ഡോ.രാശി കുറുപ്പ്
കൊച്ചി∙ കോവിഡിനെതിരായ പോരാട്ടത്തിനിടെ രോഗം ബാധിച്ച് മരണ വാതിൽക്കൽ വരെ എത്തിയെങ്കിലും വീണ്ടും യുദ്ധക്കളത്തിലേയ്ക്ക് ഇറങ്ങിയതിന്റെ ആഹ്ലാദത്തിലാണ് തൃപ്പൂണിത്തുറ സ്വദേശിനി
ഡോ.രാശി കുറുപ്പ് (33). സംസ്ഥാന സർക്കാരിന്റെ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, സന്നദ്ധ പ്രവർത്തകയായി എത്തിയ ഡോക്ടർക്ക് രോഗം പിടിപെട്ടതോടെ നേരിടേണ്ടി വന്നത് കടുത്ത രോഗാവസ്ഥ. ഹൃദയ
പ്രവർത്തനം തകരാറിലാക്കുന്ന മയോകാർഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ കടന്നു പോയെങ്കിലും മനക്കരുത്തുകൊണ്ട് അവർ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. പിന്നാലെ കോവിഡിനെതിരായ പോരാട്ട ഭൂമിയിലേയ്ക്കും.
ഒക്ടോബർ 23 നാണ് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള കലൂർ പിവിഎസ് കോവിഡ് അപെക്സ് സെന്ററിൽ ആലപ്പുഴ സ്വദേശിനിയായ ഡോ. രാശി എത്തുന്നത്. ഒന്നര വയസുള്ള മകളുടെ സംരക്ഷണം വീട്ടുകാരെ
ഏൽപിച്ചായിരുന്നു സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയത്. ഭർത്താവ് ശ്യാം കുമാറിന്റെ പിന്തുണ കൂടി ഉണ്ടായിരുന്നതോടെ സ്വന്തം ദൗത്യത്തെക്കുറിച്ച് മറിച്ചൊരു ചിന്തയില്ലായിരുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ്
ചെറിയ പനി പോലെ തോന്നിയത്. ആന്റിജൻ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലം.
പനി മാറിയെങ്കിലും കനത്ത ശ്വാസതടസവും നെഞ്ചുവേദനയും വിട്ടുമാറിയില്ല. തുടർന്ന് ആർടിപിസിആർ പരിശോധന എടുത്തു. അതിൽ കോവിഡ് പോസിറ്റീവായി. പിവിഎസ് ആശുപത്രിയിൽ തന്നെ കോവിഡ് രോഗിയായി
രാശിയെത്തി. രണ്ട് ശ്വാസകോശത്തിലും ന്യൂ മോണിയ ബാധിച്ച് അസുഖം കൂടുതൽ ഗുരുതരമായി. സി കാറ്റഗറിയിൽ പെട്ട കോവിഡ് രോഗിയായിട്ടാണ് രാശിയെ പരിഗണിച്ചത്. പത്തു ദിവസം ഐസിയുവിൽ ചികിത്സ വേണ്ടി വന്നു.
ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാരുടെയും പൂർണ പിന്തുണ ആ സമയത്തു ലഭിച്ചെന്ന് രാശി പറയുന്നു. രോഗിയായി കിടന്നപ്പോൾ ഒരു ഡോക്ടറുടെ സേവനത്തിന്റെ വില ശരിക്കും മനസിലാക്കിയെന്ന് അവർ പറയുന്നു.
ഐസിയുവിൽ നിന്ന് റൂമിലേക്കു മാറ്റി അഞ്ച് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോഴാണ് കോവിഡ് ശരീരത്തിൽ അവശേഷിപ്പിച്ച മറ്റ് അസുഖങ്ങൾ പുറത്തു വന്നു തുടങ്ങി. സംസാരിക്കാനോ
നടക്കാനോ പറ്റാത്ത അവസ്ഥ. നെഞ്ചുവേദനയും ശ്വാസം മുട്ടും വിട്ടുമാറുന്നില്ല. വിശദമായ ഹൃദയ പരിശോധനയിൽ മൈനർ ഹൃദയാഘാതത്തിലേക്ക് എത്താനുള്ള സാധ്യത തിരിച്ചറിഞ്ഞു. കോവിഡ് ഭേദമായ ചിലരിലെങ്കിലും കാണുന്ന അവസ്ഥ.
കുഞ്ഞിനെ താലോലിക്കാൻ പോലും കഴിയാതെ മുഴുവൻ സമയ വിശ്രമവുമായി കഴിച്ചുകൂട്ടി. മരുന്നുകൾ കൊണ്ട് ആശ്വാസം കിട്ടിയെങ്കിലും പൂർണമായും ഭേദമായില്ല. ഇപ്പോഴും സംസാരിക്കുമ്പോഴും
കിതപ്പുണ്ട്. നെഞ്ചുവേദന കുറഞ്ഞു വരുന്നു. മരുന്നുകൾ തുടരുന്നുണ്ട്.
വീണ്ടും ജോലിയിൽ തുടരണോ എന്ന് ചോദിച്ച് പലരും നിരുൽസാഹപ്പെടുത്തിയെങ്കിലും ഡോ. രാജിക്ക് സംശയമില്ലായിരുന്നു. കോവിഡ് രോഗികളെ ചികിത്സിക്കാനായി വീണ്ടും ഇറങ്ങുന്നതിനുള്ള തീരുമാനത്തിൽ
സംശയമില്ലായിരുന്നു. രോഗിയായിരുന്നപ്പോൾ ലഭിച്ച പരിചരണമാണ് തീരുമാനത്തിനു പിന്നിലെന്ന് അവർ വിശദീകരിക്കുന്നു. സഹപ്രവർത്തകർ നൽകിയ സാന്ത്വനം വളരെ വലുതാണ്. അവർക്കൊപ്പം രോഗികളെ ശുശ്രൂഷിക്കാനായി കഴിഞ്ഞ ദിവസം അവർ വീണ്ടും ജോലിയിൽ പ്രവേശിച്ചു.
ആലപ്പുഴ സ്വദേശി എം.ജി. രാധാകൃഷ്ണന്റെയും ശോഭയുടെയും മകളാ ഇവർ ജയ്പൂരിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.