ഉപാസനമൂർത്തികളെ പൂജിച്ച പുണ്യവുമായി മലചവിട്ടി ശബരീശ സന്നിധിയിലേക്ക്...

ടി.കെ.രാജപ്പൻ

താന്ത്രിക ഗുരുകുലമായ പുതുമനയിൽ നിന്ന് മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി മലചവിട്ടുന്നത് അച്ഛനു കിട്ടാത്ത സൗഭാഗ്യവുമായാണ് . അച്ഛൻ പുതുമന ഈശ്വരൻ നമ്പൂതരി 18 വർഷം ശബരിമല മേൽശാന്തി പട്ടികയിൽ ഇടംനേടിയിരുന്നു.  പക്ഷേ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചില്ല.. മഞ്ചാംബികയുടെ മേൽശാന്തിയായി ശബരീശ സന്നിയിലേക്ക് പടിചവിട്ടുന്നത് മനസു നിറയെ ദേവിയുടെ സ്തുതിഗീതങ്ങളുമായാണ്. പമ്പ, കൊട്ടാരക്കര ഗണപതിയേയും കാവിൽ ഭഗവതിയേയും പറ്റിപറയാൻ നൂറുനാവുകളാണ്. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അവിടുത്തെ അനുഗ്രഹങ്ങളിൽ നിന്നു ലഭിച്ചതാണെന്ന ഉറച്ചവിശ്വാസവുമുണ്ട്. ഇല്ലത്തെ ഉപാസനമൂർത്തികളായ ഗണപതിയേയും ഹനുമാനേയും പൂജിച്ച പുണ്യവുമായാണ് മലചവിട്ടുന്നത്.

പുതുമന ഇല്ലത്തിന്റെ പ്രത്യേകത ?
പൗരാണികമായി ക്ഷേത്ര പ്രതിഷ്ഠകളിലും മാന്ത്രിക കർമങ്ങളിലും വിവാഹം, ഉപനയനം തുടങ്ങിയ വൈദിക കർമങ്ങളിലും ഒരുപോലെ ശ്രദ്ധ ആകർഷിച്ചവരായിരുന്നു പുതുമന ഇല്ലത്തെ പൂർവികർ. സഹോദരൻ മഹേശ്വരൻ നമ്പൂതിരി തന്ത്ര വിദ്യാപണ്ഡിതനാണ്.

തന്ത്രവിദ്യാ പീഠവുമായുളള ബന്ധം?
പുതുമന തന്ത്രവിദ്യാപീഠത്തിന്റെ സെക്രട്ടറിയാണ്.

തിരുപ്പതിയുമായുള്ള ബന്ധം ?

പുതുമന ഇല്ലത്തെ പൂർവിക ബ്രാഹ്മണർ തിരുപ്പതിയിലെ ഉപാസകനായിരുന്നു. അവിടെയുളള യോഗിയിൽ നിന്ന് താന്ത്രിക, മാന്ത്രിക വിദ്യകൾ അഭ്യസിച്ചെന്നാണ് കഥ.

രാജാവ് കൊണ്ടുവന്ന കുടുംബം എന്നതു ശരിയാണോ ?
കണ്ണൂരിലെ വന്നേരിയിൽ നിന്ന് തിരുവിതാംകൂറിലേക്ക് പൂജകൾക്കായി വന്നെത്തിയവരാണ് പുതുമന ഇല്ലത്തെ പൂർവികർ.. രാജാവിന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് തുരുത്തി ധർമ ശാസ്താ ക്ഷേത്രത്തിലെ പൂജാദി കർമങ്ങൾ അനുഷ്ഠിച്ചുവന്നത്.

പൂജാദി കർമങ്ങൾ പഠിച്ചത് ?
മുത്തച്ഛൻ പുലിയൂർക്കുന്നം കളീക്കൽമഠം ശങ്കരൻ നമ്പൂതിരി, അച്ഛൻ പുതുമന ഈശ്വരൻ നമ്പൂതിരി എന്നിവരിൽ നിന്നാണ് പൂജകളും താന്ത്രിക കർമങ്ങളും അഭ്യസിച്ചത്.

പ്രധാന ക്ഷേത്രങ്ങളിലെല്ലാം മേൽശാന്തിയായിരുന്നല്ലോ ?
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 2000ൽ ജോലിയിൽ പ്രവേശിച്ചു. 2006ൽ എരുമേലി ശാസ്താ ക്ഷേത്രത്തിലും 2013ൽ പമ്പാ ഗണപതികോവിലിലും 2015ൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലും മേൽശാന്തിയാകാൻ ഭാഗ്യം കിട്ടി. ഇതിനു പുറമേ വാഴപ്പള്ളി മഹാഗണപതി ക്ഷേത്രം, വാകത്താനം ധർമശാസ്താ ക്ഷേത്രം, രാമങ്കരി വേഴപ്ര ഭദ്രകാളി ക്ഷേത്രം, സചിവോത്തമപുരം ശ്രീരാമ സ്വാമി ക്ഷേത്രം, ചിത്രകടവ് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ശാന്തിജോലി നോക്കി.

മാളികപ്പുറത്തമ്മയുടെ മേൽശാന്തിയാകാൻ ?
താഴമൺ മഠത്തിൽ ഭജനമിരുന്നു. തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര് എന്നിവരിൽ നിന്നു ആചാര അനുഷ്ഠാനങ്ങളും പൂജാക്രമങ്ങളും പഠിച്ചു. തന്ത്രി കണ്ഠര് മോഹനരു അതിനാൽ പൂർണ മനസോടെയാണ് മലകയറുന്നത്.

കാവിൽ ഭഗവതിയുടെ അനുഗ്രഹം ?
അയ്യപ്പ സ്വാമിയുടെയും മാളികപ്പുറത്തമ്മയുടെയും പോലെ കാവിൽ ഭഗവതിയുടെയും അനുഗ്രഹം ഇല്ലെങ്കിൽ ഒന്നും നടക്കില്ല. ഇപ്പോൾ കാവിൽ ഭഗവതിയുടെ മേൽശാന്തിയാണ്. ഇതിനു മുമ്പ് രാമങ്കരി കൊടുപ്പുന ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായത് കാവിൽ ക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കുമ്പോഴാണ്.