മുഹ്സിൻ (ആംബുലൻസ് ഡ്രൈവർ)
കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം ചെയ്തവരിൽ മുൻപന്തിയിൽ ആംബുലൻസ് ഡ്രൈവർമാരുമുണ്ടാകും (ചില ഒറ്റപ്പെട്ട ദൗർഭാഗ്യ സംഭവങ്ങൾ ഒഴിച്ചാൽ). അക്കൂട്ടത്തിൽ ഒരാളാണ് തൃശൂർ ചാവക്കാട് സ്വദേശി മുഹമ്മദ് മുഹ്സിൻ.
മലപ്പുറം കെഎംഎം ഹോസ്പിറ്റലിൽ കഴിഞ്ഞ മൂന്നു വർഷമായി ആംബുലൻസ് ഡ്രൈവറായി സേവനം അനുഷ്ഠിക്കുകയാണ് മുഹ്സിൻ.
കോവിഡ് ലോക്ഡൗൺ കാലത്ത് അടിയന്തര മരുന്നുകളുടെ വിതരണമായിരുന്നു ഭീഷണി നേരിട്ട ഒരു മേഖല. വിദഗ്ധ ചികിത്സ വേണ്ട രോഗികളെ മലപ്പുറത്ത് നിന്ന് സമീപജില്ലകളിലെ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ടത്
മുഹ്സിന്റെ ചുമതലയായിരുന്നു. ആ സമയത്ത് അവശ്യ മരുന്നുകളും ഇദ്ദേഹം സമാന്തരമായി ആളുകൾക്കും ആശുപത്രികളിലെ രോഗികൾക്കും വിതരണം ചെയ്തു.
തുടക്ക കാലത്ത് കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പല ഡ്രൈവർമാരും വിമുഖത പ്രകടിപ്പിച്ചപ്പോഴും മുഹ്സിൻ തന്റെ സേവനം തുടർച്ചയായി നൽകി. അതിന് മുഹ്സിൻ ഒരു കാരണം പറയുന്നുണ്ട്. ഡിഗ്രിക്ക് ശേഷം
പ്രൊഫഷണൽ കോഴ്സ് ചെയ്തിട്ടും, സഹായം വേണ്ട സമയത്ത് പലരും കൈവിട്ടു. അങ്ങനെ അവശ്യസമയത്ത് സഹായം കിട്ടാത്തതിന്റെ ബുദ്ധിമുട്ട് മനസിലായി. അതിനുശേഷം ഡ്രൈവറായി ജോലി തുടങ്ങി. ചാവക്കാട്- പൊന്നാനി ഹൈവേയിലെ
ആക്സിഡന്റ് കേസുകൾ സൗജന്യമായി ആശുപത്രിയിൽ എത്തിക്കുന്ന 'കനിവ്' എന്ന സംഘടനയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ജോലി. അതോടൊപ്പം സാമൂഹികസേവനവും തുടങ്ങി. ഗുരുവായൂർ സിവിൽ ഡിഫൻസിൽ (ഫയർഫോഴ്സ്) വോളണ്ടിയറായി രജിസ്റ്റർ ചെയ്തു.
ലോകമെങ്ങും ലോക്ഡൗൺ ആയതോടെ ജോലി നഷ്ടപ്പെട്ട പല പ്രവാസികളുടെയും കുടുംബം കഷ്ടപ്പാടിലായി. ആ സമയത്ത് ധാരാളം പ്രവാസികൾ കുടുംബത്തിനായി സഹായം അഭ്യർഥിച്ച് വിളിച്ചിരുന്നു. കമ്യൂണിറ്റി
കിച്ചനുമായി ബന്ധപ്പെട്ടും സ്വന്തം നിലയ്ക്കുമൊക്കെ അവർക്കാവശ്യമായ ഭക്ഷണവും അവശ്യ സാധനങ്ങളും മരുന്നുകളും വിതരണം ചെയ്യാൻ കഴിഞ്ഞു. കോവിഡ് പ്രവർത്തങ്ങൾക്കുള്ള അംഗീകാരമായി ഫയർ റെസ്ക്യൂ ഫോസിൽ
നിന്നുള്ള സത്സേവനപത്രവും ലഭിച്ചു. ഇപ്പോഴും ഏത് അസമയത്തും ഫോൺ ശബ്ദിച്ചാൽ കർമനിരതനായി ഈ ചെറുപ്പക്കാരൻ ഓടിയെത്തും.
അച്ഛൻ, അമ്മ, ഭാര്യ, ചേട്ടൻ, അനിയൻ എന്നിവരടങ്ങുന്ന കൂട്ടുകുടുംബമാണ് മുഹ്സിന്റേത്.