ദിവ്യ (സ്റ്റാഫ് നഴ്സ്)
സ്വന്തം ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവന് കാവൽ നിൽക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. വെള്ളക്കുപ്പായമിട്ട മാലാഖമാർ എന്ന് നഴ്സുമാരെ വിളിക്കുമ്പോഴും അവരുടെ ത്യാഗങ്ങളും സേവനങ്ങളും പലപ്പോഴും പുറം ലോകം അറിയാറില്ല. കേരളം കോവിഡിനെതിരെ പൊരുതി തുടങ്ങിയ ആദ്യ നാളുകൾ മുതൽ പിപിഇ കിറ്റ് അണിഞ്ഞ് മുന്‍നിരയിൽ നിന്ന് പോരാടിയവരിൽ ഒരാളാണ് കായംകുളം പത്തിയൂർ പഞ്ചായത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ദിവ്യ ആർ. കോവിഡ് പരിശോദനയ്ക്കായി എത്തുന്നവരുടെ ശ്രവം ശേഖരിക്കുക, കോവിഡ് ബോധവൽക്കരണം നടത്തുക തുടങ്ങി നിരന്തരം കോവിഡ് രോഗികളുമായി നേരിട്ട് ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ദിവ്യ.
കോവി‍ഡ്ക്കാല അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ തന്നെ ദിവ്യയുടെ കണ്ണുകൾ നിറയും. രാവിലെ പിപിഇ കിറ്റ് ധരിച്ചാൽ പിന്നെ ഡ്യൂട്ടികഴിയുവോളം പിപിഇ കിറ്റിനുള്ളിൽ തന്നെ തുടരണം. ഇതുമൂലം ഉള്ള അലർജി ദിവ്യയുടെ കയ്യിലും കാലിലും മുറിവുകളുണ്ടാക്കി. സ്വന്തം വേദനകളെ അവഗണിച്ച് മറ്റുള്ളവർക്കായി ഓടിനടക്കുകയാണ് ദിവ്യ. മുറിവുകൾക്ക് മുകളിൽ വീണ്ടും അടുത്ത ദിവസം പിപിഇ കിറ്റ് എടുത്തണിയും. മണിക്കൂറുകളോളം വെള്ളം കുടിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ കഴിയില്ല. കോവിഡ് ഡ്യൂട്ടിക്കിടെ ഒന്നിലേറെ തവണ തലകറങ്ങി വീണ അനുഭവമുണ്ട് ദിവ്യയ്ക്ക്.
ആരോഗ്യപ്രശ്നങ്ങളുള്ള ഒരു കുഞ്ഞുണ്ട് ദിവ്യയ്ക്ക്. കോവിഡ് രോഗികളുമായി നേരിട്ട് ഇടപടുന്നതിനാൽ കുഞ്ഞിന്റെ കാര്യത്തിൽ ദിവ്യയ്ക്ക് ആശങ്കയുണ്ട്. എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അവഗണിച്ച് കോവി‍ഡ് എന്ന മഹാമാരിക്കെതിരെ കേരളഗവൺമന്റിനും മറ്റ് സഹപ്രവർത്തകർക്കും ഒപ്പം പോരാട്ടത്തിലാണ് ദിവ്യ ആർ. എന്ന പിപിഇ കിറ്റിനുള്ളിലെ മാലാഖ.
Vote Now
Contact Us
Email ID: goldensalutes@gmail.com
Mobile No: +91 99958 11111
© COPYRIGHT 2021 MANORAMA ONLINE.
ALL RIGHTS RESERVED.