കൂകിപ്പായും വണ്ടിയിൽ ജീവിതചര്യ നിശ്ചയിക്കുന്ന പെൺ‌ജീവിതങ്ങൾ

ലക്ഷ്മി വിജയൻ


ഏതോ ഒരു വൈകുേന്നര യാത്രയാണ്. അന്ന് തീവണ്ടിയാത്ര സ്ഥിരം ചെയ്തു തുടങ്ങിയിട്ടില്ലാത്തതിനാൽ ഒരു കൗതുകമായിരുന്നു അതിനുള്ളിലും പുറത്തു നിന്നും കണ്ടതും കേട്ടതുമായ ഓരോ ചെറു ശബ്ദങ്ങളും കാഴ്ചകളും. അക്കൂട്ടത്തിലൊന്നായിരുന്നു ഒരു അഭിമുഖമായി ക്രമീകരിച്ച രണ്ടു സീറ്റുകളിലിരുന്ന് കറിക്കരിഞ്ഞു ചിരിച്ചു കഥപറയുന്ന പെണ്ണുങ്ങൾ. ഓഫിസിലെ അക്കൗണ്ടിങ്ങിന്റെ കാര്യത്തിൽ തുടങ്ങി ശമനമില്ലാത്ത കാൽമുട്ടു വേദന വരെ എത്തുന്ന സംഭാഷണങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതുപോലെ, ഓരോ തീവണ്ടിയാത്രയും, ചെറിയ ദൂരത്തു നിന്നായാലും ഒത്തിരി അകലേയ്ക്കായാലും, എന്നുമുള്ളതാണെങ്കിൽ അത് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാടൊരുപാട് കഥകളും അനുഭവങ്ങളും കൂട്ടിച്ചേർക്കുന്നതായിരിക്കും.

തീവണ്ടിയ്ക്കുളളിലിരുന്ന് കറിക്കരിയുന്ന സ്ത്രീകൾ ആദ്യം ചിരിയാണു തോന്നിച്ചതെങ്കിലും ഒരുപക്ഷേ ആ വർത്തമാനങ്ങളിലൂടെ മാത്രമായിരിക്കും ആ ദിനത്തിലെ സന്തോഷത്തെ തിരിച്ചറിയുക എന്ന് പിന്നീടാണു മനസിലായത്. ഇവർ മാത്രമല്ല, അടുക്കള മുതൽ ഓഫിസ് വരെ നീളുന്ന എല്ലാ ജോലികളും തീവണ്ടിയുടെ കൂകിപ്പായലിന്റെ സമയക്കണക്കു നോക്കി ക്രമീകരിച്ച് ജീവിക്കുന്ന ഒത്തിരിപ്പേർ നമുക്കിടയിലുണ്ട്. വേണാടും പരശുവും വഞ്ചിനാടും ചെന്നൈ മെയിലും ചേർന്ന് ജീവിതചര്യ നിശ്ചയിക്കുന്ന പെൺ‌ജീവിതങ്ങൾ. പക്ഷേ റെയിൽവേ ഈ യാത്രക്കാരെ എങ്ങനെയാണ് സമീപിക്കുന്നത്. കൊട്ടിഘോഷിക്കലുകൾ സ്ത്രീ സമത്വ പ്രചരണങ്ങളിലും പ്രവർത്തനങ്ങൾക്കിടയിലും തീവണ്ടി ഗതാഗതം പെൺ ജീവിതങ്ങളെ സുരക്ഷിതത്തോടെ കൈകാര്യം ചെയ്യുന്നുണ്ടോ? എന്നും ഒരേ റൂട്ട് ഒരേ സമയം

കൃഷ്ണ ജഗദീഷും ശരണ്യ ചന്ദ്രനും ദിവ്യയും തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ ദിനംപ്രതി വന്നുപോകുന്നവരാണ്. പോസ്റ്റ് ഓഫിസ് ജീവനക്കാരികൾ. രാവിലെ ആറിനു തുടങ്ങും ട്രെയിൻ യാത്ര. ജോലികളെല്ലാം തീർത്ത് ഓഫിസ് വിട്ട് വീട്ടിലെത്തുന്നത് ഒമ്പതു മണി കഴിഞ്ഞാകും. ഇതിനിടയിൽ പലയിടങ്ങളിൽ ട്രെയിൻ ക്രോസിങ്ങിനും മറ്റും പിടിച്ചി‌ട്ടാൽ പത്തര വരെ നീണ്ടുപോകും. അതെല്ലാം ഇവർക്കിപ്പോൾ ശീലമാണ്. ഈ തീവണ്ടികൾ വൈകിയോടുന്നതിൽ നീതിപൂർവ്വവും അല്ലാത്തതുമായ ഒരു നൂറു ന്യായീകരണങ്ങൾ റെയിൽവേയ്ക്ക് ഉണ്ടാകുമെന്നതിനാൽ അതിനെക്കുറിച്ചൊന്നും ഇപ്പോൾ ആവലാതിപ്പെടാറില്ല. മണിക്കൂറുകൾ നീണ്ടു മടിപ്പിക്കുന്ന യാത്രയ്ക്കിടയിൽ അതൊന്നും ചർച്ച ചെയ്യാൻ നേരം കിട്ടാറുമില്ല, ശ്രമിക്കാറുമില്ല. എങ്കിലും തീവണ്ടിയിലെ വിരലിലെണ്ണാവുന്ന ലേഡീസ്-ജനറൽ കോച്ചുകൾ ഒരു ദുരിതമാണ്. എന്തെങ്കിലും വിശേഷ ദിനം വന്നാൽ പിന്നെ തിരുവനന്തപുരം വരെ നിൽക്കുകയേ നിവൃത്തിയുള്ളൂവെന്ന് കൃഷ്ണ പറയുന്നു. സമയത്തോടിയെത്താത്ത തീവണ്ടിയുടെ മടുപ്പ് സൗഹൃദങ്ങളുടെ താളങ്ങൾക്കിടയിലങ്ങ് ഇല്ലാതെയാകും. പക്ഷേ ദീർഘദൂരമുള്ള നിൽപ്പ് ഉണ്ടാക്കുന്ന ക്ഷീണം ദിവസങ്ങളോളം ഒപ്പം കാണും.

കൃഷ്ണ പറയുന്ന പോലെ തീവണ്ടിയിലെ പെൺ കംപാർട്മെന്റുകൾ ഒരു വലിയ സൗഹൃദത്തിന്റെ ഇടമാകും. അവർക്കിടയില്‍ രക്തബന്ധത്തിനപ്പുറമുള്ള ചേച്ചിമാരും അനുജത്തിമാരും അമ്മമാരുമൊക്കെയുണ്ടാകും. വീടിനുളളില്‍, പതിവുപോലെ കേൾക്കേണ്ടി വരുന്ന പരാതികൾക്കും പരിഭവങ്ങൾക്കും തഴയപ്പെടലുകൾക്കും ഇടയിൽ അതു തീർക്കുന്ന ചെറിയ വിഷമങ്ങളെല്ലാം തീർന്നുപോകുന്നതും ഈ മണിക്കൂറുകൾക്കിടയിലാണ്. രാവിലെ മൂന്നര മണിയ്ക്ക് എഴുന്നേറ്റ് വീട്ടിലെല്ലാവർക്കും ഭക്ഷണമുണ്ടാക്കിക്കൊടുത്ത് ഓഫിസിലേക്കെത്തി പിന്നെ രാത്രി ഒമ്പതു മണിക്കു തിരികെയത്തുന്ന തീര്‍ത്തും യാന്ത്രികമായ ജീവിതങ്ങൾക്കിത്തിരിയെങ്കിലും പച്ചപ്പു വരുന്നതും ഈ മണിക്കൂറുകളിലാണ്.

കൊല്ലം ജില്ല ലാൻഡ് ആൻഡ് റെവന്യൂ ഡെപ്യൂട്ടി ഡയറക്ടർ ഗീത ശാസ്താംകോട്ടയ്ക്കും കൊല്ലത്തിനും ഇടയിലുള്ള ചെറിയ ദൂരമേ പോയി വരുന്നുള്ളൂ ഇപ്പോൾ. പക്ഷേ വർഷങ്ങളോളം കൊല്ലം-ചങ്ങനാശേരി റൂട്ടിലേയും അതിനു മുൻപ് തിരുവനന്തപുരം-ശാസ്താംകോട്ട റൂട്ടിലേയും യാത്രക്കാരിയായിരുന്നു. സൗഹൃദങ്ങളാണ് ട്രെയിൻ സഞ്ചാരം എന്നാണ് ഗീതയുടെയും അഭിപ്രായം. പല മേഖലകളിൽ ജോലി ചെയ്യുന്നവരുമായുള്ള സൗഹൃദം എല്ലായ്പ്പോഴും സഹായം മാത്രമേ തന്നിട്ടുള്ളൂ. ഏതിടങ്ങളിൽ ചെന്നാലും കൂട്ടുകാരുണ്ടായതും അങ്ങനെ തന്നെ.

എങ്കിലും ദീർഘദൂര യാത്ര ഒരു ദുരിതം തന്നെ. ഒന്നോ രണ്ടോ ചെറിയ ബോഗികളാകും പലപ്പോഴും ലേഡീസ് കോച്ചും ജനറൽ കോച്ചുമായിട്ടു മാറുക. അവിടെ തിങ്ങി ഞെരുങ്ങി നിൽക്കേണ്ടതോർക്കുമ്പോൾ ഇപ്പോഴും ശ്വാസം മുട്ടും. സീസൺ ടിക്കറ്റ് ആയതുകൊണ്ട് സൂപ്പർ ഫാസ്റ്റിലൊന്നും നമുക്ക് കയറാനുമാകില്ലല്ലോ. ചിലപ്പോൾ നിവൃത്തിയില്ലാതെ സാഹസത്തിനു മുതിർന്നിട്ടുമുണ്ട്. ജനറലില്‍ തിരക്കുള്ള സമയത്താണെങ്കിൽ മോഷണം ഒപ്പമുള്ള അനാവശ്യങ്ങളായിരിക്കും നടക്കുക. ഒരിക്കൽ ഒരു മോഷണ ശ്രമത്തിൽ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അയാളുടെ കൈ പിടിച്ച് മാറ്റിവച്ചാണ് അന്ന് പ്രതിരോധിച്ചത്. എന്തു നടന്നാലും നമുക്ക് തിരിച്ചു പറയാൻ പറ്റില്ലല്ലോ. തിരക്കിനിടയിൽ സംഭവിച്ചതാണെന്നു പറഞ്ഞ് അവർ രക്ഷപ്പെടും. അതാണ് അവസ്ഥ. ദീർഘദൂര സർവ്വീസുകൾക്ക് ട്രെയിനിനെ അല്ലാതെ മറ്റൊന്നിനേയും ആശ്രയിക്കാനാകില്ലല്ലോ. തീവണ്ടികൾ പിടിക്കാനുള്ള ഓട്ടം ദുരന്തത്തിനു വഴിമാറുന്നതും കണ്ടിട്ടുണ്ട്. അടുത്തിടെ ഒരു കുട്ടി ട്രാക്കിലേക്കു വീഴുകയുണ്ടായി. ഒപ്പം സ്ഥിരം യാത്ര ചെയ്തിരുന്ന സുഹൃത്തുക്കൾ കാരണമായിരുന്നു അവന് കൃത്യ സമയത്ത് വൈദ്യ സഹായം പോലും കിട്ടിയത്. ഗീത പറയുന്നു...

തിരുവനന്തപുരം മുതൽ ഡൽഹി വരെയുള്ള ദൂരം പലപ്രാവശ്യമായി ഇക്കാലയളവിനിടയിൽ ഒരു ആയിരം പ്രാവശ്യമെങ്കിലും കോളജ് അധ്യാപികയായ അനില യാത്ര ചെയ്തിട്ടുണ്ടാകും. ഒരുപാട് പുസ്തകങ്ങൾ വായിച്ചും പരിചയപ്പെട്ടും എഴുതിയും ഒറ്റയ്ക്കിരുന്നു മഴകണ്ടും രാത്രി കണ്ടും പാട്ടു കേട്ടും പലേ നാടുകൾ കണ്ടും കൗതുകം തീർത്തുംമൊക്കെയാണ് യാത്ര ചെയ്തിട്ടുള്ളത്. അതെല്ലാം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ്. തീവണ്ടികൾക്കു മാത്രം, ഇപ്പോൾ തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിലുള്ള ചെറിയ ദൂരത്തിലേക്കു യാത്ര ചുരുങ്ങിയപ്പോൾ ക്ഷീണം ഒഴിവായിക്കിട്ടുന്നു എന്നതൊഴികെ പലേ കാഴ്ചകളും വേദനിപ്പിക്കുന്നതാണെന്നു അനില പറയുന്നു. ഒരു ദിവസം രാവിലെ വൈകിയപ്പോഴായിരുന്നു ചെന്നൈയിലേക്കു പോയ തീവണ്ടിയിൽ കയറിക്കൂടിയത്. കയറണ്ടായിരുന്നു പിന്നീടു തോന്നി. ലേഡീസ് കംപാർട്മെന്റ് ആയിരുന്നു. സൂചി കുത്താന്‍ ഇടമില്ലാത്തിടം എന്നൊക്കെ കേട്ടിട്ടേയുള്ളൂ അന്നാദ്യമായി അതറിയുകയായിരുന്നു. അതിനിടില്‍ നിന്നാണൊരു അമ്മയേയും കുഞ്ഞിനേയും കണ്ടത്. കഷ്ടിച്ച് നിലത്തൂന്നി നില്‍ക്കുകയാണ് അമ്മ. കയ്യിൽ കുഞ്ഞും. അതിനു പാലു കൊടുക്കാൻ നിവൃത്തിയില്ല. കുഞ്ഞ് കരയുന്ന കണ്ട് അമ്മയും അതുപോലെ കരയുന്നുണ്ട്. അതിനു ശേഷം തീവണ്ടികളിലെ ലേഡീസ് കോച്ച് കണ്ടാൽ അവരെ രണ്ടാളെയുമാണ് ഓർമ വരിക. ഏതോ ദൂരം വരെ അവരങ്ങനെ നിന്നിട്ടുണ്ടാകുമോ എന്നോർത്ത് സങ്കടപ്പെട്ടിട്ടുണ്ട്.

സൗമ്യയെന്ന ഷൊർണൂരുകാരിയുടെ മരണമായിരുന്നു കേരള സമൂഹത്തിന്റെ ചിന്തയെ തീവണ്ടിയിലെ പെൺയാത്രകളുടെ ചങ്ങലക്കണ്ണികളിലേക്കടുപ്പിച്ചത്. അതിനു മുൻപേ എം.ആർ ജയഗീതയെന്ന എഴുത്തുകാരി അധികമാരും അറിയാത്തതോ ശ്രദ്ധിക്കാത്തതോ ആയ തീവണ്ടി യാത്ര അരാജകത്വത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സ്ഥിരം യാത്രക്കാരിയല്ല. എങ്കിലും തീവണ്ടി യാത്രകളെ കുറിച്ച് ആധികാരിമായി സംസാരിക്കാൻ ജയഗീത ഏറ്റവും നല്ലൊരു തെരഞ്ഞെടുപ്പായിരുന്നു. അതു തെറ്റിയില്ല. ഇന്നോളം അവർ എഴുതിയ കവിതകളിലേതു പോലെ നല്ല ഒഴുക്കുള്ള ഭാഷയിൽ സംസാരിച്ചു തുടങ്ങി.

ഒരിക്കലും സ്ത്രീ സൗഹൃദം ആകാൻ പോകുന്നില്ലാത്ത ഗതാഗത സംവിധാനം എന്നാണു റെയിൽവേയെ ജയഗീത വിശേഷിപ്പിക്കുന്നത്. ആടുമാടുകളേക്കാൾ കഷ്ടത്തിൽ സ്ത്രീകൾ സഞ്ചരിക്കേണ്ടി വരുന്ന ഒരിടം ലോകത്ത് മറ്റെങ്ങും തന്നെയുണ്ടാകില്ല. എന്തും നേരിടാന്‍ തയ്യാറായി വേണം ജനറൽ കംപാർട്മെന്റിലൊക്കെ കയറാൻ. ബാത്റൂമിനരികെ നിലത്ത് പേപ്പറും വിരിച്ചിട്ട് യാത്ര ചെയ്യുന്നവര്‍, മറ്റൊന്നും നോക്കാതെ വാതിലനിരികിലും പടിയിലുമൊക്കെയിരുന്നുള്ള സാഹസിക യാത്ര െചയ്യുന്നുവർ, അങ്ങനെ ഒത്തിരിപ്പേർ. അവരുടെ മുഖത്തെ ക്ഷീണം നമുക്കൊരുപാടു വിഷമമുണ്ടാകും.

അതിനുമപ്പുറം തീവണ്ടി യാത്ര നമുക്കൊരുപാടൊരുപാട് നല്ല സൗഹൃദങ്ങൾ സമ്മാനിക്കും. അറിയാൻ പാടില്ലാത്തവരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കരുതെന്ന പറച്ചിലൊക്കെ തീവണ്ടി യാത്രയ്ക്കിടെ മറന്നുപോകും. വീടിനും ജോലിക്കുമിടയിലെ തിരക്കുകൾക്കിടയിൽ ഇത്തിരി നേരം പുസ്തകം വായിച്ചും പാട്ടു കേട്ടുമിരിക്കുന്നത് അന്നേരങ്ങളിൽ മാത്രമായിരിക്കും. നമ്മളനുഭവിക്കാൻ മറന്നുപോകുന്ന ഗ്രാമീണ കാഴ്ചകളൊക്കെ അന്നേരമായിരിക്കും കാണുക. തീവണ്ടി പാളങ്ങൾക്കരികെ ജീവിക്കുന്ന ചെറു ജീവിതങ്ങളുടെ സങ്കടങ്ങളും സന്തോഷങ്ങളും കാണുകയും അന്നേരമായിരിക്കും. തീവണ്ടി പാളത്തിനരികെ നിന്നു കളിക്കുന്ന കുട്ടികളാരെങ്കിലും പാളത്തിലേക്കു തെന്നി വീഴുമോ എന്നോർത്ത് കാണാവുന്നത്രയും ദൂരം ആ കാഴ്ചയിലേക്കു നോക്കിയിരുന്നിട്ടുണ്ട്. അരികുപറ്റിപ്പോയവരുടെയും ജീവിതത്തിന്റെ പാച്ചിലിനിടയിലും യുക്തിയില്ലാത്ത തീരുമാനങ്ങൾക്കിടയിലും കുടുങ്ങിപ്പോയ സ്ത്രീകളുടെയും കാഴ്ചകളാണ് തീവണ്ടിയാത്ര സമ്മാനിക്കുക. അസ്വസ്ഥതകളും അരാജകത്വവും നൊമ്പരങ്ങളും ഇത്തിരി സൗഹൃദങ്ങളുമാണ് തീവണ്ടിയാത്ര സമ്മാനിക്കാറ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത സംവിധാനത്തിനൊപ്പം നിരന്തരം ഭാഗമായിക്കൊണ്ടിരിക്കുന്ന അനേകമായിരം സ്ത്രീകളിൽ നാമമാത്രമായവരാണിവരും. എങ്കിലും അവരുടെ പ്രതിനിധികളെന്നു നിസംശയം പറയാം. കാരണം, ലേഡീസ് കോച്ചിന്റെ അപര്യാപ്തതയും ജനറൽ കംപാർട്മെന്റിലെ തോന്നിവാസങ്ങളും സൃഷ്ടിക്കുന്ന അരോചകങ്ങൾ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. അതിനെ കുറിച്ചൊന്നും ഇവർക്കിപ്പോൾ ഒന്നും പറയാനില്ല. പറഞ്ഞിട്ടു കാര്യമില്ല എന്നതുകൊണ്ടു തന്നെ. പത്ര ദൃശ്യമാധ്യമങ്ങളിൽ എത്രയോ വട്ടം കയറിക്കൂടിയിരിക്കുന്നു ഈ വിഷയം. ഇവർ പറയും പോലെ സൗഹൃദങ്ങളുടെ ചേർത്തുനിർത്തലിലും തീവണ്ടിപ്പാളങ്ങൾ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഗ്രാമങ്ങളുടെ നന്മയിലും അവയെല്ലാം മറന്നുപോകും. തീവണ്ടിയാത്രയെ പ്രണയിക്കുന്നതും അതുകൊണ്ടാണ്.

എങ്കിലും ഒന്നു‌പറയാം ഓരോ ലേഡീസ് കോച്ചും സ്ത്രീ സഹനത്തിന്റെ ക്യാൻവാസുകളാണ്. വീടെന്ന നാലു ചുവരിനുള്ളിലെ അസ്വസ്ഥതയ്ക്കും ഉത്തരവാദിത്തമില്ലായ്മയ്ക്കും ഉത്തരം കണ്ടെത്തിയും വീടെന്ന സ്നേഹക്കൂടു ഞാനില്ലെന്ന ശൂന്യതയിൽ നാലു വഴിക്കു പിരിയരുതെന്നും ആഗ്രഹിച്ചുകൊണ്ടും സ്ത്രീ സ്വന്തം ഇഷ്ടങ്ങളേയും ക്ഷീണത്തേയും മാറ്റിനിർത്തി ചെയ്യുന്ന ത്യാഗം. അല്ലെങ്കിൽ പിന്നെന്തിനാണ് ഈ യാത്രയെ ഇവരിങ്ങനെ സഹിക്കുന്നത്?