ടി.പി. ഷാജി ( പൊതുപ്രവർത്തകൻ)
കോവിഡിന്റെ തീവ്രത കൂടിയ സമയത്ത് പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്തു ചെയ്യാൻ കഴിയും എന്ന ചിന്തിച്ചപ്പോഴാണ് ഉപയോഗ ശേഷം വലിച്ചെറിഞ്ഞ മാസ്ക്കുകൾ ശ്രദ്ധിയിൽ പെട്ടത്,
ഇത് ശേഖരിച്ച് നശിപ്പിച്ചു കളയുന്നതിന്റെ വാർത്തകളിലൂടെയാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ടി. പി ഷാജി ശ്രദ്ദേയനാകുന്നത്. ഇതിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥിയായി മത്സരിച്ചു വിജയിക്കുകയും ചെയ്തു.
കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ഷാജി: കോവിഡിന്റെ തീവ്രതയെക്കുറിച്ച് നമ്മൾക്കെല്ലാവർക്കും അറിയാമല്ലോ. പൊതുപ്രവർത്തകരുടെയെല്ലാം മനസ്സിൽ ഇതിനെക്കുറിച്ചുള്ള തീവ്രത ഉണ്ട്.
ഓരോരുത്തരും അവരുടെ കർമ്മ മേഖലയിൽ ഉണ്ടാകണം എന്നുള്ള ആഗ്രഹം എന്റെ മനസ്സിൽ ഉണ്ട്. എനിക്കെന്ത് ചെയ്യാൻ പറ്റും എന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചപ്പോൾ എനിക്ക് മറ്റ് പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റില്ല
എനിക്ക് ഒരു രോഗിയെ ചികിത്സിക്കാൻ പറ്റില്ലല്ലോ. പിന്നെ ചെയ്യാൻ പറ്റുന്ന ഏക മാർഗ്ഗം ഇതാണ്. ഇത് പോലെ ഭീകരമായൊരു അന്തരീക്ഷത്തിൽ, ഞങ്ങളുടെ നാട്ടിൽ തന്നെ റോഡിലേക്ക് നോക്കി കഴിഞ്ഞാൽ എല്ലായിടത്തും
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന മാസ്‌ക്കുകൾ ആണ്. മാസ്ക്ക് ധരിക്കണം എന്നത് ഒരു നിർബന്ധിത നിയമം ആക്കി മാറ്റുകയും പിന്നീടത് പൊലീസിനെ പേടിച്ച് ധരിക്കുകയും ചെയ്യുന്ന ഒരു ശീലം ആയിക്കഴിഞ്ഞു. പ്രത്യേകിച്ച് ഇരുചക്ര
വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ റോഡിൽ നിന്നും അവരുടെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് പോകുന്ന സമയം അത് ഊരി റോഡിന്റെ അരികിലേക്ക് ഇട്ടിട്ട് വീട്ടിലേക്ക് പോകുന്നൊരു ഘട്ടം വന്നു. ആദ്യം ഡിസ്പോസിബിൾ ആയിരുന്നല്ലോ
അതിനുശേഷമാണല്ലോ തുണി കൊണ്ടുള്ള മാസ്ക്ക് എത്തിയത്. ഇപ്പോൾ ഒൻപതിനായിരത്തോളം മാസ്‌ക്കുകൾ നശിപ്പിച്ചു കഴിഞ്ഞു.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ മാരാരിക്കുളത്ത് സൗത്ത് പഞ്ചായത്തിൽ നിന്ന് എട്ടാം വാർഡിലേക്ക് മത്സരിച്ചു 493 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതിന്റെ സന്തോഷത്തിലാണ് ഷാജി. തിരഞ്ഞെടുപ്പ് തിരക്കിനിടയിലും
ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്ക്ക് ശേഖരണം നിറുത്തിയിരുന്നില്ല. സമയത്തിന്റെ പരിമിതി ഉണ്ടാകുമെങ്കിലും ഇപ്പോഴും അത് നിർത്താൻ ഉദ്ദേശിക്കുന്നില്ല.
മെമ്പർ ഓട്ടോയും ഓടിക്കും...
ഒരു ഓട്ടോ ടാക്സി ഉണ്ട്. എല്ലാ ദിവസവും വൈകുന്നേരം സ്ത്രീ സുരക്ഷാ യാത്ര എന്ന കാംപെയ്ൻ ഇവിടെ നടത്താറുണ്ട്. ഉദയ ബീച്ച് റോഡിൽ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന ഒരു സംഭവം ഉണ്ടായി.
വൈകുന്നേരം ആകുമ്പോൾ ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ആ വഴി പോകാൻ ഒരു പേടി ഉണ്ടായി. പക്ഷേ പോകാതിരിക്കാൻ പറ്റില്ലല്ലോ. വീട്ടിൽ ആരെങ്കിലും സഹായിക്കാൻ ഉണ്ടെകിൽ റോഡിൽ വന്നു
കഴിയുമ്പോൾ അവരോടൊപ്പം പോകും. അല്ലെങ്കിൽ ഓട്ടോയെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെയാണ് നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന രീതിയിൽ ആറര ഒക്കെ ആകുമ്പോഴേക്ക് അവിടെ വന്ന് ഓട്ടോയുമായി കിടക്കും.
ലാസ്‌റ്റ് ബസ് എട്ടരയോട് കൂടി വരും. അത് കഴിഞ്ഞ് സ്ത്രീകൾ വരില്ല. എങ്കിലും ഒൻപതു മണി വരെ ഞാൻ അവിടെ ഉണ്ടാകും. ഇപ്പോൾ കോവിഡും തിരഞ്ഞെടുപ്പും കാരണം അത് മുടങ്ങിയിരിക്കുകയായിരുന്നു. വീണ്ടും തുടങ്ങണം.
പഞ്ചായത്തിന്റെ വികസനം തന്നെ മുഖ്യ അജൻഡ
കൃഷിയുടെ കാര്യത്തിൽ കൂടി കൂടുതൽ ശ്രദ്ധിക്കണം എന്നുള്ള ഒരാഗ്രഹം ഉണ്ട്. ഇപ്പോൾ ഞാൻ പ്രതിനിധാനം ചെയ്യന്ന വാർഡിൽ കുറച്ചധികം തരിശുനിലങ്ങളും ശ്രദ്ധിക്കാതെ കിടക്കുന്ന
പറമ്പുകളും ഉണ്ട്. ആൾക്കാരെ പ്രോത്സാഹപ്പിച്ച് അവിടെ ജൈവ കൃഷി ചെയ്യിച്ച് ശ്രദ്ധിക്കപ്പെടുന്ന ഒരു കാർഷിക വാർഡ് കൂടിയാക്കി മാറ്റണം.
ആരോഗ്യം, സ്ത്രീസുരക്ഷ, ഉദ്യോഗാർത്ഥികൾക്കു വേണ്ടിയുള്ള പി.എസ്.സി പരിശീലനത്തിനുള്ള അവസരം എന്നിവയൊക്കെ ലിസ്റ്റിലുണ്ട്. നിലവിലുള്ള ശതമാനത്തിനേക്കാൾ കൂടുതൽ
സർക്കാർ ജീവനക്കാർ പ്രദേശത്തു നിന്നും വരണമെന്നും ആഗ്രഹിക്കുന്നു. ഞാൻ പ്രീഡിഗ്രി വരെയാണ് പഠിച്ചത്. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ചെറുപ്പത്തിലേ വ്യവസായ തൊഴിലാളി ആയി മാറി.
പത്തൊൻപതാം വയസ്സിൽ തന്നെ ജോലിക്കു കയറി. അതുകൊണ്ടു തന്ന ചെറുപ്പക്കാർക്ക് കൂടുതൽ പഠിക്കാനും മികച്ച ജോലി സാധ്യതകൾ കൊടുക്കാനും ശ്രമിക്കും.