ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ...

ശ്രീപാർവതി

കാടോളം ആഴമുള്ള വന്യതയിൽ നിന്നുമാണ് ഒരിക്കലൊരു ഭീകരസത്വം ഇറങ്ങി വന്നതും കൈമുട്ടോളം വലിപ്പമുള്ള എന്റെ കണ്ണനിലേയ്ക്ക് അവളെ ചേർത്ത് വച്ചതും. മുലഞെട്ടുകളുടെ മുനമ്പിലേയ്ക്കുള്ള യാത്രകളിൽ തട്ടിയും തടഞ്ഞും ഇടയ്ക്കിടെ ഊർദ്ധ്വൻ വലിച്ചും പാൽപ്പുഴ ഒഴുകിക്കൊണ്ടേയിരുന്നു. പാൽ തണുപ്പിലേക്ക് രക്തത്തിന്റെ ചൂട് അവനിലേക്ക് കിനിഞ്ഞിറങ്ങിയതൊന്നും അവളറിഞ്ഞിരുന്നേയില്ലല്ലോ അത്രയേറെ മാതൃത്വം അവളെ ആനന്ദിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ജീവൻ ഞരമ്പിലൂടെ അതിവേഗം പിടഞ്ഞു, പറിഞ്ഞു പോരുമ്പോൾ മലർക്കെ തുറന്നിട്ട അവളുടെ കണ്ണുകളിലെ നിസ്സംഗതയെ കുറിച്ചാണ് ഒരിക്കൽ കണ്ണൻ എനിക്ക് പറഞ്ഞു തന്നത്. അപ്പോൾ അവൻ എന്റെ മാറിലെ ഇല്ലാത്ത പാൽപ്പുഴ തിരയുകയായിരുന്നു. കുടിച്ച് വറ്റിച്ച ഉന്മാദത്തിന്റെ കടലിലേയ്ക്ക് , വരണ്ടു പോയ മാതൃത്വത്തിന്റെ മുനമ്പുകളിലേയ്ക്ക് അവനെപ്പോഴും തീർത്ഥയാത്ര നടത്തി, അപ്പോഴൊക്കെ അവൻ അവളെ ഓർത്തിട്ടുണ്ടാകണമെന്നു എനിക്ക് തോന്നാതെയിരുന്നില്ല. എങ്കിലും ഞാനത് അവഗണിച്ചു... ആണിന് ഓരോ പെണ്ണിന്റെ മാറിടവും അവന്റെ അമ്മത്തത്തിലേക്കുള്ള മടങ്ങിപ്പോക്കാണ്. ആദ്യം തൊട്ട നെഞ്ചിന്റെ ചൂടും മിടിപ്പുകളും അവനു നഷ്ടപ്പെടുമ്പോൾ പിന്നീട് ലഭിക്കുന്നതിനെ സ്വന്തമാക്കുന്നതിനുള്ള നെട്ടോട്ടങ്ങൾ...

"എന്റെ രാധേ , കാടിന്റെ ഒത്ത നടുക്കിരുന്നു ആലോചിച്ചു കൂട്ടുന്നതിന് ഒരു പരിധിയില്ലേ..."- താരയുടെ ചോദ്യത്തിന് ആകാശത്ത് നിന്നും പൊട്ടി വീണ നക്ഷത്രമായി ഞാൻ വീണ്ടും മണ്ണിൽ ജനിച്ചു. എന്റെ ചിന്തകൾ അവൾ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല, എത്ര വർഷങ്ങൾ... എത്ര കരച്ചിലുകൾ...
എത്ര ഭ്രാന്തൻ രാവുകൾ...
അവളൊന്നു തൊടുമ്പോൾ പോലും ഞാനിപ്പോൾ പൂത്തുലയാൻ തുടങ്ങിയിരിക്കുന്നു. കണ്ണുകൾക്ക് മുന്നിലേയ്ക്ക് താമരയിതളുകൾ പോലെ കണ്ണുകൾ ഇടയ്ക്കിടെ വിടർത്തി വച്ചും മുല്ലപ്പൂ മണക്കുന്ന ശ്വാസം കൊണ്ട് മുറിവേൽപ്പിച്ചും കണ്ണന്റെ സാന്നിധ്യം...
നീണ്ട മുപ്പതു വർഷങ്ങൾ ...
മനസ്സിനൊപ്പമാണ് ശരീരവും സഞ്ചരിച്ചിരുന്നതെങ്കിൽ ഒരിക്കലും ചുളുങ്ങാതെ വയറും മാറും ചാടാതെ പതിനെട്ടു വയസ്സിന്റെ നിഗൂഡതകളിൽ എന്റെ മേനിയിന്നും......
കാത്തിരിപ്പ് മനസ്സിന് മാത്രമാണല്ലോ, ശരീരം എന്നേ സഹനം ശീലിച്ചിരിക്കുന്നു!


"എന്റെ മണ്കുടിലിൽ അവന്റെ വിഗ്രഹമുണ്ടെന്നു ആരാണ് നിങ്ങളോടു പറഞ്ഞത്? "- എനിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു, ആരോ താമരയിലയിൽ കുറിച്ചിട്ട രാധാകൃഷ്ണ പ്രണയത്തിന്റെ വരികളിൽ കൃഷ്ണവിഗ്രഹത്തിന്റെ സ്നേഹത്തിൽ ദീപജ്വാല പോലെ ഞാനിരിപ്പുണ്ടത്രേ. നുണയാണത്... അവന്റെ വിഗ്രഹം ഒന്നു പോലും എന്റെ കയ്യിലുണ്ടായിരുന്നില്ല. ശരീരവും മനസ്സും അവന്റേതായി പൂത്തു നിൽക്കുമ്പോൾ മറ്റൊരു പ്രതിമയിൽ എനിക്ക് അവനെ കാണേണ്ട ആവശ്യമെന്താണ്? പമ്പര വിഡ്ഡിത്തരമാണത്! ഞാൻ താരയോട് ഒച്ചയെടുത്തു, അവളാണല്ലോ ആ കവിതയെ കുറിച്ചെന്നോടു പറഞ്ഞത്.
"അത് ശരിയാണ് രാധേ... നിന്റെ പ്രണയത്തോളം ആഴമുള്ള മറ്റൊന്നും ഞാനീ ഭൂമിയിൽ കണ്ടിട്ടേയില്ല...."

"എനിക്ക് നിന്റെ താമ്രപത്രമൊന്നും വേണ്ട കേട്ടോ...." എന്റെ ദേഷ്യവാചകത്തിൽ അവൾ നിശബ്ദയായി. കുറച്ച് നാളായതേയുള്ളൂ ദേഷ്യം ഇത്ര കടുത്തിട്ട്. കഴിഞ്ഞ മുപ്പതു വർഷങ്ങൾ അവനെ ഓർത്തു, അവനെ കാണാതെ എന്നിലേയ്ക്ക് തന്നെ ഉറ്റു നോക്കി ഞാൻ ജീവിച്ചിരുന്നില്ലേ, വരുമെന്ന് തോന്നിയ ഒരു നിമിഷത്തിൽ പോലും ആഗ്രഹിച്ചാൽ മുന്നിൽ വരുമെന്ന് പറഞ്ഞവൻ എത്തിച്ചേർന്നതേയില്ല. ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിൽ ഒരു കുഞ്ഞിനെ പോലും അവനു നൽകാൻ കഴിയാതിരുന്ന , കാട്ടുവാസിയായ ഒരുവൾക്ക് എന്ത് പ്രസക്തി.... ചിന്തകൾ ഈയിടെയായി കൂടുന്നതുകൊണ്ടാകണം ദേഷ്യം, പിടിച്ചാൽ കിട്ടുന്നതിന്റെ അപ്പുറമാകുന്നു. പാവം താര...

അയാൾ, ആ ക്രൂരനായ അക്രൂരൻ അവനെ തേരിൽ കയറ്റിക്കൊണ്ടു പോയ ശേഷം എന്റെ ഏകാന്തതയിലേക്കാണ് താര വന്നെത്തിയത്. അനുജത്തിയോ, സ്നേഹമോ , അമ്മയോ , സുഹൃത്തോ ഒക്കെയായി...
പ്രണയിക്കുന്നവന് വേണ്ടി സ്വന്തം ഭർത്താവിനെ പോലും ഉപേക്ഷിച്ച് വരുമ്പോൾ അവൾക്കു തുണയായി ആരെങ്കിലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് തന്നെ തെറ്റ്. പക്ഷെ സ്വന്തം വീട്ടുകാരുടെ ദേഷ്യം പരിഗണിയ്ക്കാതെ താര എനിക്ക് കൂട്ടായി. ഒരിക്കൽ മകരമാസത്തിലെ കടുത്ത തണുപ്പിൽ തണുത്തു വിറങ്ങലിച്ച് ജ്വരം ബാധിച്ച് കിടക്കുമ്പോൾ അവളുടെ ചൂടിൽ എനിക്ക് കണ്ണനെ തിരയാൻ തോന്നിയിരുന്നു. പക്ഷെ എപ്പോഴും എന്നേ മോഹിപ്പിക്കുന്ന അവന്റെ പുണരൽ... അവിടെ ഞാൻ രാധയാകുന്നു... താരയിൽ നന്നും തുടക്കത്തിൽ തന്നെയൊഴിഞ്ഞ് കണ്ണന്റേതു മാത്രമായി തീർന്ന രാധയാകുന്നു. കണ്ണ് നിറച്ച് ഒന്നും മിണ്ടാതെ താര നടന്നു പോയി.
എന്റെ കണ്ണുനീരുകൾ തോരുന്നതേയില്ലല്ലോ....

പനയോലകൾ കൊണ്ട് മേഞ്ഞ മേൽക്കൂര പാതിയും അടർന്നു പോയിക്കഴിഞ്ഞിരുന്നു. കുമ്മായം പൂശാത്ത ചുവരുകൾക്കിടയിൽ പാമ്പുകൾക്ക് നിരവധി മാളങ്ങൾ, ഇടയ്ക്ക് അവ പുറത്തേയ്ക്ക് വരും എന്നിട്ട് തൊട്ടടുത്ത മാളത്തിൽ എവിടെയോ ഒളിച്ചിരിക്കുന്ന എലികുഞ്ഞുങ്ങളെ തിരഞ്ഞു പിടിക്കും. ഒച്ച കേൾക്കുന്നത് എനിക്ക് ദേഷ്യമാണെന്നു അറിയുന്നതുകൊണ്ടാവണം അവ പോലും മെല്ലെയെ ഇഴഞ്ഞു പോകൂ. ഇരയെ കിട്ടിയാൽ തണുത്ത ഒരു ആക്രമണം. ഒരിക്കൽ നിറം പോയ എന്റെ ഒറ്റമുറിയുടെ മൂലയിൽ വച്ചാണ് ഒരു എലിക്കുഞ്ഞിനെ ഒരു കുഞ്ഞു പാമ്പ് ആക്രമിച്ചതും വായിലാക്കിയതും. ഞാനപ്പോൾ ആ പെരുമ്പാമ്പിനെ ഓർത്തു... കണ്ണന്റെ കാൽ വിരലുകൾക്ക് കീഴിൽ രക്തം ശർദ്ദിച്ച കറുത്ത കാളിയനെ. അവൻ എപ്പോഴും നേരെ വാ നേരെ പോ പ്രകൃതക്കാരനായിരുന്നു. ഒരാൾ അപകടകാരിയാണെന്നറിഞ്ഞാൽ പിന്നെ കാത്തിരിപ്പില്ല, മുഖത്ത് നോക്കി എടുത്തടിച്ചതു പോലെ സത്യങ്ങൾ ഉറക്കെ പറയും, പിന്നെ ഉള്ളിലുറഞ്ഞ വിഷത്തെ മർദ്ദിച്ചു ശർദ്ദിപ്പിക്കും. അവനെ ഇഷ്ടപ്പെടാൻ ഇനിയുമെത്രയോ കാരണങ്ങൾ...
അവൻ എന്നോട് കാളിയന്റെ കഥ പറയുമ്പോൾ ഞാൻ കണ്ണന്റെ മടിയിൽ കിടക്കുകയായിരുന്നു. എന്റെ നീണ്ടു മെലിഞ്ഞ കൈകൾക്കു മുകളിലേയ്ക്ക് അവൻ കൈകൾ എടുത്ത് വച്ച് ഒരിക്കലും പിരിഞ്ഞു പോകില്ലെന്ന വാഗ്ദാനം പോലെ വിരലുകൾ കൊരുത്തെടുത്ത്...
ചില വാഗ്ദാനങ്ങൾ ഒരിക്കലും പാലിക്കപ്പെടാനുള്ളതല്ലത്രേ... നെഞ്ചിലുറഞ്ഞ് അതെപ്പോഴെങ്കിലും സത്യമാകും എന്ന് കരുതിയുള്ള ഒരു കാത്തിരിപ്പുണ്ടല്ലോ, അത് മാത്രമാണ് സത്യം.

ഓരോ തവണയും അവനിലേക്ക് ചേക്കേറുമ്പോൾ അവനു ഓരോ ഗന്ധമായിരുന്നു. നാസാരന്ധ്രങ്ങളിലൂടെ തലച്ചോറിനുള്ളിലെ ഗന്ധങ്ങൾ വിവേചിച്ചറിയുന്ന ഏതോ അറയ്ക്കുള്ളിൽ അതിനെ അടക്കം ചെയ്യുമ്പോൾ വീണ്ടുമെത്രയോ ദിവസങ്ങളിൽ ആ ഗന്ധമായിരുന്നു എന്നേ ജീവിപ്പിച്ചിരുന്നത്. ചിത്രശലഭങ്ങൾ നിറച്ചുമുള്ള ഒരു കുഞ്ഞു ഗുഹയ്ക്കുള്ളിലായിരുന്നു അവൻ താമസിച്ചിരുന്നത്. എന്നേ കാണാൻ വരുമ്പോൾ മറ്റാരുമറിയാതെ അവൻ മറ്റൊരു ശലഭമായി മാറി ഒളിച്ചിരിക്കും. ഗുഹയ്ക്കുള്ളിലെ ഇരുട്ടിൽ തപ്പിയും തടഞ്ഞും ഭയന്നും കണ്ണുകളിലേയ്ക്ക് ഇരുട്ട് തുളഞ്ഞു കയറിയും ഞാൻ നടക്കുമ്പോൾ മിന്നാമിനുങ്ങുകൾ ഒരുക്കിയ ഇത്തിരി വെട്ടത്തിന്റെ നിലാവിലേയ്ക്ക് അവനെന്നെ വലിച്ചിടും. അതോടെ ചിത്രശലഭങ്ങൾ കട്ടുറുമ്പുകളാകാതെ ഗുഹയ്ക്കു പുറത്തേക്കുയർന്നു പറക്കും. തേനുണ്ടും പൂക്കളെ ചുംബിച്ചും അവർ ഞങ്ങളുടെ പ്രണയവും ചുമന്ന് നാഴികകൾ അലഞ്ഞു നടക്കും. കുഴഞ്ഞ ചിറകുകൾ ഒതുക്കി തിരികെ വന്നു കയറുമ്പോൾ ഓരോ തവണയും ആദ്യമായി ഞങ്ങളെ കാണുന്നത് പോലെ അവ നോക്കി നിൽക്കും...

കുടിലിനു മുന്നിലെ ചുവന്ന റോസയിൽ ഒരു ചിത്രശലഭം വന്നിരുന്നു. ഒരായിരം ശലഭങ്ങളുമായി അപ്പോഴും ഞാൻ സല്ലാപങ്ങളിലായിരുന്നു. സ്വപ്നങ്ങളിൽ ജീവിക്കുന്നവൾക്ക് ഒന്നും ആയിരവും എല്ലാം ഒരുപോലെ തന്നെ. എങ്കിലും എന്നേ ഭ്രമിപ്പിച്ചത് ആ ചുവന്ന റോസാപൂക്കളാണ്. അവ വിടർന്നു തുടങ്ങിയിരിക്കുന്നു. വീടെന്നു പറയാൻ ആവതില്ലാത്ത കുടിലിൽ മാറുമോട്ടി, ശരീരം ചുളിഞ്ഞു നരകയറിയ മുടിയുമായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയതിൽ പിന്നെ ഇതുവരെ പൂക്കൾ വിരിഞ്ഞിട്ടില്ല. കാത്തിരിപ്പിന്റെ താപത്തിൽ ഉരുകി പോയ എത്രയോ പൂമൊട്ടുകൾക്ക് ഞാൻ സാക്ഷിയാണ്! കണ്ണീരുകൾ കൊണ്ട് നനച്ചിട്ടും പൂക്കാതെ അവ എന്നെ നിസ്സംഗയാക്കിക്കൊണ്ടിരുന്നു.
ചരിത്രത്തോലൊരിക്കലും ഞാൻ എഴുതപ്പെട്ടവളല്ല. മനോഹരമായ ശരീരം ഉള്ള കാലത്തോളം മാത്രമാണ് പെണ്ണിന് ഉയരുള്ളത്. പ്രിയപ്പെട്ട ഒരുവൻ പ്രണയിക്കാൻ ഉള്ളപ്പോൾ മാത്രമാണ് അവൾ എഴുതപ്പെടുന്നത്. അവനുപേക്ഷിച്ചവൾ, ജാരയും നരയും ബാധിച്ചവൾ , കണക്കുപുസ്തകത്തിൽ കാലൻ കാത്തിരിക്കുന്നവൾ മാത്രം. അവൾക്കൊരു മനസ്സ് പോലുമില്ല...
എന്തിനായിരുന്നു എന്നെ പ്രാണനെ പോലെ കരുതിയിരുന്ന ഒരുവനെ ഞാൻ ഉപേക്ഷിച്ചത്...? ഇപ്പോഴും ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല, പക്ഷെ ഞാൻ തെറ്റുകാരിയല്ല. പ്രണയം പാപമല്ലെന്നു എന്നെ പഠിപ്പിച്ചതു എന്റെ കണ്ണനാണ്. പ്രണയത്തെ ദൈവം എന്ന സങ്കൽപ്പത്തിലേയ്ക്ക് എന്നെ ഉയർത്തിയവൻ... അവനു വേണ്ടി മാത്രമേ ഞാൻ പെണ്ണായിട്ടുള്ളൂ, അവനിലേക്ക് മാത്രമേ ഞാൻ യാത്രകൾ നടത്തിയിട്ടുള്ളൂ...
ഈയിടെയായി ഭയവും കൂടി വരുന്നു. ഒരുവട്ടം കൂടി കാണാതെ നിത്യമായ യാത്ര പോകേണ്ടി വരുമോ എന്ന സങ്കടം...

മുല്ലപ്പൂവിന്റെ ഗന്ധം പരക്കുന്നു...
എനിക്ക് മുലകൾ ചുരത്തുന്നു...
ചിത്രശലഭങ്ങൾ അവനൊപ്പം പറന്ന് വരുന്നു....
ഇനിയുമൊരു പൂക്കാലമോ... സ്വപ്നം കാണാനുള്ള പ്രായമൊക്കെ എന്നെ നഷ്ടമായതല്ലേ... കണ്ണാ....

"രാധേ...." അവനെന്നെ തൊടുന്നു.... കാത്തിരുന്ന മുപ്പതുവർഷങ്ങളുടെ ജരാനരകളിൽ നിന്നും ഞാൻ തിരിഞ്ഞു നടക്കുന്നു. കണ്ണുകളിൽ നീരുള്ളതിനാൽ മുഖം അവ്യക്തമാണ്, അല്ലെങ്കിലും അകാരണമായി ഒരു പാട വന്നു കാഴ്ചയെ അവ്യക്തമാക്കാൻ തുടങ്ങിയിട്ട് നാളു കുറച്ചായിരുന്നു. പക്ഷെ എനിക്കറിയാം, അവന്റെ സ്പർശം...

ഒരായിരം ചിത്രശലഭങ്ങളുടെ ഉരുമ്മിപ്പറക്കൽ...
അവൻ എന്നെ പ്രണയത്തിലേക്ക് ഉയർത്താൻ വന്നവൻ...
കാത്തിരിപ്പിന്റെ കടലിൽ നിന്നും നിത്യവിശുദ്ധിയിലേയ്ക്ക് എന്നോടൊപ്പം നടന്നു കയറേണ്ടവൻ...
ഒരു ശരീരത്തിൽ നിന്നും പ്രണയത്തിന്റെ ഉച്ഛസ്ഥായിയിൽ ഒരു ആത്മാവായി പരിണമിയ്ക്കപ്പെട്ട് എന്നോടൊപ്പം മേഘമായി തീർന്നവൻ...
ഇനി ബാക്കിയൊന്നുമില്ലാതെ സ്നേഹം മാത്രമായി പരിണമിയ്ക്കപ്പെട്ടവർ...
ഇനിയെനിക്ക് ശരീരങ്ങളുണ്ടാകില്ല... കാരണം അവന്റെ ശരീരമായി ഞാൻ പരിണമിയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നുവല്ലോ!
ഇനിയെനിക്ക് വിഗ്രഹങ്ങളുണ്ടാകില്ല, കാരണം അവന്റെ വിഗ്രഹത്തിൽ എന്റെ ആത്മാവ് കുടിയിരുത്തപ്പെട്ടിരിക്കുന്നു...
ഇനിയെനിക്ക് വാചാലതയുണ്ടാകില്ല , കാരണം അവന്റെ മൗനത്തിൽ എന്റെ വാക്കുകൾ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു...
ഞാൻ അവനായി തീർന്നിരിക്കുന്നു...

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്
അച്ഛൻ പ്രതി
മറക്കല്ലേ ഈ മഴക്കാലം
തത്വചിന്ത.
ദൈവദേശത്ത്.
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
ഒരു പള്ളിക്കൂടം കഥ.
രാഷ്ട്രം.