ചെന്നൈ-കൊൽക്കത്ത ഹൈവേ വഴി വൈസാഖിലേക്ക്...

കൈലാഷ് (അഭിനേതാവ്)

പുതിയൊരു വർഷം തുടങ്ങുമ്പോൾ നമ്മളെല്ലാം കുറെ കാര്യങ്ങൾ തീരുമാനിക്കും, അങ്ങനെ ആവണം, ഇഷ്ടങ്ങൾ അനുസരിച്ച് ചെയ്യണം എന്നൊക്കെ... അത് ചിലപ്പോൾ പ്രിയപ്പെട്ട ചില മാസങ്ങൾ ആയിരിക്കാം, ചില ദിവസങ്ങളായിരിക്കാം, ചിലപ്പോൾ നമ്മുടെ പിറന്നാളായിരിക്കാം, ചില വിശേഷ ദിവസങ്ങളായിരിക്കാം, ഇങ്ങനെ ഒക്കെ ദിവസങ്ങൾ നമ്മൾ തീരുമാനിക്കാറുണ്ട്. എന്നാൽ നമ്മൾ തീരുമാനിക്കുന്നതിനപ്പുറം ചിലതൊക്കെ സംഭവിക്കാറുണ്ട്. അങ്ങനെ സംഭവിച്ച നിരവധി യാത്രകളുമുണ്ട്. 

കാഴ്ചകളെ ഏറെ ഇഷ്ടപ്പെട്ടതു കൊണ്ടായിരിക്കാം യാത്രയ്ക്കു കിട്ടുന്ന ഒരു അവസരവും ഞാൻ കളയാറില്ല, തീരുമാനിച്ചുറപ്പിച്ച യാത്രകളെക്കാളൊക്കെ ഒരുപക്ഷേ സന്തോഷം നൽകിയിട്ടുണ്ടാവുക പെട്ടെന്നുണ്ടായ യാത്രകളാണ്. അതിൽത്തന്നെ, ചിലപ്പോൾ പോകാനുദ്ദേശിച്ച സ്ഥലം മാറുകയും എവിടേക്കു പോകണമെന്നു തീരുമാനിക്കാതെയുമൊക്കെയുള്ള യാത്രകൾ. അതിനൊരു പ്രത്യേക സുഖമുണ്ട്. ചെന്നൈയിലേക്ക് ഞാൻ മറ്റൊരാവശ്യവുമായി പോയതായിരുന്നു. അവിടെ വച്ച് എന്റെയൊരു സുഹൃത്തിനെക്കണ്ടു. അദ്ദേഹത്തിന്റെ ഒരു ചങ്ങാതിയും അവിടെയുണ്ടായിരുന്നു. ആ ചങ്ങാതിയാണ് വൈശാഖ് എന്ന സ്ഥലത്തെപ്പറ്റി പറഞ്ഞത്. പുള്ളിക്ക് അവിടെ പോകേണ്ട കാര്യമുണ്ട്. കണ്ടിരിക്കേണ്ട സ്ഥലമാണത് എന്നു കേട്ടപ്പോൾ എനിക്കും പോകണമെന്നു തോന്നി. ചെന്നൈ- കൊൽക്കത്ത ഹൈവേയിലൂടെ വേണം യാത്ര ചെയ്യേണ്ടത്.

പിറ്റേന്നു രാവിലെ ഹോട്ടലിനു താഴെയുള്ള തട്ടുകടയിൽനിന്നു ചൂടു ചായ കുടിച്ച് ഞങ്ങൾ യാത്രയാരംഭിച്ചു, ചെന്നൈ-കൊൽക്കത്ത ഹൈവേ എൻഎച്ച് 5 ലൂടെ. ഓംഗൂൾ എന്ന സ്ഥലമായിരുന്നു യാത്രയുടെ ലക്ഷ്യം. ഏതാണ്ട് അഞ്ചു മണിക്കൂർ ദൂരം ചെന്നൈയിൽ നിന്ന്. അങ്ങനെ ചെന്നൈ സിറ്റി വിട്ട് വണ്ടി ആദ്യം നിർത്തിയത് ഡീസൽ അടിക്കാനാണ്. നമ്മൾ ഓരോ ഷോട്ടിൽ അഭിനയിക്കുന്നതിനു മുൻപും ആക്‌ഷൻ എന്ന് പറയുന്നതു പോലെ ഡീസൽ അടിക്കുന്ന പോയിന്റാണ് നമ്മുടെ യാത്രയുടെ തുടക്കം.

ആദ്യമായി യാത്ര ചെയ്യുന്ന ആ റോഡിലെ വഴിയോരക്കാഴ്ചകൾ തന്നെയായിരുന്നു എന്റെ കണ്ണുകൾക്കു സന്തോഷം തന്നത്. ചെന്നൈ നഗരത്തിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു ആ കാഴ്ചകൾ. ഉറങ്ങാൻ മാത്രം വീടുകളുടെ ഉൾവശം ഉപയോഗിക്കുന്ന, വീടിനു പുറത്ത് ആഹാരം പാകം ചെയ്യുന്ന ആളുകൾ, ഹൈവേയിലെ വാഹനങ്ങളെ നോക്കി നിൽക്കുന്ന കുട്ടികൾ.... ആ കുടിലുകളെ പിന്നിലാക്കി ഞങ്ങൾ മുന്നോട്ടു നീങ്ങി. അടുത്തു കണ്ട ഹോട്ടലിൽ കയറി പൊങ്കൽ കഴിച്ചു, ഒപ്പം ഫിൽറ്റർ കോഫിയും.

യാത്ര തുടർന്നപ്പോൾ ഞാനൊന്നു മയങ്ങിയെന്നു തോന്നുന്നു, പിന്നെ കണ്ണു ഹൈവേയുടെ നീളം എനിക്കു കാണാമായിരുന്നു. അപ്പോൾ ഏതാണ്ട് പത്തു മണിയായിരുന്നു. വിജനമായ ഹൈവേയുടെ അരികിലെ മരങ്ങളെ മാത്രമായിരുന്നു ഞങ്ങൾക്കു പിന്നിലാക്കാനുണ്ടായിരുന്നത്. ബ്രേക്ക്‌ഫാസ്റ്റ് നേരത്തെ കഴിഞ്ഞതുകൊണ്ട് ജ്യൂസോ മറ്റോ കുടിക്കാമെന്ന തീരുമാനത്തിലെത്തി. പക്ഷേ ആ റോഡിൽ ഇടയ്‌ക്കൊന്നും കടകളില്ല. അതൊരു പുതിയ അനുഭവമായിരുന്നു. കുറെ ദൂരം പോയപ്പോൾ റോഡരികിൽ ഒരിടത്ത് പ്രായമായ ഒരു സ്ത്രീയും പുരുഷനും മാമ്പഴം വിൽക്കാനിരിക്കുന്നു. ഒന്നോ രണ്ടോ മാമ്പഴം മുറിച്ച് വച്ചിട്ടുമുണ്ട്. ഞങ്ങൾ വണ്ടി നിർത്തി പീസ് ആക്കി വച്ച മാമ്പഴം കഴിച്ചു, അത് മുളകുപൊടിയും ഉപ്പും ഒക്കെ ഇട്ടതാണ്... ഭയങ്കര ടേസ്റ്റി ആയിരുന്നു. അടുത്തുള്ള തോട്ടത്തിൽനിന്നു പറിച്ചു കൊണ്ടു വന്ന് വിൽക്കുകയാണ്. അപ്പോഴേക്കും ഞങ്ങൾ നാലഞ്ച് മാമ്പഴം കഴിച്ചു. അപ്പോൾ ഒരു സുഹൃത്ത് പറഞ്ഞു, കുറച്ചു മാമ്പഴം കൂടി വാങ്ങിയാലോ എന്ന്. ഞങ്ങൾ അവരോടു മാമ്പഴത്തിനു വില ചോദിച്ചു.

അവരുടെ കയ്യിൽ തൂക്കാൻ ത്രാസില്ല, അപ്പോൾ ആ സ്ത്രീ പറഞ്ഞു: മൂന്നു മാമ്പഴം ഒരു കിലോ ആവും. തൂക്കത്തിലെ വ്യത്യാസത്തെ കുറിച്ചു പറഞ്ഞപ്പോൾ ആ സ്ത്രീ ഉറപ്പിച്ചു പറഞ്ഞു, ഒരിക്കലുമില്ല സാർ, വർഷങ്ങളായി ഞങ്ങൾ ചെയ്യുന്നതാണ്, ഞങ്ങൾ കളിപ്പിക്കില്ല. അവരുടെ കൊട്ടയിൽ കൂടിപ്പോയാൽ ഒരു അഞ്ചു കിലോ മാമ്പഴം ഉണ്ടാകും. മുഴുവൻ മാമ്പഴത്തിനും കൂടി എത്ര രൂപയാകും എന്നായി ഞങ്ങളുടെ അടുത്ത ചോദ്യം. ഒരുപക്ഷേ അവരുടെ ജീവിതത്തിൽ ആദ്യമായാവും അങ്ങനെ ഒന്നിച്ച് മാമ്പഴത്തിന് ഒരാൾ വിലപറയുന്നത്. അവർ പരസ്പരം നോക്കി. ഒരു പ്രോത്സാഹനമെന്ന വണ്ണം ഞാൻ പറഞ്ഞു ‘ഇതുമുഴുവൻ ഞങ്ങൾക്ക് തന്നാൽ നിങ്ങൾക്ക് പണവുമായി വീട്ടിൽ പോകാല്ലോ’. പക്ഷേ അവർ വളരെ നിഷ്കളങ്കമായി പറഞ്ഞു: ‘ഞങ്ങൾ ഉച്ച വരെ ഇവിടെ ഇരിക്കാറുണ്ട്, ഒരു കൊട്ട മാങ്ങയാണ് കൊണ്ടുവരിക. നിങ്ങൾ രാവിലെ വന്ന് ഇതു മുഴുവൻ ഇപ്പോഴേ വാങ്ങിക്കൊണ്ടു പോയാൽ ബാക്കി സമയം ഞങ്ങൾ എന്തു ചെയ്യും? ഞങ്ങൾക്കു ചെയ്യാൻ വേറെ ജോലിയൊന്നുമില്ല. നിങ്ങൾക്കു വയറു നിറഞ്ഞല്ലോ, ബാക്കി നിങ്ങൾക്ക് ആവശ്യമുണ്ടോ?’.

ഈ ചോദ്യം ഞങ്ങളുടെ ഹൃദയത്തിലേക്കാണ് എത്തിയത്. അതെ, ശരിയാണ്, ഒരു തമാശയ്ക്കു സംസാരിച്ചു തുടങ്ങിയതാണ്, പക്ഷേ അവർ പറഞ്ഞത് ശരിയാണ്, നമുക്ക് അതു മുഴുവൻ ആവശ്യമില്ല. ഇനിയും ആ വഴി ദാഹിച്ചു വരുന്നവർക്ക് അത് ഉപകാരപ്പെടുകയും ചെയ്തേക്കാം. ഒന്നോ രണ്ടോ മാങ്ങയൊക്കെയേ നമ്മൾ കഴിക്കൂ. അങ്ങനെ തിരിച്ചറിവിന്റെ ഒരു നിമിഷമായി അതു മാറി.  മാനേജ്‌മെന്റ് വിദ്യാഭ്യാസം കഴിഞ്ഞ എനിക്ക് പുതിയൊരു മാനേജ്‌മെന്റ് തിയറിയായിരുന്നു അത്. നമ്മുടെ കയ്യിൽ  ഉള്ളതിനു പ്രത്യേകിച്ചൊരു വില പറഞ്ഞാൽ നമ്മൾ അതങ്ങു കൊടുക്കും. സാധാരണ അങ്ങനെയാണല്ലോ. പക്ഷേ ഇതൊരു പുതിയ  പാഠമായിരുന്നു. ആവശ്യക്കാരന് ആവശ്യത്തിനു നൽകി ബാക്കി മറ്റൊരു അവസരത്തിനായി നമ്മളിൽ സൂക്ഷിച്ചു വയ്ക്കണം എന്ന പാഠം. മാമ്പഴത്തിനു വില പറഞ്ഞ് ആളാകാൻ ശ്രമിച്ച് പരാജയപ്പെട്ടു യാത്ര തുടരുമ്പോൾ നാവിൽ മാമ്പഴത്തിന്റെ രുചിയും മനസ്സിൽ ആ സ്ത്രീയും നിറഞ്ഞിരുന്നു.

ഉച്ചഭക്ഷണത്തിന്റെ സമയമായപ്പോൾ ഓംഗൂൾ എന്ന സ്ഥലത്തെത്തി. വൈശാഖിനടുത്താണത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് വൈശാഖ്. വൈസാഖ്‌ എന്നാണു അത് കൃത്യമായി ഉച്ചരിയ്ക്കുക. അതിനു മുൻപാണ് ഓംഗൂൾ. സ്വീകരിക്കാൻ അവിടെ ശേഖറുണ്ടായിരുന്നു. എന്റെ സുഹൃത്തിന്റെ സുഹൃത്താണ് ആന്ധ്രാക്കാരനായ അദ്ദേഹം. അദ്ദേഹത്തിന്റെ അടുത്തെത്തി ഞങ്ങൾ വെള്ള ചോറും സ്‌പൈസി കറികളും തൈരും അടങ്ങിയ ആന്ധ്രാരീതിയിലുള്ള ഭക്ഷണം കഴിച്ചു. നല്ല എരിവുണ്ടായിരുന്നു. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം നാലു മണിയോടെ ശേഖറിന്റെ കുടുംബവീട്ടിലേക്കു പോയി.
ആ യാത്രയിൽ അവിടെ ഉള്ള  പ്രത്യേകതകളെ കുറിച്ചു അദ്ദേഹം പറഞ്ഞു. ഹൈവേയിൽ നിന്നും അല്പം ദൂരെയാണ് ഊര് പോലെയുള്ള സ്ഥലം, കൃഷിയാണ് ഇവിടെ പ്രധാനം, പ്രത്യേകിച്ചും പുകയിലയും ചുവന്ന മുളകും. അദ്ദേഹം അവിടുത്തെ കുടുംബസ്ഥലമായ മധുരാലയെ കുറിച്ച് പറഞ്ഞു. ആ വഴിയുടെ രണ്ടു വശത്തും പാടമാണ്, പക്ഷേ വളരെ ഡ്രൈ ആയ, ബ്രൗൺ കളറിലുള്ള മണ്ണാണ്. കാരണം ആ തരം കാലാവസ്ഥയാണ് പുകയിലയ്ക്കും മുളകിനും ആവശ്യം. ഈ രണ്ടു കൃഷിയും ഞങ്ങൾ കാണുകയും ചെയ്തു. ചിലയിടത്ത് പച്ച മുളകു കണ്ടു, ചിലയിടത്തു ചുവപ്പും കണ്ടു, ചുവന്ന മുളക് നല്ല റോസാപ്പൂ പോലെ തോന്നിപ്പിച്ചു.

മധുരാലയിലെ പ്രത്യേകത കാളകളാണ്. തമിഴ് സിനിമകളിലാണ് കൂടുതലും കാളപ്പോരുകൾ കണ്ടിട്ടുള്ളത്, ഇവിടെ പക്ഷേ കാളയോട്ടമായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന കൃഷിയിടങ്ങളിൽ നാല് സൈഡിലും ഗാലറി ഉണ്ടാക്കി, വലിയ ലൈറ്റൊക്കെ വച്ച് , മൈക്കൊക്കെ കെട്ടി, നിറയെ ആൾക്കാർ കൂടിയാണ് ഉത്സവം. ചില കുടുംബക്കാർക്ക് ഓംഗൂൾ ബുൾസ് ഉണ്ട്. 1500  കിലോയോളം ഭാരമുള്ള, ആറടിക്കു മേലെ ഉയരമുള്ള കാളകൾ. കാളകളെ അവിടെ കൊണ്ടുവന്നിട്ട് നിലമുഴുന്ന കലപ്പ പോലെയുള്ള ഒരു സാധനം ചേർത്തു കെട്ടും. പുറകിൽ കോൺക്രീറ്റ് കല്ല് ഫിറ്റ് ചെയ്യും. കല്ലു വലിച്ചു കൊണ്ട് കാളകൾ എത്ര ദൂരം പോകും എന്നതാണ് മൽസരം. ട്രാക്കിലൂടെ രണ്ട് കാളകൾ കോൺക്രീറ്റ് കട്ടയും വലിച്ചുകൊണ്ട് ഓടുമ്പോൾ ആരവം മുഴക്കി പ്രോത്സാഹിപ്പിക്കുന്ന കാണികളെ കണ്ടപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കളിക്കുമ്പോഴുള്ള അതേ ആവേശം എനിക്കു തോന്നി.

ട്രാക്കിന്റെ മധ്യത്തിലെത്തുമ്പോൾ അവിടെ പ്രത്യേകമായി വരച്ച വരയിൽ കാളകൾ മുപ്പത് സെക്കൻഡ് ഓട്ടം നിർത്തും. അത് ഈ കാളകൾക്കു ശ്വാസം എടുക്കാൻ വേണ്ടിയാണ്. അടുത്ത വിസിലിൽ കാള വീണ്ടും ഓട്ടം തുടങ്ങും. ട്രാക്കിന്റെ അങ്ങേയറ്റത്ത് എത്തുന്ന നിമിഷം കാർ റേസിങ്ങിന്റെ ഇടയിൽ കാർ നിർത്തി അതിന്റെ ടയർ മാറ്റുന്നത് പോലെ കാളകൾക്ക് U ടേൺ എടുക്കാൻ ഈ സിമന്റ് കട്ട ഊരിയെടുക്കും. കാളകൾ തിരിഞ്ഞ് ട്രാക്കിലെത്തുമ്പോൾ തിരികെ ഘടിപ്പിക്കാൻ എടുക്കുന്നത് ഏതാണ്ട് 30 സെക്കൻഡ് മാത്രം. ഇതിനിടയിൽ കാളയ്ക്ക് വെള്ളവും കൊടുക്കും. അങ്ങനെ കുറെ തവണ. ഏറ്റവും കൂടുതൽ റൗണ്ട് പോകുന്ന കാളയായിരിക്കും സമ്മാനം നേടുക. കാളകളെ പ്രോത്സാഹിപ്പിക്കുന്ന  വലിയൊരു കൂട്ടം ഇവിടെയുണ്ട്. ഞാൻ തിരക്കിയപ്പോഴാണറിഞ്ഞത്, അവിടെ സിനിമ കാണാനോ നാടകം കാണാനോ ഒക്കെയുള്ള സൗകര്യങ്ങളൊന്നുമില്ല. സിറ്റികളിലാണ് സിനിമ റിലീസ് ചെയ്യുക, അപ്പോൾ ഇതാണ് അവരുടെ എന്റർടെയ്ൻമെന്റ്.

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം, അവിടെ ഒരാൾ അതിനെ കൺട്രോൾ ചെയ്യാനുണ്ട്, അദ്ദേഹത്തിന്റെ ഒരു കയ്യിൽ ഒു കോഡ്‌ലസ് മൈക്കുണ്ട്, മറ്റേ കയ്യിൽ ഒരു പ്ലാസ്റ്റിക് കവറും. ഈ മൈക്കിൽ അദ്ദേഹം എന്തൊക്കെയോ പറയുണ്ട്, അവരുടെ ഭാഷയിൽ. എനിക്ക് പലതും മനസ്സിലായില്ല. ഇതിനിടയിൽ ആരവം ഒക്കെ ഉണ്ട്, പക്ഷേ ആരവം കൂടുമ്പോൾ കാളകൾക്ക് പ്രശ്നമുണ്ട്, എനിക്ക് കൗതുകം തോന്നി. ഒരാൾ അവിടെനിന്ന് ആയിരത്തിയഞ്ഞൂറ് ആളുകളെ ആണ് മാനേജ് ചെയ്യുന്നത് . അവിടെ പൊലീസില്ല, സെക്യൂരിറ്റിയില്ല ഒന്നുമില്ല, പല തരം ആൾക്കാരുണ്ട്, സ്ത്രീകളുണ്ട്, കുട്ടികളുണ്ട്, കച്ചവടക്കാരുണ്ട്... ഇതിനെയെല്ലാം ഒരാളാണ് കൺട്രോൾ ചെയ്യുന്നത്, ശേഖറിനോട് ഞാൻ കവറിനെക്കുറിച്ച് ചോദിച്ചു, അത് എപ്പോഴും അയാളുടെ ഒപ്പമുണ്ട്, പരിപാടിക്കിടയിൽ എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ശേഖർ അയാളോട് കവറിനെപ്പറ്റിചോദിച്ചു. തിരികെ വീട്ടിൽ പോകുമ്പോൾ കത്തിക്കാനുള്ള മെഴുകുതിരിയും തീപ്പെട്ടിയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താഴെ വച്ചാൽ മറക്കും, അതാണ് കയ്യിൽ വച്ചിരിക്കുന്നത്. അയാളുടെ നിഷ്കളങ്കത എത്രയാണ് എന്ന് അവിടെ മനസ്സിലാകും, പക്ഷേ നമുക്ക് എല്ലാത്തിലും സംശയമാണല്ലോ. എത്ര ആഘോഷങ്ങളിലാണെങ്കിലും വീട്ടിലേക്ക് ആവശ്യമായതിന്റെ പ്രാധാന്യം മറക്കാൻ പാടില്ല എന്നതാണ് അവിടെ നിന്നും എനിക്കപ്പോൾ മനസിലായത്.

കാളയുടെ ഓട്ടം കണ്ടുകൊണ്ടു നിൽക്കുന്ന സമയത്താണ് ഒരാൾ വന്നത്. ഒരു ഡോക്ടർ ആണ്. കാളയോട്ടത്തിൽ താല്പര്യമുള്ള ഒരാൾ. അദ്ദേഹത്തിന്റെ കൂടെ കുറെ പേരുണ്ട്. അദ്ദേഹത്തിന്റെ കാളകളും മത്സരിക്കുന്നുണ്ട്. നമ്മുടെ ശേഖറിനും കാളകളുണ്ട്. പലപ്പോഴും ഇവർ തമ്മിലാണ് അവസാന റൗണ്ട് മത്സരം വരിക. ഇവർ തമ്മിലുള്ള നോട്ടവും മറ്റും കണ്ടപ്പോൾ എനിക്കോർമ വന്നത് നമ്മുടെ മുണ്ടക്കൽ ശേഖരന്റെ ടീമും മംഗലശേരി നീലകണ്ഠന്റെ ടീമും ഉത്സവത്തിനു കാണുമ്പോഴുണ്ടാകുന്ന പ്രതീതിയാണ്. പക്ഷേ ഡോക്ടറും ശേഖറും പരസ്പരം കാണുകയും കൈകൊടുക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടു. തിരികെ വരുമ്പോൾ പറഞ്ഞു, മത്സരം ഉണ്ടെങ്കിലും പുറത്തുവച്ച് കാണുമ്പോൾ തമ്മിൽ സംസാരിക്കാറുണ്ട്. പക്ഷേ ഒപ്പമുള്ളവരെ കാണുമ്പോൾ നമുക്കു മനസ്സിലാകും വലിയ വൈരാഗ്യബുദ്ധിയോടെ നിൽക്കുന്നവരാണ്. എന്റെ കണ്ണുകൾ കാളയോട്ടത്തിലായിരുന്നു. ആ സമയത്ത് ശേഖർ പറഞ്ഞ ഒരു വാക്യമുണ്ട്: ‘എല്ലാവരും മാടിനെ മാടായി ആണ് കാണുന്നത്, ഞങ്ങൾ മാടിനെ ഗോഡായി ആണ് കാണുന്നത്. അതുകൊണ്ട് ഞങ്ങൾ കാളകളെ കുടുംബത്തിലെ അംഗങ്ങൾ പോലെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാർ ഞങ്ങളെയും ബഹുമാനിക്കുന്നു.’ അവിടെനിന്ന് തിരികെവന്ന് കിടന്നുറങ്ങുമ്പോഴും ചെവിയിൽ ആ ആരവം മുഴങ്ങുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ മടങ്ങിപ്പോരുന്നതിനു മുൻപ് ശേഖർ ഞങ്ങളെ അദ്ദേഹത്തിന്റെ വീടിനു പുറകിലുള്ള കാളത്തൊഴുത്തിലേക്കു കൊണ്ടുപോയി. രണ്ടു സൈഡിലേക്കും കയറുകൾ കൊണ്ട് കെട്ടിയിരിക്കുന്ന കാളകൾ അയാളെ കണ്ടപ്പോൾ അനുസരണയുള്ള നല്ല കുട്ടികളാകാൻ ശ്രമിച്ചതുപോലെ തോന്നി. അയാൾ വൈക്കോൽ നീക്കിയിട്ടു കൊടുത്തു. അയാൾ ആ  കാളകളെ തലോടുന്നുണ്ടായിരുന്നു. അവ ഇടയ്ക്കിടെ തലയുയർത്തി ശേഖറിന്റെ സുഹൃത്തുക്കളായ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ശേഖർ ഞങ്ങളെ അടുത്തേക്കു ക്ഷണിച്ചു. അധികം അടുത്ത് പോകാതെ നിന്ന ഞങ്ങളെ ശേഖർ ധൈര്യപ്പെടുത്തി. അങ്ങനെ അടുത്ത് നിൽക്കുമ്പോൾ ശേഖർ ചോദിച്ചു ‘ഫോട്ടോ എടുക്കണോ’ എന്ന്. ഫോൺ എടുത്ത് ഒരു സെൽഫി ഞങ്ങൾ ക്ലിക്ക് ചെയ്തു . ഒരുപാടു പേർ എന്റെ അടുത്ത് നിന്ന് സെൽഫി എടുത്തിട്ടുണ്ട് പക്ഷേ ഞാൻ അല്പം പേടിയോടെ എടുത്ത ആ സെൽഫി മറ്റാരെയും കാണിക്കാതെ ഞാൻ സൂക്ഷിച്ചിട്ടുമുണ്ട്. കാണിക്കാത്തത് മറ്റൊന്നും കൊണ്ടല്ല, ആ സെൽഫിയിൽ എന്റെ മുഖത്തു ഭയം ഉണ്ടായിരുന്നു.

ഈ ഓർമകൾ പങ്കു വയ്ക്കുമ്പോൾ അദ്ദേഹം പറഞ്ഞതു വീണ്ടും ഓർക്കുന്നു, അവർ മാടിനെ ദൈവമായാണ് കാണുന്നതെന്ന ഡയലോഗ്. അവിടെനിന്നു മടങ്ങുമ്പോൾ, വളർത്തു മൃഗങ്ങളെ ഇങ്ങനെയും സ്നേഹിക്കാൻ പറ്റും എന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ടായിരുന്നു. യാത്രകളിൽ പുതിയ സ്ഥലങ്ങൾ കാണുമ്പോഴും പുതിയ ഭക്ഷണം കഴിക്കുമ്പോഴും പുതിയ മനുഷ്യരെ പരിചയപ്പെടുമ്പോഴും പുതിയ അനുഭവങ്ങളാണ് ഉണ്ടാകുക.

© Copyright 2017 Manoramaonline. All rights reserved....
സ്നേഹം മയങ്ങുന്ന സ്വീഡൻ