കൊണ്ടോട്ടി പാണ്ടിയാട്ടുപ്പുറം പ്രിൻസ് ക്ലബ്
നൂറിലേറെ പ്രവർത്തന നിരതരായ അംഗങ്ങൾ–മഹാമാരിയായ കോവിഡ് 19നെ പ്രതിരോധിക്കാൻ കൊണ്ടോട്ടിയിലെ പാണ്ടിയാട്ടുപ്പുറം പ്രിൻസ് ക്ലബിന്റെ കരുത്ത് ഇവരായിരുന്നു. ബോധവത്കരണവും അതോടൊപ്പം
ആരോഗ്യപ്രവർത്തകർക്കൊപ്പവും ഇവരെല്ലാം തോളോടുതോൾ ചേർന്നുനിന്നു. മാസ്ക് ധരിക്കാൻ മറന്നവർക്ക് വേണ്ടി പുളിക്കൽ പഞ്ചായത്ത് ഓഫീസിന്റെ മുൻവശത്ത് മാസ്ക് ബോക്സ് വച്ചു.
പൊതുസ്ഥലങ്ങളിലും ക്വാറന്റൈൻ സെന്ററുകളിലും വീടുകളിലും അണുനശീകരണം, പൊതുയിടങ്ങളിലും സ്കൂളിലും വോളന്റീറിങ് സേവനം, വീടുകളിലേക്ക് ആവശ്യ സാധനങ്ങളുടേയും
മരുന്നുകളുടേയും വിതരണം, പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാർക്കിങ് എന്നിവയും വിജയകരമായി ചെയ്യാൻ സാധിച്ചു. വാഹനങ്ങളിലും, ഷോപ്പുകളുടെ മുന്നിലും മാസ്ക് ബോധവൽക്കരണ സ്റ്റിക്കർ പതിച്ചു.
കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ, കരിപ്പൂർ പോലീസ് സ്റ്റേഷൻ, കൊണ്ടോട്ടി ട്രാഫിക് പോലീസ് എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും മാസ്ക് വിതരണം ചെയ്തു, ക്വാറന്റൈനിൽ താമസിക്കുന്നവർക്ക്
വേണ്ട ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുക മാത്രമല്ല മുന്നൂറ്റിയമ്പതോളം വീടുകളിൽ ഭക്ഷണ കിറ്റ് വിതരണവും നടത്തി.
കൂടാതെ ബോധവൽക്കരണത്തിന്റെ ഭാഗമായി സമ്പർക്കം, ലോക്ക്ഡൌൺ എന്നീ രണ്ട് ഷോർട് ഫിലിമുകളിലൂടെ സർഗാത്മക കഴിവുകളും കോവിഡിനെതിരെയുള്ള പോരാട്ടത്തിനുപയോഗിച്ചു. പാണ്ടിയാട്ടുപുറം പ്രിൻസ് ആർട്സ്
ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനത്തിനു ജില്ലാ പൊലീസ് ക്ഷണിച്ച നോമിനേഷനുകളിൽ ബ്ളോക്ക് തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനവും ഇവരെ തേടിയെത്തി.