ഏത് ജില്ലയിൽ വേണമെങ്കിലും കൊറോണ വാർഡിൽ ജോലി ചെയ്യാം, മുഖ്യമന്ത്രി പ്രശംസിച്ച നഴ്സ്–പാപ്പ ഹെൻട്രി
പാപ്പ ഹെൻറി
പീരുമേട് ∙ ‘ഏത് ജില്ലയിൽ വേണമെങ്കിലും കൊറോണ വാർഡിൽ ജോലി ചെയ്യാൻ ഞാൻ തയാറാണ്’ ആതുര സേവനത്തോടുള്ള ആത്മാർഥതയും സഹജീവികളോടുള്ള കരുതലും കൊണ്ട് കേരളത്തിനു മുഴുവൻ മാതൃകയായി പാപ്പ ഹെൻട്രി എന്ന നഴ്സ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്സാണ് പാപ്പ ഹെൻട്രി.
പാപ്പ ഹെൻട്രിയുടെ ഈ വാഗ്ദാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തു പറഞ്ഞ് പ്രശംസിച്ചു. ഇടുക്കി പീരുമേട് പാമ്പനാർ സ്വദേശിയാണ്. ഭർത്താവ് ഹെൻട്രി പീരുമേട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ.ചൈനയിലെ വുഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്തുടങ്ങിയപ്പോള്‍തന്നെ ഇങ്ങു കേരളത്തിലും രോഗത്തെ പ്രതിരോധിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിത്തുടങ്ങി. കോവിഡ് എന്ന മഹാമാരിയെക്കുറിച്ച് അധികം അറിവു ലഭിക്കുന്നതിനു മുമ്പുതന്നെ, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചെല്ലാം സർക്കാർതലത്തിൽ തീരുമാനമെടുത്തിരുന്നു.
പതിയെപ്പതിയെ ഇവിടെയും കോവിഡ് റിപ്പോർട്ട് ചെയ്തു തുടങ്ങി. ചൈനയിൽ നിന്നുവന്ന മെഡിക്കൽ വിദ്യാർഥിക്കാണ് ആദ്യം കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ രണ്ടാംഘട്ടമെന്നു പറയാം ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികൾക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആശങ്കയുടെ നിഴലിൽ നിൽക്കുമ്പോഴാണ് കേരളത്തിൽ എവിടെയും കൊറോണ വാർഡിൽ എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാൻ സന്നദ്ധയാണെന്ന് അറിയിച്ച് ഒരു നഴ്സ് എത്തിയത്. അതും ആരോഗ്യമന്ത്രിയുടെ വിഡിയോ കോൺഫറൻസിൽ. 
ഇടുക്കി വണ്ടിപ്പെരിയാർ മൗണ്ട് പുതുവലിൽ പരേതനായ പൊന്നയ്യയുടെയും ജ്ഞാനമണിയുടെയും എട്ടു മക്കളിൽ ഇളയവളാണ് പാപ്പാ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഡിഗ്രി പഠനത്തിനായി തിരുവനന്തപുരം വിമൻസ് കോളജിൽ എത്തിയതാണ് പാപ്പായുടെ ജീവിതം നഴ്സിങ്ങിലേക്കു തിരിച്ചു വിട്ടത്. അതിനെപ്പറ്റി പാപ്പാ പറയുന്നു: ‘ബിഎസ്‍സി ബോട്ടണി ആദ്യ വർഷം പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കൂട്ടുകാരിക്ക് നഴ്സിങ്ങിന് അപേക്ഷിക്കാൻ കൂടെപ്പോയത്. കൂട്ടുകാരിയുടെ അമ്മ വെറുതേ ഒരപേക്ഷ എനിക്കും അയച്ചു. പക്ഷേ നഴ്സിങ്ങിന് കോട്ടയം ഗവൺമെന്റ് സ്കൂൾ ഓഫ് നഴ്സിങ്ങിൽ അഡ്മിഷൻ കിട്ടിയത് എനിക്കും.’ 
പാപ്പ ഹെൻറി
നഴ്സിങ്ങിനെ കുറിച്ച് കാര്യമായൊന്നും അറിയാതെയാണ് ഞാൻ നഴ്സിങ് പഠനത്തിനു ചേർന്നത്. ഇന്റർവ്യൂവിനു വന്നപ്പോൾതന്നെ ആ യൂണിഫോം കണ്ട് മോഹിച്ചു. മുടിയൊക്കെ മുകളിൽ കെട്ടിവച്ച് വെള്ള സാരിയും കോട്ടുമായിരുന്നു അന്നത്തെ യൂണിഫോം. അതു കണ്ടപ്പോൾതന്നെ നഴ്സിങ് പഠിക്കണമെന്നു തീരുമാനമെടുത്തു. പഠിക്കാൻ തുടങ്ങിയപ്പോൾ ഏറെ ഇഷ്ടമായിത്തുടങ്ങി. സർക്കാരിൽതന്നെ ആയതുകൊണ്ട് പഠിച്ചിറങ്ങുമ്പോൾ അന്ന് ജോലിയും കിട്ടുമായിരുന്നു. സർക്കാർ കോളജിൽ നഴ്സിങ് പഠിച്ചവർക്ക് അന്ന് ബോണ്ട് പോലെ ആശുപത്രികളിൽ ജോലി കിട്ടുമായിരുന്നു. അങ്ങനെ 21–ാം വയസ്സിൽ ജോലിയുമായി. 
2000–ൽ നഴ്സിങ് പഠിച്ചിറങ്ങി. നഴ്സായി ആദ്യം ജോലി തുടങ്ങിയത് വണ്ടിപ്പെരിയാർ പിഎച്ച്‌സിയിൽ. ശേഷം കുമളി, പീരുമേട് താലൂക്ക് ആശുപത്രി, 2009–ൽ തൃശൂർ മെഡിക്കൽ കോളജിൽ പിഎസ്‌സി ആയി. 2017–ലാണ് കോട്ടയം മെഡിക്കൽ കോളജിലെത്തുന്നത്.   നിപ്പ രോഗം വന്ന സമയത്ത് ഒരു നിപ്പ സെൽ രൂപീകരിച്ചിരുന്നു. ആ ടീമിൽ ഞാൻ ഉണ്ടായിരുന്നു. വീണ്ടും ഒരു എമർജൻസി വന്നാലുള്ള ആവശ്യത്തിനായി ആ ടീമിനെ അതുപോലെ നിലനിർത്തിയിരുന്നു. കോവിഡ് വന്നപ്പോൾ ആ ടീമിലുള്ള അഞ്ചു പേരുണ്ടായിരുന്നു. നിപ്പയുടെ സമയത്ത് പ്രവർത്തിച്ചു പരിചയം ഉള്ളതുകൊണ്ട് ഒരു പേടിയും തോന്നിയില്ല. ഞങ്ങൾ അഞ്ചുപേരും കോവിഡ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു. ഫെബ്രുവരി മൂന്നിന് ഞങ്ങൾ ഡ്യൂട്ടി ആരംഭിച്ചു.
ചൈനയിൽ നിന്നെത്തിയ മൂന്നു കേസുകൾ കോട്ടയം മെഡിക്കൽകോളജിൽ ഉണ്ടായിരുന്നു. അവർ പോയിക്കഴിഞ്ഞ് 10 ദിവസം സാധാരണ ഡ്യൂട്ടി. അതു കഴിഞ്ഞാണ് എട്ടാം തീയതി ചെങ്ങളത്തു നിന്നുള്ള രണ്ടു പേർ എത്തിയത്. ശേഷം അപ്പച്ചനും അമ്മച്ചിയും എത്തി. പിന്നെ തുടർച്ചയായി ഡ്യൂട്ടിയായി. എനിക്ക് ഐസലേഷൻ വാർഡിലായിരുന്നു ഡ്യൂട്ടി. സ്റ്റാഫിൽ ഒരാൾക്ക് ഇതിനിടയിൽ രോഗം സ്ഥിരീകരിച്ചു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന 52 പേരും ക്വാറന്റീനിലായി. ഞങ്ങൾക്കും രോഗം വരാമെന്നു പ്രതീക്ഷിച്ചുതന്നെയാണ് നമ്മൾ രോഗികളുടെ അടുത്തെത്തുന്നത്. അതുകൊണ്ടുതന്നെ കൂടെയുള്ള ഒരാൾക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും ഭയമൊന്നും തോന്നിയില്ല. ഇഷ്ടപ്പെട്ടു ചെയ്യുന്ന കാര്യവും കഷ്ടപ്പെട്ടു ചെയ്യുന്ന കാര്യവും തമ്മിൽ വ്യത്യാസമുണ്ടല്ലോ. 
വീട്ടിൽ അവധിക്കു പോയ സമയത്താണ് ലോകാരോഗ്യ ദിനത്തിൽ ആരോഗ്യമന്ത്രിയുമായി വിഡിയോ കോൺഫറൻസിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. അന്നാണ് എവിടെയുമുള്ള കൊറോണ വാർഡിൽ എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാൻ സന്നദ്ധയാണെന്ന് അറിയിച്ചത്. ജോലിയോടുള്ള ആത്മാർഥതയും ഇതുവരെയുള്ള എക്സ്പീരിയൻസുമായിരുന്നു ഇതിനുള്ള ധൈര്യം. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പേരു പറഞ്ഞ് അഭിനന്ദിക്കുക കൂടി ചെയ്തപ്പോൾ അത് ഇതുവരെ എനിക്കു ലഭിച്ച, എന്റെ ജോലിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി. ഒപ്പം ഒരു ഭാഗ്യമായും കരുതുന്നു. ഇത് എനിക്കു മാത്രമല്ല, മുഴുവൻ നഴ്സിങ് സമൂഹത്തിനുമുള്ള അംഗീകാരമാണ്.
Nominate Your Hero
പോരാളികൾ, തേരാളികൾ...
അണലി കടിയേറ്റ കുഞ്ഞിന് കോവിഡ്, കരച്ചിൽ കേട്ടിട്ടും എല്ലാവരും മടിച്ചു, രക്ഷകനായി ജിനിൽ...Read Article...
ഏത് ജില്ലയിൽ വേണമെങ്കിലും കൊറോണ വാർഡിൽ ജോലി ചെയ്യാം, മുഖ്യമന്ത്രി പ്രശംസിച്ച നഴ്സ്–പാപ്പ ഹെൻട്രിRead Article...
കോവിഡ് തുടക്കം മുതൽ പത്തനംതിട്ടയ്ക്കൊപ്പം അവിരാമംRead Article...
ക്വാറന്റീന് ഇടമെവിടെ? വിഷമിക്കുന്നവർക്ക് ജിജിയുടെ സ്നേഹവീട്Read Article...
Contact Us
Email ID: goldensalutes@gmail.com
Mobile No: +91 99958 11111
© COPYRIGHT 2021 MANORAMA ONLINE.
ALL RIGHTS RESERVED.