കേരളത്തിനു ‘വൈര’ത്തോടും വൈരമില്ല

വജ്രം പോലെ അതിന്റെ വിലയ്ക്കും കടുപ്പമുണ്ടായിരുന്ന
കാലം പോയി. ഇപ്പോൾ ഇടത്തരക്കാർക്കും മഴത്തുള്ളി പോലെ മനോഹരമായ വജ്രത്തെ
കൈനീട്ടി തൊടാം, വിരലിലണിയാം. വിവാഹനിശ്ചയങ്ങൾ വിവാഹത്തോളം വലിയ ചടങ്ങായതോടെ
വിരലിലണിയുന്ന മോതിരത്തിനും വിലയേറി. വിവാഹനിശ്ചയത്തിനു വജ്രമോതിരം,
പേരുകൊത്തി മോതിരവിരലിൽ ആജീവനാന്തം കയറിക്കൂടുന്ന പൊന്നിൻമോതിരം കല്യാണത്തിന് ;
അങ്ങനെയാണിപ്പോഴത്തെ പതിവ്. ജനപ്രിയമാകാൻ വജ്രാഭരണങ്ങൾ ലൈറ്റ് വെയ്റ്റും ആയി.
വില കുറവുള്ളതിനാൽ അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്കും പ്രിയമേറി.
വിവാഹത്തിനു പൊന്നിട്ടുമൂടി ഇറങ്ങുന്നതിനേക്കാൾ ന്യൂജനറേഷനു താൽപര്യം
വജ്രാഭരണങ്ങളോടാണ്. അൺകട്ട് ഡയമണ്ടിന്റെ വലിയ ചോക്കർ നെക്ലസ്
ഇട്ടിറങ്ങിനിന്നാൽ ഏതു പൊന്നും (പെണ്ണും) മാറിനിൽക്കും. 18 കാരറ്റിൽ തീർത്ത
ഇത്തരം ആഭരണങ്ങൾക്കു മഞ്ഞ കലർന്ന നിറമാണ് . ഒരുവശം മാത്രം പോളിഷ്ഡ് ആയതിനാൽ
ലൈറ്റ് വെയ്റ്റും ആണ്. ഒപ്പം വിലയിലും ലൈറ്റ് വെയ്റ്റ് തന്നെ.
ബ്രൈഡൽ
സെറ്റിനു വില മൂന്നു ലക്ഷം മുതലാണ്. ഒരു ലക്ഷം രൂപയ്ക്കുള്ള സെറ്റിനും
ആവശ്യക്കാരുണ്ടെന്നു ജോയ് ആലുക്കാസ് ജ്വല്ലറി പർച്ചേസ് മാനേജർ സുരേഷ് പറയുന്നു.
ലളിതമായ ഡിസൈനിൽ ഒരുങ്ങിയ ഇവ ഇഷ്ടപ്പെടുന്നതു ടീനേജുകാരാണ്. പൊട്ടുകമ്മലും
നേർത്ത മാലയും അണിയുമ്പോൾ അതിനു വജ്രത്തിന്റെ തിളക്കം കൂടിയുണ്ടെങ്കിൽ എന്താ
എന്നു ചിന്തിക്കുന്ന വീട്ടമ്മമാരുമുണ്ട്. പക്ഷേ, വജ്രം മുതിർന്നവരുടെ
കുത്തകയാണെന്നു കരുതല്ലേ, കുട്ടിക്കുറുമ്പികൾ കാത്തുനിൽപ്പുണ്ട്. 3000
രൂപയുണ്ടെങ്കിൽ കുഞ്ഞിപ്പെണ്ണിന്റെ കാതിനഴകായി വജ്രം പതിച്ച കമ്മലിടാം.
വിലയെത്രയായാലും വജ്രത്തിന്റെ ശോഭ പോലെ മങ്ങില്ല വിലയും. തിരികെ നൽകിയാൽ
കൃത്യമായ വില കിട്ടുമെന്ന മെച്ചവുമുണ്ട്.