ഈസ്റ്റ് മാറാടി വിദ്യാർഥി കൂട്ടായ്മ
ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വിദ്യാർഥികൾക്ക് ചെയ്യാൻ ഒരുപാടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ അതിന് അടിവരയിടുകയാണ് ഈസ്റ്റ് മാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി
സ്കൂളിലെ വിദ്യാർഥികൾ. നിരവധിപ്പേർക്ക് സഹായവും ആശ്വാസവുമായ പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ നടത്തിയത്. കൂട്ടായ പ്രവർത്തനത്തിന്റെ ശക്തി വ്യക്തമാക്കുന്നതും ദേശം–ഭാഷ–വംശ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം
തുല്യരാണെന്ന് സന്ദേശം പങ്കുവയ്ക്കുന്നതുമായിരുന്നു ഇവ.
അതിഥി തൊഴിലാളികൾ നിരവധിയുള്ള പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകളിൽ ഒഡിയ, ബംഗാളി, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഇംഗ്ലിഷ് ഭാഷകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ വിശദീകരിച്ചുള്ള ആയിരത്തോളം ലഘുലേഖകളാണ്
വിതരണം ചെയ്തത്. കൂടാതെ ഓട്ടോ–ടാക്സി ഡ്രൈവർമാർ, വ്യാപരികൾ എന്നിവർക്ക് ഉപഭോക്താക്കളുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കാൻ ബ്രേക്ക് ദ് ചെയിൻ ഡയറികൾ വിതരണം ചെയ്തു. മാറാടി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ
കൈകഴുകാനുള്ള സ്ഥലം ക്രമീകരിച്ചും ഇവിടെയുള്ള 400 വീടുകളിൽ മാസ്ക്, ഹാൻഡ് വാഷ്, ക്ലീനിങ് ലോഷൻ എന്നിവ വിതരണം ചെയ്തും ജാഗ്രതയുടെ കാവലാളായി മാറി. മാസ്ക്കുകൾ സ്വയം നിർമിച്ച വിദ്യാർഥികളുടെ പ്രവൃത്തി ജില്ലാ കലക്‌ടറുടെയുൾപ്പടെ
അഭിനന്ദനം നേടുകയും ചെയ്തു.
ദുരിതത്തിലായ രോഗികൾക്ക് മരുന്നെത്തിച്ചും മാനസിക സംഘർഷം നേരിടുന്നവർക്ക് ടെലി കൗൺസിലിങ്ങിന് അവസരമൊരുക്കിയുമുള്ള പ്രവൃത്തികൾ കരുതലിന്റെ പ്രതിബിംബമായിരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത 12
വിദ്യാർഥികൾക്ക് ടിവിയും ഡിഷ് ആന്റിനയും മൊബൈൽ ഫോണും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കി. ആളുകളുടെ മാനസിക സമ്മർദം കുറയ്ക്കാനായി നടത്തിയ ഓൺലൈൻ മത്സരങ്ങളും മികച്ച പരിശ്രമമായിരുന്നു. സമൂഹ അടുക്കളയിലേക്ക്
അരിയും പച്ചക്കറികളും ഉൾപ്പടെയുള്ള അവശ്യ വസ്തുക്കള്‍ ശേഖരിച്ചു നൽകിയും നിസ്വാര്‍ഥ സേവനം ചെയ്ത 100 മാനസികാരോഗ്യ വിദഗ്ധർക്ക് കോവിഡ് വാരിയർ ബഹുമതി നൽകി ആദരിച്ചും തീർത്തത് അഭിനന്ദനീയമായ മാതൃക. 1001 വൃക്ഷത്തെകൾ
നട്ട് പ്രകൃതി സംരക്ഷണത്തിനും ഈ കാലഘട്ടം വിനിയോഗിക്കാൻ ഇവർക്കായി എന്നത് ശ്രദ്ധേയമാണ്.
അധ്യാപകരുടെ നേതൃത്വമികവും വിദ്യാര്‍ഥികളുടെ ഒരുമയും കാര്യശേഷിയും ചേർന്നപ്പോൾ ഏതു മഹാമാരിയും മറികടക്കാനാകുമെന്ന സന്ദേശമാണ് ഈസ്റ്റ് മാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂള്‍ സമൂഹത്തിന് പകർന്നു നൽകിയത്.
വിദ്യാർഥികളുടെ ഇച്ഛാശക്തി എത്രയെന്ന് വിളിച്ചു പറയാനും ഇവരുടെ പ്രവൃത്തികൾക്ക് ആയെന്നു നിസംശയം പറയാം.