും സ്ത്രീ 
								പുലികളിയിൽ വരുമ്പോൾ അശ്ലീലമാകുമോ എന്ന 
								ഭയമായിരുന്നു എല്ലാവർക്കും. കാരണം വേഷം തന്നെ. 
								എങ്ങനെ ശരീരം പ്രദർശിപ്പിക്കും മറ്റുള്ളവർ എങ്ങനെ 
								അതിനെ വിലയിരുത്തും എന്നൊക്കെ. പക്ഷെ ഒരുകാര്യം 
								അമ്പരപ്പിച്ചു.നമ്മൾ വേഷം കെട്ടി പുലിയായി 
								മാറിക്കഴിഞ്ഞാൽ ആൺ ശരീരമാണോ പെൺ ശരീരമാണോ എന്ന് 
								തിരിച്ചറിയാൻ കൂടി ബുദ്ധിമുട്ടാണ്. ഞാൻ കുറച്ച് 
								മെലിഞ്ഞിട്ടായതിനാൽ ശ്രദ്ധിച്ചാൽ 
								മനസ്സിലാകുമായിരുന്നു. പക്ഷെ ഇതിൽ നിന്നും 
								മനസ്സിലാക്കാൻ കഴിയുന്നത്, ആൺ - പെൺ ശരീരങ്ങളുടെ 
								വേർ തിരിവുകളാണ്. നാമാണ് ഈ വേർതിരിവുകൾ 
								ഉണ്ടാക്കിയത്. പുരുഷന്റെ ശരീരത്തിന്റെ മാത്രം 
								ആഘോഷമായിരുന്നു ഇതുവരെ പുലികളി എന്നാൽ ഇപ്പോൾ 
								സ്ത്രീകളും തങ്ങളുടെ ശരീരം ഇവിടെ ആഘോഷിക്കുന്നു. 
								ആണോ പെണ്ണോ എന്നു തിരിച്ചറിയാതെ കാണികൾ അത് 
								ആഘോഷിക്കുന്നു. അതിൽപരം സന്തോഷം മറ്റൊന്നുമില്ല. 
								തൃശൂർ റൗണ്ടിലൊക്കെ എത്തുമ്പോൾ പുലികളിൽ 
								സ്ത്രീകളും ഉണ്ടെന്നറിഞ്ഞിട്ടാകണം ധാരാളം 
								സ്ത്രീകളും കാണാൻ എത്തിയിരുന്നു. അവരുടെയൊക്കെ 
								മുഖത്തേയ്ക്ക് നോക്കുമ്പോൾ കണ്ണുകളിലെ പ്രകാശം 
								കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നി. നമ്മൾ വേഷം 
								കെട്ടിയതിന്റെ ഗുണം അപ്പോഴൊക്കെയാണ് ലഭിക്കുന്നത്. 
								എന്തായാലും സ്ത്രീ ശരീരം മാത്രം പൊതുവേദിയിൽ 
								പ്രദർശിപ്പിക്കപ്പെടുമ്പോൾ അശ്ലീലമാകുന്നതെങ്ങനെ 
								എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. അത് മനുഷ്യന്റെ 
								പൊതുബോധത്തെയാണ് ചോദ്യം ചെയ്യുന്നതും. 
								സ്ത്രീ ശരീരം പുരുഷനായി സംരക്ഷിക്കപ്പെടേണ്ടതാണ്, 
								അത് മാറ്റി നിർത്തപ്പെടേണ്ടതാണ്. എന്നിങ്ങനെയുള്ള 
								സങ്കൽപങ്ങളിലാണ് ഇപ്പോഴും സ്ത്രീകൾ ജീവിക്കുന്നത്. 
								അതിനാൽത്തന്നെ പൊതുവിടങ്ങൾ അവൾക്ക് 
								നഷ്ടമായിക്കൊണ്ടിരിക്കുന്നു. അവർ തന്നെ 
								മുന്നിട്ടിറങ്ങിയാലേ അതു തിരികെ നേടാനാകൂ. കഥകളി 
								പോലെയുള്ളവയിൽ സ്ത്രീകൾക്ക് പരിഗണന വരുന്നെങ്കിൽ 
								പോലും വസ്ത്രത്തിൽ അവൾ വ്യത്യസ്തയാകുന്നു. 
								സ്ത്രീയുടെ ശരീരം പൊതുബോധത്തിൽ വരുമ്പോൾ അകറ്റി 
								നിർത്തപ്പെടേണ്ടതാണ് എന്ന ചിന്ത കൊണ്ടാണത്. അടുത്ത 
								വർഷവും പുലികളിയ്ക്കുണ്ടാവും. കുറച്ചു കൂടി 
								സ്ത്രീകൾ ഉണ്ടാകുമെന്നും കരുതുന്നുണ്ട്. 
								എല്ലാവർക്കും  ഇവിടെ ഇടമുണ്ട്, അത് കണ്ടെത്തുകയാണ് 
								വേണ്ടത്. 
കൂത്താട്ടത്തിന്റെ ഹരമാണ് 
								പുലികളി : വിനയ 
വിയ്യൂർ ദേശത്തു നിന്നും 
								പുലികളിയ്ക്കു വേണ്ടി ഇറങ്ങിയ പെൺപുലികൾ മൂന്നു 
								പേരാണ്. ഒരാവേശത്തിനു വേണ്ടി ചാടി പുറപ്പെട്ടതല്ല 
								ഇവരൊന്നും, കാലങ്ങളോളം ആലോചിച്ച് ഒടുവിൽ 
								ഭീതിയ്ക്കിടയിലും രണ്ടും കൽപ്പിച്ചെടുത്ത ധീരമായ 
								ഒരു തീരുമാനമായിരുന്നു അത്. വിനയ, സക്കീന, ദിവ്യ 
								ദിവാകർ... എന്നിവരും മാറ്റങ്ങളുടെ പ്രതിനിധികളാണ്. 
								വിയ്യൂർ ദേശത്തെ പ്രതിനിധീകരിച്ച് വിനയ പറയുന്നു :
								
"കാലങ്ങളായി പുലികളിയെക്കുറിച്ച് കേൾക്കുമ്പോൾ 
								പറയുന്ന വാക്കുകളുണ്ട്. പുരുഷന്മാർ മാത്രം 
								പങ്കെടുക്കുന്ന കലാരൂപം എന്ന്. എന്നാൽ ഇത്തവണ അതു 
								തിരുത്തണമെന്ന് തോന്നി. ഈ ആശയം ആദ്യം 
								അവതരിപ്പിച്ചത് ഞങ്ങളുടെ സ്ത്രീ കൂട്ടായ്മയായ 
								വിങ്‌സിലാണ്. എന്തായാലും ഈ വർഷമെങ്കിലും ഇറങ്ങണം 
								എന്നു കരുതിയെങ്കിലും ആരോട്, എവിടെ പറയണം 
								എന്നിങ്ങനെയുള്ള ആശയങ്ങളൊന്നും ആർക്കുമറിയില്ല. 
								കാരണം പുലികളി എന്നത് മതവും ജാതിയും 
								ഒന്നുമില്ലാത്ത ഒരു ദേശത്തിന്റെ വലിയ 
								കളിയാണ്.അതിന്റേതായ സ്പിരിറ്റും അതിനുണ്ട്. 
								അങ്ങനെയാണ് കൂടെയുള്ള ഒരാൾ വിയ്യൂർ ദേശത്തിലെ ഒരു 
								പ്രതിനിധിയെ പരിചയപ്പെടുത്തുന്നത്. സ്ത്രീകൾ എന്നു 
								കേൾക്കുമ്പോൾ ബുദ്ധിമുട്ടു തോന്നുന്ന ആളല്ല, 
								അപകടകാരിയല്ല എന്ന് മനസിലായപ്പോൾ അദ്ദേഹത്തോട് 
								ആഗ്രഹം അറിയിച്ചു. ചോദിച്ച രീതി പോലും അത്രയും 
								സ്വകാര്യമായാണ്. രാത്രി പത്ത് മണികഴിഞ്ഞാണ് ഞങ്ങൾ 
								അദ്ദേഹത്തെ മാറ്റി നിർത്തി ചോദിക്കുന്നത്. കാരണം 
								ആരെങ്കിലും അറിഞ്ഞാൽ പദ്ധതി ഇല്ലാതായിപ്പോകുമോ 
								എന്ന നല്ല ഭയമുണ്ടായിരുന്നു. കൂടുതൽ 
								ആളുകളുണ്ടെങ്കിലും പരിപാടി തകർന്നു പോകുമെന്ന് 
								ഞങ്ങൾക്ക് തോന്നി. അത്രമാത്രം ശ്രദ്ധിച്ചാണ് 
								ഇതിലേക്കുള്ള ഓരോ ചുവടും ഞങ്ങൾ വച്ചത്. 
								ഞങ്ങളുടെ ആവശ്യം കേട്ട് സത്യത്തിൽ അവർ ആദ്യം 
								അമ്പരന്നു എന്നു തോന്നുന്നു. പിന്നെ ഓരോ 
								നിബന്ധനകളായി പറഞ്ഞു തന്നു. ഏറ്റവും പ്രധാനം 
								ശരീരമാണ്. പിന്നെ ആശയം കമ്മറ്റിയിൽ വയ്ക്കണം. നൂറു 
								പേരോളം ഉള്ള കമ്മിറ്റിയാണ്. പലരും പലവിധമാണല്ലോ 
								എല്ലാവരും അനുകൂലിക്കണം എന്നു പോലുമില്ല. ഞങ്ങൾ 
								സ്ത്രീകളെ ഇതിൽ ഉൾപ്പെടുത്തിയാലുള്ള അനുകൂലമായ 
								സാഹചര്യങ്ങളെക്കുറിച്ചും അവരോടു 
								പറഞ്ഞുകൊണ്ടേയിരുന്നു. ദേശക്കാർക്ക് കിട്ടാൻ 
								പോകുന്ന മാധ്യമ ശ്രദ്ധ. വാർത്താപ്രാധാന്യം. ഓരോ 
								വർഷവും ദേശക്കാരുടെ എണ്ണം കൂടുകയാണ്.പുലികളുടെയും. 
								മികച്ചവയ്ക്ക് സമ്മാനവുമുണ്ട്. എല്ലാവരും 
								അവരവരുടേത് നന്നാക്കാൻ നോക്കും. എന്തായാലും 
								ഇതെല്ലാം കേട്ടിട്ടുകൂടിയാകണം ചർച്ചയിൽ ഞങ്ങൾ 
								അംഗീകരിക്കപ്പെട്ടു. അങ്ങനെ പുലികളിയി ഇറങ്ങാൻ 
								തീരുമാനമായി. അതിനു ശേഷവും ആറോളം ആളുകൾ അടങ്ങുന്ന 
								ഒരു ടീമിന്റെ കീഴിലായിരുന്നു ഞങ്ങൾ. രണ്ടു 
								മുതിർന്നവരും ബാക്കി ചെറുപ്പക്കാരും അടങ്ങുന്ന ആ 
								ടീമാണ് ഞങ്ങളെ വേഷംകെട്ടാനൊക്കെ കൊണ്ടു പോയത്. 
								പ്രോഗ്രാമിന്റെ രണ്ടു ദിവസം മുൻപു വരെ വളരെ 
								രഹസ്യമായാണ് ഈ വിഷയം കൊണ്ടു നടന്നത്. തലേന്ന് 
								ബ്ലോഗിലെഴുതി, തുടർന്ന് മാധ്യമങ്ങൾ അതു 
								വാർത്തയാക്കി. എങ്കിലും പേടിയുണ്ടായിരുന്നു 
								സ്ത്രീകൾ ഉള്ളതുകൊണ്ട് ഇത് ആരെങ്കിലും 
								അട്ടിമറിക്കുമോ എന്ന്. പിറ്റേന്നു രാവിലെ മുതൽ 
								അഭിമുഖങ്ങളും ക്യാമറയും ആകെ ബഹളമായിരുന്നു. 
								പന്ത്രണ്ട് മണിക്കൂറോളമാണ് പുലിയുടെ 
								മേയ്ക്കപ്പുമിട്ട് നടന്നത്. 
സ്പോട്സ്മാൻ 
								സ്പിരിറ്റോടു കൂടിയ സ്ത്രീകളുടെ കൂട്ടായ്മയാണ് 
								വിങ്‌സ്. ചോറും കറികളും ഉണ്ടാക്കുക, കുട്ടികളെ 
								നോക്കുക എന്നിവ മാത്രമല്ല സ്ത്രീകൾക്ക് കഴിയുക, 
								പക്ഷെ അങ്ങനെയുള്ളവരാണ് മിടുക്കികൾ എന്നൊരു തോന്നൽ 
								എല്ലാവർക്കുമുണ്ട്. സ്ത്രീകൾക്ക് ഒരിക്കലും ഒരു 
								സംഘമായി ചേർന്നുള്ള ബലം ഉണ്ടാകുന്നതേയില്ല. അവരെ 
								അതിലേയ്ക്കു കൊണ്ടു വരികയാണ് വിങ്‌സിന്റെ ലക്ഷ്യം. 
								കായികമായ കളികൾ, സംവാദം എന്നീ സ്ഥലങ്ങളിലെല്ലാം 
								സ്ത്രീകളെ വിങ്‌സ് പങ്കെടുപ്പിക്കുന്നുണ്ട്. 
								അതിന്റെയൊരു ഭാഗം തന്നെയായിരുന്നു അവർക്ക് നഷ്ടമായ 
								പൊതുവിടം വീണ്ടെടുക്കലും. ആ ചിന്തയാണ് 
								പുലികളിയിലേയ്ക്കും നീണ്ടത്.
കൂത്താടി 
								നടക്കുക എന്നൊരു പ്രയോഗമുണ്ട്. പലപ്പോഴും ചീത്ത 
								മാർഗ്ഗത്തിൽ കൂടി സഞ്ചരിക്കുന്ന സ്ത്രീകളെയാണ് 
								കൂത്താടി നടക്കുക എന്ന് നാം പറയുന്നത്. പുലികളിയിൽ 
								ഒരുകൂത്താട്ടം തന്നെയാണ് നടക്കുക. പക്ഷെ 
								കൂത്താട്ടത്തിന്റെ ഹരം ഇതിൽ വന്നപ്പോഴാണ് 
								മനസ്സിലാകുന്നത്. അതൊരു മോശം കാര്യമാണെന്ന് ആരാണ് 
								നമ്മളോട് പറഞ്ഞത്? ഓരോ സെക്കന്റിലും പുതിയ കണ്ണുകൾ 
								നമ്മുടെ മുകളിൽ പതിയുന്നു. പുഴപോലെ ഒഴുകുന്ന 
								ജനങ്ങളുടെ കാഴ്ചകൾ നമ്മളിലേക്ക് ഒഴുകിയെത്തുന്നു, 
								അവരുടെയൊക്കെ ഇടയിലൂടെ നടക്കുമ്പോൾ കിട്ടുന്നത് 
								അത്ര വലിയ ഊർജ്ജമാണ്. പുലികളി സമയത്ത് കാലിനു 
								സുഖമുണ്ടായിരുന്നില്ല, പക്ഷെ എന്നിട്ടും ഒരു 
								മാസത്തോളം തുള്ളൽ പ്രാക്ടീസ് ചെയ്തിട്ടാണ് 
								കളിക്കാനിറങ്ങിയത്. 
നമ്മൾ അവരുടെ ടീമിനോട് 
								ഇതാണ് പറഞ്ഞത്. ഞങ്ങൾ ഞങ്ങളുടെ ശരീരം നിങ്ങൾക്ക് 
								വിട്ടു തരുന്നു. ബോഡി ആർട്ട് ചെയ്യുന്നയാൾക്ക് 
								ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നു, എന്താണ് 
								ചെയ്യേണ്ടത് എന്നോർത്ത്. പക്ഷെ അവരുടെ മുന്നിൽ 
								സ്ത്രീകളാണെന്ന് കരുതി ഒരു നിബന്ധനയും ഞങ്ങൾ 
								വച്ചില്ല. അവർ എങ്ങനെയാണോ അതുപോലെ ഞങ്ങളും. 
								ചിലപ്പോൾ മുന്നിൽ നിൽക്കാൻ കഴിഞ്ഞില്ലെന്നു വരാം. 
								കളിയിൽ മോശമായാൽ മുന്നിൽ നിന്നിരുന്നവർ 
								പുറകിലേക്ക് മാറ്റപ്പെടാം... അതിലൊന്നും ഞങ്ങൾക്ക് 
								ഒരു ബുദ്ധിമുട്ടും ഇല്ല. കാരണം ലക്ഷങ്ങൾ മുടക്കി 
								നടത്തുന്ന കളിയാണ്. എങ്കിലും പെയിന്റ് ഒക്കെ 
								ചെയ്തിറങ്ങുമ്പോൾ ആദ്യം പേടിച്ചു, ഞാനാണ് അവസാനം 
								ഇറങ്ങിയത്, പെയിന്റ് ഒന്നും ഉണങ്ങിയിട്ടില്ല, 
								ആരെങ്കിലും വന്നു തട്ടിയാൽ എല്ലാം കഴിഞ്ഞു.. പക്ഷെ 
								എല്ലാം നന്നായിത്തന്നെ നടന്നു. പുറകിലായപ്പോൾ 
								ആളുകൾ കാണണമെന്ന് ആവശ്യപ്പെട്ടു, പിന്നെ നിരവധി 
								ക്യാമറകൾ, മാധ്യമങ്ങൾ... അതൊരു ഹരം നിറഞ്ഞ ദിവസം 
								തന്നെയായിരുന്നു.


