സൈക്കോ സോഷ്യൽ പ്രോജക്ട്
എറണാകുളം ജില്ലാ വനിതാ ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ സർവ്വീസിലെ 68 വനിതാ സ്കൂൾ കൗൺസിലേഴ്സ് ടീമിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങങ്ങളെക്കുറിച്ചും മറക്കാനാകാത്ത അനുഭവങ്ങളെക്കുറിച്ചും വായനക്കാരോട് പങ്കുവയ്ക്കുകയാണ് ടീം അംഗങ്ങളിൽ ഒരാളായ മഹിത വിപിനചന്ദ്രൻ. മാർച്ച് 8 മുതൽ എറണാകുളം ജില്ലയിൽ കോവിഡുമായി ബന്ധപ്പെട്ട സൈക്കോ സോഷ്യൽ പ്രോജക്ടിന്റെ ഭാഗമായി കൗൺസിലിങ് തുടങ്ങി. കേരളത്തിലുടനീളം സൈക്കോ സോഷ്യൽ പ്രോജക്ടിന്റെ കൗൺസിലേഴ്സ് ഔദ്യോഗികമായി ജോലി തുടങ്ങിയത് മാർച്ച് 23 മുതലാണ്. മാർച്ച് 8 ന് യുകെയിൽനിന്നു വന്ന കുടുംബത്തിലെ അംഗങ്ങൾക്ക് ക്വാറന്റീനിലിരിക്കേണ്ടി വരുകയും അവരുടെ കൂട്ടത്തിലെ ഒരു കുട്ടിക്ക് ഫ്ലാറ്റിൽ ഒറ്റയ്ക്കു കഴിയേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. ആ ഘട്ടത്തിൽ ഒറ്റപ്പെടലിനെ അതിജീവിക്കാൻ ആ കുട്ടിയെ സഹായിക്കാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കൗൺസിലിങ് എറണാകുളം ജില്ലയിൽ ആരംഭിച്ചത്. വിഷാദരോഗത്തിലേക്കു പോകേണ്ടിയിരുന്ന കുട്ടിയെ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു എന്നതാണ് ആരംഭത്തിലേ സംഭവിച്ച ഏറ്റവും പോസിറ്റീവായ കാര്യം.
ക്വാറന്റീനിലിരിക്കുന്ന ആളുകളെ വിളിച്ച് കൗൺസിലിങ് നൽകുക, അവർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും ലഭ്യമാകുന്നില്ല എങ്കിൽ ഐസിഡിഎസിലെ സിഡിപിഒ, സൂപ്പർവൈസർ, ആശാവർക്കർ എന്നിവർ വഴി അവ എത്തിച്ചു കൊടുക്കുക, അറുപതുവയസ്സിനു മുകളിൽ പ്രായമായവർക്കു പ്രത്യേക പരിഗണന കൊടുത്ത് കൗൺസിലിങ് നൽകുക, കോവിഡ് പോസിറ്റീവായ ആളുകൾക്ക് കൗൺസിലിങ് നൽകുക തുടങ്ങിയ കാര്യങ്ങൾ തുടരുന്നുണ്ട്. സർക്കാർ സ്കൂളിലെ കുട്ടികൾക്ക് കൗൺസിലിങ് നൽകുന്ന പ്രോജക്ട് ആയിരുന്നു സൈക്കോ സോഷ്യൽ പ്രോജക്ട്. ഓരോ സ്കൂളിലെയും കൗൺസിലർമാർ ആ സ്കൂളിലെ കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഈ കോവിഡ് കാലത്തുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും കുട്ടികൾക്ക് കൗൺസിലിങ്, പാരന്റ്സിന് ക്ലാസ് എന്നിവ നൽകുകയും ചെയ്തിരുന്നു. ഓൺലൈൻ സംവിധാനം ലഭ്യമല്ലാത്ത വീടുകളിലെ കുട്ടികൾക്ക് സ്പോൺസർഷിപ് വഴി മൊബൈൽ, ടിവി, ടാബ് എന്നിവ എത്തിച്ചു നൽകി. ഗൂഗിൾമീറ്റ്, വെബിനാർ, ഐസിഡിഎസ് കേന്ദ്രീകരിച്ച് സ്ത്രീ സുരക്ഷയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നുണ്ട്. ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് യൂണിറ്റിന്റെ ഭാഗമായിട്ടാണ് കോവിഡ് രോഗികളുടെയും ക്വാറന്റീനിലിരിക്കുന്നവരുടെയും ലിസ്റ്റ് കൗൺസിലർമാർക്കു കിട്ടുന്നത്. ഓരോ പ്രശ്നവും വരുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് കൗൺസിലർമാർക്കു പ്രത്യേക ക്ലാസുകളും പരിശീലന പരിപാടികളും ലഭിക്കുന്നുണ്ട്. വനിതാ–ശിശുക്ഷേമ വകുപ്പും കൃത്യമായ നിർദേശങ്ങളും പരിശീലനങ്ങളും നൽകുന്നുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ഈ കോവിഡ് കാലത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് പ്രത്യേകബോധവൽക്കരണ ക്ലാസുകൾ അവരുടെ മാതാപിതാക്കൾക്കു നൽകിയിരുന്നു. അത്തരം കുഞ്ഞുങ്ങളുടെ വീടുകളിൽ പരമാവധി നേരിട്ടു സന്ദർശനം നടത്തി. അതിനു കഴിയാത്തിടത്ത് സേവനങ്ങൾ ഓൺലൈനായി നൽകാനും ശ്രദ്ധിച്ചിട്ടുണ്ട്.
പെരുമ്പാവൂരിൽ താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശികളുടെ ഒരു കുടുംബത്തിൽ ഒരു പൂർണ ഗർഭിണിയുണ്ടായിരുന്നു. അവർ തിരികെ ജാർഖണ്ഡിലെത്തിക്കഴിഞ്ഞും കുഞ്ഞിനു ജന്മം നൽകിക്കഴിഞ്ഞും കൗൺസിലേഴ്സിനെ ഫോണിൽ വിളിച്ച് നന്ദി അറിയിക്കാറുണ്ട്. ഇവിടെ അവർ ക്വാറന്റീനിലിരുന്ന സമയം മുതൽ ജാർഖണ്ഡിലുള്ള ഐസിഡിഎസുമായി ബന്ധപ്പെട്ട് കുട്ടിക്കും അമ്മയ്ക്കും ആ കുടുംബത്തിനും വേണ്ട എല്ലാക്കാര്യങ്ങളും ഇവിടുന്നു ചെയ്തു നൽകിയിരുന്നു.
കൗൺസിലർമാരിൽത്തന്നെ ഒരു ഗർഭിണിയുൾപ്പടെ കുറച്ചുപേർക്ക് കോവിഡ് ബാധിച്ചിരുന്നു. പക്ഷേ അസുഖം ബാധിച്ചപ്പോഴോ ക്വാറന്റീനിലിരുന്നപ്പോഴോ ജോലിയിൽനിന്ന് വിട്ടു നിന്നില്ല. ഓൺലൈൻവഴി അപ്പോഴും ഞങ്ങൾ സേവനങ്ങൾ തുടർന്നു. ഇന്ന് ഒരു കൗൺസിലർക്ക് ഏകദേശം ഏകദേശം 100 മുതൽ 140 വരെ ആളുകളെയാണ് വിളിക്കാനുള്ളത്. മാർച്ച് 23 മുതൽ ഇന്നുവരെ ഒരു അവധിപോലും എടുക്കാതെ ജോലിചെയ്യുന്നതിന് ഞങ്ങളുടെ കുടുംബവും നന്നായി പിന്തുണയ്ക്കുന്നുണ്ട്.
Vote Now
Contact Us
Email ID: goldensalutes@gmail.com
Mobile No: +91 99958 11111
© COPYRIGHT 2021 MANORAMA ONLINE.
ALL RIGHTS RESERVED.