വശ്യമോഹിനി യന്ത്രം

സമ്പൂർണ്ണ നോവൽ - ജോസ് പനച്ചിപ്പുറം

ഒന്ന്
ആരെയും മോഹിപ്പിക്കുന്ന, അല്ലെങ്കിൽ വശീകരിക്കുന്ന പരസ്യമാണ്.
വശ്യമോഹിനി യന്ത്രം എന്നു തലക്കെട്ട്.
വശീകരണ ശാസ്ത്രത്തിന്റെ അവസാന വാക്ക്, വശ്യമോഹിനി യന്ത്രം.
ഈ ഏലസ് ധരിക്കുന്നയാളിന്റെ ആഗ്രഹങ്ങൾ മറികടക്കാൻ ആർക്കും കഴിയില്ല.

ഇതു ധരിച്ചാല്‍ കണ്ണുകൾക്ക് അത്യസാധാരണമായ ആജ്ഞാ ശക്തിയും ആകർഷണവും കൈവരുന്നു. മറ്റുള്ളവർക്കു കാണാൻ കഴിയാത്ത അതിസൂക്ഷ്മ വസ്തുക്കൾപോലും കാണാനുള്ള സിദ്ധി ഈ ഏലസ് സമ്മാനിക്കുന്നു.
ഈ വശ്യത്തിനു മുന്നിൽ സ്ത്രീയും പുരുഷനും നിസ്സഹായരായി വീണുപോകും. ഈ ഏലസ് ധരിക്കുന്നയാളിന്റെ ഇംഗിതങ്ങൾക്കു തടസ്സം നിൽക്കാൻ ഒരു ശക്തിക്കുമാവില്ല.

കാര്യസാധ്യം, സാമ്പത്തികനേട്ടം, ശത്രുവിജയം, ഗൃഹൈശ്വര്യം, ആയുരാരോഗ്യം, മോഹസാക്ഷാത്കാരം എന്നിവയ്ക്കെല്ലാം അത്യുത്തമം.
ഹിമാലയ പര്‍വതനിരകളിൽനിന്നുള്ള അപൂർവ പച്ചമരുന്നുകൾ ചേർത്ത് മന്ത്രതന്ത്ര വിധിയനുസരിച്ച് ‍‍ഋഷി നിർദ്ദേശപ്രകാരം തയാറാക്കിയത്.
നേരിൽ കാണുന്നതിന് ഫോണിൽ ബന്ധപ്പെടുക.

എത്രയോ തവണയായി പരസ്യം കാണുന്നു.
ഫോൺ നമ്പർ കുറിച്ചുവച്ചതുമാണ്.
ഒന്നു വിളിച്ചുനോക്കണം; പോയി നോക്കിയാല്‍ ഒരുപക്ഷേ, ഇതിലെ തട്ടിപ്പുകളെപ്പറ്റി ഒരു പരമ്പര തന്നെ പത്രത്തില്‍ എഴുതാൻ കഴിഞ്ഞേക്കും.

വിവരം പറഞ്ഞപ്പോൾ നല്ലൊരു ഫീച്ചറിനു വകയുണ്ടല്ലോ എന്ന് എഡിറ്ററുടെ പിന്തുണ കിട്ടുകയും ചെയ്തു.
രാഹുകാലം ഒഴിവാക്കി സ്വന്തം ലേഖകന്‍ വശ്യമോഹിനിയെ വിളിച്ചു.
ഹലോ––
വശ്യമോഹിനി യന്ത്രമായതുകൊണ്ടാവാം, മോഹനമായ ശബ്ദമാണ്; സ്ത്രീശബ്ദം:
വശ്യമോഹിനി മഹാശ്രമത്തിലേക്കു സ്വാഗതം. എന്നാണ് വരാൻ ഉദ്ദേശിക്കുന്നത്?
എത്രയും വേഗം എന്നാണ് ആലോചന.
ഏതു ദിവസവും രാവിലെ ഏഴുമണിക്കും ഏഴ് അൻപതിനും ഇടയിൽ വരാം; ഞായറാഴ്ച ഒഴികെ. തണുത്ത വെള്ളത്തിൽ കുളിച്ചു ശുദ്ധമായി വരണം.
കുളി കഴിഞ്ഞ് 20 മിനിറ്റിനകം എത്തണം.
അതു ബുദ്ധിമുട്ടാവുമല്ലോ.

രാവിലെ കുളിച്ചുവരാൻ സാവകാശം കിട്ടാത്തവർക്കായി ആശ്രമത്തിൽ സ്നാന സൗകര്യങ്ങളുണ്ട്. ആ സൗകര്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്യാം. സ്വയം സ്നാനത്തിന് ആയിരത്തിഒരുനൂറ്റി പതിനൊന്നു രൂപ. സഹസ്നാനത്തിന് അയ്യായിരത്തി അഞ്ഞൂറ്റി അന്‍പത്തഞ്ച്.

സഹസ്നാനമെന്നു വച്ചാൽ...?
എന്നുവച്ചാൽ, മന്ത്രോച്ചാരണങ്ങളോടെ മറ്റൊരാൾ കുളിപ്പിക്കുന്ന കർമം. നൂറ്റൊന്നു വെന്ത ദശമൂലങ്ങൾ ചേർന്ന വെള്ളത്തിലാണു കുളി. ആ കുളിക്കു ശേഷം ഏലസ് ധരിക്കുന്ന പക്ഷം വശ്യം തീവ്രവും തീർച്ചയുമാണ്.

ഇവിടെവന്ന് കുളിക്കാനാണെങ്കിൽ ഏഴുമുതൽ ഏഴ് അൻപതുവരെ എന്ന സമയത്തിൽ മാറ്റം വരുത്താം. നിങ്ങൾക്കു സൗകര്യമുള്ള സമയം പറഞ്ഞാൽ ആ സമയത്ത് മാന്ത്രിക സ്നാനം ഏർപ്പാടാക്കാം. ‌

മാന്ത്രിക സ്നാനത്തിനുശേഷം കെട്ടുന്ന ഏലസുകൾക്കാണ് വശ്യം കൂടുതലായി കണ്ടുവരുന്നത്.
മാന്ത്രിക സ്നാനത്തിന് വല്ല ഡിസ്കൗണ്ടും?
സ്നാനത്തിന് ഡിസ്കൗണ്ടില്ല. പച്ചമരുന്നുകൾക്ക് വലിയ വിലയാണെന്നറിയാമല്ലോ. നൂറ്റൊന്നു വെന്ത ദശമൂലാദി സ്നാനം കഴിഞ്ഞാൽ പിന്നീടൊരിക്കലും ഒരു ത്വക് രോഗവും വരുമെന്നു പേടിക്കണ്ട.
പിന്നെ, ദശമൂലാദിസ്നാനം കഴിഞ്ഞ് ഏലസ് സ്വീകരിക്കുന്നവർക്ക് അതിന്റെ വിലയിൽ കുറവുണ്ടാവും.

എത്രയാണ് സാധാരണ വില?
അന്‍പത്തയ്യായിരത്തി അഞ്ഞൂറ്റി അന്‍പത്തഞ്ചു രൂപയാണ് ഏലസിന്റെ യഥാർഥ വില. ദശമൂലാദി സ്നാനം കഴിഞ്ഞവർക്ക് നാല്‍പത്തിനാലായിരത്തി നാനൂറ്റി നാല്‍പത്തിനാല് രൂപ മതി.
44444 + 5555 = 49999 രൂപ.
ഏലസ്ധാരണച്ചടങ്ങിനുശേഷമുള്ള ലഞ്ച് ഉൾപ്പെടെയാണ് സർ.
ലഞ്ച് ഒഴിവാക്കിയാൽ?
ലഞ്ച് ഏലസ് ധാരണത്തിന്റെ ഭാഗമാണല്ലോ. ഏലസ് ധരിച്ചതിനുശേഷം പ്രത്യേകം തയാർ ചെയ്ത വെജിറ്റേറിയൻ ഭക്ഷണം കഴിച്ചാൽ വശ്യമോഹിനിയുടെ ശക്തി പിന്നെയും കൂടും.

നമ്മുടെ ലഞ്ച് വേണ്ടെന്നുവച്ച് നോൺ വെജിറ്റേറിയൻ കഴിക്കുന്നതുകൊണ്ടുതന്നെ ചിലർക്ക് ഏലസ് ഫലിക്കാതെ വരുന്നുണ്ട്.
ഏലസ് ധരിക്കുന്നതോടെ വെജിറ്റേറിയനാകണോ?

അങ്ങനെയല്ല സർ. വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ ആകാം. എന്നാലും ഏലസിനു തൊട്ടുപിന്നാലെ വെജിറ്റേറിയൻ ഭക്ഷണമാണു നല്ലത്. ഏലസിനു ശേഷം കടുത്ത നോൺ വെജിറ്റേറിയനും മദ്യപാനവും ചിലപ്പോൾ കാമവശ്യംകൂടിപ്പോകാനിടയാക്കിയേക്കും.
എന്നുവച്ചാല്‍....?
എന്നുവച്ചാല്‍, കാമവശ്യം കൂടിപ്പോയതുകൊണ്ട് പല കുഴപ്പങ്ങളില്‍ ചെന്നു ചാടിയ കേസുകളുണ്ട്. അതിലൊന്നും മോഹിനി മഹാശ്രമത്തിന് ഉത്തരവാദിത്തമില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ന്യായമായ നോൺ വെജിറ്റേറിയൻ കഴിക്കാം അല്ലേ?

ഏലസ് ധാരണം കഴിഞ്ഞു പോകുമ്പോൾ വെജിറ്റേറിയൻകാർക്കും നോൺ വെജിറ്റേറിയൻകാർക്കും പ്രത്യേക ഭക്ഷണക്രമം കുറിച്ചുതരും. അതു കൃത്യമായി പാലിക്കേണ്ടതാണ്. അല്ലെങ്കിൽ വശ്യമോഹിനിയുടെ പ്രവർത്തനം തടസ്സപ്പെടാം.

ഏലസിന്റെ ഗുണം കിട്ടാൻ വല്യ പഥ്യങ്ങളാണല്ലോ. വലിയ ബുദ്ധിമുട്ടാകും.

അങ്ങനെയല്ല സർ. ഓരോ ശാപത്തിനും ശാപമോഷ വഴികളുള്ളതുപോലെ പഥ്യപ്പിഴയുണ്ടായാൽതന്നെ അതു ക്രമപ്പെടുത്താനുള്ള വഴികളുമുണ്ട്. അതൊക്കെ നേരിൽ വരുമ്പോൾ പറഞ്ഞുതരും. അതൊന്നും ഫോണിൽ പറഞ്ഞുകൂടാത്തതാണ്.

ശരി.
വരുന്ന തീയതി പറയാമോ സർ?
പന്ത്രണ്ടിന്; ശനി.
ഉച്ചയ്ക്കുമുൻപു വരുമോ സർ? ഉച്ചഭക്ഷണം ഇവിടെത്തന്നെയാണല്ലോ.
അങ്ങനെയാവട്ടെ.
ഫോൺ വയ്ക്കല്ലേ സർ. ഈ കൺസല്‍ട്ടേഷന് ചെറിയൊരു ഫീസുണ്ട്. അതു ബില്ലിൽ ചേർക്കാമോ?
എത്രയാ ഫീസ്?
ആയിരത്തി ഒരുനൂറ്റി പതിനൊന്നു രൂപ, സർ.
ഞാൻ വന്നില്ലെങ്കിലോ?
വശ്യപ്രകാരം സാർ വരും. വരുമെന്നുതന്നെ ഞങ്ങൾക്കറിയാം; എനിക്കറിയാം.

അരഞ്ഞാണത്തിന്റെ ഞാലിക്കിലുക്കംപോലൊരു ചിരിയിൽ അപ്പുറത്തെ ഫോൺ ഡിസ്കണക്ടായി.
അങ്ങനെ മൊത്തം 51110 രൂപ.

ഇനി വേറെ വല്ലതുമൊക്കെയുണ്ടാവുമോ എന്ന് അവിടെ എത്തിയാലേ അറിയൂ.

ഇത്ര പണം കൊടുത്ത് ഏലസ് വാങ്ങാൻ പോകുന്നവർ അത്രയേറെ ഉണ്ടാവില്ലെന്നു തീർച്ച. പക്ഷേ, എല്ലാ ആഴ്ചയിലും പരസ്യം ചെയ്യണമെങ്കിൽ നല്ല കാശു കിട്ടുന്നുണ്ടാവണം.
വശ്യമല്ലേ വിഷയം.
ആളുകൾ വീഴും; വീണുപോകും.

ഫോണിലേക്ക് ഭാരമുള്ളതെന്തോ വന്നു വീഴുന്നതുപേലെ.

നോക്കുമ്പോൾ വശ്യമോഹിനിയിലേക്കുള്ള വഴിയാണ്. എസ്എംഎസ്.
ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽനിന്നു തുടങ്ങുന്ന റോഡിൽ ഒരു കിലോമീറ്റർ പോകുമ്പോൾ വലിയൊരു നാലുകെട്ടു കാണാം.
അതോടു ചേര്‍ന്നുള്ള ചെറു റോഡ് അവസാനിക്കുന്നിടത്ത് വശ്യമോഹിനി മഹാശ്രമം.

വശ്യം എത്ര പ്രൊഫഷനൽ!
ലേഖന പരമ്പരയൊന്നുമുണ്ടായില്ലെങ്കിപോലും പോകുക തന്നെ. നേരിട്ടറിയാമല്ലോ. 51110 രൂപ ഓഫീസിൽനിന്നു കിട്ടേണ്ടതാണ്; അന്വേഷണാത്മകത്തിന്റെ ചെലവ്...

പരമ്പരയുണ്ടായില്ലെങ്കിൽ കാശ് കയ്യിൽനിന്നു പോകും.
വശ്യമോഹിനി ഏലസ് കെട്ടിക്കഴിഞ്ഞാൽ ഓഫിസില്‍ ബിൽ സമര്‍പ്പിക്കുമ്പോള്‍ വശ്യം പ്രവര്‍ത്തിക്കും. കാര്യസാധ്യം; മോഹസാക്ഷാത്കാരം. എല്ലാം ഉണ്ടാവണം.

കലണ്ടറിലേക്കു നോക്കുമ്പോള്‍ പന്ത്രണ്ട് എന്ന തീയതിക്ക് വല്ലാത്തൊരു മാന്ത്രികത്തിളക്കം; ഇളക്കം.

രണ്ട്

മാധവിയെ വിളിച്ചില്ല.
വിളിക്കാതിരിക്കുകയാണ് നല്ലത്.
സ്വന്തം ലേഖകന്റെ സ്വന്തം രഹസ്യമായാല്‍പോലും മാധവിക്കു സൂക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
അല്ലെങ്കിലും, ആരെയും വശീകരിക്കാന്‍പോന്ന വശ്യമോഹിനി തേടിപ്പോകുന്നു എന്നു പറഞ്ഞാല്‍ എന്റെ വശ്യം പോരേ എന്നു ചോദിച്ചുകളയും അവള്‍.
വശ്യമോഹിനിയാത്ര ആരും അറിയാതിരിക്കുകയാണ് നല്ലത്.
പരമ്പര പത്രത്തില്‍ വന്നു തുടങ്ങുമ്പോഴേ വായനക്കാര്‍ അറിയാവൂ.
അല്ലെങ്കിലും ഇപ്പോഴത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ വയ്യ.

ട്രെയിനിലിരുന്ന് സ്വന്തം ലേഖകന്‍ ആലോചിച്ചത് വശ്യമോഹിനിയെപ്പറ്റി മാത്രമാണ്. എല്ലാം വിചാരിച്ചതുപോലെ നടന്നാല്‍ ഞെട്ടിക്കുന്ന പരമ്പരയായിരിക്കും.
ക്യാമറ കരുതിയിട്ടുണ്ടെങ്കിലും ചിത്രമെടുപ്പ് നടക്കുമോ എന്നറിയില്ല.

വശ്യമോഹിനിയുടെ മോഹവഴികൾ എന്നാവാം പരമ്പരയുടെ തലക്കെട്ട്.

ഏലസിന്റെ വശ്യബലം കൂടിയുണ്ടെങ്കിൽ വായനക്കാർ പരമ്പരയ്ക്കു മുന്നിൽ അടിയോടെ വീഴും.
ഒരുപക്ഷേ, പത്രപ്രവർത്തന ചരിത്രത്തിൽ ഏലസിന്റെ വശ്യത്തിൽപ്പെട്ട് വായനക്കാർ വായിക്കുന്ന ആദ്യ പരമ്പരായവും ഇത്.

റെയിൽവേ സ്റ്റേഷനിലിറങ്ങി കാപ്പികുടിച്ചു.
എവിടെയാ ചേട്ടാ ടെലിഫോൺ എക്സ്ചേഞ്ച് എന്ന ചോദ്യത്തിന് ഹോട്ടലുകാരൻ മേശപ്പുറത്ത് ആഞ്ഞടിച്ച ചില്ലറയ്ക്കുമേലാണ് ഉത്തരമിട്ടത്; കണ്ണുകള്‍കൊണ്ടൊരു 90 ഡിഗ്രി കോണ്‍ വരച്ച്.

ഒരു വളവു തിരിഞ്ഞാൽ, കോപ്പറേറ്റീവ് ബാങ്ക്. അതിനപ്പുറത്ത് എക്സ്ചേഞ്ച്.
താങ്ക് യു.

എക്സ്ചേഞ്ചിനു മുൻപിൽ ഒരേയൊരാളെ കാത്തുകിടക്കുന്നതുപോലെ ഒരേയൊരു ഓട്ടോറിക്ഷ. ഉവ്വ്, നേരെ മുൻപിൽനിന്ന് ആളില്ലാതെ തിരിഞ്ഞു നടക്കുന്ന വഴി കാണാം.

ഓട്ടോയിൽ കയറി. ദാ, ഇതിലേ എന്നു പറയുമ്പോൾ പിന്നിലേക്കൊന്നു തിരിഞ്ഞ് വശ്യമോഹനമായി ചിരിച്ചു അയാൾ.
സാറേ, റിട്ടേൺ കിട്ടുകേല. നൂറുരൂപ വേണ്ടിവരും.
ഒരു കിലോമീറ്ററിനു നൂറുരൂപയോ?
വല്ലപ്പോഴുമേ ഓട്ടമുള്ളു സർ. പിന്നെ ഏലസിനു വരുന്നുവർക്കുള്ള സ്പെഷൽ റേറ്റാ നൂറ്.

ശ്ശോ, ഇയാൾക്കുപോലുമറിയാം മനസ്സിലിരിക്കുന്ന വശ്യമോഹന സ്വപ്നം.
ഇയാളുടെ അരയിലും ഒരു വശ്യമോഹിനി ഉണ്ടായിക്കൂടെന്നില്ല.
ആ വശീകരണത്തിലാവും ഓട്ടോയില്‍ ആളുകള്‍ വന്നു നിറയുക.
ഉള്ളവനും ഇല്ലാത്തവനും എന്നത് ഇവിടെ വശ്യമോഹിനി യന്ത്രത്തിന്റെ കാര്യത്തിലാവും.
അരയില്‍ യന്ത്രമുള്ളവന്‍ ആരെപ്പേടിക്കാന്‍?
നാണക്കേടായല്ലോ എന്നു വിചാരിക്കാനൊന്നുമില്ല. ഇവിടെ നാണമായാലും നാണക്കേടായാലും അരയിലൊതുങ്ങും.
ഇതൊരു തൊഴില്‍ ദൗത്യം. വശ്യമോഹിനി അസൈൻമെന്റ്.
പോട്ടെ.

ഓട്ടോറിക്ഷയ്ക്ക് ഒരു കുണുക്കമുണ്ട്. ഏലസ് അന്വേഷികളെയും ഏലസ് ധാരികളെയും കയറ്റിയിറക്കി, മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും ന്യായപ്രകാരം ഒരു അര മാന്ത്രികതയെങ്കിലും ഇതില്‍ വീണുകിടപ്പുണ്ട്.

ഓട്ടോ വശ്യം.
ഏതോ കടങ്കഥയില്‍ നിന്നിറങ്ങി നില്‍ക്കുന്നതുപോലെ മുന്‍പില്‍ നാലുകെട്ട്. നാലുകെട്ടിന്റെ വശത്തുകൂടി.....അങ്ങനെ..
ദാ, ഇവിടെ സര്‍ എന്ന അയാളുടെ പ്രഖ്യാപനത്തില്‍ ഒരു കളിയാക്കല്‍ ഛായയുണ്ട്. ഇല്ലേ?

ഓട്ടോയില്‍നിന്നിറങ്ങുമ്പോള്‍ ആദ്യ കാഴ്ചയുടെ ഫ്രെയിമില്‍ നിറയുന്നത് ഒരാനയാണ്. ചെവിയങ്ങനെ ആടുന്നതുകൊണ്ടുമാത്രം പ്രതിമയല്ലെന്നു മനസ്സിലാവും.
ആനയുടെ കണ്ണില്‍ ആനവലുപ്പത്തിനു ചേരാത്ത ഒരു കുസൃതിച്ചിരിയുണ്ട്.
ഞാന്‍ കണ്ടേ എന്നൊരു ഭാവം.
ബാഗ് തുറന്ന് ക്യാമറ എടുക്കാമെന്നു വച്ചാല്‍, പരിസരത്ത് എവിടെയെങ്കിലും നിന്ന് ആരെങ്കിലും കാണുന്നുണ്ടോ എന്നൊരു സംശയം.
വേണ്ട. തുടക്കത്തിലേ ശകുനപ്പിഴ വേണ്ട.

ആനക്കൊമ്പുകളില്‍ ചായമടിച്ചിട്ടുണ്ട്.
അതു വേണ്ടിയിരുന്നില്ല. ജെയിംസ് ബോണ്ട് സിനിമയില്‍ റിവോള്‍വറിന് ശിവകാശിച്ചായമടിച്ചാല്‍ എങ്ങനെയിരിക്കും?
അപ്പോള്‍ അതു വെറും കളിത്തോക്കായിത്തീരുന്നു.
അപസര്‍പ്പകം അടിയോടെ പൊളിയുന്നു.
നിവൃത്തിയില്ലാതായിപ്പോയില്ലേ എന്നൊരു സങ്കടം ആനക്കണ്ണിലുണ്ട്.

ആനയുടെ സ്വന്തം ആനന്ദത്തിനു മുകളില്‍ ആരുടെയോ ആനന്ദം കയറി നിറംകൊടുത്തു.
ചെവിയാട്ടത്തിന്റെ താളം പെട്ടെന്നു മാറി; ആനദേഹംതന്നെ ആട്ടം ഏറ്റെടുത്തു.
വരൂ, വരൂ എന്നൊരു ക്ഷണം ആനയെ നൂഴ്ന്നിറങ്ങി വരുന്നതുപോലെ.
നടന്നുവരുന്നത് കാറ്റിലാടിപ്പറന്നേ പോകാവുന്ന ഒരു പെണ്‍കുട്ടി.
പോസ്റ്ററില്‍നിന്നിറങ്ങിവരുന്നതുപോലെ അച്ചടി വടിവില്‍ അവള്‍ കൈകൂപ്പി:
വശ്യമോഹിനി മഹാശ്രമത്തിലേക്കു സ്വാഗതം.
എവിടെയോ ഒരു മണി മുഴങ്ങി; ആന തുമ്പിക്കൈയുയര്‍ത്തി ഉച്ചത്തില്‍ മന്ത്രോച്ചാരണം നടത്തി.
മഹാശ്രമം പഴയൊരു വീടാണ്.
വീണ്ടുവിചാരത്തില്‍ പിന്നീടു പണിതീര്‍ത്തതുപോലൊരു കാര്‍പോര്‍ച്ച്. പഴക്കംചെന്ന ആള്‍മറയുടെ വൃത്തംകൊണ്ടു ഭദ്രമായ കിണര്‍ ചുറ്റിയേ ഏതു വാഹനത്തിനും പോര്‍ച്ചില്‍ കയറാനാവൂ.
വരാന്തയിലേക്കു കയറുമ്പോള്‍ ആതിഥേയ കൈനീട്ടിയില്ലെന്നേയുള്ളു.
ബാഗ് തരൂ.
വേണ്ട.
വരാന്തയില്‍ മാന്ത്രികപ്പശയിട്ടു നിര്‍ത്തിയതുപോലൊരു നിശ്ശബ്ദത ബലംപിടിച്ചുനിന്നു.
സൗമ്യമായ കണ്ണുകളുള്ള ഒരു വെള്ളപ്പൂച്ച വരാന്തയില്‍ വന്നുനോക്കി വരൂ എന്നു വാലാട്ടി അകത്തേക്കു മന്ദം നടന്നു.
സംസ്കൃതത്തിലെഴുതിയ എന്തോ ഒരു സൂക്തം മരച്ചുവരിലിരുന്ന് സന്ദര്‍ശകരെ വായിക്കുന്നു.
സംസ്കൃതമോ ഹിന്ദിയോ?
സംസ്കൃതം തന്നെയാവും. ഈ അന്തരീക്ഷത്തിനു പറ്റിയത് സംസ്കൃതപ്പഴമയാണ്.
വരാന്തയുടെ വക്കില്‍ ഒരു വാല്‍ക്കിണ്ടിയിരുന്നു ചിരിച്ചു.
ആരുടെയോ കൈപ്പെരുമാറ്റത്തിന്റെ സാന്നിധ്യം കിണ്ടിയുടെ വാലറ്റംവരെ തിളങ്ങി.
കിണ്ടിവാലിലിരുന്ന് ഒരു കണ്ണ് എല്ലാം കാണുന്നുണ്ട്.

– – – വാല്‍ക്കിണ്ടിയാണ് മഹാശ്രമത്തിന്റെ അടയാളമുദ്ര. കിണ്ടിയില്‍ നമ്മുടെ പൈതൃക വിധികള്‍ വാലിട്ടു നില്‍ക്കുന്നുവെന്നാണ് ഗുരുജി പറയുക.
കിണ്ടി നിറഞ്ഞിരിക്കുമ്പോള്‍ വാലും നിറഞ്ഞിരിക്കും. കിണ്ടിയിലെയും വാലിലെയും ജലനിരപ്പു സമമായിരിക്കുന്നതുപോലെ മനസ്സിനകത്തും പുറത്തും ഒരുപോലെ പരമമായ സമാധാനം വന്നുനിറയണം. അതാണ് വശ്യമാഹിനി മഹാശ്രമം വാഗ്ദാനം ചെയ്യുന്നത്.....
അവളുടെ നയപ്രഖ്യാപനത്തില്‍ പക്ഷേ, തെല്ലു കൃത്രിമമുണ്ടെന്ന തോന്നല്‍ എല്ലാ സ്വന്തം ലേഖകര്‍ക്കും അനുവദിച്ചു കിട്ടിയിട്ടുള്ള അവിശ്വാസ മനോനിലകൊണ്ടാവാം.
വരൂ എന്നുപറഞ്ഞ്, വശ്യമോഹനമായി മന്ദഹസിച്ച്, അവള്‍ അകത്തേക്കു നടന്നു.
പിന്നാലെ പോകാതിരിക്കാന്‍ വയ്യ.
വശ്യമോഹിനി പുറത്തല്ല, അകത്തു തന്നെയാണല്ലോ.


മൂന്ന്

മുറി അത്ര വലുതല്ല.
രാമച്ചത്തിന്റെ സുഗന്ധമുണ്ട്.
മെല്ലെ മെല്ലെ മറ്റുചില ആയുര്‍വേദ ഗന്ധങ്ങള്‍കൂടി കടന്നുവന്ന് ചുറ്റിനടന്നു.
നാലു കസേരകളാണ് മുറിയിലുള്ളത്.
പഴമ കൊത്തിയ തടിക്കസേരകൾ. ചുവന്ന കുഷൻ പക്ഷേ, പഴമയെ നോക്കിച്ചിരിച്ച്, മാറിനിന്നു.
തടിച്ചുവരിൽ ഫ്രെയിം ചെയ്തു വച്ച ചിത്രത്തിലിരുന്ന് ഒരാള്‍ നീണ്ട മൂക്കുകൊണ്ടു നോക്കുന്നു.
മൂക്കിനു സ്വാതന്ത്ര്യം ലഭിക്കാന്‍വേണ്ടി കട്ടിഫ്രെയിമുള്ള കണ്ണടകൊണ്ട് കണ്ണു മറച്ചിരിക്കുന്നു.
നാലു കസേരളിൽ ഒന്നിൽപോലും ആളില്ല.
ഏകാംഗ സ്വാഗതസംഘത്തിലെ പെണ്‍കുട്ടി എവിടെയോ അലിഞ്ഞുപോയി.
പകരം, പച്ചയില്‍ വെള്ളപ്പൂക്കളുള്ള ചുരിദാറിൽ ആയുർവേദവിധിപ്രകാരം നിറഞ്ഞുനിന്ന പെൺകുട്ടി ആതിഥേയയായി.

ഇവിടെ ഇരിക്കുക; ഉടനെ വിളിക്കും എന്നു പറഞ്ഞ് അവള്‍ ഒരു കാറ്റുപോലെ മാഞ്ഞു.
അതു വളരെ ശരിയായിരുന്നു.
പെട്ടെന്നുതന്നെ വിളി വന്നു.
വീണ്ടും അവള്‍ പ്രത്യക്ഷപ്പെട്ടു.
വരൂ––
ചുവരിലെ കാണാവാതില്‍ തുറക്കുകയായി.

വീണ്ടും ചെറിയൊരു മുറി.
ഇവിടെ വെളിച്ചം കൂടുതലുണ്ട്.
തടിച്ചുവരല്ല.
പെയിന്റിന് ഇളംനീല നിറം.
ആദ്യം കാണുന്നത് ചുവരില്‍ പതിച്ച രണ്ടു വാളുകളും നടുക്കൊരു പരിചയും.
പരിചയില്‍ വാല്‍ക്കിണ്ടിയുടെ മുദ്ര എഴുന്നുനില്‍ക്കുന്നു.
മുറിയില്‍ കമ്പ്യൂട്ടറുണ്ട്; പ്രിന്ററുണ്ട്. കറന്‍സി എണ്ണുന്ന യന്ത്രം മറച്ചുവച്ചിട്ടില്ല.

മുന്‍പില്‍ നടന്ന പെണ്‍കുട്ടി ഒരു യാത്രയുടെ തുടര്‍ച്ചപോലെ നടന്നുപോയപ്പോള്‍ മഹാശ്രമത്തിലെ ആദ്യപുരുഷ ശബ്ദം പൊട്ടിവീണു:
ഇരിക്കൂ.
ബില്ലെഴുതാമോ?
കംപ്യൂട്ടറിനു മുന്‍പിലിരുന്ന അയാള്‍ തലയുയര്‍ത്തുന്നില്ല. മുഖത്ത് ആരും നോക്കാന്‍ അയാള്‍ ഇഷ്ടപ്പെടാത്തതുപോലെ.

എല്ലാംകൂടി എത്രയാ?
അതു പറഞ്ഞല്ലോ – 51110
എഴുതാം.
കാഷാണോ കാര്‍ഡാണോ?
കാഷ് ആവാം.
നിമിഷങ്ങള്‍ക്കകം ബില്ല് പ്രിന്ററില്‍നിന്നു പുറത്തുവന്നു.

പണംവാങ്ങി യന്ത്രത്തിലെണ്ണി, മേശവലിപ്പില്‍ ഒതുക്കിവച്ച് അയാള്‍ മുന്നോട്ടാഞ്ഞിരുന്നു വിശദീകരിച്ചു:
ഇന്നത്തെ ആദ്യ കസ്റ്റമറാണു നിങ്ങള്‍. വശ്യമോഹിനി ഏലസിന്റെ നടപടിക്രമം പറയാം.
നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ ആദ്യം കുളി. ദശമൂലാദി സന്നിവേശിപ്പിച്ച ഔഷധ ജലത്തിലാണു കുളി.

നിങ്ങള്‍ അകത്തേക്കു കടക്കുമ്പോള്‍ ആദ്യം ഡ്രസിങ് റൂം കാണും. അവിടെ ബാഗ് സൂക്ഷിക്കാം. വസ്ത്രങ്ങള്‍ അവിടെ അഴിച്ചുവച്ച്, വലതുവശത്തെ ഇടനാഴിയിലേക്കു കടക്കുമ്പോള്‍ സ്നാനയിടങ്ങള്‍ കാണാം.
എ, ബി, സി, ഡി, എന്നിങ്ങനെ നാലു കുളിമുറികള്‍. ഇന്നത്തെ ആദ്യ കസ്റ്റമര്‍ എന്ന നിലയില്‍ നിങ്ങള്‍ക്കുള്ളത് എ.

അവിടെ ഷവറില്‍നിന്നു വരുന്നത് മുന്‍പു പറഞ്ഞ ഔഷധ ജലമാണ്; ഔഷധ സോപ്പും ഉണ്ടാവും.
തേച്ചുകുളിപ്പിക്കാന്‍ സഹായി വരും. സഹായിക്കുള്ള ഫീസ് നിങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാലും, കുളിപ്പിക്കല്‍ ഇഷ്ടപ്പെട്ടാല്‍ ടിപ് കൊടുക്കുന്നതില്‍ തെറ്റില്ല. അത് അവര്‍ക്കുതന്നെ നേരിട്ടു കൊടുത്താല്‍ മതിയാവും.

എത്രയാ സാധാരണ ടിപ്?

അങ്ങനെയൊന്നുമില്ല. ഓരോരുത്തരുടെയും തൃപ്തിയനുസരിച്ച് കൊടുക്കും. അവര്‍ വിലപേശുകയൊന്നുമില്ല, കേട്ടോ.
കുളിമുറിയിലേക്കു പോകുമ്പോള്‍ പഴ്സ്കൂടി എടുക്കണം എന്നു ചുരുക്കം.

കുളി കഴിഞ്ഞാല്‍ നേരെ ഏലസ് മുറിയിലേക്ക്. അതു ഹെല്‍പ്പര്‍ കാണിച്ചുതരും.

ഏലസ് എവിടെയാണു കെട്ടുന്നതെന്നു നിങ്ങള്‍ ചോദിച്ചില്ലല്ലോ.
ഇല്ല.
അരയിലാണു കെട്ടുക. കെട്ടിക്കഴിഞ്ഞാല്‍ തെല്ലു വിശ്രമം.

അതുകഴിഞ്ഞ് ഡ്രസിങ് റൂമില്‍ മടങ്ങിയെത്തി വസ്ത്രം ധരിച്ച്, ഭക്ഷണത്തിനു പോകാം.

ഇനി കുളിക്കുകയല്ലേ?
ആവാം.
എവിടെയോ ഒരു മണി മുഴങ്ങി; സംഗീതത്തിന്റെ കിന്നരിവച്ച മണിനാദം.

മറ്റൊരു വാതിലാണ് ഇപ്പോള്‍ തുറക്കുന്നത്.
അതിലേക്കു കാലെടുത്തു വച്ചതും, പിന്നില്‍ വാതിലടഞ്ഞു.

തൊട്ടുമുന്‍പില്‍ ബോര്‍ഡുണ്ട് : ഡ്രസിങ് റൂം.
ഇടനാഴിക്കിരുവശവും ഒരുക്കിയ ചെറു മുറികളുടെ സ്വകാര്യത.

ഡ്രസ് അഴിച്ചുവയ്ക്കാന്‍ വൃത്തിയുള്ള കബോര്‍ഡുകള്‍.
ചുവരില്‍ ആണിയടിച്ചുവച്ച നിര്‍ദ്ദേശങ്ങള്‍:

മുഴുവന്‍ വസ്ത്രങ്ങളും ഇവിടെ അഴിച്ചുവയ്ക്കുക. സ്നാന സഹായിക്കു ടിപ് കൊടുക്കണമെങ്കില്‍ അതിനുള്ള പണം മാത്രം കയ്യില്‍ കരുതുക. ബാഗും മറ്റു സ്വകാര്യ വസ്തുക്കളും ഇവിടെ സുരക്ഷിതമായിരിക്കും. ഇത് വശ്യമോഹിനി മഹാശ്രമം നല്‍കുന്ന ഉറപ്പാണ്.

മുറിക്കു പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ നഗ്നനാണെന്നു വിചാരിക്കാതിരിക്കുക. നിങ്ങളുടെ ശരീരം വശ്യമോഹിനി യന്ത്രം സ്വീകരിക്കാനുള്ള അസംസ്കൃത വസ്തു മാത്രമാണ്.

രണ്ടും കല്പിച്ചിറങ്ങിയതാണ്; മുന്നോട്ടുതന്നെ പോകാം.
പക്ഷേ, ഈ അനുഭവങ്ങള്‍ പത്രവായനക്കാരുടെ മുന്‍പാകെ എങ്ങനെ എഴുതിവയ്ക്കും എന്നതൊരു മനഃപ്രയാസമാണ്.
വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുവയ്ക്കുമ്പോള്‍, നിലക്കണ്ണാടിയില്‍ തെളിയുന്നത് മറ്റാരുടെയോ ശരീരമാണെന്നു തോന്നി.
ഇടനാഴിയിലിറങ്ങി വലതുവശത്തേക്കു നോക്കുമ്പോള്‍തന്നെ എ, ബി, സി, ഡി മുറികള്‍ കാണാം.
എയുടെ വാതില്‍ക്കലേക്ക് നാലുചുവടു മതി.
വാതില്‍ തുറന്ന് അകത്തു കയറിയതും വാതില്‍ക്കല്‍ മുട്ടുകേട്ടു.

മേ ഐ കമിന്‍ സര്‍?

സ്നാന സഹായിയാവും. സ്ത്രീ ശബ്ദമാണ്.

വരൂ–
എന്നു പറഞ്ഞോ, അതോ പറയാന്‍ വിചാരിച്ചതേയുള്ളോ?
അകത്തു കയറിയപാടെ അവള്‍ വാതിലടച്ച് കുറ്റിയിട്ടു.
എന്നിട്ട്, സുഗന്ധമുള്ളൊരു മന്ദഹാസം വാരിവിതറി.

മുപ്പതിന്റെ പരിസരത്തെവിടെയോ പ്രായം പിടഞ്ഞുണരുന്നു. ബനിയനും മുട്ടോളമെത്തുന്ന നിക്കറും വശ്യമോഹിനിയുടെ പടവുകളാകുന്നു.
എന്താ പേര്?
ഇവിടെ പേരില്ല സര്‍: ഹെല്‍പ്പര്‍ എന്നേയുള്ളു. തുടങ്ങാം.
അവള്‍ ഷവര്‍ തുറന്നു.
ചെറുചൂടുണ്ട്; സുഗന്ധവും.
എന്തൊക്കെയോ മരുന്നുകള്‍ തീര്‍ച്ചയായും ചേര്‍ത്തിട്ടുണ്ടാവും.
ചൂടു കുടുതലുണ്ടോ സര്‍?
ഇല്ല.
ചുവരലമാര തുറന്ന് അവള്‍ പുറത്തെടുത്തത് ഇഞ്ചയാണെന്നു തോന്നുന്നു.

ഇഞ്ചതേച്ചു, താളി തേച്ചു
കണ്ടങ്കുമരനാന വരുവോളം.....

എന്നൊരു ഗാനം അവളുടെ ചുണ്ടില്‍ നിന്നിറങ്ങി, നനുത്ത ബനിയന്റെ ഉന്നതിയില്‍ വീണ് വെള്ളത്തുള്ളികളായി.
ഷവര്‍ നിര്‍ത്തി അവള്‍.
എന്നിട്ട്, വലതുകൈയെടുത്ത് ഓമനിച്ച്, ഇഞ്ച തേച്ചുതുടങ്ങി.
ആദ്യം വിരലുകള്‍.
പിന്നെ കൈത്തണ്ട.
കൈമുട്ടില്‍ ഇഞ്ചപ്രയോഗം കൂടുതല്‍ സമയമുണ്ടായിരുന്നു.
തോളെല്ലില്‍ പെരുമാറിയതാവട്ടെ ഇഞ്ചയല്ല, വിരല്‍ സാമര്‍ഥ്യം.

രണ്ടു കൈകളും കഴിഞ്ഞാല്‍ കാല്‍.
ആദ്യം വലതുകാല്‍; വിരലുകള്‍ കടന്ന്, പാദം, കണങ്കാല്‍ കടന്ന്, തുടകള്‍ കടന്ന്...
ഓ–
നാണിക്കാനൊന്നുമില്ല സര്‍. ആരോഗ്യമുള്ള പുരുഷന് ശരീരത്തില്‍ വെള്ളം വീഴുമ്പോള്‍ ഇതു സ്വാഭാവികമാണ്.
കുളി ആരംഭിക്കുമ്പോള്‍ ഉണര്‍ച്ച പൂര്‍ണമാകുന്നു.

സ്നാനഘട്ടത്തില്‍ ഉണര്‍ച്ചയില്ലെങ്കില്‍ പുരുഷനു ദൗര്‍ബല്യമുണ്ടെന്നാണ് ശാസ്ത്രവിധി. ദൗര്‍ബല്യമുള്ള പുരുഷനെപ്പോലും ശാസ്ത്രീയമായ കുളി പരിചരണങ്ങളിലൂടെ
ഉണര്‍ച്ചയിലെത്തിക്കാന്‍ കഴിയും.

ഇക്കിളിയാവുന്നുണ്ടോ?
ങ്ഹും
അതും സ്വാഭാവികം. ഇക്കിളി ഉണര്‍ച്ചയിലേക്കും ഉണര്‍ച്ച ഇക്കിളിയിലേക്കും പരസ്പര പൂരകമായി നയിക്കുന്നു.

ഷവര്‍ വീണ്ടും പ്രവാഹം തുടങ്ങി. ഹെല്‍പ്പര്‍ ഇപ്പോള്‍ മുഖാമുഖം നില്‍ക്കുകയാണ്. അവളുടെ വിരലുകള്‍ മുഖത്ത് താളംതൊട്ടു പെരുമാറുമ്പോള്‍ ഉണര്‍ച്ചയൊരു ദിവ്യ സ്പന്ദനമണിയുന്നു.

കണ്‍തടങ്ങളിലും ചെവികള്‍ക്കു പിന്നിലും അവളുടെ വിരല്‍വിന്യാസത്തിനൊരു മാസ്മരികത കൈവന്നു.
ഇതുവരെ കാണാത്തതെന്തൊക്കെയോ കണ്ണുകള്‍ക്കുമുന്‍പില്‍ സഞ്ചരിക്കുന്നതുപോലെ.
പുതിയ പുതിയ ശബ്ദങ്ങള്‍ ചെവി തുറന്നു കയറുന്നതുപോലെ. ചെവിക്കുള്ളില്‍ സ്വകാര്യമായൊരു ഗീതം മൂളുന്നതുപോലെ.
ഷവര്‍ പിന്നെയും നിലച്ചു.
ഇപ്പോള്‍ ഹെല്‍പ്പറുടെ കൈകള്‍ നെഞ്ചു രോമങ്ങള്‍ക്കിടയില്‍ തുയിലുണര്‍ത്തല്‍ നടത്തുകയാണ്.
ഇഞ്ച ഇപ്പോഴും കൈയിലുണ്ടോ എന്നു നിശ്ചയമില്ല. നെഞ്ചുതാളങ്ങള്‍ക്കിടയിലെ പെരുമാറ്റത്തില്‍ പക്ഷേ, ഇഞ്ചസ്പര്‍ശമില്ല; വിരല്‍ സ്പര്‍ശമേയുള്ളു.
നനഞ്ഞു കുതിര്‍ന്ന ബനിയനുള്ളില്‍നിന്ന് രണ്ടു കണ്ണുകള്‍ ശ്വാസമെടുക്കാന്‍ വ്യഗ്രതപ്പെടുന്നുണ്ട്.

കണ്ണടച്ചു കണ്ണടച്ചു നില്‍ക്കുമ്പോള്‍, മനസ്സിന്റെയും ശരീരത്തിന്റെയും നിഗൂഢ വാതിലുകള്‍ തുറക്കുന്നു.
പെട്ടെന്നൊരു അര്‍ദ്ധവിരാമംപോലെ അശരീരി കേട്ടു:
തുവര്‍ത്താം, അല്ലേ?
മറുപടിക്കു ശബ്ദം വേണ്ടാത്ത അത്യുപരിതലത്തിലാണ് ഇന്ദ്രിയങ്ങളുടെ ഭാരമില്ലാ സ‌‍ഞ്ചാരം.
ചുവരലമാരയില്‍നിന്ന് അവള്‍ പുറത്തെടുത്ത ടവലിനു രാമച്ചത്തിന്റെ മണം.

തല, കൈകാലുകള്‍ എന്ന ഇറക്കത്തില്‍, ഉണര്‍ച്ച പിന്നിട്ട് തുവര്‍ത്തല്‍ കഴിഞ്ഞപ്പോള്‍ എവിടെനിന്നോ ഒരു സുഗന്ധപ്പുക കുളിമുറിയിലേക്കു കയറിവന്നു പടര്‍ന്നു.
ആ പുക വകഞ്ഞുമാറ്റി അവള്‍ ചോദ്യമിട്ടു :

സുഖമായില്ലേ?
ഉം.
ഇവിടെ, കുളിക്കിടയില്‍ നിയന്ത്രണം വിട്ടു പോകുന്നവരുണ്ട്. ചിലരൊക്കെ തോന്ന്യാസമെടുത്ത അനുഭവമുണ്ടായിട്ടുണ്ട്.
നിങ്ങള്‍ക്ക് അങ്ങനെ വല്ല....
അങ്ങനെയൊന്നുമില്ല. എന്നാലും, ബനിയന്‍ വലിച്ചുയര്‍ത്തുക, മാറത്തു കൈവയ്ക്കുക എന്നിങ്ങനെ ചിലതൊക്കെ.... അതിരുവിട്ടാല്‍ ഇതാ ഞാനിതെടുക്കും–

ടവല്‍ പുറത്തെടുക്കുന്ന സൗമ്യതയോടെ ചുവരലമാരയില്‍നിന്ന് അവള്‍ പുറത്തെടുത്തത് തിളങ്ങുന്ന ഒരു കത്തി.
അവളുടെ ചിരി പ്രതിഫലിച്ച് കത്തിക്കു മൂര്‍ച്ച കൂടി.
അതു പുനഃസ്ഥാപിച്ച്, അലമാരയുടെ വാതില്‍ അടയ്ക്കാതെ, അവള്‍ മുന്നറിയിപ്പില്ലാതെ ബനിയന്‍ തലയ്ക്കു മുകളിലൂടെ വലിച്ചൂരി; പിഴിഞ്ഞു.

മനസ്സിലെ സൂചി മുപ്പത്തിനാലു മുതല്‍ മുപ്പത്തിയെട്ടുവരെ ഉയര്‍ന്നുപോകുന്നതിനിടയില്‍ അലമാരയില്‍നിന്നു മറ്റൊരു ബനിയനെടുത്ത്, ആദ്യം കൈകള്‍, പിന്നെ തല എന്ന ക്രമത്തില്‍ പ്രവേശിച്ച്, അവള്‍ കത്തിയുടെ വായ്ത്തലപോലെ ചിരിച്ചു.

ഇനി നിക്കറില്‍ കൈ വയ്ക്കുമോ എന്ന അതിവിചാരത്തിന്റെ തുടക്കത്തില്‍ അവള്‍ മഞ്ഞ നിറമുള്ള ഒരു ടവല്‍ വച്ചുനീട്ടി.
ഇതു വിധിപ്രകാരം തയാറാക്കിയതാണ്. വശ്യമോഹിനി മുറിയിലേക്കു പോകുമ്പോള്‍ ഇതു ധരിക്കണം.
മഞ്ഞ ടവല്‍ ഉടുക്കുമ്പോള്‍ അതുവരെയില്ലാതിരുന്ന നാണം എവിടെനിന്നോ ഒളിച്ചുവന്ന് അരയില്‍ തൊട്ടു.
വാതില്‍ തുറന്നു പുറത്തു കടക്കുമ്പോള്‍, ശരീരത്തില്‍നിന്നു ഭാരം കുളിച്ചിറങ്ങിപ്പോയിരുന്നു.

ഇനിയാണ് പ്രധാന ചടങ്ങ്. വശ്യമോഹിനി മുറിയിലേക്കാണ് നാം പോകുന്നത്. അവിടെയാണ് യന്ത്രബന്ധനം. പൂജാവിധികളോടെ ഗുരുജി ഏലസ് കെട്ടും.
അവള്‍ ഒപ്പം നടന്നു.
അവള്‍ക്കു ടിപ് കൊടുക്കാന്‍ കൊണ്ടുവന്ന പഴ്സ് കുളിമുറിയില്‍ വച്ചിരിക്കുകയാണ്.

എന്റെ പഴ്സ് കുളിമുറിയില്‍ വച്ചിരിക്കുകയാണ്.
ഞാനെടുത്തുവരാം സര്‍ എന്നു പറ‍ഞ്ഞ് അവള്‍ ഒറ്റയോട്ടത്തിനു തിരിച്ചുവന്നു.

എത്ര കൊടുക്കണം?
മനസ്സ് ശരീരത്തോടു ചോദിച്ചു. കുറഞ്ഞുപോകരുത്.
ഏതാനും നൂറുരൂപ നോട്ടുകള്‍ വച്ചുനീട്ടുമ്പോള്‍ അവള്‍ താങ്ക്സ് പറഞ്ഞു.
– വരൂ.

നാല്

ചന്ദനനിറമുള്ള വാതിലില്‍ ശ്രീവശ്യമോഹിനി യന്ത്രം എന്ന എഴുത്ത്.
അകത്തുനിന്ന് ആരോ എല്ലാം കാണുന്നതുപോല, അക്ഷരങ്ങളിലെ വശ്യം കണ്ണുകൊണ്ടു തൊട്ടെടുക്കുംമുന്‍പേ വാതില്‍ തുറക്കുകയാണ്.
വരൂ എന്നൊരു അശരീരി കേട്ടോ?
ആരോ കൈപിടിച്ചു കയറ്റുന്നതുപോലെ കാലടികള്‍ മുറിയിലേക്കു കയറിപ്പോകുന്നു.
തിരിഞ്ഞുനോക്കുമ്പോള്‍,
സഹായി ഇല്ല;
ഒരു കാല്‍പ്പെരുമാറ്റംപോലും ബാക്കി വയ്ക്കാതെ അവള്‍ അപ്രത്യക്ഷയായിരിക്കുന്നു.

ദാ, സുഗന്ധമുള്ള ഒരു കാറ്റിലെന്നതുപോലെ ശമന താളത്തില്‍ വാതില്‍ അടയുന്നു.
നിറഞ്ഞ പ്രകാശമാണ് മുറിയില്‍.
മന്ത്രങ്ങള്‍ മഴപോലെ നാലുചുറ്റും പെയ്തുകൊണ്ടിരിക്കുന്നു.
മന്ത്രങ്ങള്‍ തന്നെയാവണം.
എയര്‍ കണ്ടീഷന്‍ഡ് മുറിയാണ്.
നടുവില്‍ ഉയരമുള്ള ഒരു കട്ടില്‍.
കിടക്ക വിരിച്ച ഒരു പീഠമെന്നു പറയാം.

എന്താണു വേണ്ടതെന്നു നിശ്ചയമില്ലാത്ത അര്‍ധനിമിഷത്തില്‍, മറ്റേതോ ലോകത്തിന്റെ മറതുറന്ന് ഒരാള്‍ ഇറങ്ങിവരികയാണ്.
കുളികഴിഞ്ഞുവരികയാണെന്നേ തോന്നൂ. പറ്റെ വെട്ടിയ മുടിയില്‍നിന്ന് ജലകണങ്ങള്‍ ഇപ്പോള്‍ വീഴും എന്ന തോന്നലുണ്ടാക്കുന്ന കുളിര്‍മയാണ് ആ മുഖത്തിന്.
നെഞ്ചത്തെ പാതി നരച്ച രോമങ്ങള്‍ എഴുന്നേറ്റുനിന്ന് മന്ദഹസിച്ചു. അരയില്‍ മഞ്ഞപ്പട്ടെന്നു തോന്നിക്കുന്ന ചെറിയൊരു സാന്നിധ്യം.
രണ്ടും കയ്യും കണ്ണുകളും മുകളിലേക്കുയര്‍ത്തി അയാള്‍ സൗമ്യമായി പറഞ്ഞു:

ശബ്ദോ നിത്യ:
ആകാശ ഗുണത്വാത്.

പിന്നെ, ശബ്ദമുയര്‍ത്തി അതുതന്നെ പലതവണ ആവര്‍ത്തിച്ചു.

ശബ്ദോ നിത്യ: ആകാശ ഗുണത്വാത്.

ഒന്നും മനസ്സിലായില്ല, അല്ലേ?
ഇല്ല.
സംസ്കൃതമാണ്; ആകാശതത്വം ഉള്ളതിനാല്‍ ശബ്ദം ഒരിക്കലും നശിക്കുന്നില്ല എന്നര്‍ഥം.
അതുതന്നെയാണ് ഈ മന്ത്രങ്ങളുടെ രഹസ്യം.
മന്ത്രോച്ചാരണത്തിന് ജാതിഭേദങ്ങളില്ല.
ഒരുലക്ഷത്തി എട്ടു പ്രാവശ്യം ഉരുക്കഴിച്ച മന്ത്രമാണിത്. നിങ്ങള്‍ ഇവിടെ എത്തിയതുമുതല്‍ ദാ, ഇതുവരെ ഒരുലക്ഷം തവണ ഞാനത് ഉരുക്കഴിച്ചു കഴിഞ്ഞു.
ഇനി എട്ടേ എട്ടെണ്ണമാണ് ബാക്കി.
അത് ഏലസ് കെട്ടുമ്പോള്‍ ചൊല്ലാനുള്ളതാണ്. അതോടെ ചടങ്ങ് പൂര്‍ത്തിയാകും.

പീഠത്തിനു കീഴില്‍നിന്ന് ഒരു മരത്തട്ടു വലിച്ചിട്ട് അയാള്‍ പറഞ്ഞു:
ടവല്‍ അഴിച്ചുകളഞ്ഞ്, കയറി കിടക്കുക.
ഇതില്‍ ചവിട്ടിക്കയറാം; വലതുവശം ചരിഞ്ഞുവേണം കയറാന്‍.

മന്ത്രധ്വനിക്കൊപ്പം രാമച്ചത്തിന്റെ സുഗന്ധംകൂടി വന്നു കെട്ടിപ്പിടിച്ചു.

നീണ്ടുനിവര്‍ന്നു കിടന്ന് കണ്ണടയ്ക്കണം.
മനസ്സ് ഏകാഗ്രമാക്കുക.
വശ്യമോഹിനി നമഹ, വശ്യമോഹിനി നമഹ എന്നു മനസ്സില്‍ ചൊല്ലിക്കൊണ്ടിരിക്കണം.
അരയില്‍ ഏലസ് കെട്ടുമ്പോള്‍ ഉണര്‍ച്ച ഉണ്ടായാല്‍ യന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങി എന്നര്‍ഥം. അതുണ്ടായില്ലെന്നുവച്ച് യന്ത്രത്തിനു ഫലമുണ്ടായില്ല എന്നര്‍ഥമില്ല. എല്ലാവരുടെയും ഉണര്‍ച്ച ഒരുപോലെയല്ല. ചിലര്‍ക്ക് യന്ത്രം ഇന്‍സ്റ്റന്റായി പ്രവര്‍ത്തിക്കും. അത് ഓരോരുത്തരുടെയും ശരീരപ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു.
ഓരോ മനുഷ്യശരീരത്തിലും വൈദ്യുതി ചാര്‍ജുണ്ട്. ആ ചാര്‍ജില്‍നിന്നാണ് ഏലസിന് ഊര്‍ജം ലഭിക്കുന്നത്. ശരീരത്തിലെ ഊര്‍ജവും മന്ത്രങ്ങളില്‍നിന്നുള്ള ഊര്‍ജവും ചേരുംപടി ചേരുമ്പോള്‍ യന്ത്രം വശ്യമോഹിനിയായി.

ദാ. അരയിലൊരു കുളിര് കയറിവരുന്നു.
വശ്യമോഹിനി നമഹ, വശ്യമോഹിനി നമഹ എന്നാവണം ഗുരുജിയും ചൊല്ലുന്നത്. വാക്കുകള്‍ വ്യക്തമല്ല. എന്തായാലും ഒടുവില്‍ ഒരു നമഹ ഉണ്ടെന്നു തീര്‍ച്ച.

കണ്ണു തുറക്കരുത്; ഇപ്പോള്‍ ഒരുറക്കം വന്ന് നിങ്ങളുടെ കണ്‍പോളകളെ തഴുകുകയാണ്. ആ ഉറക്കത്തിനു സ്വയം വിട്ടുകൊടുക്കുക. ഇപ്പോള്‍ വശ്യമോഹിനി നിങ്ങളെ കണ്ടെത്തുകയാണ്; നിങ്ങളുടെ ഇച്ഛകളെ; ആഗ്രഹങ്ങളെ; കാമക്രോധ മോഹങ്ങളെ....

ഗുരുജിയുടെ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്ന് മൂളലായി, മൗനമായി...

ഇനി എഴുന്നേല്‍ക്കാം എന്നു ഗുരുജി പറഞ്ഞപ്പോള്‍ ചോദിച്ചുപോയി :
കണ്ണു തുറക്കാമോ?
ഓ, തുറക്കൂ. കണ്ണു തുറന്നുകൊണ്ട് എഴുന്നേല്‍ക്കാം.

ഏലസിന്റെ വൈദ്യുതപ്രവാഹത്തില്‍ അരക്കെട്ടിലൊരു ദ്രുതസഞ്ചാരമുണ്ട്.
തോന്നലല്ല, സത്യം.
നീട്ടിയിട്ട കാല്‍ താഴെ മരത്തട്ടില്‍ തൊട്ടിട്ടേ കണ്ണു തുറന്നുള്ളു.
ഏലസ് അരയിലിരുന്നു മന്ത്രം ചൊല്ലുകയാണ്.
വെളുത്ത ഏതോ ലോഹം.
വെള്ളിപോലെ; അലുമിനിയംപോലെ.
ഏതോ ചരടുചേര്‍ത്ത് പിരിച്ചെടുത്തതുപോലെ.

വസ്ത്രം മാറ്റി വരിക; എന്നിട്ട് ഭക്ഷണം, എന്നു പറഞ്ഞു തീര്‍ന്നതും ഗുരുജിയെ കാണാക്കൈകള്‍ നീട്ടി ചുമര്‍ വലിച്ചെടുത്തു.
അര മറ്റേതോ അരയായി മുറുകുന്നു.

അഞ്ച്

വേഷംമാറിക്കഴിഞ്ഞപ്പോള്‍, കുളിപ്പിക്കാന്‍ വന്ന സഹായിയുടെ അതേ ശബ്ദത്തില്‍ ഒരു പെണ്‍കുട്ടി വന്നു.
വരൂ, ഊണു കഴിക്കാം.

അവള്‍ക്കൊപ്പം കയറിവന്ന സുഗന്ധം പക്ഷേ, കുളിമുറിയിലുണ്ടായിരുന്നില്ല. ഇതു പുതിയതാണ്. കഞ്ഞി മുക്കിയ വസ്ത്രങ്ങളുടെയും നീലിഭൃംഗാദിയുടെയും സുഗന്ധങ്ങള്‍ ചേര്‍ന്നുണ്ടായതുപോലെ.

പറന്നുനില്‍ക്കുന്ന കോട്ടണ്‍ സാരിയുടുത്ത്, മെലിഞ്ഞുണങ്ങിയ ഒരു പെണ്‍കുട്ടി.
അല്ല, കുളിമുറിയില്‍ ബനിയനില്‍ വന്നത് ഇവളല്ലല്ലോ.
വരൂ എന്ന നിര്‍ദ്ദേശത്തിനു പിന്നാലെ നടക്കുമ്പോള്‍ ഏലസ് അവകാശബോധത്തോടെ അരയിലിരുന്ന് രഹസ്യമായൊരു മറുഭാഷയില്‍ സംസാരിച്ചു.

ഭക്ഷണമുറി വശ്യമോഹിനി മുറിയോളം വലുതല്ല.
തൂശനിലയില്‍ ചില ഉപദംശങ്ങള്‍ വിളമ്പിക്കഴിഞ്ഞിട്ടുണ്ട്.
ഗുരുജി കാത്തു നില്‍ക്കുകയാണ്.
ഇരിക്കൂ–

ഗുരുജിക്കൊപ്പം കൈകഴുകി ഇരിക്കുമ്പോള്‍ ശ്രദ്ധിച്ചു : സംഗീതമുണ്ട്.
എന്തിന്റേതെന്നറിയാത്ത ഒരു സുഗന്ധവുമുണ്ട്.

ഗുരുജി സംസാരിച്ചു; സൗമ്യമായി:
നന്നായി വിശക്കുന്നുണ്ടാവും.
ഇല്ല എന്നു പറയും മുന്‍പ് ഗുരുജി തുടര്‍ന്നു:
വശ്യമോഹിനി യന്ത്രം ധരിച്ചാല്‍ ഏറെ നേരത്തേക്ക് വയറു നിറഞ്ഞതുപോലെ തോന്നും. എന്നാല്‍, യഥാര്‍ഥത്തില്‍ വിശപ്പ് ഉണ്ടായിരിക്കുകയും ചെയ്യും.

ഏലസിനെ ചേര്‍ത്തുപിടിച്ച വയര്‍ ഇപ്പറഞ്ഞതില്‍ ഏതവസ്ഥയിലാണെന്നു നിശ്ചയിക്കാന്‍ കഴിയുന്നില്ല.

വിളമ്പുന്നത് അവള്‍തന്നെ; കോട്ടണ്‍ സാരിക്കാരി.
വെളുത്ത ചോറാണ്; അവളുടെ മന്ദഹാസം പോലെ.

സാവധാനം കഴിക്കണം; വശ്യമോഹിനിക്കു ശേഷം ഒന്നിനും അമിത വേഗം പാടില്ല. എല്ലാറ്റിനും അതിന്റേതായ സമയമെടുക്കാം. അല്ലെങ്കിലും, അതിന്റേതായ സമയത്തേ എല്ലാം ഇനി നടക്കൂ.
അതു നമ്മുടെ മനസ്സില്‍ വിചാരിക്കുന്നതുപോലെ നടക്കും എന്നതിന്റെ ഉറപ്പാണ് വശ്യമോഹിനി.

ഭക്ഷണത്തിന്റെ അവസാനം മൂന്നുതരം പായസങ്ങള്‍.

ഷുഗറില്ലല്ലോ.
ഇല്ല.
വശ്യമോഹിനിക്കുശേഷം രോഗങ്ങള്‍ ഒരു വിളിപ്പാടകലയേ നില്‍ക്കൂ.

ഊണു കഴിഞ്ഞപ്പോള്‍ ഗുരുജി പറഞ്ഞു :
അര മണിക്കൂര്‍ വേണമെങ്കില്‍ വിശ്രമിക്കാം; നല്ല വെയിലല്ലേ?

അപ്പോഴാണ്, ജാലകത്തിനപ്പുറത്ത് വെയില്‍ തിളയ്ക്കുന്നതു ശ്രദ്ധിച്ചത്. കാച്ചില്‍ വള്ളികള്‍ പോലെ എന്തോ ഒന്ന് ആശ്രമത്തിന്റെ മുറ്റത്തിനരികില്‍ വളര്‍ന്നു പടര്‍ന്നുകിടക്കുന്നുണ്ട്; അതില്‍ ചെറിയ പൊട്ടുപോലെ വെള്ളപ്പൂക്കള്‍.

ആദ്യം വന്നുപോയ ആതിഥേയയുടെ ചുരിദാറില്‍ ഇതേ പൂക്കളായിരുന്നു.

നോട്ടം തിരിച്ചറിഞ്ഞ് ഗുരുജി പറഞ്ഞു:
വശ്യമോഹിനിച്ചെടിയാണ്. ഈ ചെടി വളരുന്നിടത്തേ വശ്യമോഹിനിയന്ത്രം സ്ഥാപിക്കാവൂ എന്നാണ് ആചാരം. വശ്യമോഹിനി വളരാത്തിടങ്ങളില്‍ യന്ത്രസ്ഥാപനംകൊണ്ട് ദോഷമേ വരൂ.

ഇവിടെനിന്നു പോകാന്‍ ഓട്ടോയോ മറ്റോ കിട്ടുമോ?
അല്പം വിശ്രമിക്കൂ, അപ്പോഴേക്കും കാര്‍ വരും

സത്യത്തില്‍ സുഗന്ധ സ്നാനത്തിന്റെയും വശ്യമോഹിനിയുടെയും സുഖാനുഭവത്തിനു പിന്നാലെ വന്ന ഭക്ഷണം കൂടിയായപ്പോള്‍ ഒരു ഉച്ചയുറക്കം കണ്‍പോളകളില്‍ മുട്ടി പ്രലോഭിപ്പിക്കുന്നുണ്ട്.

വരൂ–
എന്നുപറഞ്ഞത് ഗുരുജിയാണോ കോട്ടണ്‍സാരിക്കാരിയാണോ എന്നു ബോധ്യപ്പെടുംമുന്‍പ്, വഴി നേരത്തേ ആരോ നിശ്ചയിച്ചുറപ്പിച്ചിരുന്നതുപോലെ സഞ്ചാരം തുടങ്ങുകയായി.

മുകളിലാണ് അതിഥിമുറി.
തടികൊണ്ടുള്ള കോണി കയറിപ്പോകുന്നത് ആ മെലിഞ്ഞ കുട്ടിതന്നെയാണ്.
പടി കയറുമ്പോള്‍ അവളുടെ എഴുന്നുനിന്ന കാല്‍ഞരമ്പുകള്‍ക്കു മുകളിലേക്കു സാരിയും പാവാടയും കയറിപ്പോയി.
ആ കാലുകള്‍ പടികളില്‍ തൊടുന്നില്ല. ഒരു കാണാക്കാറ്റ് ആ കാലുകളെ ഉയര്‍ത്തിക്കൊണ്ടുപോകുകയാണ്.
താഴെനിന്നു കാണുന്ന പാദങ്ങളുടെ നഗ്നത വശ്യമോഹിനി മുറിയെ ഓര്‍മിപ്പിച്ചു.
ആ കാലുകളില്‍ ചെരിപ്പില്ലെന്നു കണ്ടപ്പോഴാണ് ഓര്‍ത്തത്: അഴിച്ചുവച്ച ഷൂ എവിടെപ്പോയി?
കുളിമുറിക്കു മുന്നിലോ?
ഡ്രസ്സിങ് മുറിയിലോ?
ഇത്രനേരം നഗ്നപാദനായി നടക്കുകയായിരുന്നുവെന്ന് ശ്രദ്ധിച്ചതേയില്ലല്ലോ.

പെട്ടെന്നു തിരിഞ്ഞ് അവള്‍ കൈനീട്ടി:
കയറി വരൂ.
യക്ഷിവശ്യം തോന്നിക്കുന്ന മെലിഞ്ഞ വിരലുകള്‍ക്ക് എന്തൊരു ബലം.
വാമനന്‍ രണ്ടു ചുവടുകൊണ്ട് ഭൂസ്വര്‍ഗങ്ങള്‍ അളന്നതുപോലെ എത്ര വേഗമാണ് അവള്‍ പടികള്‍ ഓടിക്കയറിത്തീര്‍ത്തത്!

വശ്യമോഹിനി യന്ത്രം ഉണര്‍ന്നു കഴിഞ്ഞോ?

കാറ്റ് കുഞ്ഞിക്കാലുകളില്‍ ഓടിനടക്കുന്ന മുറിയിലേക്കാണ് കയറിച്ചെല്ലുന്നത്. ചുവരില്‍ രാജാരവിവര്‍മയുടെ ശകുന്തളച്ചിത്രം. ശകുന്തളയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂവില്‍നിന്നെന്ന പോലൊരു സുഗന്ധം കാറ്റിനൊപ്പം സഞ്ചരിക്കുന്നു.
അതോ വശ്യമോഹിനിച്ചെടിയിലെ പൂക്കളുടെ സുഗന്ധമോ?

അര മണിക്കൂര്‍ കഴിഞ്ഞു പോകണം.
ഉവ്വ്, കാര്‍ വരും. അരമണിക്കൂര്‍ കഴിഞ്ഞ് വിളിക്കണോ?
വേണ്ട. അതിനു മുന്‍പേ ഞാന്‍ തയാറാകും

വാതില്‍ ചാരുംമുന്‍പ് അവള്‍ മുറിയിലുപേക്ഷിച്ചുപോയ മന്ദഹാസത്തില്‍ വശ്യമോഹിനി യന്ത്രത്തിന്റെ കിലുക്കമുണ്ടോ? അവസാന നോട്ടത്തിലുള്ളത് രവിവര്‍മച്ചിത്രമോ?
തലയണകള്‍ പലതുണ്ട്. അവയിലേക്കു ചാരിയിരിക്കുമ്പോള്‍ അരയില്‍ തൊട്ടുബോധ്യപ്പെട്ടു.
പ്രിയ വശ്യമോഹിനി!
കണ്ണടഞ്ഞു പോകുന്നു; അടഞ്ഞടഞ്ഞുപോകുന്നു.


ആറ്

കാറെത്തി സര്‍–
സ്വപ്ന യാഥാര്‍ഥ്യങ്ങള്‍ക്കിടയിലെ അര്‍ദ്ധ ബോധ സഞ്ചാരത്തിനിടയിലാണ് അറിയിപ്പു വന്നത്.
സ്വന്തം ലേഖകന്‍ അരയിലെ വാര്‍ത്താ സ്രോതസ്സില്‍ തൊട്ടു ബോധ്യപ്പെട്ടു.
ഇത്രയുംനേരം ഇവിടെത്തന്നെ നില്‍ക്കുകയായിരുന്നോ?
ആണെന്നോ അല്ലെന്നോ മറുപടി ഉണ്ടായില്ല.
മോഹിനി മഹാശ്രമത്തില്‍നിന്നു പുറത്തു കടക്കുന്നതുവരെ യന്ത്രം ആശ്രമം വകയാണെന്നാണ് ഗുരുജി പറയുക. ആശ്രമ സ്വത്തുക്കളില്‍ ഒരു കണ്ണ്. അത്രേയുള്ളു സര്‍.

ആ കണ്ണ് എന്തൊക്കെ കാണുന്നുവെന്നോര്‍ത്തപ്പോള്‍ സ്വന്തം ലേഖകനു തോന്നേണ്ട നാണം തോന്നിയതേയില്ല.
ഏലസിന്റെ കാന്തികവലയത്തില്‍ നാണമില്ല.

മുഖം കഴുകിവന്ന്, ചുവരില്‍ തൂക്കിയിട്ട ഷര്‍ട്ടെടുത്തു ധരിക്കുമ്പോള്‍, കട്ടിലിനു ചുവട്ടില്‍ ഷൂ പതുങ്ങിയിരുന്നു.
ഉവ്വ്, അതുതന്നെ. മാറിപ്പോയിട്ടില്ല.
പടിയിറങ്ങുമ്പോള്‍ പിന്നെയും അതേ വഴികാട്ടി; പിന്നാലെയിറങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്: അവളുടെ മുടിയില്‍ ചൂടിയിട്ടുള്ളത് വശ്യമോഹിനിപ്പൂ.
മോഹിനിപ്പൂമുടിക്കെട്ടിന്റെ സഞ്ചാരം ഗുരുജിക്കു രണ്ടടി പിന്നില്‍ അവസാനിച്ചു.
വരാന്തയില്‍ ഗുരുജി അനുഗ്രഹക്കൈയുയര്‍ത്തി നില്‍ക്കുന്നു.
പോയ്‍വരൂ; വശ്യമോഹനാശംസകള്‍.

അടുത്ത ആറു മണിക്കൂറില്‍ വശ്യമോഹിനിയുടെ പ്രഭാവം ഏറ്റവും കടുത്തതായിരിക്കും. ശരീരത്തിലെ ഓരോ രോമകൂപത്തിലും വശ്യ ശക്തി വന്നുനിറയും. കടുത്ത സ്വപ്നങ്ങളുണ്ടാവാം. സ്ഥലജലഭ്രമവും ധാതുനഷ്ടം പോലുമുണ്ടാവാം. ദേവശക്തി ഭൂമിയിലേക്കു വരുമ്പോള്‍ ചില പ്രകമ്പനങ്ങള്‍ സ്വാഭാവികം. വരാനിരിക്കുന്ന വശ്യങ്ങള്‍ക്കായി മനസ്സിനെ പാകപ്പെടുത്താനുള്ള പാഠക്രമങ്ങള്‍ മാത്രമാണവ.

ഒരു കവര്‍ ഗുരുജി വച്ചുനീട്ടി.
വശ്യമോഹിനി അനുഷ്ഠാനക്രമം വിശദമായി ഇതില്‍ കുറിച്ചിട്ടുണ്ട്.
ഇന്നു കുളിക്കണ്ട.
മുറ്റത്തു കാത്തുകിടന്ന കാര്‍ അമര്‍ത്തിച്ചിരിച്ചൊന്നു കുലുങ്ങി.
പിന്നിലെ വാതില്‍ തുറന്ന്, ഡ്രൈവര്‍ വിനീതനായി.
പോകാം.

ആ ക്ഷണം അവഗണിച്ച് മുന്‍സീറ്റില്‍ കയറിയിരിക്കുമ്പോള്‍ ഡ്രൈവര്‍ ചിരിച്ച വല്ലാത്ത ചിരികണ്ട് അരയിലെ വശ്യമോഹിനിയന്ത്രം കിലുങ്ങി.
വരുമ്പോള്‍ കണ്ട ആനയെ ഇപ്പോള്‍ കാണാനില്ല.
മടക്കയാത്രയില്‍ ആനയെ കാണുന്നത് ശുഭമല്ലെന്നു വരുമോ?
റെയില്‍വേ സ്റ്റേഷനല്ലേ സാറേ––?
അതെ.
ആന ചെവിയാട്ടിനിന്ന സ്ഥലം കടന്ന്, നാലുകെട്ടു കടന്ന്, കാര്‍ മുന്നോട്ട്––

കാറില്‍ കയറുന്നവരോട് വിശേഷിച്ചു വര്‍ത്തമാനമൊന്നും പാടില്ലെന്നാണ് ചട്ടം. എന്നാലും, സാറെവിടുന്നാ?
ഏലസ് വ്യവസായത്തിന്റെ നിഗൂ‍ഢത നിലനിര്‍ത്താന്‍ പറ്റിയ ഡ്രൈവറല്ല കക്ഷിയെന്ന് ലേഖകന്‍ മനസ്സില്‍ കുറിച്ചിട്ടു.
കുറച്ചു തെക്കുനിന്നാ–

ബ്രേക്ക് ചവിട്ടിയുള്ള അയാളുടെ മൂളലില്‍ ഒരു വഷളത്തത്തിന്റെ വഴുക്കല്‍.

റെയില്‍വേ സ്റ്റേഷനിലിറങ്ങുമ്പോള്‍ അയാള്‍ക്കു ചെറിയൊരു പാരിതോഷികം കൊടുക്കാനുള്ള ആലോചന ആ വഴുക്കലില്‍ ഒഴുകിപ്പോയി.

കാറില്‍നിന്നിറങ്ങി നടക്കുമ്പോഴും പിന്നില്‍ അയാള്‍ ഇതേ താളത്തില്‍ മൂളുക തന്നെയല്ലേ? ആവും.
സായാഹ്നത്തിലേക്കോടുന്ന ട്രെയിനില്‍ യാത്രക്കാര്‍ തീരെ കുറവ്.
ജാലകം കടന്നുവരുന്ന വെയില്‍ വസ്ത്രങ്ങളെ പൊരുതിത്തോല്പിച്ച് യന്ത്രത്തില്‍ എത്തിപ്പിടിക്കാനുള്ള ശ്രമമാണെന്നു തോന്നും.
വെയിലില്‍നിന്നൊഴിഞ്ഞിരുന്ന് വശ്യമോഹിനിക്കഥയുടെ എഴുത്തുതുടക്കം എങ്ങനെ വേണമെന്ന് ആലോചിച്ചു നോക്കി.

ഒരു യാത്രാവിവരണം പോലെ എഴുതാം. അല്ലെങ്കില്‍ യന്ത്രമുറിയുടെ ചുവരില്‍നിന്നു പ്രത്യക്ഷപ്പെടുന്ന ഗുരുജിയെ വന്ദിച്ചു തുടങ്ങാം.
ട്രെയിനിന്റെ ആട്ടം വശ്യമോഹിനിയെ തൊട്ടുണര്‍ത്തുന്ന മട്ടുണ്ട്.
പ്രഭാവത്തിന്റെ മണിക്കൂറുകളാണ്.
യാത്രയില്‍ പ്രഭാവം കൂടും എന്നു പറഞ്ഞിട്ടില്ല.
ഉറക്കം കാറ്റായി വന്ന് കണ്ണുകളെ തഴുകിയടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ചായക്കാരന്‍ നിലവിളികൊണ്ട് അതു തകര്‍ത്തു.
അപ്പോള്‍, അതിശയമേ, മുന്നിലൊരു വശ്യം യാഥാര്‍ഥ്യമായി.
നേരെ എതിരെയിരിക്കുന്നത് ...അവളല്ലേ?
വശ്യമോഹിനിക്കു മുന്‍പുള്ള കുളിസീനില്‍ ബനിയനിട്ടു വന്ന അവള്‍?
വശ്യമോഹനമായി അവള്‍ ചിരിച്ചു; അരയിലെ യന്ത്രം മറുചിരി ചിരിച്ചു.
ബനിയനല്ല, ചുരിദാറാണ്.
പക്ഷേ, വളവുകള്‍ അതുതന്നെ.
നുണക്കുഴിപോലും അതുതന്നെയല്ലേ?
കവിളില്‍ വെയിലിന്റെ ഒരു കഷണം കയറിക്കളിക്കുന്നു.
അവള്‍ തന്നെയാണോ? അല്ലേ?

സ്നാന ഘട്ടങ്ങള്‍ പിന്നിട്ട് അവള്‍ നേരത്തേയിറങ്ങിയതാണോ?
പക്ഷേ, സ്റ്റേഷനില്‍ കണ്ടില്ല.
യാത്ര തുടങ്ങിയപ്പോള്‍ ആ സീറ്റില്‍ ആരും ഉണ്ടായിരുന്നില്ല.
മറ്റേതെങ്കിലും സീറ്റില്‍നിന്ന് തിരക്കൊഴിവാക്കി പിന്നീടു വന്നതാവാം.
അവളല്ലെന്നും വരാം.
ആരോ ഒരാള്‍. ഒരു യാത്രക്കാരി.

കണ്ണ് വീണ്ടും വീണ്ടും ആ മുഖത്തേക്കു പാളുമ്പോള്‍ ആ ചിരി അവിടെയുണ്ട്; വശ്യമോഹനം.

നല്ല പരിചയം തോന്നുന്നു. ടെക്നോപാര്‍ക്കിലാണോ?
അല്ലല്ലോ. ടെക്നോപാര്‍ക്കിലാണോ കുട്ടിക്കു ജോലി?
അല്ല, ടെക്നോപാര്‍ക്കില്‍ പലരെയും അറിയാം
എന്തു ചെയ്യുന്നു?
ഞാനൊരു സര്‍വേ ഏജന്‍സിയിലാണ്

സംശയങ്ങള്‍ കുളിച്ചുതുവര്‍ത്തി എഴുന്നേറ്റു പോകുന്നു. സഹയാത്രികയ്ക്ക് ഇനി ബനിയന്റെ പിന്‍ബലം വേണ്ട.
സര്‍വേ എന്നുവച്ചാല്‍.....
പലതരം സര്‍വേകള്‍ ഞങ്ങളുടെ കമ്പനി നടത്തുന്നുണ്ട്. ഇപ്പോള്‍ മലയാളിയുടെ നിശാജീവിതത്തെപ്പറ്റി ഒരു സര്‍വേ നടക്കുകയാണ്...
നിശാജീവിതം...?
ഉവ്വ്. നൈറ്റ് ലൈഫ്.
കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട.

ചേട്ടന്‍ എന്തു ചെയ്യുന്നുവെന്നു പറഞ്ഞില്ല....?
ഓ, ചേട്ടന്‍‌. മാധവിപോലും ചേട്ടന്‍ എന്നു വിളിക്കില്ല.
ഒരു വലിയ നുണ പറയാം; ഇവിടെ നുണതന്നെയാണ് നല്ലത്, വിശേഷിച്ചും അരയില്‍ വശ്യമോഹിനി യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍
ഒരു സോഫ്റ്റ് വെയര്‍ സ്ഥാപനം നടത്തുകയാണ്.
എന്താ അതിന്റെ പേര്?
സണ്‍സ്ട്രോക്ക് ടെക്നോളജീസ്.
കൊച്ചിയിലാണോ?
ബാംഗ്ളൂരിലാണ്. ഇപ്പോള്‍ ബെംഗളൂരു.
കുറച്ചു സമയം അവള്‍ മിണ്ടാതിരുന്നു.
ഒരു കംപാര്‍ട്മെന്റ് അപ്പാടെ സ്വന്തം ലേഖകനും സഹയാത്രികയ്ക്കുമായി അനുവദിച്ചുകിട്ടിയിരിക്കുകയാണിപ്പോള്‍.
നുണക്കുഴി നീന്തിക്കയറിവന്ന അവളുടെ നോട്ടത്തില്‍ ചൂണ്ടക്കൊളുത്തു കാണുന്നത് ഒരു പക്ഷേ, വശ്യമോഹിനി തന്ത്രമാവാം.
അവള്‍ എഴുന്നേറ്റ് നിവര്‍ന്നുനിന്നപ്പോള്‍ വശ്യമോഹിനിശാലയുടെ കുളിമുറിയിലെ അളവു തൂക്കങ്ങള്‍ ഈറനോടെ തെളിഞ്ഞു.

മയില്‍പോലെയാടി വന്ന് അവള്‍ അടുത്തിരുന്നപ്പോള്‍ വശ്യമോഹിനിയന്ത്രത്തോട് സ്വന്തം ലേഖകന്‍ ചോദിച്ചു:
യന്ത്രമേ, നീ പെരുമാറിത്തുടങ്ങുകയാണോ?
ലഹരിയോളം പോന്ന ഒരു സുഗന്ധം മൂക്കിലേക്ക് അടിച്ചുകയറി.
അവളിപ്പോള്‍‌ ചേര്‍ന്ന്, വളരെ ചേര്‍ന്നാണിരിക്കുന്നത്.
വാരിയെല്ലുകള്‍ക്കുമേല്‍ ഒരു സമ്മര്‍ദ്ദ സൂത്രം.

സണ്‍സ്ട്രോക്ക് ടെക്നോളജീസിന്റെ പിആര്‍ ഏത് ഏജന്‍സിയാണ് നോക്കുന്നത്?
അങ്ങനെ പ്രത്യേക ഏജന്‍സിയൊന്നുമില്ല. അതിന്റെ ആവശ്യമില്ല. വല്ലതുമുണ്ടെങ്കില്‍ ഞങ്ങള്‍ക്കുതന്നെ നോക്കാവുന്നതേയുള്ളു.

തിരുവനന്തപുരത്തേക്കാണോ എന്ന ചോദ്യംകൊണ്ട് വീണ്ടുമൊരുന്തു വന്നപ്പോള്‍ ചെറുശേരി മഹാകവിയുടെ കാവ്യത്തിന് ഈണമിട്ട ഉന്താണ് ഓര്‍ത്തത്.
ഉന്തുന്തുന്തുന്തുന്തു.....ന്നെന്ന
ഈണത്തില്‍ എത്ര ഉന്തുണ്ടെന്ന് ഓര്‍ക്കുന്നില്ലെങ്കിലും ചതുരംഗത്തിലെ ആളെ ഉന്തിയാണ് അത് അവസാനിക്കുന്നതെന്നു മറന്നിട്ടില്ല.
ഇല്ല. ഞാനിവിടെ എറണാകുളത്തിറങ്ങുകയാണ്.
ഞാനും കൊച്ചിക്കാ എന്നവള്‍ കൊഞ്ചിയപ്പോള്‍ സ്വന്തം ലേഖകന്‍ തീര്‍ച്ചപ്പെടുത്തി:
ഇതൊരു വശ്യമോഹന സഞ്ചാരമാകുകയാണ്.

വെറുതെ ഒരുവള്‍ എതിര്‍സീറ്റില്‍ നിന്നുവന്ന് ഒപ്പമിരുന്ന് കിന്നരിക്കുക; രാഗം മാംസനിബദ്ധവും മാംസം രാഗനിബദ്ധവുമാക്കാന്‍ ഈണത്തിലുന്തുക.
ഒരുപക്ഷേ, വശ്യമോഹിനിയുടെ ശക്തി തെളിയിക്കാന്‍ മോഹിനി കേന്ദ്രം അയയ്ക്കുന്ന്താവുമോ ഇവളെ? ആര്‍ക്കറിയാം.

എറണാകുളം സൗത്തിലോ, അല്ലെങ്കില്‍ നോര്‍ത്തിലോ ഇറങ്ങി മുങ്ങണം. യന്ത്രം അങ്ങനെ ഞെളിയണ്ട.
സണ്‍സ്ട്രോക്ക് ടെക്നോളജീസിനു പി ആര്‍ ആവശ്യമുണ്ടായാല്‍ വിളിക്കാന്‍ മറക്കണ്ട എന്നു പറഞ്ഞ് അവള്‍ കാര്‍ഡ് നീട്ടിയപ്പോള്‍ വാങ്ങി.
പേരില്‍ കണ്ണുടക്കി.
ചിത്രാംഗദ.
എന്താ ചിരിച്ചത്?
നല്ല പേരാണല്ലോ.
ചിത്രയെന്നാണു വിളിക്കുക.
ചിത്രാംഗദ എന്നു മുഴുവന്‍ വിളിക്കുന്നതാണ് ഭംഗി. അതിലൊരു ചിത്രമെഴുത്തുണ്ട്.
ഒരു പെയിന്റിങ് ദൃശ്യം.
ചിത്രാംഗദ മധൂക പുഷ്പത്തെപ്പോലെ സുന്ദരിയായിരുന്നുവെന്നാണ് കഥ. മധൂക പുഷ്പം എന്തു പുഷ്പമാണെന്ന് അറിയാമോ?
ഇല്ല ചേട്ടാ. പുരാണത്തിലെ പുഷ്പമൊന്നും ഇപ്പോള്‍ ഉണ്ടാവില്ലല്ലോ.
അതെയതെ. എല്ലാം ഉണങ്ങിപ്പോയിട്ടുണ്ടാവും.

ചിത്രാംഗദയുടെ കഥയില്‍ ഒരു കുളിസീനുള്ളത് മോഹിനി മഹായന്ത്രത്തിന്റെ തുടര്‍ച്ചപോലെ തോന്നിപ്പോകുന്നു.
എന്താ ചിരിച്ചത്?
അല്ല, ചിത്രാംഗദയുടെ ഒരു കുളിസീന്‍ ഓര്‍ക്കുകയായിരുന്നു. അതൊന്നും പറയാന്‍ കൊള്ളത്തില്ല.
എന്നാലും പറയ്...
വീണ്ടുമൊരു ആളെയുന്തില്‍ വശ്യമോഹിനി വിജൃംഭിച്ചു.

വിശ്വകര്‍മാവിന്റെ മകള്‍ ചിത്രാംഗദ ഒരിക്കല്‍ സഖിമാരുമൊത്തു കുളിക്കുകയായിരുന്നു.
അപ്പോഴാണ് സുരഥ രാജകുമാരന്‍ അവിടെ വന്നുചേര്‍ന്നത്. രാജകുമാരനെ കണ്ടപ്പോള്‍ ചിത്രാംഗദയ്ക്ക് ഉള്‍പ്പുളകമുണ്ടായി. അപ്പോള്‍ അവള്‍ സഖിമാരോട് എന്താണു പറഞ്ഞതെന്ന് അറിയാമോ?
ഇല്ല.
മുത്തശ്ശിക്കഥ കേള്‍ക്കുന്ന ഉണ്ണിയെപ്പോലെ സഹയാത്രിക ഇപ്പോള്‍ ശരീരത്തിലേക്കമര്‍ന്ന് വശ്യമോഹിനിയില്‍ തൊട്ടു തൊട്ടില്ല എന്നായി.
ഈ രാജകുമാരന്‍ കാമപീഡിതനായിരിക്കുന്നു. സുന്ദരനായ ഇദ്ദേഹത്തിന് ഞാന്‍ എന്നെ കൊടുക്കേണ്ടതാണ്.
പറഞ്ഞുകഴിഞ്ഞപ്പോള്‍ കുറ്റബോധത്തിന്റെ ഒരു തിരവന്ന് യന്ത്രത്തില്‍ പിടിച്ചുവലിച്ചു.
മാധവീ നീ ക്ഷമിക്കണം.
ഇതൊരു കഥയാണ്; കഥ മാത്രമാണ്.
ഇക്കഥ ഇപ്പോള്‍ എന്നെക്കൊണ്ടു പറയിച്ചത് നിന്നോട് ഇതുവരെ പറയാത്ത വശ്യമോഹിനിയാണ്.
ഒക്കെ തൊഴിലിന്റെ ഭാഗമല്ലേ മോളേ.
ചിത്രാംഗദയുടെ ആളെയുന്ത് അയഞ്ഞു.
പെട്ടന്ന് അവള്‍ അന്യയായി; കഥയില്‍നിന്നു സ്വയം വിടര്‍ത്തി.
സന്ധ്യയിലേക്ക് ഇനി ഏറെ ദുരമില്ല.
ജാലകത്തിനു പുറത്ത് താണുപറക്കുന്നത് സായാഹ്നക്കിളികളാണ്.
എറണാകുളം നോര്‍ത്തില്‍ ട്രെയിന്‍ നില്‍ക്കാന്‍ പോകുകയാണ്.
സൗത്തില്‍ ഇറങ്ങാനുള്ള തീരുമാനം പെട്ടെന്നു തിരുത്തി സ്വന്തം ലേഖകന്‍ ചാടിയിറങ്ങി.
ഇവിടെ ഇറങ്ങുകയാണോ എന്നൊരു ചോദ്യം പിന്നാലെ വന്നുവീണ് പാളംതെറ്റി.

ഏഴ്

ആദ്യം വരുന്ന ഓട്ടോയില്‍ രക്ഷപ്പെടണം.
സ്റ്റേഷനു പുറത്തേക്കൊരു ഓട്ടമായിരുന്നു.
ഒറ്റ ഓട്ടോയും നിര്‍ത്തുന്നില്ല.
എല്ലാ ഓട്ടോകളും എവിടേക്കോ തിരക്കിട്ട്, ആരെയോ തോല്പിക്കാന്‍ ഓടുകയാണ്.
സഹയാത്രികയെയും വശ്യമോഹിനിയെയും ഒറ്റയടിക്കു തോല്‍പ്പിച്ചതിന്റെ സന്തോഷം നിര്‍ത്താത്ത ഓട്ടോകള്‍ക്കൊപ്പം സഞ്ചരിച്ചു.
എന്നാലും, അരയില്‍ മോഹിനിയുണ്ടെന്നു തൊട്ടുനോക്കാതെയുമിരുന്നില്ല.
ഒടുവില്‍ ദാ, ഒരെണ്ണം നിര്‍ത്തുന്നു.
ദൈവമേ, അതില്‍ അവള്‍....
ചിത്രാംഗദ
സ്വന്തം ലേഖകന്‍ തിരി‍ഞ്ഞുനിന്നു.
ചേട്ടാ, ചേട്ടാ––
അവളുടെ കാര്‍ഡ് കിട്ടിയപ്പോഴും സ്വന്തം കാര്‍ഡ് കൊടുക്കുകയോ പേരു പറയുകയോ ചെയ്യാതിരുന്നത് എത്ര നന്നായി.
ട്രെയിനിലെ ആ ചിത്രാങ്കിത നിമിഷങ്ങളില്‍ ഒരു കള്ളപ്പേരു പറയാന്‍ ആലോചിച്ചതാണ്. വശ്യമോഹിനിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് വശ്യമോഹന്‍ എന്നൊരു പേര് നാവിന്‍തുമ്പില്‍ വന്നിരുന്ന് ചിറകടിച്ചതാണ്. വേണ്ടിവന്നില്ല.

ചേട്ടാ, ചേട്ടാ––

ഇല്ല. ഞാന്‍ കേള്‍ക്കുന്നില്ലല്ലോ.
നടപ്പിനു വേഗം കൂട്ടി; ഓട്ടം തന്നെ.
ടൗണ്‍ഹാള്‍ വരെ നടന്നു തിരിഞ്ഞു നോക്കുമ്പോള്‍, ഭാഗ്യം, പിന്നാലെ ഓട്ടോ ഇല്ല.
വശ്യമോഹിനീ, ഈ ഓട്ടം നിനക്കുവേണ്ടി–
അടുത്ത ഓട്ടോയ്ക്കു കൈകാണിച്ചു കയറുമ്പോള്‍ പൊലീസില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുറ്റവാളിയുടെ മുഖംകിട്ടി സ്വന്തം ലേഖകന്.
അരയില്‍ വശ്യമോഹിനി കെട്ടിയ കള്ളന്‍.

ചിറ്റൂര്‍ റോഡേ വിട്ടോ–
എങ്ങോട്ടാ സാര്‍?
പോട്ടെ; പറയാം.

ഓട്ടോ ഡ്രൈവര്‍ സംശയക്കണ്ണടവച്ചു തിരിഞ്ഞുനോക്കി.
അന്നേരം, എവിടെനിന്നോ പൊട്ടിവീണതുപോലെ മറ്റൊരു ഓട്ടോ സമാന്തരമായി സഞ്ചരിക്കാന്‍ തുടങ്ങി.

ഉവ്വ്, അവള്‍.
ചിത്രാംഗദ.
ശല്യം.
എന്താണു സര്‍?
നേരെ വിട്ടോ. വെണ്ടുരുത്തിപ്പാലത്തിലേക്കു പോട്ടെ.

ഓട്ടോക്കാരന് പെട്ടെന്നൊരു കുറ്റാന്വേഷണ ലഹരി കയറിയതുപോലെ.
ഇടയ്ക്കൊക്കെ തിരിഞ്ഞുനോക്കിയെങ്കിലും അയാള്‍ ഓട്ടോ നല്ല വേഗത്തിലോടിച്ചു. ആ വേഗ സഞ്ചാരതാളത്തിനിടയില്‍ ബെല്‍റ്റഴിച്ച്, പാന്റ് താഴ്ത്തി, വശ്യമോഹിനിയില്‍ പിടിത്തമിട്ടു വശ്യമോഹന്‍.
മര്യാദയ്ക്ക് അഴിയുന്നില്ലെങ്കില്‍ പൊട്ടിച്ചെടുക്കണം.

ഞെളിപിരി പോരാട്ടത്തിനൊടുവില്‍ വശ്യമോഹിനി കയ്യില്‍.
വേണ്ട. അയാള്‍ കാണണ്ട; അറിയണ്ട.
ബാഗില്‍ തപ്പിയപ്പോള്‍ കിട്ടിയ ഒരു കവറെടുത്ത് വശ്യമോഹിനി അതിനുള്ളിലാക്കി ഒതുക്കിപ്പിടിച്ചു.

ഉവ്വ്, മറ്റേ ഓട്ടോ പിന്നാലെയുണ്ട്.
പള്ളിമുക്കും കപ്പല്‍ശാലയും തേവരയും കഴിഞ്ഞ്, ഇതാ പാലമാകുന്നു.
ഒന്നൊതുക്കിയേക്കണേ എന്നു പറഞ്ഞതും അയാള്‍ ഓട്ടോ നിര്‍ത്തി.
പിന്തുടര്‍ന്നു വന്ന ഓട്ടോ കുറച്ചു പിന്നിലാണിപ്പോള്‍.

സര്‍വശക്തിയുമെടുത്ത് ഒരൊറ്റയേറ്.
വശ്യമോഹിനി, ദാ പോകുന്നു.
കായലിലേക്ക്.
51110 രൂപയാണ് പോകുന്നത്.
ഉപ്പിലിട്ട കാറ്റിലേറി ഒരു കടല്‍ക്കാക്ക പാലത്തിനു മുകളില്‍ പറന്ന് അജ്ഞാതമായൊരു ശകുന കവചമൊരുക്കി.

തിരിച്ചുവിട്ടോ–
പാലത്തില്‍ തിരിക്കാന്‍ വയ്യ സാറേ. പാലം കടന്ന് തിരിച്ചുവരാം.

തിരിഞ്ഞുതിരിഞ്ഞു നോക്കുമ്പോള്‍, പിന്നാലെ വന്ന ഓട്ടോയില്‍നിന്നിറങ്ങി ചിത്രാംഗദ പരിസരം പരിശോധിക്കുകയാണ്.
അവള്‍ക്കെന്തു മനസ്സിലാവാന്‍?
പാലം കടന്ന് തിരക്കിലേക്കിറങ്ങിയ ഓട്ടോ, ആദ്യം കണ്ട ഇടവഴിയില്‍ തിരിച്ച്, ഡ്രൈവര്‍ ശ്വാസം വിട്ടു.
വന്നവഴി മടങ്ങിപ്പോകാതിരിക്കുന്നതാണ് നല്ലത്.

ഞാനിവിടെ ഇറങ്ങാം, ചേട്ടാ.
അയാള്‍ ഓട്ടോ ഒതുക്കി, കണ്ണില്‍ സംശയക്കത്തി കുത്തിനിര്‍ത്തി, ഒരു നോട്ടം നോക്കി.

നമുക്കു പാരയൊന്നുമാവില്ലല്ലോ സാറേ...?
എന്തു പാര?
ഈ ഓട്ടവും കായലിലേക്കുള്ള ഏറും...
ചേട്ടന്‍ പൊക്കോ. ഞാനിവിടെനിന്നു മറ്റൊരു വഴിക്കു പോകുകയാണ്.
ആക്സിലറേറ്ററില്‍ അവിശ്വാസം ഇരപ്പിച്ച് അയാള്‍ വെണ്ടുരുത്തി പാലത്തിലേക്കു തിരിച്ചു കയറുമ്പോള്‍, ആളൊഴിഞ്ഞ മറ്റൊരു ഓട്ടോയ്ക്ക് സ്വന്തം ലേഖകന്‍ കൈനീട്ടി.


എട്ട്

വശ്യമോഹിനി പരമ്പരയുടെ എഴുത്തുവഴി മനസ്സില്‍ രൂപപ്പെട്ടു കഴിഞ്ഞപ്പോള്‍ എഡിറ്ററെ വിളിച്ചുപറഞ്ഞു.
പരമ്പര എന്നുവേണമെങ്കിലും തുടങ്ങാം.
ചിത്രങ്ങളുണ്ടോ?
ചിത്രങ്ങളെടുക്കാന്‍ പറ്റിയില്ല. അതു നടക്കാത്ത കാര്യമാണ്. ബാഗില്‍നിന്നു ക്യാമറ പുറത്തെടുക്കാന്‍പോലും കഴിഞ്ഞില്ല. ഒറ്റയ്ക്കൊരു നിമിഷം കിട്ടിയിട്ടു വേണ്ടേ?
എന്നാലും ആ കെട്ടിടത്തിന്റെ ചിത്രം മൊബൈലില്‍ എടുത്തിട്ടുണ്ട്.

എഴുത്തിന്റെ വശ്യമോഹന നിമിഷങ്ങളിലാണ് മാധവിയുടെ വിളി വന്നത്:

എവിടെയായിരുന്നു മുങ്ങല്‍? ഒന്നുകില്‍ ഫോണ്‍ നോട്ട് റീച്ചബിള്‍. അല്ലെങ്കില്‍ സ്വിച്ച്ഡ് ഓഫ്. എന്തോ കള്ളക്കളിയുണ്ട്.
ഞാന്‍ പറഞ്ഞില്ലേ? ഒരു അസൈന്‍മെന്റിന്റെ കാര്യം?
എന്നോടൊന്നും പറഞ്ഞില്ല.
അതൊരു സീക്രട്ട് ട്രിപ്പായിരുന്നു. രണ്ടുദിവസംകൊണ്ട് എഴുതിത്തീരും. പിന്നെ നേരിട്ടങ്ങു വരികയാണ്.
വേണ്ട. വരണ്ട.

ബാക്കിവച്ച കഥയിലേക്ക്. വെണ്ടുരുത്തിപ്പാലത്തിനു ചുവട്ടില്‍നിന്നൊരു കായല്‍ തിര അടിച്ചുകയറി.
പോയില്ലേ; എല്ലാം കായലില്‍ പോയില്ലേ.....
അല്ലെങ്കില്‍, എന്റെ മാധവിക്കുട്ടീ, വശ്യമോഹിനിയില്‍ നീ വീണുപോയേനെ.

സ്വന്തം ലേഖകനു കരയണമെന്നു തോന്നി.
വശ്യമോഹിനി ധരിച്ച് ഒരുതവണയെങ്കിലും മാധവിക്കു മുന്‍പില്‍ പോകാനായില്ലല്ലോ.

അവള്‍, ചിത്രാംഗദ, വന്നുകയറിയിരുന്നില്ലെങ്കില്‍ വശ്യമോഹിനി ഇപ്പോഴും അരയിലുണ്ടാകുമായിരുന്നു.
വശ്യമോഹിനിയുടെ ശേഷപത്രമായി അരയില്‍ വല്ലാത്ത ഒരു ചൊറിച്ചില്‍.

പോയ യന്ത്രം ആന പിടിച്ചാല്‍ കിട്ടില്ലല്ലോ; അതും വെള്ളത്തില്‍ പോയത്.
പരമ്പര ഒറ്റയിരിപ്പില്‍ എഴിതിത്തീര്‍ക്കണം; ചൂടുപോകാതെ.
വായിച്ചു തുടങ്ങിയപ്പോള്‍ എഡിറ്റര്‍ പറഞ്ഞു:
ഫോട്ടാകളില്ലെങ്കിലും സാരമില്ല; ആര്‍ട്ടിസ്റ്റിനോടു പറഞ്ഞ് നല്ല ചിത്രങ്ങള്‍ വരപ്പിക്കാം. ഒരാഴ്ച ഓടും.

വശ്യമോഹിനി മഹാശ്രമത്തിന്റെ ഫോട്ടോയുമായി പരമ്പരയുടെ ഒന്നാം ഭാഗം അച്ചടിച്ചുവന്ന ദിവസം ഉച്ചയ്ക്കാണ് റിസപ്ഷനില്‍ നിന്നു വിളിച്ചുപറഞ്ഞത്:
സ്പീഡ് പോസ്റ്റില്‍ ഒരു പായ്ക്കറ്റ് വന്നിട്ടുണ്ട്.
ഒപ്പിട്ടു വാങ്ങുമ്പോള്‍ ഒരു കാരണവുമില്ലാതെ കൈവിറച്ചു.
എന്താണ് പൊതിയില്‍?
തുറന്നപ്പോള്‍ കണ്ണുതള്ളിപ്പോയി.
വശ്യമോഹിനിയന്ത്രം; ഒപ്പം നിരതെറ്റിയ പല്ലുകള്‍പോലെ അക്ഷരങ്ങള്‍ നിരത്തിയ ഒരു കത്തും.

പ്രിയ സുഹൃത്തേ,
നിങ്ങളുടെ കയ്യില്‍നിന്നു വീണുപോയ മാല, വെണ്ടുരുത്തിപ്പാലത്തിനടിയിലൂടെ കടന്നുപോകുമ്പോള്‍ ഞങ്ങളുടെ ബോട്ടിലാണു വന്നു വീണത്.
മാല പൊതിഞ്ഞിരുന്ന കവറില്‍ കണ്ടത് നിങ്ങളുടെ വിലാസമാണെന്നു കരുതുന്നു. ആ വിലാസത്തിലാണ് ഇതയയ്ക്കുന്നത്.
സാധാരണ ബോട്ടില്‍വന്നു വീഴുന്ന ഇത്തരം സാമഗ്രികള്‍ കായലിലെറിയുകയാണ് ഞങ്ങളുടെ പതിവ്.
ഞങ്ങള്‍ വല്ലാര്‍പാടം പള്ളിയില്‍ പെരുന്നാള്‍ കഴിഞ്ഞു വരികയായിരുന്നതിനാല്‍ എന്റെ കൂടെയുള്ള ഔസോയാണു പറഞ്ഞത്, കളയണ്ട. കണ്ടിട്ട് കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍ വാങ്ങിയ എന്തോ സമ്മാനം പോലെയുണ്ട്. അഡ്രസുണ്ടല്ലോ, നമുക്ക് ഇത് അയച്ചുകൊടുക്കാം. പെരുന്നാള്‍ കൂടിയിട്ടു വരുന്ന നമ്മള്‍ക്ക് അങ്ങനെയൊരു നല്ല കാര്യം ചെയ്യാം; അല്ലേ?
എനിക്കും അങ്ങനെ തോന്നി. ഇത്തരമൊരു വിശേഷപ്പെട്ട മാലയുടെ വില അതു വാങ്ങിയവനല്ലേ അറിയൂ.
അതുകൊണ്ട്, ഇത് അയയ്ക്കുന്നു. ഇതിനു കുറച്ചു പൈസ ചെലവായി. ഈ കത്തില്‍ എന്റെ നമ്പര്‍ എഴുതിയിട്ടുണ്ട്. നിങ്ങള്‍ കൊച്ചിയിലെങ്ങാന്‍ വരുന്നുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിച്ച് അയച്ചതിന്റെ ചാര്‍ജ് തന്നാല്‍ ഉപകാരം.
തന്നില്ലെങ്കില്‍ അതു വല്ലാര്‍പാടത്തു നേര്‍ച്ചയിട്ടതായി കരുതും.

സ്വന്തം
അന്ത്രു എന്ന ആന്റണി.

വശ്യമോഹിനിയന്ത്രം വളഞ്ഞിരുന്ന് നഗ്നമായൊരു വഷളന്‍ ചിരി ചിരിച്ചു.

ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പാക്കി യന്ത്രം മേശവലിപ്പില്‍ വയ്ക്കുമ്പോള്‍ റിസപ്ഷനില്‍നിന്ന് അറിയിപ്പു വന്നു.
ഒരു സ്ത്രീ കാണാന്‍ വന്നിരിക്കുന്നു.
വശ്യമോഹിനി പറിച്ചെടുത്ത അരയ്ക്കു ചുറ്റും ഒരു പ്രകമ്പനമുണ്ടായി.
ആരാണ്?
ചിത്രാംഗദ.
മാധവി.
മറ്റൊരു വശ്യമോഹിനി?

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
അച്ഛൻ പ്രതി
മറക്കല്ലേ ഈ മഴക്കാലം
തത്വചിന്ത.
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
ഒരു പള്ളിക്കൂടം കഥ.
രാഷ്ട്രം.