സ്നേഹം മയങ്ങുന്ന സ്വീഡൻ

സന്തോഷ് ജോർജ് ജേക്കബ്

ഇമിഗ്രേഷൻ ഓഫിസർ തെല്ലു കടുപ്പക്കാരനാണെന്നു തോന്നി. ചിരിയില്ല. വെൽക്കം ടു സ്വീഡൻ പറയുന്നില്ല. കടലാസുകളെല്ലാം ഓടിച്ചു നോക്കി ചിട്ടപ്പെടുത്തിയ ശേഷം ചില ചോദ്യങ്ങൾ എറിഞ്ഞു. പിന്നെ കണ്ണടച്ചു സീലടിച്ചു. ക്യൂവിനു പിന്നിൽ നിന്നയാളെ കണ്ണു കൊണ്ടു മാടി വിളിച്ചു. നിനക്കു പൊയ്ക്കൂടേ എന്ന രീതിയിൽ എന്റെ നേരേ ഒരു കണ്ണേറും. എല്ലാം 60 സെക്കൻഡിൽ കഴിഞ്ഞു. ടൂറിസം ഫ്രണ്ട‌്‌ലിയോ ബിസിനസ് ഫ്രണ്ട‌്‌ലിയോ ആയ രാജ്യമല്ലാത്തതിനാലാവാം പ്രസാദക്കുറവെന്നോർത്തു മുന്നോട്ടു നടന്നു. സ്വീഡനിലെ ആതിഥേയനും ബഹുരാഷ്ട്ര സോഫ്റ്റ് വെയർ കമ്പനിയുടെ സെയിൽസ് മേധാവിയുമായ ഴോങ് പോൾ പറഞ്ഞതോർത്തു. ഇവിടെയെല്ലാം ചിട്ടപ്പടിയാണ്. ഒരു സെക്കൻഡ് നിങ്ങൾക്കൊരിക്കലും നഷ്ടമാവില്ല.

കോറിഡോറിലൂടെ വെൽക്കം ടു ദ് ലാൻഡ് ഓഫ് അബ്സല്യൂട്ട് വോഡ്ക എന്ന ബോർഡും പിന്നിട്ട് ബാഗേജ് കെറോസലിലെത്തിയപ്പോൾ പെട്ടി റെഡി. എത്ര കൃത്യം. ആവശ്യമില്ലാത്ത കാത്തിരിപ്പില്ല, പെട്ടി പോയെന്ന പരാതിയ്ക്കുമിടമില്ല. എവിടെയാണു താമസമെന്നു ചോദിച്ചാൽ എയർപോർട്ട് ടെർമിനലുകളിൽ എന്നു മറുപടി പറയാറുള്ള, ലോകത്തിലെ ഏതാണ്ടെല്ലാ എയർപോർട്ടുകളുടെയും സ്വഭാവവും ഭൂമിശാസ്ത്രവും നന്നായറിയാവുന്ന ഴോങ് സ്റ്റോക്കോമിനെപ്പറ്റി പറഞ്ഞത് എത്ര ശരി.

സ്റ്റോക്കോം എയർപോർട്ടിന്റെ തിരക്കില്ലാത്ത മൊസൈക് ഇടനാഴിയിലൂടെ പുറത്തേക്കുള്ള വഴി നടന്നു. മൂകത. ഇടയ്ക്കൊക്കെ മനുഷ്യരെ കണ്ടുമുട്ടിയാൽ ഭാഗ്യം. ടോയ്‌ലെറ്റിനു മുന്നിൽ ക്യൂ നിൽക്കുന്ന കാഴ്ചയ്ക്കു പകരം ആളുകളെത്തേടി ടോയ്‌ലെറ്റുകൾ നിര തീർക്കുന്ന കാഴ്ച. ഇങ്ങനെയുണ്ടോ ഒരു തലസ്ഥാന നഗരിയുടെ രാജ്യാന്തര ടെർമിനൽ. ഇവിടെയെങ്ങും മനുഷ്യരില്ലേ? ഇല്ലെന്നു തന്നെ ഉത്തരം. നമ്മുടെ ചെറിയൊരു പഞ്ചായത്തിന്റെ ജനസംഖ്യ കാണില്ല ഈ രാജ്യത്തിലൊട്ടാകെ. പുറത്തേക്കുള്ള വഴിയിൽ ചിരിക്കുന്ന മുഖവുമായി ഴോങ്. ഫ്രഞ്ചുകാരന്റെ ഊഷ്മളതയിൽ കൃത്രിമത്വമില്ലാതെ ഞങ്ങൾ മൂവരെയും സ്വാഗതം ചെയ്തു. ഒരു സോഫ്റ്റ്‌വെയർ വാങ്ങിക്കാനായാണ് എഡിറ്റോറിയൽ പ്രതിനിധിയായി ഞാനും സാങ്കേതിക പ്രതിനിധികളും മാനേജർമാരുമായ വി.വി. ജേക്കബും രഞ്ജിത് പോളും ഇവിടെയെത്തിയത്. കമ്പനിയുടെ ഹെഡ് ക്വാർട്ടേഴ്സും ഡവലപ്മെൻറ് കേന്ദ്രവും സ്റ്റോക്കോമിലാണ്.

രണ്ടു ദിവസം കൊണ്ട് ഒൗദ്യോഗിക ജോലികൾ തീർത്താൽ മടക്കം. അതിനു മുമ്പ് ദിവസം കൂടുതലുള്ളതിനാൽ പകൽവെട്ടത്തിൽ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതൽ വെളുപ്പിന് ഒരു മണി വരെ ചുറ്റിയടിക്കാം. ചരിത്രമുറങ്ങുന്ന സ്റ്റോക്കോം തെല്ലു രുചിച്ചറിയാൻ ഇത് ആവശ്യത്തിലുമധികം. നഗരം കാണാനുള്ള ഏറ്റവും മികച്ചതും ചിലവു കുറഞ്ഞതും ആവേശകരവുമായ മാർഗം ഹോപ് ഇൻ ഹോപ് ഓഫ് ബോട്ടിങ്ങാണ്. എന്നു വച്ചാൽ ഒരു ദിവസത്തെ ടിക്കറ്റെടുത്താൽ ഇഷ്ടമുള്ളയിടത്തു കയറാനും ഇറങ്ങാനും പറ്റും. ഏതാണ്ട് 14 ദ്വീപുകളിലായി നദികളാലും തടാകങ്ങളാലും കടലിനാലും അമ്പതിലധികം പാലങ്ങളാൽ ബന്ധപ്പെട്ടു കിടക്കുന്ന നഗരം കാണാൻ ഇതിലും നല്ല വഴിയില്ല. മലയ്രേൻ തടാകത്തിലൂടെ ബാൾട്ടിക് സമുദ്രത്തിലേക്കുള്ള ബോട്ടിങ്ങാണ് ഇതിൽ പൂർണം. ഈ ബോട്ടിങ്ങിൽ ആധുനികവും പരമ്പരാഗതവുമായ സ്റ്റോക്കോം പൂർണമായി കണ്ടറിയാം. ധാരാളം ഉരുക്കും ഗ്ലാസും നിരക്കുന്ന ആധുനിക സ്കാൻഡിനേവ്യൻ ആർക്കിടെക്ചറും ഫെയറി ടെയ്ൽ ടവറുകളുള്ള ഗാമ്ല സ്റ്റാൻ എന്ന പഴയ നഗര കെട്ടിടങ്ങളും രാജകൊട്ടാരവും ഇവിടെ പുഴയോരക്കാഴ്ചകളാകുന്നു.

പുരാതനമായ ഗ്രാൻഡ് ഹോട്ടലിനു മുന്നിലെ ജെട്ടിയിൽ ടാക്സിയിറങ്ങി ടിക്കറ്റെടുത്തു. ബോട്ടിൽ കയറും മുമ്പ് ഗ്രാൻഡ് ഹോട്ടലൊന്നു കണ്ടാൽക്കൊള്ളാമെന്നു തോന്നി. വളരെ പഴയ ഹോട്ടലാണ്. പഞ്ചനക്ഷത്രം. ഇപ്പോഴും വർഷം തോറും നൊബേൽ സമ്മാന ജേതാക്കൾ താമസിക്കുന്ന ഹോട്ടൽ. ഫ്രഞ്ചുകാരനായ ഴാങ് ഫ്രാങ്കോയിസ് കാദിയെ നിർമിച്ച് 1874 ൽ ഉദ്ഘാടനം ചെയ്ത ഹോട്ടൽ ഇന്നും പഴയ പ്രൗഢിയിൽ നിൽക്കുന്നു. സത്യം പറഞ്ഞാൽ ഇന്ത്യയിലെ ഒരു ലീലാ പാലസിന്റെ പാതി ഗാംഭീര്യമില്ല. വഴിയോരത്ത് ഒരു പഴയ കെട്ടിടം. എന്നാൽ ഉള്ളിൽ പഴമയുടെ ഗാംഭീര്യമാണ്. യൂറോപ്പിലെ ഏറ്റവും പഴയ ഇപ്പോഴും പ്രവർത്തിക്കുന്ന ലിഫ്റ്റ് അടക്കം എല്ലാം പഴയത്. എന്നാൽ മിൻറ് കണ്ടീഷൻ എന്ന രീതിയിൽ പുതുമയോടെ സൂക്ഷിച്ചിരിക്കുന്നു. 359 സാധാരണ മുറികളും 40 സ്യൂട്ട് റൂമുകളും ഒട്ടേറെ ഹാളുകളും ഹോട്ടലിലുണ്ട്. ഴോങ്ങിന്റെ ആതിഥേയത്വത്തിൽ ഹോട്ടലിലെ ഒരു റസ്റ്ററന്റിൽ നിന്ന് ചൂടു കാപ്പിയും കുക്കീസും കഴിച്ച് പുറത്തിറങ്ങി. ബോട്ടിലേക്ക്.

വലിയ ബോട്ട്. ചെറിയൊരു കപ്പൽ പോലെയുണ്ട്. പേര് ഡെൽഫിൻ — ടു. രണ്ടു ഡെക്കിലായി ധാരാളം സീറ്റുകൾ. ക്യാപ്റ്റന്റെ അസിസ്റ്റൻറ് ഒരു പെൺകുട്ടിയാണ്. യൂണിഫോമിലൊതുങ്ങാത്ത തടിയും തുടുത്ത ചുവന്ന കവിളുകളുമായി അവൾ ഓരോരുത്തരെയും നന്നായി പരിശോധിച്ചുതന്നെ ഉള്ളിൽക്കയറ്റി. പിന്നെ വടം ജെട്ടിയിൽ നിന്ന് ഊരി ബോട്ടിലിട്ടു. ഒരു നീണ്ട ഹോണടിയോടെ ബോട്ട് യാത്ര തുടങ്ങി. അണ്ടർ ദ് ബ്രിഡ്ജസ് ഓഫ് സ്റ്റോക്കോം എന്നാണു ബോട്ടിങ്ങിന്റെ പേര്. അമ്പതോളം ടൂറിസ്റ്റ് കേന്ദ്രങ്ങൾ യാത്രയിലുണ്ട്. ഇതെല്ലാം വൃത്തിയായി ഒരു ബ്രോഷറിൽ കാട്ടിയിട്ടുമുണ്ട്.
രണ്ടു കരയും കാണാനാവുന്ന തരത്തിലാണു യാത്രാപാത. ഇടയ്ക്കൊക്കെ ജെട്ടികളിൽ അടുപ്പിക്കും. കുറപ്പേർ ഇറങ്ങും. ഒട്ടുപേർ കയറും. ജെട്ടികളിൽ ഇറങ്ങാതെ ആദ്യം ഒരു റൗണ്ട് ചുറ്റിയടിക്കാമെന്നായിരുന്നു തീരുമാനം. അപ്പർ ഡെക്കിലെ തുറസ്സായ സ്ഥലത്ത് ഉറപ്പിച്ച കസേരകളിലൊന്നിൽ ഇരുന്നു. പ്രസന്നമായ കാലാവസ്ഥ. ചെറിയ വെയിലുമുണ്ട്. എന്നാൽ ഇളം വെയിലിനു ചൂടു കുറവ്. ഹെഡ് ഫോൺ എടുത്തു വച്ച് ഇംഗ്ലീഷിലുള്ള വിവരണത്തിലേക്ക് നോബ് തിരിച്ചു വച്ചു. പറയുന്നത് സ്റ്റോക് ഹോമിൻറെ ചരിത്രമാണ്. പിന്നെ വശങ്ങളിലെ കാഴ്ചകളും.

സ്റ്റോക്കോം എന്ന പേര് പന്ത്രണ്ടാം നൂറ്റാണ്ടിലേ രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റോക് എന്നാൽ സ്വീഡിഷ് ഭാഷയിൽ കഷണം, ശകലം എന്നൊക്കെയാണർത്ഥം. പഴയ ജർമനിൽ കോട്ട എന്നൊരർത്ഥം കൂടിയുണ്ട്. ഹോം എന്നാൽ ചെറുദ്വീപ് എന്നു വരും. കോട്ട കെട്ടിയടച്ച ചെറു ദ്വീപ് എന്നായാൽ ഏതാണ്ട് ശരി. പഴയ നഗരഭാഗം കടൽക്കൊള്ളക്കാരിൽനിന്നു രക്ഷിക്കാൻ ഇപ്പോഴും കോട്ടയ്ക്കുള്ളിൽത്തന്നെ. വിശദമായ ചരിത്രത്തിനു പ്രസക്തിയില്ലെങ്കിലും പണ്ടു മുതലേ സാമ്പത്തിക തലസ്ഥാനം എന്ന പേരായിരുന്നു സ്റ്റോക്കോമിന്. പണ്ടു തൊട്ടേ ജനപ്രാതിനിധ്യത്തോടു കൂടി നാടു ഭരിച്ചിരുന്നവരാണിവിടുത്തെ രാജാക്കന്മാർ. അതുകൊണ്ടു തന്നെ പതിനേഴാം നൂറ്റാണ്ടായപ്പോഴേക്കു തന്നെ യൂറോപ്പിലെ നിർണായക വിഭാഗമായി സ്വീഡൻ വളർന്നു. ഇക്കാലത്ത് വലിയൊരു പ്ലേഗ് ബാധയിൽ നഗരത്തിലെ പാതിയോളം ജനങ്ങൾ (20,000) മരിച്ചു. തിരിച്ചടികൾ മറികടന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ വീണ്ടും സ്വീഡൻ ലോക നിലവാരത്തിലേക്കുയർന്നു. ഇന്നിപ്പോൾ എറിക്സനും ഐകിയയും വോൾവോയുമടക്കം ലോകപ്രശസ്തമായ ബ്രാൻഡുകളുടെ രാജ്യമാണ് സ്വിഡൻ. ഒപ്പം വേറിട്ട സംഗീതത്തിൽ ഒരു തലമുറയെ മുഴുവൻ ആസക്തരാക്കിയ അബ്ബയുടെ നാട്.

കുടുംബജീവിതത്തിനു വലിയ മൂല്യം നൽകുന്ന ജനതയാണ് സ്വിഡൻകാർ. കൊച്ചുകുട്ടികളെയും കൂട്ടി പാർക്കിലും കഫെയിലും കറങ്ങുന്ന പല പ്രായത്തിലുള്ള ദമ്പതികൾ ഇവിടുത്തെ സ്ഥിരം കാഴ്ച. മാതാപിതാക്കൾക്ക് 18 മാസം മുഴുവൻ ശമ്പളത്തോടെയുള്ള അവധി കിട്ടുന്ന വേറെ രാജ്യങ്ങളുണ്ടാവുമോ? സമ്മറിൽ പാർക്കുകളിൽ കുടുംബങ്ങൾ ഒത്തുചേരുന്നത് ഇവിടെ ഒരാഘോഷമാണ്. വീട്ടിലുണ്ടാക്കിയ വിവിധതരം ബ്രഡുകളും പിക്കിളും അബ്ബയുടെ ഗാനശകലങ്ങളുമൊക്കെ പാർക്കുകളെ മുഖരിതമാക്കും. നോർഡിക് രാജ്യങ്ങളിലെ ഭക്ഷണാസക്തിയും പരമ്പരാഗത ഭക്ഷണത്തോടുള്ള ആസക്തിയും സ്വീഡൻകാർ അഭിമാനത്തോടെ കൊണ്ടുനടക്കുന്നു. സ്വീഡൻ കഴിഞ്ഞാൽ ഈ രാജ്യങ്ങളിൽ ഡെൻമാർക്കുകാരാണ് ഭക്ഷണത്തിൽ പാരമ്പര്യം വേണമെന്നു ശഠിക്കുന്നവർ. എന്നാൽ കെബാബും പിസയും ജാപ്പനീസ്, ചൈനീസ്, തായ്, ഇന്ത്യൻ ഭക്ഷണവും ഇവർ മദ്യത്തോടൊപ്പം നന്നായി ആഘോഷിച്ചങ്ങ് ആസ്വദിക്കാറുണ്ട്. കള്ളുവിൽപനയിൽ നമ്മുടെ നാടിനോടു സാമ്യമുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള സിസ്റ്റംബോളജിസ്റ്റ് വിതരണ ശൃംഖലയാണ് ഇവിടുത്തെ ബെവ്കോ.

ബിസിനസ് ട്രിപ്പായതിനാൽ സ്വീഡൻകാരുടെ ബിസിനസ് രീതികളെപ്പറ്റിക്കൂടി. പൊതുവെ അവിടുത്തുകാർക്ക് പ്രാമുഖ്യം നൽകുന്ന രീതിയാണെങ്കിലും ബ്രിട്ടിഷ്, യുഎസ് മാനേജർമാരും ധാരാളം. വലിയ ബോസിങ് രീതികളില്ല. തൊഴിലാളികൾക്കും തുല്യപങ്കാളിത്തമാണ്. ഞങ്ങൾ സന്ദർശിച്ച കമ്പനിയിൽ പ്രസിഡന്റ് മുതൽ ജൂനിയർ ക്ലർക്ക് വരെ സമാന സ്വഭാവമുള്ള തുറന്ന ഓഫിസ് ക്യുബിക്കിളിലാണ് ഇരിക്കുന്നത്. ജോലി കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ചിരുന്നു കോഫിയോ ബീറോ കഴിക്കുന്നതും പതിവ്. സ്വീഡിഷ് പാരമ്പര്യത്തിലെ വലിയൊരൂ ഹേയ് വിളിയുമായി നമ്മെയും ഈ കൂട്ടായ്മയിൽ ക്ഷണിക്കുന്നതിൽ തെല്ലും മടിയില്ല അവർക്ക്.

ബോട്ട് യാത്രയിൽ രണ്ടു കരയിലും കാണാനാവുക പഴയ ആർകിടെക്ചറിലുള്ള കെട്ടിടങ്ങളാണ്. ഇടയ്ക്കൊക്കെ പഴയ സർക്കാർ ഓഫിസുകളും കാരാഗൃഹവും ആധുനിക രീതിയിലുള്ള അപാർട്‌മെൻറുകളും ഒക്കെ കാണാം. മ്യൂസിയങ്ങളും അമ്യൂസ്മെൻറ് പാർക്കുമൊക്കെ കരയിലുണ്ട്. മ്യൂസിയങ്ങളിൽ മുഖ്യം സിറ്റി മ്യൂസിയവും സ്വീഡിഷ് ചരിത്രം പറയുന്ന നോർഡിക് മ്യൂസിയവുമാണ്. രണ്ടും കാണാൻ നേരമില്ല. പണത്തിന്റെ ചരിത്രം പറയുന്ന റോയൽ കോയിൻ ക്യാബിനറ്റ് ആണ് കാണേണ്ട മറ്റൊരു മ്യൂസിയം. അതും പിന്നൊരിക്കൽ കാണാനേ പറ്റൂ.

ആഴമുള്ള കനാലിൽ കപ്പലുകൾ കയറും. നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകളിൽ ചിലത് ഹോട്ടലുകളും റസ്റ്ററൻറുകളും ഡാൻസ് ഫ്ലോറുകളുമൊക്കെയാണ്. സമുദ്രത്തോടു ചേരുന്ന ഭാഗത്ത് നമ്മുടെ തണ്ണീർമുക്കം ബണ്ടിനെ അനുസ്മരിപ്പിക്കുന്ന ഒരു ബണ്ടുണ്ട്. ബോട്ട് ബണ്ടിനുള്ളിൽ കയറി ഒരു വശം അടയ്ക്കും. മറുവശം പിന്നീടു തുറക്കുമ്പോഴേക്കും മറ്റൊരു ജല നിരപ്പിലാണെത്തുക. സമുദ്രത്തിൻറെ വശത്തും തടാകക്കരയിലും ജലനിരപ്പ് വ്യത്യസ്തമാണ്. സമുദ്രവശത്ത് വലിയ കപ്പലുകളും കണ്ടു. ബണ്ടിൽ ബോട്ടെത്തുമ്പോൾ വടം പിടിക്കാനും ബോട്ടു വലിച്ചടുപ്പിക്കാനും അധികം കൈക്കാരൊന്നുമില്ല. ക്യാപ്റ്റന്റെ അസിസ്റ്റന്റ് യുവതിയാണ് ചുണ്ടിലെരിയുന്ന സിഗരറ്റുമായി ഈ പണിയൊക്കെ ചെയ്യുന്നത്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം വൃത്തിയും വെടിപ്പും. കനാലുകളിൽ ചെളിവെള്ളവും മാലിന്യവും തള്ളുന്നതു കണ്ടു ശീലിച്ച നമ്മെ അത്ഭുതപ്പെടുത്തുന്നു ഇവിടുത്തെ വ്യവസായങ്ങളും മുനിസിപ്പാലിറ്റിയും. മലിനജലം ശുചീകരിച്ചാണ് തടാകത്തിലേക്ക് തള്ളുന്നത്. ഈ വെള്ളം വേണമെങ്കിൽ കോരി കുടിക്കാമെന്നു ഗൈഡ് പറയുന്നു. പരീക്ഷിച്ചില്ല. എന്തായാലും ലോകത്തിലെ ഏറ്റവും വൃത്തിയുള്ള മുനിസിപ്പാലിറ്റിയാണ് സ്റ്റോക്കോം. പഴയ രീതിയിലുള്ള കാറ്റാടി യന്ത്രങ്ങളും കണ്ടൽക്കാടുകളും ധാരാളം യോട്ടുകളും യാത്രയിലുടനീളം കാണാം. പഴയ കെട്ടിടങ്ങൾ പലതും ഹോട്ടലായി രൂപാന്തരം പ്രാപിച്ചിരിക്കയാണ്.

ബോട്ട് രാജകൊട്ടാരത്തിനും പഴയ നഗരമായ ഗാമ്ല സ്റ്റാൻ പ്രദേശത്തിനും പരിസരത്തുള്ള ജെട്ടിയിൽ അടുത്തു. കാഴ്ചകൾ ഇനി നടന്നു കാണാനായി തീരുമാനം. കൊട്ടാരം അതിഗംഭീരം. ബക്കിങ്ഹാം പാലസിനെ അനുസ്മരിപ്പിക്കുന്ന കൊട്ടാരത്തിനുള്ളിൽ സ്വീഡിഷ് രാജകുടുംബം പാർക്കാറുണ്ട്.

രാജ്യത്തലവൻ രാജാവാണ്. കൊട്ടാരമുറ്റത്ത് പാലസ് ഗാർഡ്. ബക്കിങ്‌ഹാമിൽ ചുവന്ന യൂണിഫോമണിഞ്ഞവരെങ്കിൽ ഇവിട യൂണിഫോം നീലയാണ്. പ്രതിമ പോലെയുള്ള നിൽപ്പുണ്ട്. അനുമതി ചോദിച്ച് അടുത്ത് നിന്നൊരു ചിത്രമെടുത്തു. കൊട്ടാരത്തിനകത്ത് ഈ സമയം പ്രവേശനമില്ല.

കോട്ടകൊത്തളങ്ങളിലൂടെ നടന്നു ചെന്നെത്തിയത് ഗാമ്ല സ്റ്റാൻ എന്ന പഴയ നഗരത്തിൽ. നിന്ന നിൽപിൽ പതിമൂന്നാം നൂറ്റാണ്ടിലെത്തിയപോലുണ്ട്. പഴമ നിലനിർത്താനുള്ള എല്ലാ പണികളും സർക്കാർ തന്നെ ചെയ്തു കൊടുത്തിരിക്കുന്നു. ഉത്തര ജർമൻ ആർകിടെച്റുള്ള കെട്ടിടങ്ങൾ ഹെറിറ്റേജ് സോണായി അംഗീകരിച്ച് സംരക്ഷിച്ചിരിക്കയാണ്. കല്ലു പാകിയ വീതി കുറഞ്ഞ റോഡുകൾ. ഇരു വശത്തും ഇപ്പോൾ കടകളാണ് കൂടുതലും. റസ്റ്ററൻറുകളും ഹോട്ടലുകളും പിന്നെ സോവനീർ ഷോപ്പുകളും.

ഇവിടുത്തെ പഴയ റസ്റ്ററൻറുകൾ പലതും നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്നവയാണ്. 1722 ൽ ആരംഭിച്ച ഡെൻ ഗ്ലൈദൻ ഫ്രീദെൻ റസ്റ്ററൻറിൻറെ മരബെഞ്ചിലിരുന്ന് ഒരു ബീർ നുണഞ്ഞു. പിന്നെ സോവനീർ ഷോപ്പിൽനിന്ന് സ്വീഡിഷ് വീരന്മാരായ വൈക്കിങ്ങുകളുടെ രണ്ടു പ്രതിമകൾ വാങ്ങി. കൊമ്പുള്ള ഒരു വൈക്കിങ് തൊപ്പി വാങ്ങണമെന്നുണ്ടായിരുന്നു. പാക്കിങ് ബുദ്ധിമുട്ടോർത്ത് വേണ്ടെന്നു വച്ചു. തെല്ലു മടിയോടെ പതിമൂന്നാം നൂറ്റാണ്ടിനോടു വിട പറഞ്ഞു മുഖ്യ റോഡിലേക്കുള്ള ഇടവഴിയേ നടന്നു.

അടുത്ത ദിവസം രാവിലെ സ്റ്റോക്കോം എയർ പോർട്ടിലേക്കുള്ള യാത്രയിൽ സ്വീഡന്റെ കൃത്യത അനുഭവിച്ചറിഞ്ഞു. എട്ടു മണിക്കായിരുന്നു ടാക്സി വേണ്ടിയിരുന്നത്. താമസിക്കേണ്ടല്ലോ, മുൻകരുതലാകട്ടെ എന്നു കരുതി പത്തു മിനിറ്റു മുമ്പേ ക്യാബ് പോരട്ടെയെന്നു റിസപ്ഷനിൽ പറഞ്ഞു. ക്യാബ് കൃത്യം 7.45 ന് എത്തി. 7.50 ആയപ്പോൾ മീറ്റർ ഓൺ ചെയ്തു. എട്ടു മണിയോടെ താഴെയെത്തി ക്യാബിൽ കയറാൻ തുടങ്ങുമ്പോൾ മീറ്ററിൽ 20 യൂറോ അധികമായി. കാരണം വെയ്റ്റിങ് ചാർജ്. മിനിറ്റിനു രണ്ടു യൂറോ. എല്ലാവർക്കും സമത്വമുള്ള സ്വീഡനിൽ ഒരു ക്യാബ് ഡ്രൈവറും ഡിക്കി തുറക്കാനോ പെട്ടിയെടുക്കാനോ സഹായിക്കില്ല. വണ്ടി നിർത്തും സീറ്റിലിരിക്കും. ഡിക്കി തുറന്ന് പെട്ടിയെടുത്തു പോകേണ്ട ബാധ്യത നമുക്കാണ്.

© Copyright 2017 Manoramaonline. All rights reserved....
ചെന്നൈ-കൽക്കട്ട ഹൈവേ വഴി വൈസാഖിലേക്ക്...