വി.പി. വിനോദ് (ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ)
ഒരു വർഷമായി കോവിഡിനെതിരെയുള്ള യുദ്ധത്തിൽ തളരാതെ പൊരുതുന്ന പോരാളിയാണ് വിളവൂർക്കാവ് പിഎച്ച്സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടറായ വി.പി. വിനോദ്. കേരളത്തിൽ ആദ്യമായി
കോവിഡ് റിപ്പോർട്ട് ചെയ്ത ജനുവരി 26 മുതൽ ആരംഭിച്ചു കോവിഡിനെതിരെയുള്ള വിനോദിന്റെ യുദ്ധം. എന്ത് ചെയ്യണം എങ്ങനെചെയ്യണം എന്നറിയാത്ത ആദ്യദിവസങ്ങൾ മുതൽ ഇന്നുവരെയുള്ള അനുഭവങ്ങൾ പറയാനുണ്ട് വിനോദിന്.
പ്രാരംഭഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ഫലപ്രദമായി കോവിഡ് ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ഏറ്റവും പ്രധാനം. പുതിയ ഒരു രോഗത്തെകുറിച്ചും അതിന്റെ ഭീകരതയെ കുറിച്ചും ജനങ്ങൾക്ക്
മനസ്സിലാക്കി കൊടുക്കണം. ആദ്യ നാളുകളിൽ 28 ദിവസമായിരുന്നു ക്വാറന്റൈൻ. ക്വാറന്റൈനിൽ കഴിയുന്ന രോഗികൾക്ക് മരുന്ന് ഭക്ഷണം തുടങ്ങി ആവശ്യമായവ എല്ലാം എത്തിച്ചുകൊടുക്കുക, കോവിഡ്
ടെസ്റ്റ് ക്യാമ്പുകൾ സംഘടിപ്പിക്കുക. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേയ്ക്ക് മാറ്റുക, രോഗം സ്ഥിരീകരിച്ചവരുടെ വീട്ടുകാർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കുക തുടങ്ങി കോവിഡ് ബാധിച്ച്
മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് വിനോദ്.
നിരന്തരം കോവിഡ് രോഗികളുമായി സമ്പർക്കം വഴി വിനോദും കോവിഡ് ബാധിതനായി. രോഗബാധിതനായിരിക്കുമ്പോഴും തന്റെ ഡ്യൂട്ടിയിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല വിനോദ്. വീട്ടിലിരുന്നും ഫോണിലൂടെ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കോ–ഓർഡിനേറ്റ് ചെയ്തു. സഹായാഭ്യർഥനയുമായി വരുന്ന എല്ലാ കോളുകൾക്കും പരിഹാരം കണ്ടു. മനുഷ്യൻ മറ്റു മനുഷ്യനെ ഭയക്കുന്ന ഈ നാളുകളിലും കോവിഡ്
രോഗികൾക്കിടയിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് വിനോദ്.